മലപ്പുറം മാല

മലപ്പുറം യൂത്ത് ലീഗ് കമ്മറ്റി 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ മലപ്പുറത്തു സംഘടിപ്പിച്ച ‘മ’ സാഹിത്യോത്സവത്തിൽ അവതരിപ്പിച്ച നൃത്ത സംഗീത നാടകത്തിന്റെ രംഗപാഠം

രചന, സംവിധാനം: എം നൗഷാദ്

01

ആമുഖം

മലകളും പുഴയും വയലേലകളും നിറഞ്ഞ അനുഗ്രഹീത ദേശം, മലപ്പുറം. സ്നേഹത്തിന്റെ, ഒരുമയുടെ, നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ, ഉയിരാർന്ന വീണ്ടെടുപ്പുകളുടെ എണ്ണമറ്റ കഥകൾ ഈ നാടിന് പറയാനുണ്ട്. മാപ്പിളപ്പാട്ടിന്റെ ഇശൽതാളവും ഒപ്പനമൊഞ്ചിന്റെ ശൃംഗാരലാസ്യവും തിരുവാതിരകളിയുടെ വ്രതസമൃദ്ധിയും കളിയാട്ടക്കാവുകളുടെ അടിയാളവീര്യവും കോൽക്കളിയുടെ ചടുലവിന്യാസങ്ങളും ഗോത്രസംസ്‌കൃതിയുടെ വന്യവശ്യതകളും മാർഗംകളിയുടെ മോക്ഷസ്തോത്രങ്ങളും ഒരുമിച്ചു മുഴങ്ങുന്ന നാട്.

കൃഷിയുടെ, കച്ചവടത്തിന്റെ, കടവുകളുടെ, കാവുകളുടെ, കാടുകളുടെ, തങ്ങന്മാരുടെ, മഖാമുകളുടെ, ദർസുകളുടെ, കോവിലകങ്ങളുടെ, ഊരുകളുടെ പ്രിയജീവിതം.

മലപ്പുറത്തിന്റെ ഉയിരടയാളങ്ങളിലേക്ക് ഒരു ഹ്രസ്വസഞ്ചാരം – മലപ്പുറം മാല.

02

തുഞ്ചത്ത് എഴുത്തച്ഛൻ

മലപ്പുറത്തിന്റെ പെരുമയിൽ ഉന്നതശീർഷനാണ് ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. പ്രാചീന മലയാള കവിത്രയങ്ങളിലെ ഭക്തകവി. അബ്രാഹ്മണനായിരുന്ന അദ്ദേഹം സംസ്കൃതവും വേദവും ഭാഷാശാസ്ത്രവും അഭ്യസിച്ചു. കുട്ടിയായിരിക്കുമ്പോൾ തന്നെ തൃക്കണ്ടിയൂരിലെ ബ്രാഹ്മണ പണ്ഡിതരെ തിരുത്തി അവരുടെ രോഷത്തിനു പാത്രമായി. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചയിതാവായ എഴുത്തച്ഛനാണ് 30 അക്ഷരങ്ങൾ മാത്രമുണ്ടായിരുന്ന വട്ടെഴുത്തിനുപകരം 51 അക്ഷരങ്ങളുള്ള ഇന്നത്തെ മലയാളലിപി രൂപപ്പെടുത്തിയെടുത്തത്.

03

ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം / പൊന്നാനി

(കടൽ. അലകളിലാടുന്ന മഞ്ചി. അതിലിരുന്ന് സ്രാങ്ക് പാടുന്നു.)

“ആദിയായവൻ ഏകനാൽ പൊന്നാനിയിൽ നിന്നാണെ
ആശയാലെനിക്ക് കൊച്ചി പോകണമെന്നാണെ
പൂതി മുൻകാലത്തതുണ്ട് പോയിടാൻ സാദിക്ക കണ്ട്
മാതിരി ചിലരെയും കണ്ട് മാറ്റവും ചോദിക്കലുണ്ട്
തഞ്ചമേറിയേ, ഞാനും മഞ്ചി കേറിയേ…”

അറിവിന്റെ നിറവിൽ ‘ചെറിയ മക്ക’ എന്നറിയപ്പെട്ട പൊന്നാനിയുടെ മഹാപണ്ഡിതനായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം. പോർച്ചുഗീസ് പടയോട്ടത്തെ വെല്ലുവിളിച്ച തദ്ദേശീയരുടെ വീര്യത്തെ രേഖപ്പെടുത്തിയ ആധികാരിക ചരിത്രഗ്രന്ഥം ‘തുഹ്ഫതുൽ മുജാഹിദീ’ന്റെ രചയിതാവ്. പള്ളികളിൽ ദർസ് സമ്പ്രദായം വ്യവസ്ഥാപിതമായി നടപ്പിൽ വരുത്തിയ ദീർഘദർശി.

അറബിക്കടലും ഭാരതപ്പുഴയും അതിരിടുന്ന പ്രാചീന തുറമുഖ പട്ടണമായ പൊന്നാനിക്ക് സുദീർഘമായ നാവികപാരമ്പര്യമുണ്ട്. പത്തേമാരിയിലും മഞ്ചിയിലുമേറി ചരക്കുമായി പോയ സ്രാങ്കുകളുടെ കടൽകഥകൾ. പറങ്കികൾ പലകുറി തീയിട്ടതിനുശേഷവും ഉയിർത്തെഴുന്നേറ്റുവന്ന ഗാഥകൾ. പൊന്നാനിക്കളരി എന്ന സാഹിത്യഗോത്രത്തിലെ എഴുത്തുകാർ ഭാഷക്കുപകർന്ന ഊർജം ഏറെ വലുതാണ്.

04

മാമാങ്കം

മധ്യകാല കേരളചരിത്രത്തിൽ മിത്തും സത്യവും ഇടകലർന്നുകിടക്കുന്ന യുദ്ധവും ആഘോഷവുമാണ് മാമാങ്കം. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ആഘോഷത്തെ അധികാര രാഷ്ട്രീയത്തിന് വേണ്ടി നാട്ടുരാജാക്കന്മാർ പരിവർത്തിപ്പിച്ചെടുത്തു. മാമാങ്കം നടത്താനുള്ള അധികാരം തനിക്കാക്കിയ സാമൂതിരിയെ വധിക്കാനായി വള്ളുവനാട് രാജാക്കന്മാർ ചാവേറുകളെ അയച്ചു. രക്തരൂഷിതമായ യുദ്ധങ്ങളിൽ കൊല്ലാനും കൊല്ലപ്പെടാനും തയാറായി ഓരോ കുറിയും എണ്ണമറ്റ യുവാക്കൾ നിളാതീരത്ത് ചുവടുവെച്ചു. വള്ളുവനാട് രാജാക്കന്മാരും കോഴിക്കോട് സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ ബലിയാടുകളായി മരിച്ചവരെ എറിഞ്ഞുതള്ളുന്ന മണിക്കിണറും നിലപാടുതറയും അധികാര മത്സരത്തിന്റെ അടയാളങ്ങളായി അവശേഷിക്കുന്നു.

(കളരിപ്പയറ്റ് കാണുന്ന സാമൂതിരിയും പടയാളികളും)

05

മമ്പുറം സയ്യിദ് അലവി തങ്ങൾ

“അമ്പൻ തൗഫീഖിൽ മൂത്തവർ
ഹള്‌‌റ് മൗത്ത്‌ ഉദിത്തവർ
ഇമ്മലബാറണഞ്ഞവർ
ഇസ്‌ലാമിൻ തേജസ്സാണവർ
കശ്ഫ് കറാമത്തേറ്റിയെ
ഹൈറായ ദീനെ പോറ്റിയെ
മഷ്ഹൂറിൻ സക്തി പാറ്റിയെ
മജ്ദൂബ് അൻഹു റളിയള്ളാ..

മമ്പുറപ്പൂ മഖാമിലെ
മൗലാദവീല വാസിലെ
ഇമ്പപ്പൂവായ ഖുത്ബൊലീ
സയ്യിദലവി റളിയള്ളാ..”

മലബാറിലെ ഏറ്റവും സമുന്നതനായ ആത്മീയ നേതാവും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ. യമനിലെ ഹളറമൗത്തിലായിരുന്നു ജനനം. അസാധാരണ വ്യക്തിപ്രഭാവവും അസാമാന്യ ജനസ്വാധീനവും ജ്വലിച്ചുനിന്ന ഹള്‌റമീ സൂഫി. ഖുത്വുബുസ്സമാന്‍ എന്ന പദവിയോളമെത്തിയ സൂഫിഗുരു ആയിരിക്കുമ്പോഴും അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ നിലകൊണ്ടു. അധഃസ്ഥിതരോടും മേലാളരോടും ഒരേപോലെ ആത്മബന്ധം പുലർത്തി. ജാതി-മത ഭേദമന്യെ എല്ലാവരുടെയും അത്താണിയും ആശാകേന്ദ്രവുമായി. അദ്ദേഹം നിർമിച്ച കൊടിഞ്ഞിപ്പള്ളി പരിസരത്ത് കീഴാളവിഭാഗങ്ങൾക്ക് കുടിയാവകാശം നൽകി. ആരുടേയും ഉച്ചിഷ്ടം ഭക്ഷിക്കരുതെന്നും ആരെയും യജമാനൻ എന്ന് വിളിക്കരുതെന്നും ആരുടെ മുന്നിലും തല കുനിഞ്ഞു നിൽക്കരുതെന്നും അദ്ദേഹം അടിയാളരോട് ആഹ്വാനം ചെയ്‌തു.

06

കളിയാട്ടം

മമ്പുറം തങ്ങളും കീഴാളജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് മുന്നിയൂർ കളിയാട്ടക്കാവിലെ ഉത്സവവും അവിടെ ഇപ്പോളും തുടരുന്ന അനുഷ്ടാനങ്ങളും. ദേശക്കാരും ബന്ധുക്കാരും ഒത്തുചേർന്നുള്ള ദേവിസ്തുതികളുടെ കൊട്ടിപ്പാട്ടും കോഴിക്കളിയാട്ടവും കുതിരക്കല്യാണവും ചേർന്ന ജനകീയ ഉത്സവങ്ങളിലൊന്ന്.

കൊണ്ടോട്ടി നേർച്ചയിൽ കാണുന്ന മൈത്രിയുടെ പൈതൃകവും ഇതിനോട് ചേർന്നുപോകുന്നു.

07

കൊണ്ടോട്ടി നേർച്ച

കർഷക പെരുമയുടെ നാട്ടുത്സവമായിരുന്ന കൊണ്ടോട്ടി നേർച്ച തുടങ്ങിവെച്ചത് കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന മുഹമ്മദ് ശാഹ് തങ്ങൾ തന്നെയായിരുന്നു. മഹാരാഷ്ട്രയിലാണ് അദ്ദേഹത്തിന്റെ വേരുകൾ. കുത്തുറാതീബും ചവിട്ടുകളിയും പടകളിയും ഉൾപ്പെടെ നിരവധി നാടൻ കലകളും തട്ടാൻ പെട്ടി വരവ് ഉൾപ്പെടയുള്ള അവർണ-ദലിത് പങ്കാളിത്തവും ചേർന്ന അനന്യസാധാരണമായ നാട്ടാഘോഷമായിരുന്നു കൊണ്ടോട്ടിനേർച്ച.

08

മഹാകവി മോയിൻകുട്ടി വൈദ്യർ

“പൂമകളാണേ ഹുസ്‌നുൽ ജമാൽ
പുന്നാരതാളം മികന്തേ ബീവി
ഹേമങ്ങൾ മെത്തെ പണി ചിത്തിരം
ആഭരണ കോവ അണിന്തേ ബീവി
പൂമകളാണേ ഹുസ്‌നുൽ ജമാൽ…”

കൊണ്ടോട്ടിയിൽ പിറന്ന ഏറ്റവും വലിയ പ്രതിഭയായിരുന്നു മഹാകവി മോയിൻകുട്ടി വൈദ്യർ. ഇശലുകളുടെ സുൽത്താനായി വാണവൻ. ഹുബ്ബിന്റെ ബഹ്റ് അയാളുടെ ഭാവനയിൽ പരന്നു. കായൽപട്ടണത്തുപോയി തമിഴ് പഠിച്ച, അഷ്ടാംഗഹൃദയം അറബിമലയാളത്തിൽ ആദേശിച്ച ഇശ്‌ഖിന്റെ ബാദുഷ നാല്പതാം വയസിൽ ഈ ലോകം വിട്ടുപോയി. ആ അതുല്യപ്രതിഭ പതിനേഴാം വയസിൽ രചിച്ച പ്രണയകാവ്യമാണ് ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ.

ഭാവനയുടെ മായാലോകത്തെ പ്രണയികളുടെ കല്യാണരാവിത്‌… ഒപ്പനപ്പാട്ടിന്റെ കൊഞ്ചലും മൊഞ്ചലുമായി അവർ സുവർക്കകല്യാണങ്ങൾ കൂടാൻ വന്നണയുന്നു…

(ഒപ്പന)

09

വൈദ്യരത്നം പി എസ് വാര്യർ

മലപ്പുറത്തിന്റെ യശസ്സ് ലോകമാകെ പരത്തിയ മഹദ് സ്ഥാപനമാണ് കോട്ടക്കൽ ആര്യവൈദ്യശാല. വൈദ്യരത്നം പി എസ് വാര്യർ എന്ന ഋഷിതുല്യനായ ഭിഷഗ്വരന്റെ ദർശനവും നൈപുണ്യവും ഒത്തുചേർന്ന ഇടം. രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ ആരായാലും ലാഭേച്ഛകളില്ലാതെ ചികിൽസിക്കുന്ന പൊതുനന്മയുടെ വലിയ മൂല്യബോധം അദ്ദേഹത്തെ നയിച്ചു. ചെറുപ്പത്തിലേ സംസ്കൃതവും ജ്യോതിശാസ്ത്രവും ആയുർവേദവും അഭ്യസിച്ച വാര്യർ കവിയും സംഗീതജ്ഞനും കലാസ്വാദകനും സർവോപരി ഉദാരനായ മനുഷ്യസ്നേഹിയുമായിരുന്നു. കോട്ടക്കൽ പ്രദേശത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ പുരോയാനത്തിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്‌. വാര്യർ മുൻകൈയെടുത്താണ് പി എസ് വി നാട്യസംഘം സ്ഥാപിച്ചത്.

(തിരുവാതിരകളി)

10

മലബാർ സമരം

വർഷം 1921. മലബാറിന്റെ ഹൃദയം കീറിമുറിച്ച് ചോരച്ചാലുകൾ ഒഴുകിയ പോരാട്ടത്തിന്റെ കാലം. ബ്രിട്ടീഷ് വിരുദ്ധമായ സ്വാതന്ത്ര്യവാഞ്ജയും ജന്മിത്വത്തിന്റെ ക്രൂരതകൾക്കെതിരായ ചെറുത്തുനിൽപ്പും കൂടിച്ചേർന്ന പോരാട്ടത്തെ വർഗീയമായി ചിത്രീകരിച്ചു കൊളോണിയൽ ചരിത്രകാരന്മാർ. ഖിലാഫത് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ആലി മുസ്‌ലിയാരും ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച് സ്വന്തം രാജ്യം പ്രഖ്യാപിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാളു ഹജ്ജുമ്മയും മാധവമേനോനും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും എണ്ണമറ്റ പോരാളികളും ചേർന്നുനയിച്ച മഹാവിപ്ലവം. പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ അന്തമാനിലേക്ക് നാടുകടത്തുകയും അനേകായിരങ്ങൾ അനാഥരാവുകയും ചെയ്‌ത സംഭവം.

കമ്പളത്തു ഗോവിന്ദൻ നായർ എന്ന കമ്യുണിസ്റ്റ് കവി ഇങ്ങനെ പാടി:
“അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്
ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്

വാരിയൻകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും
വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും
കോഴികൊത്തും പോലെയന്ന് ബാപ്പമാർ എളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയ മൂത്താപ്പമാർ
ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കിന്
ഞമ്മളുമ്മപെങ്ങമ്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടി നുള്ളി സൂചി കേറ്റി കാലില്
അപ്പുറം കടൽക്ക് കൊണ്ടോയാക്കി അന്തമാനില്

പോലചിപ്പം പോലെ അട്ടിക്കിട്ട് തീവണ്ടിയില്
ആലയത്തിന്നുള്ളിലിട്ട് കരിച്ചവർ പല നാട്ടില്

മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാൽ നിറയൊഴിച്ച് രസിച്ചവർ കേമത്തില്
നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
നമ്മളുടെ കാശ് വാങ്ങിംഗ്ലണ്ടിലേക്കയക്കുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ

കണ്ടപോൽ തീയുണ്ട പെയ്തുപെയ്തു പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ് മാറ്റിയ സർക്കാരിനെ

എത്ര ധീര മാപ്പിളസ്ത്രീകൾക്കെഴും പരിശുദ്ധിയെ
ഉത്തമഭൂവായിടും മലനാടിതിന്നഭിവൃദ്ധിയെ
തോക്കിനാൽ കയ്യൂക്കിനാൽ കവർച്ചചെയ്ത കൂട്ടരേ
നീക്കുപോക്കില്ലാതെ കൂട്ടക്കൊല നടത്തിയ ദുഷ്ടരേ
ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള് ധീരരേ
മാറ്കാട്ടി നാട്ടിൻമാനം കാത്ത് നിങ്ങള് വീരരേ

മഞ്ചേരി നിന്നഞ്ചാറ് മൈല് ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്
ചത്ത്പോയ ഹിച്ച്കോക്ക് സായിപ്പിൻ്റെ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം

നമ്മളുടെ നെഞ്ചിലാണാ കല്ല് നാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടിക്കാട്ടവർ ഇംഗ്ലണ്ടില്..”

വാഗൺ കൂട്ടക്കൊല

വാഗൺ കൂട്ടക്കൊല: മനുഷ്യചരിത്രത്തിലെ തുല്യതകളില്ലാത്ത നരനായാട്ട്. മാർഷൽ ലോ എന്ന കരിനിയമം ചുമത്തി അറസ്റ്റ് ചെയ്‌ത നിരപരാധികളായ മനുഷ്യരെ കുത്തിനിറച്ച ഒരു വാഗൺ തിരൂർ മുതൽ പോത്തനൂർ വരെ ഓടി. അതിനകത്ത് ദാഹിച്ചുവരണ്ടും പ്രാണവായുവിനു വേണ്ടി മല്ലിട്ടും നരകിച്ച് രക്തസാക്ഷികളായത് 64 മനുഷ്യജീവികൾ. കോരങ്ങത്ത്, കോട്ട് പള്ളിക്കാടുകളിലായി അറുപത് മയ്യിത്തുകൾ മറവുചെയ്‌തു. ഹിന്ദുസഹോദരങ്ങളുടെ മൃതദേഹങ്ങൾ മുത്തൂർകുന്നിലാണ് സംസ്‌കരിച്ചത്. സാമ്രാജ്യത്വഭീകരതയുടെ ക്രൗര്യം വെളിപ്പെടുത്തിയ വാഗൺ കൂട്ടക്കൊല ഒരോർമപ്പെടുത്തലാണ്.

(കോൽക്കളി)

11

കൊടപ്പനക്കൽ പി എം എസ് എ പൂക്കോയ തങ്ങൾ

കൊടപ്പനക്കലേക്ക് സ്വാഗതം. യമനിലെ ഹദറമൗത്തിൽ നിന്നും അറബിക്കടലിന്റെ അലകളിലേറി വന്നണഞ്ഞ സയ്യിദുകളിൽ മലപ്പുറത്തിന്റെ ദിശ നിർണയിച്ച തറവാടാണ് പാണക്കാട് കൊടപ്പനക്കൽ തറവാട്. ജാതി മത ഭേദമന്യേ അന്നും ഇന്നും എന്നും മനുഷ്യർ പരാതികളും പ്രശ്നങ്ങളും കൊണ്ടു വന്നണയുന്ന ഇടം. എല്ലാ ജനവിഭാഗങ്ങളുടെയും ആദരം ഒരേപോലെ ഏറ്റുവാങ്ങി അവരുടെ സാംസ്‌കാരിക സാമൂഹിക ജീവിതത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു കുടുംബം ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുടെ ആൾരൂപമായിരുന്ന പി എം എസ് എ പൂക്കോയ തങ്ങൾ തന്റെ അഞ്ച് ആണ്മക്കളോടായി ഒരിക്കൽ പറഞ്ഞു, നമ്മുടെ വീടിന്റെ ഗേറ്റ് ഒരിക്കലും അടച്ചിടരുത്. എപ്പോൾ വേണമെങ്കിലും ആർക്കും കയറിവരാനാവുന്ന വിധം അത് തുറന്നുതന്നെ കിടക്കണം. മനുഷ്യസ്നേഹത്തിന്റെ ആ വാതിലുകൾ ഇന്നും മനുഷ്യർക്കുനേരെ തുറന്നിട്ടിരിക്കുന്നു.

12

ഗോത്രജീവിതം

കാട്ടുനായകരും ചോലനായകരും ഉൾപ്പെടുന്ന ഗോത്രസംസ്കൃതിയുടെ ഈറ്റില്ലം കൂടിയാണീ നാട്. പശ്ചിമഘട്ട മലനിരകളിൽ ആദിപുരാതനകാലം മുതലേ അധിവസിക്കുന്ന പ്രാക്തന ഗോത്രവിഭാഗങ്ങൾ കാടിന്റെ ഉള്ളറകളെക്കുറിച്ചുള്ള അഗാധമായ അറിവും അസാധാരണമായ ഔഷധ പാരമ്പര്യവും കൊണ്ട് സമ്പന്നരാണ്. വർഷത്തിലൊരിക്കൽ നിലമ്പൂർ പാട്ടുത്സവ നാളുകളിൽ കോവിലകത്തേക്കുള്ള കാട്ടുവിഭവങ്ങളുടെ കാണിക്കയുമായി കാടിറങ്ങി വരുന്ന ഗോത്രജനതക്ക് പറയാനും പാടാനുമുണ്ട് കഥകൾ. തോൽപ്പിക്കപ്പെട്ടതിന്റെ, തോൽക്കാൻ മനസ്സില്ലാത്തതിന്റെ കഥകൾ.

(ഗോത്രനൃത്തം)

13

കോളറക്കാലം

ഏറനാട്ടിലെ ഗ്രാമങ്ങളിൽ കോളറ ബാധിച്ചു മനുഷ്യർ മരിച്ചുവീണ വർഷമാണ് 1943. എണ്ണമറ്റ കുഞ്ഞുങ്ങൾ അനാഥരായി. നോക്കാനാരുമില്ലാതെ വേദനിച്ചലഞ്ഞു. അവരെത്തേടി എം കെ ഹാജി എന്ന ഒരു മനുഷ്യൻ ഇറങ്ങിനടന്നു. രണ്ടര വയസ്സിൽ അനാഥത്വമെന്തെന്ന് സ്വന്തം ജീവിതം കൊണ്ടുരുചിച്ച, കഠിനാധ്വാനം കൊണ്ട് ഉയരങ്ങളിലെത്തിയ നിഷ്കാമകർമി. ഉണ്ണാനും ഉടുക്കാനുമില്ലാതെ ദൈന്യതയിൽ വിതുമ്പിയിരുന്ന കുഞ്ഞുങ്ങളെ അയാൾ കൈപിടിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തോട് ഭാര്യ ചോദിച്ചു, ഏതാണീ കുട്ടികൾ? ദൃഢചിത്തനായ ആ മനുഷ്യൻ തന്റെ ബീവിയോട് ഇത്രമാത്രം പറഞ്ഞു. ഈ കുട്ടികളിനി ഇവിടെയുണ്ടാകും. നമ്മുടെ കുട്ടി അന്നം കഴിക്കുകയാണെങ്കിൽ ഇവരും കഴിക്കണം, നമ്മുടെ കുട്ടി ഉടുക്കുകയാണെങ്കിൽ ഇവരും ഉടുക്കണം. അങ്ങനെ 114 യതീംകുട്ടികളെയുമായി സ്വന്തം വീട്ടിൽ തുടങ്ങിയ സ്ഥാപനമാണ് തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്.

(ദഫ് / അറബന)

14

ക്രൈസ്‌തവ സ്വാധീനം

“യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്ന്
തിങ്കള്‍ കല പാടി ഗ്ലോറിയാ
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയാ..”

ബേസൽ മിഷന്റെ വരവോടെയാണ് മലപ്പുറത്ത് ക്രൈസ്‌തവത വേരുപിടിക്കുന്നത്. കൊടക്കൽ കേന്ദ്രീകരിച്ചു തുടങ്ങിയ മിഷനറി പ്രവർത്തനം നായാടികളിലൂടെ, അവർണ വിഭാഗങ്ങളിലൂടെ പടർന്ന് ഏറനാടിന്റെ മലയോര മേഖലകളിലെത്തി. തെക്കൻജില്ലകളിൽ നിന്നുള്ള കുടിയേറ്റവും കൂട്ടിനെത്തി. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സാമൂഹിക ക്ഷേമ മണ്ഡലങ്ങളിലും മിഷനറിമാർ നടത്തിയ ഇടപെടലുകൾ അനൽപമായ സ്വാധീനമാണ് ചെലുത്തിയത്.
(മാർഗം കളി)

15

ഫുട്ബാൾ

മലപ്പുറത്തിന്റെ ചോരയിലോടുന്ന വികാരമാണ് ഫുട്ബാൾ. വേലിക്കെട്ടുകൾക്കും മരങ്ങൾക്കും പിറകിൽ ഒളിഞ്ഞിരുന്നു ബ്രിട്ടീഷുകാരുടെ കളി കണ്ടുപഠിച്ച് സായിപ്പിനെ വെല്ലുവിളിച്ച് വെറും കാലിൽ കളിച്ചുതോല്പിച്ച ഫുട്ബാൾ ശൗര്യം മലപ്പുറത്തിന്റെ നെഞ്ചിലിന്നും നിറയുന്നു. ലോകത്തെവിടെ പന്തുരുണ്ടാലും ഉണർന്നിരിക്കുന്ന ഊർജം.
(ഫ്രീസ്റ്റൈൽ ഫുട്ബാൾ)

14

കലിഗ്രഫി

‘ഖത്ത് ഫുന്നാനി’ എന്നറിയപ്പെടുന്ന മൗലികമായ ലിപി സമ്പ്രദായം ലോകത്തിനു സംഭാവന ചെയ്‌ത നാടുകൂടിയാണിത്. കൂഫിയും ദിവാനിയും തുലുതുമുൾപ്പെടെ അതിമനോഹരമായ വിവിധ എഴുത്തുശൈലികൾ പ്രചാരത്തിലുള്ള ലോകഭാഷയാണ് അറബി. അറബി മലയാളത്തിലുള്ള വിനിമയങ്ങൾക്കു വേണ്ടിയും ഖുർആൻ എഴുതാൻ വേണ്ടിയും ഉപയോഗിച്ച തനതുശൈലിയാണ് മലബാറി ലിപി. വിവിധ മാധ്യമങ്ങളിലൂടെ ഇന്ന് ഏറെ പ്രചാരം നേടുന്ന കലാരൂപം കൂടിയാണ് കലിഗ്രഫി.
(ലൈവ് കലിഗ്രഫി)

15

ഉപസംഹാരം

ഈ ചെറുസഞ്ചാരം അവസാനിക്കുമ്പോളും അകത്തെ ചരിതങ്ങൾ തുടരുക തന്നെയാണ്.
മൊഹബ്ബത്തിന്റെ മൊഞ്ചാണ് മലപ്പുറം. മാനവ മൈത്രിയുടെ ഒരു മനോഹര ദേശം.

2019 ജൂൺ 17 ന് ഒമാനിലിരുന്ന് ശ്രീധരൻ എന്നയാൾ ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി. “എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. അവരുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാൻ പ്രാർത്ഥിക്കേണമേ…” കാളികാവിലുള്ള തെന്നാടൻ സുബൈദ എന്ന സ്ത്രീ അന്തരിച്ചപ്പോൾ ആണ് ശ്രീധരൻ ഈ വാക്കുകൾ എഴുതിയത്. സുബൈദ എങ്ങനെയാണ് ശ്രീധരന്റെ അമ്മയായത് എന്നല്ലേ? ശ്രീധരന്റെ ചെറുപ്രായത്തിൽ അമ്മ ചക്കി മരിച്ചുപോയി. ശ്രീധരനെയും രണ്ടു സഹോദരിമാരെയും സ്വന്തം മക്കളായി ഏറ്റെടുത്ത് ഹിന്ദുമത രീതിയിൽ തന്നെ വളർത്തിയ സുബൈദ അങ്ങനെയാണ് അവർക്ക് ഉമ്മയായത്. സുബൈദയുടെ ഭർത്താവ് മദ്രസാധ്യാപകനായ അബ്ദുൽ അസീസ് ഹാജി അവർക്ക് ബാപ്പയുമായി. മലപ്പുറത്തെക്കുറിച്ച് വിഷലിപ്തമായ നരേറ്റിവുകൾ പടച്ചുവിടുന്നവരെ നിശബ്ദമായി വെല്ലുവിളിച്ച് എണ്ണമറ്റ സുബൈദമാരും ശ്രീധരന്മാരും ഈ മണ്ണിൽ ജീവിക്കുന്നു. അവർ എന്നും ഇവിടെയുണ്ടാകും. മനുഷ്യരിലുള്ള പ്രതീക്ഷയും വിശ്വാസവുമായി. ഈ നാട് ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.

നന്ദി…
മലപ്പുറം മാല

CAST & CREW

രചന, സംവിധാനം: എം നൗഷാദ്

ലൈവ് കാലിഗ്രഫി: കരീം ഗ്രാഫി

ദീപ സംവിധാനം: ആബിദ് പി ടി

നിർമാണ നിർവഹണം: ഹാഷിർ സി

ശബ്ദലേഖനം: സമീർ ബിൻസി

സംഗീതം: അക്ബർ മലപ്പുറം, ബിനു നിലമ്പൂർ

സംഗീത നിർവഹണം: ആയിഷ അനാൻ

വസ്ത്രാലങ്കാരം: മാജിദ മുംതാസ്

കലാസംവിധാനം: മാജിദ മുംതാസ്, ആയിഷ നവാൽ, ഷഹല മറിയം

രംഗ നിർവഹണം: ഹിബ മർജ ഇ ടി

ചമയം: സോണി, നസീമ

നിർമാണ സഹായം: ജിഷ്ണു, റബീഹ് ബിൻ ജമാൽ, യൂനുസ്

സാങ്കേതിക നിർവഹണം: ജവാദ് ഹുസൈൻ, മുനീർ പള്ളിപ്രം

ഗോത്ര സംഗീതം: വിനു കിടച്ചൂളാൻ, വിശാന്ത് (കമ്പളം മ്യൂസിക് ബാൻഡ്, വയനാട്)

അഭിനേതാക്കൾ: സാഫി തിയേറ്റർ ക്ലബ്‌, വാഴയൂർ (നസ്റുല്ല വാഴക്കാട്, ഹിബ മർജ ഇ ടി, മാളവിക പി ടി, മയൂഖ പി ടി, ഉസാമ നിദാൽ പി പി, അഹ്‌മദ്‌ നജാദ്, ഖലീലു റഹ്‌മാൻ, ആര്യ കെ പി, നബ്ഹാൻ കെ, മുഹമ്മദ് തസ്‌നീം പി, മഹ്‌മൂദ ഇസ്സത് ഫർസാന, നവാസ്, ദർവേശ് നൂരി, അനാൻ മുഹമ്മദ് സാദിഖ്, മുഹമ്മദ് ഷാദിൻ ടി വി, മുർഷിദ് പി)

കളരി: എം പി എം കളരി മേൽമുറി ​(മുഹമ്മദ് അഷ്‌ഫാഖ്‌ പി പി, മുഹമ്മദ് അജ്‌നാസ് എം, മുഹമ്മദ് സിനാൻ, മുഹമ്മദ് ശാമിൽ എം, അബ്ദുൽ ബാസിത്, എ പി എം മമ്മദ് ഗുരുക്കൾ)

ഒപ്പന: ഫാത്തിമ നിഷ & ടീം, സാഫി കോളേജ്, വാഴയൂർ (നിജിയ വി, ഫാത്തിമ രിഫ, ഫാത്തിമത്ത് ഹഫീഫ, ദിൽന ഫാതിമ, അഫ്‌ലഹ പി, ഹിബ പി, നൂറ നഫ്‌ന, ഫാത്തിമ മായിസ സി കെ)

തിരുവാതിര: ദിവ്യ സുദർശൻ & ടീം, കൊണ്ടോട്ടി (പ്രബിത മണി, പാർവതി മനീഷ്, ഷൈജ ദിനേഷ്‌ലാൽ, വിജിത ലിജിത്, റിൻസി സുബീഷ്, വിനീത ശങ്കരൻ, ശ്രിയ, ഷിബില ശ്രുതീഷ്, റജില അനി)

കോൽകളി: താളലയം എടരിക്കോട് (സുബിൻ, മനാഫ്, ജാസിം, ഹിഷാം, അർഷദ്, സിനാൻ, അനീസ്, ബിലാൽ, ജാബിർ, ജിനീഷ്)

ദഫ്: എം എസ് എഫ് ബാലകേരളം, ഊരകം ചാലിക്കുണ്ട് (അഷ്‌ഫാഖ്‌ അഹ്‌മദ്‌, അർഷഖ് സി, ദിൽഷാദ് എം ടി, മുഹിയുദീൻ എം, ശാമിൽ കെ, റിഷാൻ കെ, മുഹമ്മദ് റബീഹ് വി, റിഷാൻ ടി, ആദിൽ വി)

ഫ്രീസ്റ്റൈൽ ഫുട്ബോൾ: റഷേഴ്സ് ഫ്രീസ്റ്റൈൽ ഗ്രൂപ്പ്‌ (അജയ് കൃഷ്ണ, വിഷ്ണു എസ്, അക്ഷയ്)

Sponsored by മലപ്പുറം ജില്ലാ റിയാദ് KMCC സംസ്കൃതി.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *