അഗാധതേ നന്ദി
എം നൗഷാദ്
ആഴം ആഴത്തെ വിളിക്കുന്നത്
നീ കണ്ടിട്ടുണ്ടോ?
താരകങ്ങൾ
തിരമാലകളോട്
താരാട്ടുപാടുന്ന
ഭാഷയിൽ.
മൗനത്തിൽ
ശൂന്യതയിൽ
നിറയുന്ന പൊരുളായി.
ഉള്ളുപൊട്ടിത്തകർന്ന
രണ്ടാത്മാക്കൾ
ഒന്നും മിണ്ടാനാവാതെ
അടുത്തടുത്തിരിക്കുമ്പോൾ
നിനക്കത് കേൾക്കാം.
പെയ്തുതോരാത്ത രണ്ട് കണ്ണുകൾ
പിരിയാനാവാതെ പരസ്പരം നോക്കുമ്പോൾ
അതറിയാം.
കടലിനു നടുവിൽ ഒറ്റപ്പെട്ടവൻ
മലകളുടെ നടുവിൽ
കുടുങ്ങിപ്പോയവളെ
കാത്തിരിക്കുമ്പോൾ,
അവൾ തിരിച്ചുവരാനായി
ഏകാന്തമിരക്കുമ്പോൾ
നീയത് കേൾക്കും.
ഒറ്റുകൊടുക്കപ്പെട്ടവരും
ഏകാകികളും
വഞ്ചിതരും
അനാഥരും
അനന്തതയിലേക്ക് ഉറ്റുനോക്കി
നെടുവീർപ്പിട്ടു നിൽക്കുമ്പോൾ
ആഴമാഴത്തെ പുണരുന്നത്
നുകരാം.
ഒരു മരണാസന്നൻ
മറ്റൊരു മരണാസന്നനെ
ഗാഢമായി ആശ്ലേഷിക്കുമ്പോൾ,
ഒരു ചുംബനം
വിട്ടുപോകാനാവാതെ
നെറ്റിയിലും കവിളിലും
വേദനിച്ചുഴറുമ്പോൾ,
മരിച്ചുപിരിഞ്ഞ മക്കൾ
കിനാവിൽ പൂത്തുചിരിക്കുമ്പോൾ
നിനക്കത് അറിയാം.
പറുദീസയിലേക്ക് പുറപ്പെട്ടവരും
പറുദീസയാൽ പുറന്തള്ളപ്പെട്ടവരും
മരുഭൂമിയിൽ മുഖാമുഖമെത്തുമ്പോൾ
ഉള്ളിൽ മുഴങ്ങുമത്.
ധ്യാനം
പ്രാർത്ഥനയെ
കണ്ടുമുട്ടുന്ന നേരങ്ങളിൽ.
ആഴം ആഴത്തോട് മിണ്ടുന്നത്
ആത്മാവിന്റെ വാക്കുകളിൽ.
ഭൂമിയിൽ മാത്രം നിൽക്കുന്നവർക്ക്
അത് കേൾക്കാനാവില്ല.
അകത്തേക്ക് ആണ്ടുപോയവരിൽ
ഓരോ മാത്രയിലും അതുണ്ട്,
നിന്നെപ്പോലെ.