ആത്മാവിന്റെ മാലിന്യങ്ങൾ..

എഴുത്തുകാരനും ഗുരുവും സ്നേഹിതനുമായിരുന്ന ഹാഷിം മുഹമ്മദ് എന്ന ഹഫ്‌സയെ ഓർക്കുന്നു, എം നൗഷാദ്.

ഹാഷിംക്കയോടൊപ്പം മണിപ്പാലിൽ നിന്ന് മടങ്ങുകയാണ്. കാലം കുറേ മുമ്പാണ്. കണ്ണൂർ ബസ് സ്റ്റാൻഡിൽ വെച്ചാണെന്ന് തോന്നുന്നു, ഒരു യുവതി തന്റെ ഭർത്താവെന്നു തോന്നിച്ച ഒരാളുടെ മാറിലേക്ക് ചെരിഞ്ഞിരുന്ന് കരയുന്നത് കാണാനിടയായി. അവരുടെ തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ടായിരുന്നു. ഈയടുത്ത് കല്യാണം കഴിഞ്ഞതാണെന്ന് തോന്നിച്ചു രണ്ടുപേരും. ഞാനാ കാഴ്‌ചയിലേക്ക് ഹാഷിംക്കയെക്കൂടി ക്ഷണിച്ചിട്ടുചോദിച്ചു: “മനുഷ്യർ കരയുന്നത് എന്തിനാണ് ഹാഷിംക്ക?”

എന്തിനോടോ കണക്കുതീർക്കാണെന്ന മട്ടിൽ അന്തരീക്ഷത്തിലേക്ക് ഊതി അയച്ചുകൊണ്ടിരുന്ന പുകച്ചുരുളുകൾക്കിടയിലൂടെ ഒരു നിമിഷം അദ്ദേഹം എന്നെ നോക്കി. രോഷശോകങ്ങൾ ശമിച്ച മട്ടിൽ ഒരിറ്റുനേരം ആർദ്രമായി. എന്നിട്ടുചോദിച്ചു: “നീ പറ, എന്താണ് നിന്റെ അഭിപ്രായം?”

“സങ്കടം വന്നിട്ടാവും അല്ലെ?” എങ്ങനെയെങ്കിലും സംഭാഷണം നീട്ടിക്കൊണ്ടുപോകാൻ വേണ്ടി ഞാൻ പറഞ്ഞു.

ഹാഷിംക്ക പൊട്ടിച്ചിരിച്ചു. “അതാർക്കാണറിയാത്തത് മണ്ടാ? സങ്കടം വരുമ്പോൾ ആളുകൾ കരയുന്നതെന്തിനാണ് എന്നതല്ലേ ചോദ്യം? മനുഷ്യർ അപ്പോൾ ചിരിക്കാത്തതെന്താണ്?”

മണിപ്പാലിൽ നിന്ന് പുറപ്പെട്ട യാത്രയിലുടനീളം പലതരം സംഘർഷങ്ങളും സമവായങ്ങളും ഉണ്ടായിരുന്നതിനാൽ ഞാൻ കലഹത്തിലേക്ക് ഒട്ടും കടന്നില്ല. ഹാഷിംക്കയോടൊപ്പം കോഴിക്കോട്ടെത്തിച്ചേരുക എന്നതാണ് ദൗത്യം. ഇടക്കുവെച്ച് മടങ്ങാനോ തങ്ങിനിൽക്കാനോ പാടില്ല. വാദപ്രതിവാദങ്ങളിലേക്ക് കടക്കരുത്. പ്രകോപനങ്ങൾ ഒട്ടും പാടില്ല. ഇതെല്ലാം ആദ്യമേ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ ഹർഷദ്ക്കയും പ്രിയസുഹൃത്ത് ഔസാഫ്ക്കയും ഏൽപ്പിച്ചതാണത്. അക്കാര്യം ഹാഷിംക്കക്കും അറിയാമായിരുന്നു. അതദ്ദേഹത്തെ പലപ്പോഴും അസ്വസ്ഥനാക്കി. ‘നീയെന്നെ നിയന്ത്രിക്കാൻ നോക്കണ്ട’ എന്നിടക്ക് പറയും. ‘ഞാനെങ്ങോട്ടുപോകണമെന്ന് ഞാൻ തീരുമാനിക്കും, നിനക്ക് വേണമെങ്കിൽ എന്റെ കൂടെ വരാം, അത്രയേ പറ്റൂ’ എന്ന് ഭീഷണിപ്പെടുത്തും. ഉന്മാദം പ്രണയം പോലെയാണ് ചില കാര്യങ്ങളിൽ. അവനവന്റെ നിയന്ത്രണത്തിലിരിക്കുന്നതല്ല രണ്ടും. അതുകൊണ്ട് തർക്കത്തിന് ഒരു പ്രസക്തിയുമില്ല. യുക്തിക്ക് വലിയ റോളില്ല. സ്നേഹത്തിന്, കരുണക്ക് മാത്രമേ പിടിച്ചുനിൽക്കാനാവൂ, ഒരല്‌പമെങ്കിലും.

ഈ വാക്കുകളിപ്പോളെഴുതുമ്പോൾ, ഇത് വായിക്കാൻ ഹാഷിംക്കയില്ല എന്നത് വേദനിപ്പിക്കുന്നുണ്ട്. ഉണ്ടായിരുന്നെങ്കിൽ ഫോണിൽ വിളിച്ച് കുറേനേരം പൊട്ടിച്ചിരിക്കുകയോ കടുത്തഭാഷയിൽ സ്നേഹത്തോടെ ചീത്ത പറയുകയോ ചെയ്തേനെ. അപ്പോഴത്തെ ഭാവമനുസരിച്ച് ഒരു കഥയോ കവിതയോ കൂട്ടിചേർത്തേനെ.

ബസ് കണ്ണൂരിൽ നിന്നും നീങ്ങി. സന്ദേഹങ്ങളുടെ പൊടിക്കാറ്റിലൂടെ. നേരം ഇരുണ്ടു. അവ്യക്തമായ ഊഹങ്ങൾ എനിക്കകത്ത് പരന്നു. അദ്ദേഹം മാഹിയിലോ വടകരയിലോ ഇറങ്ങിയാൽ എന്തുചെയ്യും? കോഴിക്കോട്ടെത്തിക്കഴിഞ്ഞാൽ പിന്നെന്താണ് ചെയ്യുക? വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണം. ഇങ്ങനെയൊരു ദൗത്യം നേരത്തെ ചെയ്‌തുപരിചയമുള്ളതല്ല. ഞാൻ ആ മനുഷ്യനെ തന്നെ ശ്രദ്ധിച്ച്, പ്രാർത്ഥനയോടെ ഇരിക്കുകയാണ്. ഇടക്കെപ്പോഴോ ഹാഷിംക്ക എന്നെ തട്ടിവിളിച്ചു. എന്നിട്ടു പറഞ്ഞു. “നീ ചോദിച്ചില്ലേ, മനുഷ്യർ എന്തിനാണ് കരയുന്നത് എന്ന്. അതിനുത്തരം എനിക്കറിയാം: ആത്മാവിന്റെ മാലിന്യങ്ങൾ കഴുകിക്കളയുവാൻ വേണ്ടിയാണ് മനുഷ്യർ കരയുന്നത്.”

ആ വാചകം എന്നെ ആഴത്തിൽ നിശബ്‌ദമാക്കി.

ഒരു വലിയ കരച്ചിലിൽ കൂടി ആ മനുഷ്യൻ പോയിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഉമ്മയുടെ വിയോഗം അദ്ദേഹത്തെ ഉന്മാദലോകങ്ങളിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ടായിരുന്നു. തന്റെ അനാഥബാല്യത്തിന്റെ പീഢകൾക്ക് അദ്ദേഹം ഉമ്മയോട് കടപ്പെട്ടിരിക്കുകയും കലിപ്പെട്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. കരച്ചിൽ അകം കഴുകിക്കളയലാണ് എന്നദ്ദേഹത്തിന് അങ്ങനെയായിരിക്കണം തെളിഞ്ഞുകിട്ടിയത്. എഴുത്തുകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ആഴം പ്രാപിച്ച ഒരാളുടെ വെളിപാട്.

ഏതു കരച്ചിലിനെയും ദാർശനികമായി നിർവീര്യമാക്കിക്കളയാൻ ഈ ഭൂമിയിൽ ആ മനുഷ്യനില്ലല്ലോ എന്ന് നോവുന്ന ഒറ്റയാവലുകളിൽ ഞാൻ വ്യസനിക്കാറുണ്ട്. മനുഷ്യർ കരയുന്നത് കാണുമ്പോളെല്ലാം, കരച്ചിൽ ഉള്ളിലും പുറത്തും അനുഭവിക്കുമ്പോളെല്ലാം, ഹാഷിംക്ക പറഞ്ഞത് ഓർക്കും: “ആത്മാവിന്റെ മാലിന്യങ്ങൾ കഴുകിക്കളയുവാൻ വേണ്ടിയാണ് മനുഷ്യർ കരയുന്നത്.”

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *