ആത്മാശ്ലേഷം

എം നൗഷാദ് 

ചില മനുഷ്യർ അങ്ങനെയാണ്.
അവരോട് സംസാരിക്കുന്ന
ഏതാനും നിമിഷങ്ങളിൽ
ഒരു ജീവിതം ജീവിച്ചപോലെ തോന്നും.
കൂടെയിരുന്നാൽ കൂടെക്കൂടും.

കുറഞ്ഞ നേരം കൊണ്ട്
കുറേ കാലം കടക്കും.
പല പാതകൾ നമ്മിൽ കയറിയിറങ്ങും.
മിണ്ടാതെ മിണ്ടും.

അവരെന്തും കേൾക്കാനാവുന്നവർ.
കരുണയാൽ കണ്ണുനിറയുന്നവർ.
മൗനത്തിൽ മനസ്സറിയുന്നവർ.
ഒന്നും തിരികെ വേണ്ടാത്തവർ.
അകം കൊണ്ട് ചിരിക്കാനറിയുന്നവർ.

മരിച്ചുപോയ ഒരു പുണ്യാത്മാവ്
മടങ്ങിവന്ന് മുന്നിലിരിക്കുന്നെന്ന്
തോന്നും ചിലപ്പോൾ,
ഒരു കുരുന്നിനെ ഉമ്മവെക്കുംപോലെ തോന്നും,
കിനാവിൽ പെയ്‌ത നിലാവിൽ
പറുദീസ ഇങ്ങോട്ട് പുറപ്പെട്ടപോലെ.

അവർ പിരിച്ചുവിടാനാവാത്തവർ.
സമയദൂരങ്ങളെ ജയിച്ചവർ.
പിരിഞ്ഞുപോയാലും പിരിഞ്ഞുപോകാത്തവർ.
മറന്നുപോയാലും മറന്നുതീരാത്തവർ.

പോയിക്കഴിഞ്ഞാലാണ്
അവരേറ്റം തെളിഞ്ഞുവരിക.
നിർത്താനാവില്ല അവരോടുള്ള വാക്കുകൾ,
നിശബ്ദതയിൽ അതേറ്റം മുഴങ്ങും.

അവരില്ലാതാവുമ്പോൾ
നീറി നിറയും
നാമവരിൽ.

(പ്രിയപ്പെട്ട മനുഷ്യരെ ഓർത്ത്….)

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *