ഹലാൽ സിനിമയെ ഭയപ്പെടുന്നതെന്തിന്?

സവർണ വംശീയതയെ ആഘോഷിക്കുകയും അവർണരെയും ന്യൂനപക്ഷങ്ങളെയും അന്യവൽക്കരിക്കുകയും ചെയ്യുന്ന നിരവധി സിനിമകൾ ഒട്ടും രാഷ്ട്രീയ നൈതികതയില്ലാതെ പുറത്തിറങ്ങിയിട്ടുള്ള നാടാണ് നമ്മുടേത്. അതേ സമയം, ഇടതുപക്ഷ സംസ്‌കാരിക അപ്രമാദിത്വമുള്ള ഒരു നാട്ടിൽ മുസ്‌ലിം ചെറുപ്പക്കാർ, തങ്ങളുടെ സാമൂഹികവും വൈയക്തികവും സംഘടനാപരവുമായ ജീവിതത്തിനു നേരെ കാമറ പിടിക്കുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്. | എം. നൗഷാദ്

ഹലാൽ സിനിമയെ എന്തിന് ഭയപ്പെടുന്നു എന്ന വിഷയത്തെക്കുറിച്ചാണ് ഇവിടെ ആലോചിക്കുന്നത്. പ്രധാനമായും കേരളത്തിലെ സമകാലികമായ ചില സാംസ്‌കാരിക സംവാദങ്ങളുടെയും ഇസ്‌ലാം ഭീതി നിറഞ്ഞ ചർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ ആലോചന മുന്നോട്ടു വന്നിട്ടുണ്ടാവുക. ഇതിൽ പ്രാഥമികമായ കാര്യം, ‘ഹലാൽ സിനിമ’ എന്നത് സിനിമയിലെ മുസ്‌ലിം സാംസ്‌കാരിക പ്രകാശനങ്ങളെക്കുറിച്ച് പൊതുവായി ഉപയോഗിക്കുന്ന വാക്കാണ്. അത് ഹലാൽ ചിക്കൻ പോലുള്ള ഒരു വാക്കല്ല.

ഈയടുത്ത് മലയാളത്തിൽ പുറത്തിറങ്ങിയ, സകരിയ സംവിധാനം ചെയ്ത ‘ഹലാൽ ലൗ സ്റ്റോറി’ എന്ന സിനിമയും, ഹർഷദിന്റെയും മുഹ്‌സിൻ പരാരിയുടെയും നേതൃത്വത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്നതായി അനൗൺസ് ചെയ്യപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയും ഉണ്ടാക്കിയ ചില ചർച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ്, മുസ്‌ലിംകളുടെ ചരിത്രത്തെയും സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക സൗന്ദര്യത്തെയും ചലച്ചിത്ര കലയിൽ പ്രതിനിധാനം ചെയ്യുന്ന സംരംഭങ്ങളെ ഭയപ്പാടോടു കൂടിയും അസഹിഷ്ണുതയോടെയും പ്രതികാരവാഞ്ഛയോടെയും നോക്കിക്കാണുന്ന പ്രവണതയെ അഭിമുഖീകരിക്കേണ്ടതായി വരുന്നത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഏറ്റവും പ്രധാനമായും സംഘ്പരിവാർ പശ്ചാത്തലമുള്ളവരുടെയും, പിന്നെ അവഗണിക്കാനാവാത്ത വിധം പ്രകടമായ ഇടതുപക്ഷ പശ്ചാത്തലമുള്ള ആളുകളുടെയും മുസ്‌ലിം സാംസ്‌കാരിക സ്വത്വങ്ങളോടും പ്രതിനിധാനങ്ങളോടും ചരിത്ര പ്രകാശനങ്ങളോടുമുള്ള അസഹിഷ്ണുത നമ്മുടെ അന്തരീക്ഷത്തിൽ മുഴച്ചുനിൽക്കുന്നുണ്ട്.

നിർഭാഗ്യകരമായ ഈ പശ്ചാത്തലത്തിലാണ് ഹലാൽ സിനിമയെ ഭയപ്പെടുന്നത് ആരാണ് എന്ന് ആലോചിക്കേണ്ടി വരുന്നത്. ഇത്തരമൊരു ഭയപ്പാടും ആലോചനയും അസഹിഷ്ണുതയും നിലനിൽക്കുന്നതും വ്യാപിക്കുന്നതും കേരളത്തിന്റെ (വ്യാജമായി) കൊണ്ടാടപ്പെടുന്ന മതനിരപേക്ഷതയെയും നവോത്ഥാന മൂല്യങ്ങളെയും കുറിച്ചുള്ള മേനിപറച്ചിലിന്റെ പശ്ചാത്തലത്തിലാണ് എന്നു മറന്നുപോകരുത്. അതിനെക്കാൾ പ്രധാനപ്പെട്ട കാര്യം ഈ ചർച്ചകളുടെ സന്ദർഭമാണ്, ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സ്വാധീന ശേഷിയാണ്. ലളിതമായി പറഞ്ഞാൽ സംഘ്പരിവാറിന്റെ അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായ, ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ മുസ്‌ലിം വിരുദ്ധമായ സിഎഎ-എൻആർസി തുടങ്ങിയ ഭരണഘടനാപരമായി പോലും വെല്ലുവിളിക്കാനാവാത്ത സങ്കീർണ നിയമക്കുരുക്കുകളുടെ പശ്ചാത്തലത്തിൽ മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കാനും മാസ്സ് ഡിറ്റൻഷൻ സെന്ററുകളിലേക്ക് അയക്കാനുമുള്ള ഒരു വംശഹത്യാ പദ്ധതിയുടെ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലും കൂടിയാണ് ഹലാൽ സിനിമയെ ഭയപ്പെടുന്നത് എന്തുകൊണ്ട് എന്ന് നമ്മൾ ചോദിക്കേണ്ടി വരുന്നത്, ഉറക്കെ ആലോചിക്കേണ്ടിവരുന്നത്.

ഒരു പ്രത്യേക തരത്തിലുള്ള സവർണ മലയാളി വംശീയതയെ നിർണയിക്കുകയും നിർവചിക്കുകയും അതിനു പുറത്തുള്ള അവർണരായ മനുഷ്യരെ അന്യവൽക്കരിക്കുകയും അപരവൽക്കരിക്കുകയും പൈശാചികമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമകൾ യാതൊരു കൂസലുമില്ലാതെ, ഒട്ടും രാഷ്ട്രീയ നൈതികതയില്ലാതെ വന്നിട്ടുള്ള നാടാണ് നമ്മുടേത്.

ഈ രണ്ട് പശ്ചാത്തലത്തിലും മുസ്‌ലിംകൾ അവരുടെ സംസ്‌കാരത്തെയും അവരുടെ ചരിത്രത്തെയും ജീവിതത്തെയും അവയുടെ നർമ-മർമങ്ങളെയും അതിലെ വേദനയെയും സംഘർഷങ്ങളെയും സത്യസന്ധമായി ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത് ആരെയാണ് ഭയപ്പെടുത്തുന്നത്? എന്തുകൊണ്ടാണ് അത് ഭയപ്പാടുണ്ടാക്കുന്നത്? ഈ പറയപ്പെടുന്ന സിനിമകളിലോ പ്രകാശനങ്ങളിലോ മറ്റേതെങ്കിലും മതങ്ങളെ വെല്ലുവിളിക്കുകയോ മറ്റു ജനതകളെ ചോദ്യം ചെയ്യുകയോ അവരുടെ അസ്തിത്വത്തെയോ നിലനിൽപിനെയോ അന്തസ്സിനെയോ ഏതെങ്കിലും തരത്തിൽ വെല്ലുവിളിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്യുന്ന യാതൊന്നും കാണുന്നില്ല. ഇത്തരം സിനിമകൾക്ക് പുറകിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ മുൻകാല ചലച്ചിത്ര ആവിഷ്‌കാരങ്ങളിലോ പ്രവർത്തനങ്ങളിലോ ഒന്നും നമുക്കങ്ങനെ കാണാൻ ആവുന്നില്ല. വാരിയംകുന്നത്ത് മുസ്‌ലിം വർഗീയ വാദിയായിരുന്നു എന്നത് ഇവിടത്തെ സംഘ്പരിവാറിന്റെ മാത്രം വാദമാണല്ലോ. സംഘ്പരിവാറിന്റെ പല വാദങ്ങളുടെയും ചരിത്രപരമായ വസ്തുത എന്താണ് എന്നതും, അവർ ചരിത്രത്തിൽ എന്താണ് ചെയ്തിട്ടുള്ളത് എന്നുള്ളതും അൽപമെങ്കിലും ചരിത്ര ജ്ഞാനമുള്ളവർക്കൊക്കെ അറിയാവുന്നതാണ്. അപ്പോൾ വാരിയംകുന്നന്റെ ജീവിതം ചലച്ചിത്രമായി വരുമ്പോൾ എന്താണ് പ്രശ്‌നം? ഇതിനു മുൻപ് കേരളത്തിൽ എത്രയോ ബയോപിക്കുകൾ ഉണ്ടായിട്ടുണ്ട്. അവയുടെയെല്ലാം നിർമാതാക്കളെയും രചയിതാക്കളെയും പിന്നണി പ്രവർത്തകരെയും കേരളം വിചാരണ ചെയ്തിട്ടുണ്ടോ? ഇതൊരു വംശീയ ഭയമല്ലെങ്കിൽ പിന്നെന്താണ്?

മുസ്‌ലിം സാംസ്‌കാരിക ബിംബങ്ങളെയും മാപ്പിള ജീവിതത്തെയും അവഹേളിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്ന എണ്ണമറ്റ സിനിമകൾ ഇവിടെ ഇറങ്ങിയിട്ടുണ്ട് എന്നോർക്കണം. ഉദാഹരണത്തിന് ബഹുഭാര്യത്വത്തിന്റെ പേരിൽ മുസ്‌ലിംകളുടെ മേൽ കുതിരകയറുന്ന എത്രയോ സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണ്, മുസ്‌ലിം സ്ത്രീകൾക്കു സ്വാതന്ത്ര്യമില്ല എന്ന് ചരിത്രത്തിലെ ഒന്നോ രണ്ടോ ഒറ്റപ്പെട്ട പഴയ സന്ദർഭങ്ങളെ സമകാലികമായും തെറ്റായും വ്യാഖ്യാനിച്ചു കൊണ്ടുള്ള എത്രയോ സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകളെ ഒന്നടങ്കം ഭീകരവാദികളായി ചിത്രീകരിക്കുന്ന, തീറ്റപ്രിയരായും വിവരമില്ലാത്തവരായും ചിത്രീകരിക്കുന്ന, മലബാറിലെ മുസ്‌ലിംകളെ മൗലികതയോ ധാർമികതയോ ഇല്ലാത്തവരായി അധിക്ഷേപിക്കുന്ന സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇവിടെ ഭയപ്പെടുത്തുന്നത് എന്ന് പറയപ്പെടുന്ന സിനിമകൾ ആരെയും അവഹേളിക്കുകയോ അന്തസ്സിനെ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. ഇവിടെ മുസ്‌ലിംകളെ അവഹേളിക്കുന്ന സിനിമകൾ മാത്രമല്ല ഉണ്ടായിട്ടുള്ളത്. ദലിതരെ, അവർണരെ, ട്രാൻസ് മനുഷ്യരെ, ആദിവാസികളെ, ഇതര സംസ്ഥാന തൊഴിലാളികളെയൊക്കെ അവഹേളിക്കുന്ന, ദുഷ്ടവൽക്കരിക്കുന്ന തരം സിനിമകളും പുറത്തുവരുന്നു. അപ്പോൾ ഒരു പ്രത്യേക തരത്തിലുള്ള സവർണ മലയാളി വംശീയതയെ നിർണയിക്കുകയും നിർവചിക്കുകയും അതിനു പുറത്തുള്ള അവർണരായ മനുഷ്യരെ അന്യവൽക്കരിക്കുകയും അപരവൽക്കരിക്കുകയും പൈശാചികമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമകൾ യാതൊരു കൂസലുമില്ലാതെ, ഒട്ടും രാഷ്ട്രീയ നൈതികതയില്ലാതെ വന്നിട്ടുള്ള നാടാണ് നമ്മുടേത്. പ്രത്യേകിച്ചും ഇടതുപക്ഷത്തിന് അപ്രമാദിത്വം കൽപിച്ചു കൊടുത്തിട്ടുള്ള ഒരു നാട്ടിൽ നിന്നുകൊണ്ട്, മുസ്‌ലിം ചെറുപ്പക്കാർ അവരുടെ സാമൂഹികവും വൈയക്തികവും സംഘടനാപരവുമായിട്ടുള്ള ജീവിതത്തിന് നേരെ കാമറ വെക്കാൻ തുടങ്ങുമ്പോൾ, അതിനെ പാട്ടിലൂടെ ചിത്രീകരിക്കുമ്പോൾ, കഥയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ആർക്കാണ് അസ്വസ്ഥത ഉണ്ടാവുന്നത്? ആർക്കാണ് അസഹിഷ്ണുത ഉണ്ടാവുന്നത്? ആരെയാണ് ഇവർ നോവിക്കുന്നത് എന്നൊക്കെ ചോദിക്കുമ്പോൾ അതിനുത്തരം, മാർക്സിയൻ പരിപ്രേക്ഷ്യത്തിലൂടെ തന്നെ പറയാൻ ശ്രമിച്ചാൽ, സാംസ്‌കാരിക അധീശത്വം എന്ന് അന്റോണിയോ ഗ്രാംഷി പറയുന്ന ഇവിടത്തെ അധികാര ബലതന്ത്രങ്ങളെ അത് അലോസരപ്പെടുത്തുന്നുണ്ട് എന്നതാണ്.

ആ സെക്കുലർ പൊതുബോധത്തിന്റെ യുക്തികളെയും അങ്ങനെ സെക്കുലർ ആവുന്നതിന്റെയും “പൊതു”വാകുന്നതിന്റെയും ആവശ്യകതയെ നിരാകരിക്കുന്ന ഒരു തലമുറയുടെ ഉദയം കൂടിയാണ് സത്യത്തിൽ ഹലാൽ സിനിമ എന്ന് നമ്മൾ വ്യവഹരിക്കുന്ന സാംസ്‌കാരിക ധാരയെ പേടിക്കേണ്ട ഒന്നായി തീർക്കുന്നത്.

പി.ടി. കുഞ്ഞുമുഹമ്മദൊക്കെ പറഞ്ഞു വെച്ചതുപോലെ, നാളിതുവരെയായി നമ്മുടെ സിനിമ ചിത്രീകരിച്ചുവെച്ചത് സവർണ പുരുഷന്റെ ദുഃഖമാണ്. ആ നായകൻ നാലുകെട്ടിൽ തന്നെയായിരിക്കണം എന്നില്ലെങ്കിലും, അവയൊക്കെ പൊളിഞ്ഞു പോയാലും അയാൾ നായരും മേനോനും ഒക്കെയായിരിക്കും. അതിൽ തന്നെ സവർണ സ്ത്രീയുടെ ദുഃഖമോ കർതൃത്വമോ ഒന്നും വരാറില്ല. അതിനകത്ത് ഇവിടത്തെ മറ്റു സമുദായങ്ങളെ റദ്ദുചെയ്യുന്ന, ഇനി അഥവാ അവരുണ്ടെങ്കിൽ പോലും അവരുടെ പ്രതിനിധാനത്തെ അപ്രസക്തമാക്കി കളയുന്ന തരത്തിലുള്ള ഒരു സവർണ അപ്രമാദിത്വം മലയാള സിനിമയിൽ സജീവമായി ഉണ്ട്. സവർണ ജീവിതങ്ങളുടെ യഥാർഥ സംഘർഷങ്ങളെക്കുറിച്ചുള്ള ജാതീയമായ മുൻവിധികളില്ലാത്ത ആലോചനകൾ ഉണ്ടാകാറില്ല. ഒരു പ്രത്യേക രീതിയിൽ നമ്മുടെ സാംസ്‌കാരിക ഭാവുകത്വത്തെ ചിട്ടപ്പെടുത്തി വെച്ച ഒന്നിനെ അലോസരപ്പെടുത്തുന്നു എന്നുള്ളത് കൊണ്ടാണ് ഇത്തരം സിനിമകൾ ഭയപ്പാടോടു കൂടി കാണേണ്ടതാണ് എന്നൊരു ആലോചന ഉണ്ടാകുന്നത്.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ സവർണരല്ലാത്തയാളുകൾ – അവർ മുസ്‌ലിംകളാവാം, ദലിതരാവാം, ലത്തീൻ കത്തോലിക്കരാകാം, ട്രാൻസ് മനുഷ്യരാവാം – നായകരായിത്തീരുമ്പോൾ അവരുടെ നിത്യജീവിതവും സംഘർഷങ്ങളും സ്‌നേഹവും സമാധാനവും മുഖ്യധാരയിലേക്ക് സുന്ദരമായി വരുമ്പോൾ, അതിന്റെ സകല വശ്യതകളോടും മനോഹാരിതകളോടും കൂടി വരുമ്പോൾ അത് നിലവിലുള്ള സാംസ്‌കാരിക സമവാക്യങ്ങളെയും അധികാര ബലതന്ത്രങ്ങളെയും വെല്ലുവിളിക്കുകയും പലതരത്തിലുള്ള പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നമ്മൾ ഹലാൽ സിനിമ എന്ന് പൊതുവെ വ്യവഹരിക്കുന്ന സാംസ്‌കാരിക പ്രകാശനങ്ങൾ ഭയപ്പെടേണ്ട കാര്യമായിട്ട് മാറുന്നത്. അല്ലാതെ ഈ സിനിമക്കകത്തോ ഈ സിനിമ ഉണ്ടാക്കിയിട്ടുള്ള ആളുകളുടെ അതിനു മുൻപുള്ള രചനകൾക്കകത്തോ ഏതെങ്കിലും തരത്തിലുള്ള അപരവിദ്വേഷപരമായ ഉള്ളടക്കം ഉള്ളതായി സത്യസന്ധമായോ നിഷ്പക്ഷമായോ ഉള്ള ഒരു അന്വേഷണത്തിനും കാണാൻ പറ്റില്ല. അങ്ങനെ വരുമ്പോൾ ഇത്തരം സിനിമകളെ, സ്വത്വാവിഷ്കാരങ്ങളെ കാടടച്ച് വെടിവെക്കുന്നതിലുള്ള ഉദ്ദേശ്യവും രാഷ്ട്രീയവും വ്യക്തമാണല്ലോ.

മുസ്‌ലിം സ്വത്വത്തെയും സംസ്‌കാരത്തെയും മുഖ്യധാരയിലേക്ക് സുന്ദരമായി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ, അത്തരം രചനകൾ, ഇടതുപക്ഷത്തിന്റെ അപ്രമാദിത്വത്തോടെ ഇവിടെ ഉണ്ടാക്കപ്പെട്ടു എന്ന് പറയുന്ന, സത്യത്തിൽ ഇടതുപക്ഷ ഭാവുകത്വത്തോട് ബന്ധമൊന്നുമില്ലാത്ത ഒരു തരം വ്യാജ മലയാളിത്തത്തെ, ഇവിടത്തെ സവർണ ഭാവുകത്വത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെ, അതിന്റെ സംസ്‌കാരിക അധികാരത്തെ കൃത്യമായി വെല്ലുവിളിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ ഹലാൽ സിനിമയെ ഭയപ്പെടുന്നത്. സവർണ അധീശത്വത്തിനെതിരായ പ്രത്യാഖ്യാനം ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിൽ ദലിത് സംഗീതകാരന്മാരുടെ, ദലിത് ബുദ്ധിജീവികളുടെ, അവർണരായിട്ടുള്ള ആക്ടിവിസ്റ്റുകളുടെ, ട്രാൻസ് മനുഷ്യരുടെ, ഫെമിനിസ്റ്റുകളുടെ, ഇസ്‌ലാമിസ്റ്റുകളുടെ, മുസ്‌ലിം പണ്ഡിതന്മാരുടെ, പല തരത്തിലുള്ള ആളുകളുടെ വലിയ തോതിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഇത്തരം ഇടപെടലുകളിലൂടെ ഉണ്ടായിവരുന്ന സാംസ്‌കാരിക ബഹുസ്വരത എന്ന യഥാർഥ സാധ്യതയെ ആഘോഷിക്കുകയാണ് സത്യത്തിൽ പുരോഗമന രാഷ്ട്രീയമുള്ളവർ ചെയ്യേണ്ടിയിരുന്നത്.

കാരണം, നമ്മൾ ഇവിടെ പറഞ്ഞുകൊണ്ടിരുന്ന ബഹുസ്വരത എന്നത് ഒരു വ്യാജ നിർമിതിയാണ്. അതിൽ തുല്ല്യതയില്ല. ചിലരുടെ അപ്രമാദിത്വവും ബാക്കി ചില ആളുകളുടെ അടിച്ചേൽപ്പിക്കപ്പെട്ട അപകർഷതയും ആണുള്ളത്. അത്തരം വ്യാജവും ഉപരിപ്ലവവുമായ ബഹുസ്വരതക്ക് പകരം തീക്ഷ്ണമായ ചില സത്യങ്ങളെ, സ്വത്വപ്രകാശനങ്ങളെ, സാംസ്‌കാരിക വൈവിധ്യങ്ങളെ, സങ്കീർണതകളെ നേർക്കുനേർ അഭിമുഖീകരിക്കേണ്ടി വരികയും, അവരോട് നേർക്കുനേരെ സത്യസന്ധമായ സംവാദത്തിന് ഏർപ്പെടേണ്ടി വരികയും ചെയ്യുവാനുള്ള സന്നദ്ധക്കുറവിൽ നിന്നും ശേഷിക്കുറവിൽ നിന്നുമാണ് ഇത്തരം സ്വത്വപ്രകാശനങ്ങളെ അന്യവൽക്കരിക്കാനും അപരവൽക്കരിക്കാനും പൈശാചികവൽക്കരിക്കാനുമുള്ള പ്രവണതയുണ്ടാവുന്നത്. അങ്ങനെയാകുമ്പോൾ, നിങ്ങൾക്കൊരു കലാകാരനെ എളുപ്പം നിശബ്ദമാക്കാൻ പറ്റിയേക്കും. മതമൗലികവാദത്തിന്റെ ബ്രാൻഡ് കുത്തി, മതപൗരോഹിത്യത്തിന്റെ ലേബൽ അടിച്ചേൽപ്പിച്ച്, അയാളെ ഒരു പ്രത്യേക കാറ്റഗറിക്കകത്ത് നിർത്തി നിങ്ങൾക്ക് അയാളുടെ സ്വത്വപ്രകാശനത്തിന് വെല്ലുവിളിയുണ്ടാക്കാൻ ശ്രമിക്കാനാകും.

ഇതിൽ മൂലധനത്തിന്റെ കൈമാറ്റാവകാശം ആരുടെ കൈയ്യിലാണുള്ളത് എന്നത് സിനിമ പോലൊരു മാധ്യമത്തെ സംബന്ധിച്ച് തീർച്ചയായും പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമയുടെ പ്രൊഡ്യൂസർ ആര് എന്നത് മാത്രമല്ല സിനിമയുടെ താരവ്യവസ്ഥയും വിതരണ ശൃംഖലയും ഉൾപ്പെടുന്ന, പുതിയകാലത്തെ ഒടിടി പ്ലാറ്റ്‌ഫോമുകളൊക്കെ ഉൾപ്പെടുന്ന അധികാരം, ഉടമാവകാശം, അതിന്റെ നിയന്ത്രണങ്ങൾ, സിനിമ മേഖലയിലുള്ള സംഘടനകളുടെ പ്രാമാണികമായ സ്ഥാനങ്ങൾ തുടങ്ങിയ അധികാരവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളെക്കൂടി ഇത്തരം സംവാദം നമ്മുടെ ഉള്ളിലേക്കെത്തിക്കുന്നുണ്ട്. കാരണം കേരളത്തിലെ സിനിമാ വ്യവസായം എടുത്തു നോക്കിക്കഴിഞ്ഞാൽ, തുടക്കം തൊട്ട് ഇന്നേവരെ മുസ്‌ലിം പ്രതിനിധാനവും പല സമുദായങ്ങളുടെ പ്രതിനിധാനവും നമുക്ക് യഥാർഥത്തിൽ കാണാൻ കഴിയുമെങ്കിലും കഥാപരമായും പ്രമേയപരമായും സാംസ്‌കാരികമായും എല്ലാ കാലത്തും ആധിപത്യമുണ്ടായിരുന്നത് സവർണ ജാതീയ പൗരുഷത്തിനാണ് എന്നത് ഒരു വസ്തുത മാത്രമാണ്. ആര് നിഷേധിച്ചിട്ടും കണ്ണടച്ചിട്ടും കാര്യമില്ലാത്ത ഒരു യാഥാർഥ്യമാണത്. അപ്പോൾ ആ ജാതീയമായ മേൽക്കോയ്മക്ക് പരിക്കേൽപ്പിക്കുന്ന സിനിമകൾ എന്നു മുതലാണോ വന്നു തുടങ്ങുന്നത്, അന്നാണ് യഥാർഥത്തിലുള്ള ബഹുസ്വരതയും, നവോഥാനവും, വൈവിധ്യവും തുല്ല്യ അർഥത്തിലുള്ള സംവാദപരതയും സാധ്യമാകുന്നത്. അതിനുള്ള ശ്രമങ്ങൾ എത്രയോ കാലമായി പല സംവിധായകരും എഴുത്തുകാരും സാഹിത്യത്തിലും സംവാദ മണ്ഡലത്തിലും തീർച്ചയായും ചെയ്തിട്ടുണ്ട്.

പക്ഷേ ഈ അടുത്ത കാലത്താണ് മുസ്‌ലിം ചെറുപ്പക്കാർ അവരുടെ അസ്തിത്വത്തെയും വ്യക്തിത്വത്തെയും സാംസ്‌കാരിക അടയാളങ്ങളെയും മറച്ചുവെക്കാതെ അതിനെക്കുറിച്ച് യാതൊരു തരത്തിലുള്ള അപകർഷതാ ബോധവുമില്ലാതെ ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. അത് സത്യത്തിൽ പുതിയൊരു കാര്യമാണ് എന്നതിനാൽ തന്നെ അങ്കലാപ്പുണ്ടാക്കുന്നതും ആണ്. കാരണം ഇതിനു മുൻപ് മുസ്‌ലിം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരുമൊക്കെ സിനിമയിലായാലും സാഹിത്യത്തിലായാലും ഇടപെട്ടിട്ടുള്ളത് അവരുടെ മുസ്‌ലിം സ്വത്വത്തെ വളരെ മിനിമലായി ഉപയോഗിച്ചു കൊണ്ടാണ്. പലപ്പോഴും അതിനെ മറച്ചു വെച്ചുകൊണ്ടോ അല്ലെങ്കിൽ ഹലാൽ സിനിമയിൽ തന്നെ പറയുന്നത് പോലെ ‘പൊതു’വായി നിന്നുകൊണ്ടോ ആണ്. അതിനാൽ തന്നെ പൊതുവായി മാറാൻ ആവശ്യമുള്ള എന്തൊക്കെ ഗുണഗണങ്ങൾ സ്വാംശീകരിക്കേണ്ടതുണ്ടോ, അതൊക്കെ സ്വീകരിച്ചാൽ മാത്രമേ ഒരു മുസ്‌ലിമിന് സെക്കുലറാവാൻ കഴിയുകയുള്ളൂ എന്നൊരു ദുരന്തം ഇതിനു മുൻപ് ഇവിടെയുണ്ടായിരുന്നു. ധാരാളം എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും അതിനെ അഭിമുഖീകരിച്ചിട്ടുണ്ട്. ആ സെക്കുലർ പൊതുബോധത്തിന്റെ യുക്തികളെയും അങ്ങനെ സെക്കുലർ ആവുന്നതിന്റെയും പൊതുവാകുന്നതിന്റെയും ആവശ്യകതയെ നിരാകരിക്കുന്ന ഒരു തലമുറയുടെ ഉദയം കൂടിയാണ് സത്യത്തിൽ ഹലാൽ സിനിമ എന്ന് നമ്മൾ വ്യവഹരിക്കുന്ന സാംസ്‌കാരിക ധാരയെ പേടിക്കേണ്ട ഒന്നായി തീർക്കുന്നത്.

മുസ്‌ലിംസ് ആർ കമിങ്, ദലിത്‌സ് ആർ കമിങ്, ആദിവാസീസ് ആർ കമിങ്, വിമെൻ ആർ കമിങ്, ട്രാൻസ് പീപ്പ്ൾ ആർ കമിങ് എന്നത് ഇപ്പറഞ്ഞവരോടൊന്നും താദാത്മ്യപ്പെടാനാവാത്തവരെ സംബന്ധിച്ച് ഭയപ്പാടുണ്ടാക്കുന്നതാണ്. നമ്മൾ വംശീയമായോ മറ്റേതെങ്കിലും അസ്തിത്വത്താലോ അപരരായി വിലയിരുത്തുന്ന, നമുക്ക് സ്വാംശീകരിക്കാനും ചേർത്തുപിടിക്കാനും കഴിയാത്ത മനുഷ്യർ, അവരുടെ ജീവിതം പൊതുസമൂഹത്തിനു മുന്നിൽ തുറന്നുവെക്കുമ്പോൾ നിലവിലെ സാംസ്‌കാരിക ആനുകൂല്യങ്ങൾ ആസ്വദിക്കുന്നവർക്ക് ചില കുഴപ്പങ്ങൾ വന്നേക്കാം. നമ്മുടേത് മികച്ചതാകുകയും നമ്മുടേതല്ലാത്തത് നീചമാകുകയും ചെയ്യുന്ന ഒരു ജാതീയ വംശീയ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് അതിനെ വെല്ലുവിളിക്കുന്ന എന്തും തീർച്ചയായും അസഹിഷ്ണുതയും അസ്വസ്ഥതയും ഭീതിയും ഉണ്ടാക്കും.

നമ്മൾ ഇവിടെ പറഞ്ഞുകൊണ്ടിരുന്ന ബഹുസ്വരത എന്നത് ഒരു വ്യാജ നിർമിതിയാണ്. അതിൽ തുല്ല്യതയില്ല. ചിലരുടെ അപ്രമാദിത്വവും ബാക്കി ചില ആളുകളുടെ അടിച്ചേൽപ്പിക്കപ്പെട്ട അപകർഷതയും ആണുള്ളത്.

പക്ഷേ ആര് അസ്വസ്ഥപ്പെട്ടാലും അസഹിഷ്ണുക്കളായാലും മനുഷ്യന്റെ സർഗാത്മകതയെ – അത് മുസ്‌ലിമായാലും ദലിതനായാലും ട്രാൻസ് മനുഷ്യനായാലും ആദിവാസികളായാലും – അവരുടെ ഉള്ളിലുള്ള ഊർജ്ജത്തെ, രാഷ്ട്രീയ ശരികളെക്കുറിച്ചും സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള അവരുടെ ബോധത്തെ ആർക്കും എല്ലാ കാലത്തും തടഞ്ഞുനിർത്താനാവില്ല എന്നതാണ് വസ്തുത.

ചുരുക്കത്തിൽ, ഏറിയോ കുറഞ്ഞോ അളവിൽ സംഘ്പരിവാറിന്റെ പുറന്തള്ളൽ സിദ്ധാന്തത്തെ, അല്ലെങ്കിൽ വംശഹത്യാ രാഷ്ട്രീയത്തെ ചേർത്തുപിടിക്കുന്ന ആളുകളാണ് ഇത്തരം ആവിഷ്‌കാരങ്ങളെ ഭയപ്പെടുന്നത് എന്നാണ് നമുക്ക് എത്താവുന്ന നിഗമനം. സാംസ്‌കാരിക വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും, ഏത് ജനതയും അവരുടെ ജീവിതത്തെയും സ്വത്വത്തെയും കുറിച്ചു നടത്തുന്ന സ്വതന്ത്രവും സർഗാത്മകവുമായ ആവിഷ്‌കാരങ്ങളെയും, അതിന്റെ ശരി-തെറ്റുകളോടെ, സത്യസന്ധമായ സംവാദാത്മകതയോടെ നേരിടുന്ന ആരോഗ്യകരമായ അവസ്ഥയിൽ മാത്രമേ നമുക്ക് സാംസ്‌കാരിക ബഹുസ്വരതയെക്കുറിച്ച് സംസാരിക്കാൻ കഴിയൂ. എന്നിട്ടു മാത്രമേ ഫാഷിസത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ കഴിയൂ. അല്ലെങ്കിൽ നമ്മളൊക്കെയും ഏതെങ്കിലും തരത്തിലുള്ള ഫാഷിസത്തിന്റെ കൂട്ടാളികൾ മാത്രമാണ് എന്നാണ് തോന്നുന്നത്.

ഈ പ്രശ്‌നത്തെ വിശകലനാത്മകമായി വിലയിരുത്തുമ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യം, ഹലാൽ സിനിമ എന്ന് പൊതുവായി പറയുന്ന ചലച്ചിത്രങ്ങൾ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ ഇടതുപക്ഷത്തെയും സംഘ്പരിവാറിനെയും (രണ്ടിനെയും രണ്ട് തരത്തിലാണെങ്കിലും) ഏതൊക്കെയോ തരത്തിൽ വെല്ലുവിളിക്കുന്നുണ്ട്. അവരുടെ സാംസ്‌കാരിക മൂല്യങ്ങളെയും സാംസ്‌കാരിക അപ്രമാദിത്വ ബോധങ്ങളെയും വെല്ലുവിളിക്കുന്നുണ്ട് എന്ന് സത്യസന്ധമായി നിരീക്ഷിച്ചാൽ മനസ്സിലാക്കേണ്ടി വരും. സത്യത്തിൽ സംഘ്പരിവാറിന്റെ വംശീയ ഉന്മൂലനത്തിന്റെ ഇരകളാക്കപ്പെടുന്ന ജനതയാണ് മുസ്‌ലിംകൾ എന്നതുകൊണ്ട് അവരുടെ സ്വത്വപ്രകാശനത്തെയും ജീവിതാവിഷ്‌കാരത്തെയും പൂർണ മനസ്സാലേ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇടതുപക്ഷത്തെ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങൾ അഥവാ വംശഹത്യയിൽ വിശ്വസിക്കാത്ത, ഇൻക്ലൂസീവായ പ്രസ്ഥാനങ്ങൾ യഥാർഥത്തിൽ ചെയ്യേണ്ടിയിരുന്നതും, ഇനിയും ചെയ്യേണ്ടതും.

നമ്മൾ വംശീയമായോ മറ്റേതെങ്കിലും അസ്തിത്വത്താലോ അപരരായി വിലയിരുത്തുന്ന, നമുക്ക് സ്വാംശീകരിക്കാനും ചേർത്തുപിടിക്കാനും കഴിയാത്ത മനുഷ്യർ, അവരുടെ ജീവിതം പൊതുസമൂഹത്തിനു മുന്നിൽ തുറന്നുവെക്കുമ്പോൾ നിലവിലെ സാംസ്‌കാരിക ആനുകൂല്യങ്ങൾ ആസ്വദിക്കുന്നവർക്ക് ചില കുഴപ്പങ്ങൾ വന്നേക്കാം.

നിർഭാഗ്യവശാൽ, അറിഞ്ഞോ അറിയാതെയോ, സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനും പുറംന്തള്ളലിനും ഗുണപ്പെടുമാറ് മുസ്‌ലിം സ്വത്വത്തെയും സാംസ്‌കാരിക ചിഹ്നങ്ങളെയും മതപരതയെയും കൂടുതൽ അന്യവത്കരിക്കുകയും പിശാചുവത്കരിക്കുകയും ചെയ്യുന്ന തരത്തിലുള്ള സമീപനങ്ങളാണ് സാമാന്യമായ അർഥത്തിൽ ഇടതുപക്ഷത്തെ പലരിൽ നിന്നും കാണാൻ കഴിയുന്നത്. അങ്ങനെയല്ലാത്ത ഇടതുപക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും തീർച്ചയായും ഉണ്ട്. എങ്കിലും സാമൂഹിക മാധ്യമങ്ങളിലൊക്കെ നമുക്കു കാണാൻ കഴിയുന്ന ഒരു കാര്യം, മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങളെയും അടയാളപ്പെടുത്തലുകളെയും ആവിഷ്‌കാരങ്ങളെയും സംഘ്പരിവാറിനുള്ള അതേതരം ശത്രുതയോടെയും വെറുപ്പോടെയും സമീപിക്കുക എന്നുള്ളതാണ്. ഇത് തീർച്ചയായും അപകടകരമായ കാര്യമാണ്. ഇത് ഇടതുപക്ഷ മൂല്യങ്ങൾ എന്ന് പറയപ്പെടുന്നവക്ക് നിരക്കാത്തതും എതിരുള്ളതുമായ കാര്യമാണ്.

സംഘ്പരിവാർ തീർച്ചയായിട്ടും പുറന്തള്ളലിനെയും ഉന്മൂലനത്തെയും പിന്തുണക്കുന്ന പ്രസ്ഥാനമാണ്. അത് അവർ വ്യക്തമായി രേഖപ്പെടുത്തിവെച്ചിട്ടുള്ളതാണ്. അതിന്റെ ഒന്നാമത്തെ ഇരകൾ മുസ്‌ലിംകളാണ്. എൻആർസി-സിഎഎ പോലുള്ള പദ്ധതികൾ അതിലേക്കുള്ള വ്യവസ്ഥാപിതമായ പോക്കിന്റെ ഭരണഘടനാപരമായും നിയമപരമായും അതിനെ സാധൂകരിക്കാനുള്ള മാർഗങ്ങളാണ്. ഇത് എല്ലാവർക്കും അറിയുന്നതുമാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ പൗരത്വ പ്രക്ഷോഭത്തിൽ ‘അല്ലാഹു അക്ബർ’ വിളിക്കാൻ പാടുണ്ടോ തുടങ്ങിയ ചർച്ചകളിൽ ഇടതുപക്ഷം എടുത്തിട്ടുള്ളതിന് സമാനമായ നിലപാടു തന്നെയാണ്. എല്ലാ മുസ്‌ലിം സ്വത്വാവിഷ്‌കാരങ്ങളോടും ഇടതുപക്ഷം ഇതേ നിലപാടു തന്നെയാണ് സ്വീകരിക്കുന്നത്. മുസ്‌ലിം സ്വത്വപ്രകാശനങ്ങളെയും സംസ്‌കാരിക ചിഹ്നങ്ങളുടെ അടയാളപ്പെടുത്തലുകളെയും സത്യസന്ധമായ സംവാദ സന്നദ്ധതയോടുകൂടി സമീപിച്ചു കൊണ്ട് വിയോജിപ്പുകളോടെ ഒരുമിച്ച് നിന്നുകൊണ്ട് മാത്രമേ സംഘ്പരിവാറിനും വംശഹത്യക്കും എതിരായ സാംസ്‌കാരിക മുന്നൊരുക്കങ്ങളെ മുന്നിലേക്ക് കൊണ്ടുപോകാൻ കഴിയു എന്നാണ് തോന്നുന്നത്.

(“ഇസ്‌ലാംപേടിയുടെ ഇന്ത്യന്‍ പരിസരം” എന്ന പേരിൽ ഇസ്‌ലാം ഓൺവെബ് സംഘടിപ്പിച്ച ക്യാമ്പയിനു വേണ്ടി ചെയ്‌ത വീഡിയോ പ്രഭാഷണം; ‘ഉത്തരകാലം’ പിന്നീട് പുനപ്രസിദ്ധീകരിക്കുകയുണ്ടായി.)

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *