Bhar Do Jholi Meri | മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി

സമായേ ബിസ്‌മിൽ 25 | സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്

മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി

ജീവനെ നിലനിർത്താൻ ആഹാരവും വിഭവങ്ങളും നിർബന്ധമായിരിക്കുന്ന പോലെ സൂഫികളുടെ ലോകത്ത് അത്യന്തം അനിവാര്യമായ ആത്‌മീയവിഭവമാണ് പ്രവാചകാനുരാഗം. ഏറ്റവും ദൈന്യമായ ദാരിദ്ര്യം ആത്മീയദാരിദ്ര്യമാണ് എന്നും ‘ഹുബ്ബുറസൂലി’ന്റെ വിശിഷ്ടഭോജ്യമാണ് അതിന്റെ വിശപ്പ് മാറ്റുകയെന്നും അവർ കരുതുന്നു. പരമ്പരാഗത മുസ്‌ലിംമനസ്സിന് പ്രവാചകൻ പതിനാല് നൂറ്റാണ്ടിനപ്പുറത്തുനിന്നുള്ള ഒരു കേട്ടുകേൾവിയല്ല, ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം റഫറൻസ് ആകുന്ന അദൃശ്യമെങ്കിലും സജീവമായ നിത്യസാന്നിധ്യമാണ്. അതുമനസ്സിലാവാതെ സത്യത്തിൽ മുസ്‌ലിം സമുദായത്തെയോ മനസ്സിനെയോ മനസ്സിലാക്കാനാവില്ല. യേശുവിനോ ബുദ്ധനോ കിട്ടിയ പൊതുസ്വീകാര്യത പലകാരണങ്ങളാൽ മുഹമ്മദ് നബിക്ക് കിട്ടാതിരിക്കുകയും ഓറിയന്റലിസ്റ് പിന്തുടർച്ചയുള്ള നിന്ദാപരമായ വിമർശങ്ങൾ ഇടക്കിടെ പ്രവാചകനെതിരെ പല തലങ്ങളിൽ ഉന്നയിക്കുകയും ചെയ്യുമ്പോളും അനുരാഗത്തിന്റെ അങ്ങേയറ്റത്താണ് മുസ്‌ലിം മനസ്സ് പൊതുവെയും സൂഫികൾ വിശേഷിച്ചും പ്രവാചകനെ നിർത്തുന്നത്. അതിപ്രശസ്‌തമായ ഖസീദതുൽ ബുർദ മുതലുള്ള എണ്ണമറ്റ ജനകീയ പ്രവാചകാനുരാഗ കവിതകളും ഗാനങ്ങളും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.

പൂർണം അലഹബാദി

മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ സ്നേഹിക്കപ്പെടുകയും ചെയ്‌ത മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി നിൽക്കുന്ന ഒരു യാചകന്റെ നിലവിളിയാണ് ഈ കവിത. പട്ടിണിയായിപ്പോയ ഒരാൾ മാറാപ്പിലേക്കൊരുപിടി അന്നമോ നാളത്തേക്കൊരു അണയോ ചോദിച്ചുയാചിച്ചു ഒരു വാതിൽക്കൽ കാത്തുകെട്ടിക്കിടക്കുകയാണ്. ഈ രൂപകം ഭൗതികമായ ദാരിദ്ര്യത്തിന്റെയോ പട്ടിണിയുടെയോ ഭാവംവിട്ടു ആത്മീയമായ ദാരിദ്ര്യത്തിലേക്കും അനാഥത്വത്തിലേക്കും അലച്ചിലുകളിലേക്കും അനാശ്രയങ്ങളിലേക്കും അവക്കുള്ള പരിഹാരമായി പ്രവാചകന്റെ സ്നേഹത്തിലേക്കും അതുതരുന്ന മഹാഭിക്ഷകളിലേക്കും അനുവാചകരെ കൊണ്ടുപോകുന്നു. പൂർണം അലഹബാദി രചിച്ചു സാബ്‌രി സഹോദരങ്ങളുടെ ആലാപനത്തിലൂടെ അതിപ്രശസ്തമായിത്തീർന്ന ഖവാലിയാണ് “ഭർ ദോ ജോലീ മേരി യാ മുഹമ്മദ്”. സാഹിത്യഭംഗിതുളുമ്പുന്ന ഉർദുവിൽ പ്രവാചകസ്നേഹത്തിന്റെ സങ്കീർത്തനങ്ങളും പരിദേവനങ്ങളുമാണ് ഈ നഅത്തിലുള്ളത്. അന്ത്യനാളിൽ മുഹമ്മദ് നബിയുടെ ശിപാർശയാണ് എല്ലാ വിശ്വാസികളുടെയും പ്രതീക്ഷ. ഇരുലോകത്തും പ്രവാചകന്റെ കരുണതേടുന്ന കവി അവിടുത്തെ ശിപാർശയെ വർണിക്കുന്ന നിരവധി വരികളുണ്ടിതിൽ. പ്രവാചകനു പുറമെ കർബലയുടെ രകതസാക്ഷിയും പ്രവാചകന്റെ പേരമകനുമായിരുന്ന ഹുസൈൻ, മദീനയുടെ ബാങ്കുവിളിക്കാരൻ ബിലാൽ എന്നിവരും ഈ കലാമിലെ പ്രതിപാദ്യപുരുഷരാണ്.    

Listen to Sabri Brothers:
https://www.youtube.com/watch?v=TQayTtJqEgM

ഭർ ദോ ജോലീ മേരി യാ മുഹമ്മദ്  | പൂർണം അലഹബാദി | സാബ്‌രി സഹോദരങ്ങൾ

മദീനയുടെ രാജനേ,
ദൈവത്തെയോർത്തെന്റെ പരിദേവനം കേൾക്കൂ!
ദൈവത്തിന്റെ പ്രിയങ്കരനേ
ദൈവത്തെയോർത്തെന്നോടു കരുണകാണിക്കൂ!
പ്രവാചകരെ,
പ്രത്യാശയുടെ മുകുളങ്ങളിനി കിളിർത്തോട്ടെ.
അങ്ങയുടെ വാതിൽക്കൽ
പാപ്പരായും പിച്ചയാചിച്ചും
വന്നുനിൽക്കുന്നു ഞാൻ.
മുഹമ്മദ് നബിയേ, എന്റെ മാറാപ്പുനിറക്കൂ
കാലിക്കയ്യുമായി മടങ്ങിപ്പോവുകയില്ല ഞാൻ.

അങ്ങയുടെ വാതിൽക്കൽ നിന്നു
ലോകം നേടാത്തതെന്തുണ്ട്?
ആ വാതിൽക്കൽ വന്നവരാരും
കാലിക്കയ്യുമായി മടങ്ങിയില്ലല്ലോ.
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ തമ്പുരാനേ
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..

നബിയേ,
അങ്ങ് ലോകത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവനല്ലേ,
കൂട്ടില്ലാത്തവരുടെ സഹായിയല്ലേ..
സ്വന്തക്കാരോ അല്ലാത്തവരോ എന്നുനോക്കാതെ
സകലരെയും അങ്ങുകേൾക്കുന്നു.
പാവങ്ങളുടെ ആശ്വാസമാണങ്ങ്
നബിയേ..  
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കുലപതിയേ  
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..

കഠിനയാതനകളാൽ തകർന്നവനാണ് ഞാൻ.
വിപത്തുകൾക്കടിക്കപ്പെട്ടവൻ,  
ദുഃഖത്താൽ തോൽപ്പിക്കപ്പെട്ടവൻ.
ദൈവത്തെയോർത്തെനിക്കെന്തെങ്കിലും
ഭിക്ഷതരണം
നബിയേ..
കാലിമാറാപ്പും തുറന്നിട്ടുവന്നിരിക്കുന്നു ഞാൻ.
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ മകുടമേ
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..

ലോകമഖിലവുമെനിക്കെതിരാണ്,
എന്റെ നിസഹായത ഞാനെവിടെച്ചെന്നു കാണിക്കും?
ഓ മുസ്‌തഫാ, ഞാനങ്ങയുടെ ഭിക്ഷാടകൻ,
മറ്റാരുടെ മുന്നിൽ കൈനീട്ടാനാണ്‌ ഞാൻ?
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കുലപതിയേ  
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..
 
മുഹമ്മദ് നബിയേ, എന്റെ മാറാപ്പുനിറക്കൂ
കാലിക്കയ്യുമായി മടങ്ങിപ്പോവുകയില്ല ഞാൻ.
അങ്ങയുടെ പേരക്കിടാവിന്റെ ദാനം വാങ്ങട്ടെ ഞാൻ
വാതിൽക്കൽ യാചിച്ചലയുന്നു ഞാൻ.

ഉൽകൃഷ്ടതയുടെ നിദർശനങ്ങൾ
ഉണ്മയാൽ വരിച്ചവനാണങ്ങ്‌.  
ഇരുലോകങ്ങളുടെയും നായകാ, വണക്കം.
അങ്ങയുടെ കരുണാകടാക്ഷം  
ആരുടെമേൽ പതിയുന്നുവോ  
അവരുടെ ഭാഗ്യതാരകം തെളിഞ്ഞു.

മുഹമ്മദിന്റെ പ്രിയപേരക്കിടാവ്
ജീവിതം നാഥനു ബലിയായി നൽകി,  
സത്യമതത്തിന്റെ അന്തസ്സ് കാത്തു,
സാഷ്ടാംഗത്തിൽ ഗളഛേദിതനായി…

അലിയുടെ പുത്രൻ ചെയ്തതെത്ര ഗംഭീരം,
ഹുസൈന്റെ ത്യാഗത്തിന്റെ പരിണതിയെത്ര മഹത്തരം!
ഫാത്തിമയുടെ കൺകുളിർമയായവൻ
ഈയൊരു ത്യാഗത്തിലൂടെ
സത്യദീനിന്റെ മഹിമയെമ്പാടുമേറ്റി.  
സ്വന്തം ജീവൻ കൊടുത്തദ്ദേഹം
ഇസ്‌ലാമിന് ജീവൻ വെപ്പിച്ചു.
ഹസ്‌റത് ഹുസൈന്റെ പദവിയെത്ര ശോഭനം!
കർബലയുടെ മൈതാനിയിൽ
സൽശീലങ്ങളുടെ രാജാവായിരുന്നു അദ്ദേഹം.
മുഹമ്മദിന്റെ പ്രിയന്റെ ശിരസ്സു മണ്ണിൽവീണു  
സാഷ്ടാംഗവേളയിൽ…
മുഹമ്മദിന്റെ പ്രിയപേരക്കിടാവ്
ജീവിതം നാഥനു ബലിയായി നൽകി,  
സത്യമതത്തിന്റെ അന്തസ്സ് കാത്തു,
സാഷ്ടാംഗത്തിൽ ഗളഛേദിതനായി…

അന്ത്യനാളിൽ തിരുനബിയെ കാണുംമാത്രയിൽ
ആനന്ദത്താൽ മൊഴിയും വിശ്വാസികൾ:
“നോക്കൂ, അതാവരുന്നു മുഹമ്മദ്
കഴുത്തിലൊരു കറുത്തതട്ടവും ചുറ്റി..”

വിധിതീർപ്പുനാളിൽ
ദൈവത്തിനു മുമ്പാകെനിൽക്കുമ്പോൾ,
പാപികളുടെ ഹൃത്തടങ്ങൾ അസ്വസ്ഥമാകും.
അങ്ങുവരുന്നത് അനുയായികൾ കാണുമ്പോൾ
പരസ്പരം ആനന്ദത്താലവർ മൊഴിയും:
“നോക്കൂ, അതാവരുന്നു മുഹമ്മദ്
കഴുത്തിലൊരു കറുത്തതട്ടവും ചുറ്റി..”

വിധിതീർപ്പുനാളിൽ
പാപികളെ ചോദ്യംചെയ്യുമ്പോൾ,  
ഓരോ മനുഷ്യനുവനവന്റെ പ്രായശ്ചിത്തങ്ങളിൽ
നിശ്ചയമായും മുഴുകുമ്പോൾ,
അന്നാളിലെല്ലാ പ്രതീക്ഷയും
ആ കറുത്തതട്ടക്കാരനിലായിരിക്കും,
അവിടേക്കുണ്ടാകും മുഹമ്മദിന്റെ വരവ്.
കാലമാവേളയിൽ വിളിച്ചുപറയും:
“ഓ ദുഃഖിതരേ, വ്യഥിതരേ വരൂ..
പാപികളേ പേടിക്കാതിരിക്കൂ,
പാപികളേ പേടിക്കാതിരിക്കൂ!
നോക്കൂ, അതാവരുന്നു മുഹമ്മദ്
കഴുത്തിലൊരു കറുത്തതട്ടവും ചുറ്റി..”
   
പടച്ചവനാണ് സത്യം,
മുസ്തഫയുടെ പ്രണേതാവിന്റെ
ബാങ്കുവിളിക്കെന്തൊരു ശക്തിയായിരുന്നു!
ബിലാലിന്റെ ബാങ്കിനെക്കുറിച്ച കഥയെത്ര സത്യം.
ഒരുനാൾ മുത്തുനബിയോടൊരുകൂട്ടരിങ്ങനെയോതി:  
“ഓ മുസ്തഫാ, ബിലാൽ ബാങ്കുവിളിക്കുന്നത് തെറ്റാണ്
പറയൂ ഇതേപ്പറ്റി അങ്ങയുടെ അഭിപ്രായം!”
പ്രവാചകൻ പറഞ്ഞു, “ശരി നമുക്കുനോക്കാം,
മറ്റാരെങ്കിലും കൊടുക്കട്ടെ സുബ്ഹി ബാങ്ക്.”
ഹസ്‌റത്‌ ബിലാൽ സുബഹിയുടെ ക്ഷണം  
കൊടുക്കാതിരുന്നനാൾ,
നോക്കൂ അല്ലാഹുവിന്റെ മഹിമ,
അന്നുദിച്ചില്ല സൂര്യൻ!
വിശുദ്ധരാമനുയായികൾ നബിയെതേടിയെത്തി:
“ദൂതന്മാരുടെ ചക്രവർത്തീ,
ഇന്ന് സൂര്യനുദിക്കാതിരിക്കുന്നതെന്ത്?”
അപ്പോളണഞ്ഞു ജിബ്‌രീൽ
പ്രപഞ്ചനാഥന്റെ സന്ദേശവുമായി.
ഭവ്യതയോടെ നബിക്കു സലാമോതി മൊഴിഞ്ഞു,
സൃഷ്ടികളിലെല്ലാം ശേഷ്ഠനായവന്
ദൈവമയച്ചൊരു സന്ദേശമിങ്ങനെ:
“അങ്ങയുടെ അടിമയെ ദൈവം സ്നേഹിക്കുന്നു,
അങ്ങയോടിതാ ലോകനാഥൻ പ്രഖ്യാപിക്കുന്നു –  
ബിലാൽ ബാങ്കുവിളിക്കുംവരെ വരില്ല പുലരി..”  
പടച്ചവനാണ് സത്യം,
മുസ്തഫയുടെ പ്രണേതാവിന്റെ
ബാങ്കുവിളിക്കെന്തൊരു ശക്തിയായിരുന്നു!
അല്ലാഹുവും അവന്റെ മാലാഖമാരും പോലും
ശ്രവിച്ചിരുന്ന നാദം
ബിലാലിന്റെ ബാങ്കുവിളിയല്ലാതെ മറ്റേത്?

എന്നെങ്കിലുമൊരുനാൾ
മുഹമ്മദിന്റെ മണ്ണിലേക്കെന്നെ
വിളിക്കുകയാണെങ്കിൽ,
അങ്ങയുടെ കുടീരത്തിന്റെ മറശീലയിൽ
പിടിച്ചുകരഞ്ഞെന്റെ ശോകഭാവങ്ങൾ
മുസ്തഫയോടു പറയും പൂർണം.
 
മുഹമ്മദ് നബിയേ, എന്റെ മാറാപ്പുനിറക്കൂ
കാലിക്കയ്യുമായി മടങ്ങിപ്പോവുകയില്ല ഞാൻ.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *