പള്ളിപുരാണം: ഡോക്യുമെൻ്ററി നിരൂപണങ്ങൾ

പള്ളിപുരാണം: കാണാതെ പോകരുത്‌ ഈ ഡോക്യുമെന്ററി

മുജീബ് റഹ്‌മാൻ കിനാലൂർ 

മലബാറിലെ പൗരാണിക പള്ളികളെക്കുറിച്ചും അവയുടെ നിർമ്മാണ വൈദഗ്ധ്യത്തെക്കുറിച്ചും ആഴത്തിൽ പ്രതിപാദിച്ചു കൊണ്ട്‌ ഈയിടെ പുറത്തിറങ്ങിയ “പള്ളിപുരാണം” എന്ന ഡോക്യുമെന്ററി കാണാനിടയായി. എം നൗഷാദ്‌ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രൊജക്റ്റ്‌ ഡിസൈൻ ചെയ്തത്‌ പ്രമുഖ സിനിമ സംവിധായകൻ ഹർഷദ്‌ ആണ്. മാപ്പിള ഹെരിറ്റേജ്‌ ലൈബ്രറിയുടെ സഹകരണത്തോടെ ഫനാർ എഡ്യുക്കേഷൻ റിസർച്ച്‌ ഫൗണ്ടേഷനാണ് ഡൊക്യുമന്റ്റിയുടെ പ്രൊഡക്ഷൻ നിർവ്വഹിച്ചിരിക്കുന്നത്‌.

ചരിത്ര, പൈതൃക സംരക്ഷണത്തിൽ നാം എത്ര പുറകിലാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ഇതുപോലൊരു ഡോക്യുമെന്ററി ഇത്രയും വൈകിയത്. ഇതിനകം എത്രയോ പൈതൃക പള്ളികളും സ്‌മാരകങ്ങളും, പുനരുദ്ധാനത്തിലൂടെ ഇല്ലാതായി എന്ന ദൗർഭാഗ്യമകരമായ സത്യം ഡോക്യുമെന്ററി ഓർമ്മിപ്പിക്കുന്നുണ്ട്‌. കാലത്തിന്റെ ആവശ്യം കണക്കിലെടുത്ത്‌ പദ്ധതി ഏറ്റെടുത്ത്‌ യാഥാർത്ഥ്യമാക്കിയ, പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആദ്യമായി അഭിനന്ദിക്കട്ടെ.

ആരാധനാലയം എന്നതിനപ്പുറം, കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പരിണാമങ്ങളിൽ പള്ളികൾ വഹിച്ച പങ്ക് എത്രത്തോളമുണ്ടെന്ന് വേണ്ടത്ര പഠനം നടന്നിട്ടില്ല. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെ രൂപപ്പെടുത്തിയതിൽ പള്ളികളുടെ സ്ഥാനമെന്തെന്ന് വിരൽ ചൂണ്ടുകയാണ് ഈ ദൃശ്യാവിഷ്കാരം.

ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ മസ്ജിദുകളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പള്ളികൾക്ക് തനതായ ഒരു നിർമ്മാണ ശൈലിയുണ്ട്. പള്ളികളിൽ ഗുമ്മട്ടങ്ങൾക്കും (domes) മിനാരങ്ങൾക്കും പകരം കേരളീയ ക്ഷേത്രങ്ങളോടും ജൈനകേന്ദ്രങ്ങളോടും സാമ്യമുള്ള ചരിഞ്ഞ മേൽക്കൂരകളും മരപ്പണികളുമാണ് കേരളത്തിലെ പുരാതന പള്ളികൾക്കുള്ളത്‌. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ തടിയിലും കല്ലിലും തീർത്ത ഈ നിർമ്മിതികൾ ‘മൺസൂൺ മോസ്കുകൾ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരുന്ന രീതിയിലുള്ള ഈ നിർമ്മാണശൈലി അക്കാലത്തെ തച്ചന്മാരുടെ വൈദഗ്ധ്യത്തിന്റെ അടയാളമാണ്.

പണ്ടുകാലത്ത് പള്ളികൾ കേവലം നിസ്കരിക്കാനുള്ള ഇടം മാത്രമായിരുന്നില്ല. അത് കോടതിയായും കച്ചവടക്കാർക്ക് അന്തിയുറങ്ങാനുള്ള സങ്കേതമായും ആഗോള വിജ്ഞാന കൈമാറ്റത്തിനുള്ള കേന്ദ്രമായും പ്രവർത്തിച്ചു. അറബികൾക്ക് പുറമെ ആഫ്രിക്കയിൽ നിന്നും ചൈനയിൽ നിന്നും പേർഷ്യയിൽ നിന്നുമുള്ളവർ മലബാറിലെ പള്ളികളുമായി ബന്ധപ്പെട്ടിരുന്നു എന്ന ചരിത്രപരമായ സത്യം ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നുണ്ട്. പഴയ മിമ്പറുകൾക്ക് സിംഹാസനത്തിന്റെ രൂപഭാവങ്ങൾ വന്നത് ഖാദിമാർ അവിടെയിരുന്നു വിധി പ്രസ്താവിച്ചിരുന്നതുകൊണ്ടാണെന്ന നിരീക്ഷണം ഏറെ കൗതുകകരമാണ്.

ആധുനികവൽക്കരണത്തിന്റെ പേരിൽ പഴയ പള്ളികൾ പൊളിച്ചുനീക്കി പുതിയ കോൺക്രീറ്റ് സൗധങ്ങൾ പണിയുന്ന രീതിയെക്കുറിച്ച് ഡോക്യുമെന്ററി ആശങ്ക പങ്കുവെക്കുന്നുണ്ട്‌. ചേരമാൻ പള്ളിയും തിരൂരങ്ങാടി പള്ളിയും പോലുള്ള ചരിത്ര സ്മാരകങ്ങൾ പോലും ഭാഗികമായോ പൂർണ്ണമായോ പുനർനിർമ്മിക്കപ്പെട്ടു കഴിഞ്ഞു. അതിനിടയിൽ ചരിത്രപ്രധാനമായ നിരവധി ലിഖിതങ്ങളും മീസാൻ കല്ലുകളും ശിലാലിഖിതങ്ങളും നശിപ്പിക്കപ്പെട്ടു എന്ന വസ്തുത ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.

പ്രാചീന പള്ളികളുടെ ചരിത്രം ഒരു സമുദായത്തിന്റെ മാത്രം ചരിത്രമല്ല; മറിച്ച് കേരളത്തിന്റെ പൊതുവായ ചരിത്രമാണ്. കേരളത്തിന്റെ പ്രാചീന ചരിത്രകാരന്മാരെ സംബന്ധിച്ച്‌ അമൂല്യമായ സ്രോതസ്സുകളാണിവ. ചരിത്രമില്ലാത്ത സമൂഹത്തിന് അതിജീവനം സാധ്യമല്ല. പൈതൃക സംരക്ഷണം ഏതൊരു പരിഷ്കൃത സമൂഹവും വളരെ പ്രധാനമായി കാണുന്നത്‌ അതുകൊണ്ടാണ്. പുരാവസ്തുക്കളും പൈതൃകവും സംരക്ഷിക്കാനും ചരിത്ര ഗവേഷണത്തിനുമൊക്കെ സർക്കാർ തലത്തിൽ വകുപ്പും ഫണ്ടുമൊക്കെയുണ്ടെങ്കിലും, ഈ ദിശയിലുള്ള നീക്കങ്ങൾ കാര്യമായി ഉണ്ടായിട്ടില്ല. പൈതൃക സംരക്ഷണം കേവലം സംസാരത്തിൽ ഒതുക്കാതെ പ്രായോഗികമായി എങ്ങനെ നടപ്പിലാക്കാം എന്നതിന്  മികച്ച ഉദാഹരണമാണ് ഈ ഡോക്യുമെന്ററി എന്ന് തീർച്ചയായും പറയാം.

ഓരോ മലയാളിയും, വിശിഷ്യാ ചരിത്ര കുതുകികൾ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് ഈ ഡോക്യുമെന്ററി. 

0 0 0

50 മിനിറ്റിൽ ഒന്നര സഹസ്രാബ്ദത്തിൻ്റെ സാംസ്കാരിക ചരിത്രം!

ജാബിർ റഹ്‌മാൻ (ദോഹ)

പറഞ്ഞത് പള്ളിയെ പറ്റി. കണ്ടതും കേട്ടതും ആയിരത്തി നാനൂറ് വർഷങ്ങളുടെ അഭിജാതമായ ഒരു സാംസ്കാരിക ചരിത്രം. അതിഗംഭീരമായ ദൃശ്യാനുഭവം. ‘പള്ളിപുരാണം’ എന്ന ‘ഫനാർ’  റിസർച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ കേരളത്തിലെ മുസ്‌ലിം പള്ളികളെക്കുറിച്ചുള്ള അമ്പത് മിനിറ്റ് ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം ഇന്നലെ ദോഹയിൽ നടന്നു. പൗരാണിക മുസ്‌ലിംപള്ളികളുടെ ചരിത്രവും വർത്തമാനവും പറയുന്ന അതിമനോഹരമായ ഫ്രെയ്മുകൾക്കുള്ളിൽ കേരളത്തിലെ മുസ്‌ലിം സാംസ്കാരിക ചരിത്രത്തിൻ്റെ ഒരു nutshell കാഴ്ച. അത്രയും inclusive ആയ, അത്രയും vibrant ആയ, അത്രയും diverse ആയ ഒരു സാംസ്കാരിക സമൂഹമാണ് പള്ളികൾ കേന്ദ്രമായി രൂപപ്പെട്ടുവന്നതെന്ന് പറയുന്ന ദൃശ്യബിംബങ്ങൾ. മാലിക് ദീനാറും സംഘവും സ്ഥാപിച്ച പത്തു പള്ളികളടക്കം പുരാതനവും നവീകൃതവുമായ നിരവധി പള്ളികളുടെ ഇരുളും വെളിച്ചവും. പൗരാണിക വാസ്തുവൈഭവത്തിൻ്റെ നിഴലും നിലാവും. എത്രയോ നൂറ്റാണ്ടുകളായി അനേകകോടി ഭക്തരുടെ പ്രാർത്ഥനാജപങ്ങൾകൊണ്ട് മുദ്രിതമായ അകത്തളങ്ങളുടെ, അനേകമനേകം ആത്മജ്ഞാനികളുടെ നെറ്റിത്തടങ്ങൾ ഉമ്മവെച്ച വിശുദ്ധനിലങ്ങളുടെ, ആത്മാന്വേഷികൾ രഹസ്യസല്ലാപം പറഞ്ഞ പ്രാർത്ഥനാദളങ്ങളുടെ, ദൈവാനുരാഗികൾ സങ്കടവിഷാദങ്ങളിറക്കിവെച്ച ഭജന നിലങ്ങളിലെ ഇരുൾവീണ ഇടനാഴികളുടെ അലൗകികഛായയുണർത്തുന്ന സുഗന്ധസന്നിഭമായ അകംകാഴ്ചകളാണ് ഒരു ചലച്ചിത്രത്തിൻ്റെ സാങ്കേതികത്തികവോടെയും ദൃശ്യചാരുതയോടെയും ഒരുക്കിയിരിക്കുന്നത്. 

ഒപ്പം, പള്ളികൾ കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന ഓത്തുപള്ളികൾ, പള്ളിക്കാടുകൾ, ഖബറുകളും മീസാൻകല്ലുകളും, പള്ളിക്കുളങ്ങളിലെ ആമ്പൽ വസന്തങ്ങൾ, ഹൗളുകൾ എന്ന കരിങ്കൽ ജലസംഭരണികൾ, പള്ളിമുറ്റത്തെ ചെരാതുകൾ, ദറസുകൾ എന്ന ഉന്നത പാഠശാലകൾ, ബെയ്ത്തുകളുടെ സംഗീതം, തൊപ്പിയും തസ്ബീഹ് മാലകളും, പള്ളിമുറ്റത്തെ അത്തർ കടകൾ തുടങ്ങി ഗൃഹാതുരത്വമുണർത്തുന്ന പള്ളിക്കാഴ്ചകൾ.

പള്ളികളുടെ രാഷ്ട്രീയ സാമൂഹിക പദവികൾ, മുസ്‌ലിം സ്വത്വരൂപവത്കരണത്തിൽ പള്ളികളുടെ പങ്ക്, പള്ളികൾ കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പുകൾ, ഷുഹദാപള്ളികൾ, സൂഫീ സംസ്കാരം, സയ്യിദ് കുടുംബങ്ങളുടെ സ്വാധീനം, ഗൾഫ് വസന്തത്തെ തുടർന്ന് വാസ്തുരൂപത്തിൽ അറബ് വത്കരണത്തിന് വിധേയമാകുന്ന സങ്കടപ്പള്ളികൾ തുടങ്ങി സർവ്വം തികഞ്ഞ ഒരു ഡോക്യുമെൻ്ററി. 

ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ഹർഷദ് ആണ് ഡോക്യുമെൻ്ററിയുടെ പ്രോജക്ട് ഡിസൈനർ. എഴുത്തുകാരനും മീഡിയ ട്രെയിനറുമായ എം നൗഷാദ് ആണ് സംവിധാനം. ദോഹയിലെ ഷാനവാസ് റ്റി ഐ ആണ് നിർമാണം. സയ്യിദ് അഷ്റഫ് തങ്ങളുടെ നേതൃത്വത്തിലുള്ള മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുമായി സഹകരിച്ചാണ് ഇതിൻ്റെ നിർമാണം.

ദോഹയിലെ ICBF ഹോളിൽ നടന്ന ആദ്യപ്രദർശനത്തിൽ കലാ, സാഹിത്യ, സാംസ്കാരിക, മത രംഗത്തെ പ്രതിനിധീകരിക്കുന്ന വിശിഷ്ടമായ ഒരു സദസ്സുണ്ടായിരുന്നു. അഷ്റഫ് തങ്ങൾ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സി എച്ച് ചെയർ മുൻ ഡയറക്ടർ പി.എ റഷീദ് സാഹിബ്, വിദ്യാഭ്യാസ പ്രവർത്തകരായ  സുബൈർ ഹുദവി, എസ് എ എം ബഷീർ സാഹിബ്, ആമുഖം ആവശ്യമില്ലാത്ത കരീംഗ്രാഫി, ഷാനവാസ് റ്റി ഐ, ഗൾഫ് ടൈംസ് സബ് എഡിറ്റർ ഷെഫീഖ് തുടങ്ങിയവർ സദസ്സിനെ അഭിസംബോധന ചെയ്തു.

എഴുത്തുകാരായ ഡോ. ജാഫർ എ. പി, സുഹൈൽ വാഫി, ഫസലുറഹ്‌മാൻ കൊടുവള്ളി, മജീദ് ഹുദവി തറമ്മൽ, നജീബ് സുധീർ, ബഹാവുദീൻ നദ്‌വി തുടങ്ങി നിരവധിപേരാൽ സമ്പന്നമായ സദസ്സ്.

ഖസാക്കിലെ രാജാവിൻ്റെ പള്ളിയും, പള്ളിയോട് ചേർന്ന അറബിക്കുളവും, അള്ളാപ്പിച്ചാ മൊല്ലാക്കായുടെ ഓത്തുപള്ളിയും, സ്മാരകശിലകളുടെ ഖബർ ഭൂമിയുമൊക്കെക്കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഈ ദൃശ്യവിസ്മയം സ്വർഗത്തിലെ അഭ്രപാളികളിൽ ഒരാൾ കാണുന്നുണ്ടാവും. കേരളത്തിലെ പൗരാണികപള്ളികളുടെ തച്ചുവിദ്യകൾക്ക് കാവൽനിന്നിരുന്ന ചീഫ് എഞ്ചിനിയർ ടി പി കുട്ട്യാമ്മു സാഹിബ് എന്ന ഒരു പെരുന്തച്ചൻ!

അനേകം പള്ളികൾക്കിടെ ഞങ്ങളുടെ മഹല്ലായ കോട്ടയത്തെ താഴത്തങ്ങാടിപ്പള്ളിയുടെ മനോഹര ഫ്രെയ്മുകൾ ഇടയ്ക്കിടെ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടത് എന്നിലുണർത്തിയ അനുഭൂതിയെ ഞാനെങ്ങനെ അക്ഷരങ്ങളിൽ പകർത്തും! ആയിരം പള്ളികൾക്കിടെ ഒരു താഴത്തങ്ങാടിപ്പള്ളിയെ മാത്രം എന്താണിത്ര എടുത്തുപറയാൻ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം! കണ്ടാസ്വദിച്ച് മനസ്സിലാക്കേണ്ടതാണ് അതിൻ്റെ മറുപടി. എംടി പറഞ്ഞതേ എനിയ്ക്കും പറയാനുള്ളൂ: ‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം’!!

0 0 0 

നമ്മുടെ പൈതൃകനഷ്‌ടങ്ങൾ 

നജീബ് മൂടാടി 

പത്താം നൂറ്റാണ്ടിൽ കേരളം ഭരിച്ച ഭാസ്കരപെരുമാളുടെ പേര് പറയുന്ന ശിലാലിഖിതമടക്കം നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്തിലുള്ള ഒട്ടേറെ ശിലാലിഖിതങ്ങൾ കൊയിലാണ്ടി വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് ചരിത്രകാരന്മാരായ എം. ജി. എസ് നാരായണനും ചരിത്രാധ്യാപകനായ രാഘവവാര്യരും കണ്ടെടുത്തിനെ കുറിച്ച് ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. വുളു ചെയ്യാനുള്ള ഹൗള് പുതുക്കിപ്പണിയുമ്പോൾ ഇതുപോലെ ഒട്ടേറെ പൂർവികശിലകൾ അതിനടിയിലായി നഷ്ടപ്പെട്ടു പോയത്രെ!.

മക്കത്തെ പള്ളിയുടെ രൂപത്തിൽ ചെമ്പോട് മേഞ്ഞ കേരളത്തിലെ ആദ്യ മുസ്ലിം പള്ളികളിൽ ഒന്നായ കൊയിലാണ്ടി- കൊല്ലത്തെ പാറപ്പള്ളിയെ കുറിച്ച് ചരിത്രകാരനായ ശ്രീധരമേനോൻ എഴുതിയിട്ടുണ്ട്. ഈ പള്ളിക്ക് മുന്നിൽ കടൽക്കാഴ്ച്ച കാണാനായി ഇരിപ്പിടങ്ങളും ഉല്ലാസസ്ഥലങ്ങളും ഏർപ്പെടുത്തിയതായി ഇബ്നു ബത്തൂത്ത രേഖപ്പെടുത്തുന്നു.

കേരളത്തിലെ മുസ്‌ലിം പള്ളികളും ഖബർസ്ഥാനുകളും ആയി ബന്ധപ്പെട്ട് ഇങ്ങനെയുള്ള അമൂല്യമായ ഒരുപാട് ശേഷിപ്പുകൾ അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അതിഗംഭീരമായ എത്രയോ നിർമ്മിതികൾ പുതുക്കിപ്പണിയലുകളിലൂടെ മണ്ണടിഞ്ഞു പോയിട്ടുണ്ട്. ചരിത്രരേഖകളിൽ അല്ലാതെ പലതും  ഇന്ന് ആ രൂപത്തിൽ അവശേഷിക്കുന്നില്ല. ഇങ്ങനെ ഇല്ലാതായിപ്പോയ എത്രയെത്ര പുരാതന മസ്ജിദുകൾ. അതോടൊപ്പം മണ്ണ് മൂടിപ്പോയ ചരിത്രങ്ങൾ…

എം. നൗഷാദ് സംവിധാനം ചെയ്ത ‘പള്ളിപുരാണം- കേരളത്തിലെ മസ്ജിദുകളുടെ അകവും പുറവും’ എന്ന ഡോക്യുമെന്ററി യൂട്യൂബിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ ഓർത്തത് ഇങ്ങനെ ഒരുപാട് പള്ളികളെ കുറിച്ചാണ്. പലപ്പോഴും ഞാൻ ഇതേ കുറിച്ച് ഇവിടെ  എഴുതിയിട്ടുണ്ട്. മാലിക് ദീനാറും സംഘവും സ്ഥാപിച്ച പത്തു പള്ളികളിൽ നിന്ന് തുടങ്ങി, നൂറ്റാണ്ടുകളുടെ പൈതൃകം സൂക്ഷിച്ചിരിക്കുന്നതും നവീകരണങ്ങളിലൂടെ പുതുജീവൻ പ്രാപിച്ചതുമായ നിരവധി ചരിത്രപ്രധാന മസ്‌ജിദുകളിലൂടെ സഞ്ചരിക്കുന്ന ഈ ഡോക്യുമെന്ററി, പള്ളികളുടെ അകത്തളവും പുറമെയുള്ള സൗന്ദര്യവും സൂക്ഷ്മമായി പകർത്തുന്നു. വാസ്തുശില്പകലയുടെ അപൂർവ സവിശേഷതകൾ, മുസ്‌ലിം സാംസ്‌കാരിക സ്വത്വത്തിന്റെ രൂപീകരണത്തിൽ പള്ളികളുടെ പങ്ക്, ശിലാലിഖിതങ്ങൾ, സയ്യിദ്-സൂഫി സ്വാധീനങ്ങൾ, കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപുകൾ, ദർസ് സമ്പ്രദായം, പള്ളിക്കാടുകളുടെ പാരമ്പര്യം, നവീകരണ പ്രവണതകൾ—ഇങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളെ ഉൾക്കൊള്ളുന്ന സമഗ്രമായ പഠനമാണ് ഈ ചിത്രം.

കേരളത്തിലെ നൂറിലേറെ പൗരാണിക മസ്‌ജിദുകളെ ദീർഘകാലം രേഖപ്പെടുത്തി തയ്യാറാക്കിയ ഈ ബൃഹത് സംരംഭം, 50 മിനിറ്റ് ദൈർഘ്യമുള്ള ഗംഭീര ദൃശ്യാനുഭവമാണ്. ഹർഷദിന്റെ പ്രൊജക്റ്റ് ഡിസൈനിൽ, മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെ സഹകരണത്തോടെയാണ് ഈ ഡോക്യുമെന്ററി സാക്ഷാത്കരിച്ചത്. ഫനാർ എഡ്യൂക്കേഷണൽ റിസർച്ച് ഫൗണ്ടേഷൻ ആണ് നിർമ്മാണം.

ചരിത്ര തല്പരരായ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണ് ഈ ഡോക്യുമെന്ററി. 

0 0 0 

നഷ്ടപ്പെടുത്തിക്കൂടാത്ത ദൃശ്യവിരുന്ന് 

മുജീബുള്ള കെ വി 

കേരളത്തിലെ പൗരാണിക മുസ്‌ലിം പള്ളികളുടെ ചരിത്രവും പൈതൃകവും ആഴത്തിൽ അന്വേഷിക്കുന്ന ദൃശ്യയാത്രയായ ‘പള്ളിപുരാണം’ യുട്യൂബിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള നൂറിലേറെ പള്ളികളിലൂടെ കേരളത്തിലെ മുസ്‌ലിം പള്ളികളുടെ അകവും പുറവും തേടിയുള്ള, ചരിത്രവും പാരമ്പര്യവും തേടിയുള്ള സമഗ്രമായ ഒരു പഠനയാത്രതന്നെയാണ് വർഷങ്ങളെടുത്ത് പൂർത്തിയാക്കിയ ഈ ഡോക്യൂമെന്ററി. അവയിൽ പഴയകാല നിർമ്മിതിയുടെ ഭംഗിയൊട്ടും ചോരാതെ സംരക്ഷിക്കപ്പെടുന്നവയുണ്ട്, പഴമയെ സംരക്ഷിച്ചുതന്നെ പുനർനിർമ്മിച്ചവയുണ്ട്, തീർത്തും പുതിയ പള്ളികൾ നിർമ്മിച്ചവയുമുണ്ട്. ഒരു ചലച്ചിത്ര കാവ്യം പോലെ മനോഹരമായ, അതീവ ഹൃദയഹാരിയായ അവതരണം. ഡോക്യൂമെന്ററിയുടെ യാതൊരു മടുപ്പുമുളവാക്കാത്ത ദൃശ്യഭംഗിയും സംവിധാനവും. വിഷയ വൈവിധ്യവും സമഗ്രതയും ഡോക്യൂമെന്ററിയെ സവിശേഷമാക്കുന്നു.

ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. മഹമൂദ് കൂരിയ, ഡോ. അബൂബക്കർ പാക്യാര, ഡോ. എം. നിസാർ, സി. ഹംസ, സൈനുദ്ദീൻ മന്ദലാംകുന്ന് തുടങ്ങിയ ദീർഘകാലമായി ചരിത്ര / അക്കാദമിക / ഗവേഷണ രംഗത്തുള്ള കേരളത്തിലെ മുസ്‌ലിം സ്കോളർമാരും ചരിത്രകാരന്മാരും ഗവേഷകരുമാണ് വിവരണങ്ങൾ നൽകുന്നത്. പള്ളികളുടെ ചരിത്രപ്രാധാന്യം, നാടിൻറെ കാലാവസ്ഥയ്ക്കനുയോജ്യമായ അവയുടെ നിർമ്മിതി, വാസ്തുശിൽപ്പം, അകം പുറ വിശേഷങ്ങൾ, പള്ളിദർസുകൾ, മസ്ജിദുകളുടെ നിർമ്മിതിയിൽ സൂഫികളുടേയും സയ്യിദുകളുടേയും സ്വാധീനം.. എല്ലാം സമഗ്രമായി വിശദീകരിക്കുന്നുണ്ട്. സാമൂഹ്യസ്ഥാപനങ്ങൾ കൂടിയായിരുന്ന പള്ളികൾ ബഹുമുഖ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഇടങ്ങളുമായിരുന്നു. അധിനിവേശങ്ങൾക്കെതിരായ സമരത്തിലും പള്ളികൾ പ്രധാന പങ്കുവഹിച്ചു. പള്ളികളുടെ നിർമ്മാണ കാലത്തിന്റെ, ചരിത്രത്തിന്റെ കൂടി സൂചകങ്ങളായ പള്ളികളിലെ ലിഖിതങ്ങൾ ഇത്തരം പള്ളികൾ പുനർനിർമ്മിക്കുമ്പോൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമുണ്ട്. പ്രവാചക കാലത്തുതന്നെ സഹാബികൾ കേരളത്തിൽ വന്നതിന് ഇത്തരം ശിലാലിഖിതങ്ങളിൽ തെളിവുകളുണ്ട്. 

ഏഴാം നൂറ്റാണ്ടിൽ മാലിക് ദീനാറും സംഘവും ബാർക്കൂർ മുതൽ കൊല്ലം വരെ കേരള തീരത്ത് പത്ത് പള്ളികൾ നിർമ്മിച്ചു. മംഗലാപുരത്തെ സീനത്ത് ബക്ഷ് പള്ളിമുതൽ തിരുവനന്തപുരം ബീമാപള്ളി വരെ നീളുന്ന ഈ ‘പള്ളി പുരാണ’ത്തിൽ കാസർക്കോട് തളങ്കര മാലിക്ക് ദീനാർ ജുമാ മസ്‌ജിദ്‌, തായലങ്ങാടി ഖിദ്ർ മസ്ജിദ്, ഇച്ചിലങ്കോട്, കീഴൂർ പള്ളികൾ, പടന്ന, ധർമ്മടം, ഇരിക്കൂർ, മാടായി, ശ്രീകണ്ഠപുരം, അറക്കൽ, കണ്ണൂരിലെയും തലശ്ശേരിയിലെയും കോഴിക്കോട്ടെയും വിവിധ പള്ളികൾ, മമ്പുറം, കൊണ്ടോട്ടി, പൊന്നാനി, വെളിയംകോട് തുടങ്ങി മലപ്പുറത്തെ നിരവധി പള്ളികളും, കൊല്ലം ജോനകപ്പുറം മാലിക് ദീനാർ പള്ളിവരെ നിരവധി പള്ളികളും പള്ളിക്കുളങ്ങളും പള്ളിക്കാടുകളും (ഖബർസ്ഥാൻ) കടന്നുവരുന്നുണ്ട്.

എം. നൗഷാദ് ഗവേഷണവും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററിയുടെ പ്രൊജക്റ്റ് ഡിസൈനർ ഹർഷദ് ആണ്. ബിജു ഇബ്രാഹിമിന്റെ നിശ്ചല ഛായാഗ്രഹണം. നിർമ്മാണം ഫനാർ എഡ്യൂക്കേഷണൽ റിസർച്ച് ഫൗണ്ടേഷൻ.

0 0 0

​പള്ളിപുരാണം: പൗരാണികതയുടെ വേരുകൾ തേടി

നബീൽ കുഞ്ഞാൻ (തെളിച്ചം മാസികയിൽ പ്രസിദ്ധീകരിച്ചത്)

കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ മലബാർ തീരത്തിന് സവിശേഷമായ സ്ഥാനമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരങ്ങൾ ഒത്തുചേർന്ന ഈ മണ്ണിൽ, ഇസ്‌ലാം മതം അതിന്റെ തനതായ ശൈലി രൂപപ്പെടുത്തിയത് പ്രാദേശികമായ ആചാരങ്ങളോടും വാസ്തുവിദ്യയോടും ഇഴുകിച്ചേർന്നുകൊണ്ടാണ്. ഫനാർ എഡ്യൂക്കേഷണൽ റിസർച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ ‘പള്ളിപുരാണം’ എന്ന ഡോക്യുമെന്ററി, ഈ ചരിത്രപരമായ ഇടപെടലുകളെ അക്കാദമിക് ഗൗരവത്തോടെ വിശകലനം ചെയ്യുകയാണ്.

അറേബ്യൻ നാടുകളിലെ താഴികക്കുടങ്ങൾക്കും മിനാരങ്ങൾക്കും പകരം, കേരളത്തിന്റെ കാലാവസ്ഥയ്ക്കും തച്ചുശാസ്ത്രത്തിനും അനുയോജ്യമായ രീതിയിലാണ് മലബാറിലെ ആദ്യകാല പള്ളികൾ നിർമ്മിക്കപ്പെട്ടതെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു. വെട്ടുകല്ലും തടിയും ഉപയോഗിച്ച് നിർമ്മിച്ച ഈ പള്ളികൾക്ക് ക്ഷേത്രങ്ങളോടും ബുദ്ധ-ജൈന വാസ്തുവിദ്യയോടും ദൃശ്യപരമായ സാമ്യമുണ്ട്. തദ്ദേശീയരായ ആശാരിമാരും കൽപ്പണിക്കാരും ഈ നിർമ്മാണത്തിൽ വഹിച്ച പങ്ക് ഇതിൽ എടുത്തുപറയുന്നു. പുറമെ നിന്ന് നോക്കുമ്പോൾ ക്ഷേത്രസമാനമായ രൂപമാണെങ്കിലും, അകത്തളങ്ങൾ ഇസ്‌ലാമിക പ്രാർത്ഥനാ രീതികൾക്ക് അനുയോജ്യമായ രീതിയിൽ വിശാലവും വെളിച്ചമുള്ളതുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പള്ളികൾ കേവലം ഒരു ആരാധനാലയം എന്നതിലുപരി ഒരു സമുദായത്തിന്റെ നീതിന്യായ കേന്ദ്രങ്ങളും, വിദ്യാഭ്യാസശാലകളും, നയതന്ത്ര കാര്യാലയങ്ങളുമായിരുന്നു എന്ന് ഡോക്യുമെന്ററി സമർത്ഥിക്കുന്നു. വിദേശങ്ങളിൽ നിന്ന് വ്യാപാരത്തിനായി എത്തുന്നവർക്ക് സമൂഹത്തിലേക്കുള്ള ഒരു എൻട്രി പോയിന്റ് ആയി പള്ളികൾ പ്രവർത്തിച്ചിരുന്നു. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ കാലത്ത് ഇവ പ്രതിരോധത്തിന്റെ കേന്ദ്രങ്ങളായും മാറിയിരുന്നു.

മലബാറിലെ പള്ളികളിലെ തടികളിലും കല്ലുകളിലും കൊത്തിവെച്ചിട്ടുള്ള പുരാതന അറബി ലിഖിതങ്ങളെ (Epigraphy) അതീവ പ്രാധാന്യമുള്ള ചരിത്രപരമായ തെളിവുകളായാണ് ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. ഒൻപതാം നൂറ്റാണ്ട് മുതലുള്ള മുസ്ലിം സെറ്റിൽമെന്റുകളുടെയും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളുടെയും വിസ്മയിപ്പിക്കുന്ന ചരിത്രം ഇത്തരം ശിലാ ലിഖിതങ്ങളിലൂടെയും മീസാൻ കല്ലുകളിലൂടെയും കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. എന്നാൽ, ആധുനികതയുടെ കടന്നുകയറ്റത്തിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന പേരിൽ ഇത്തരം പൗരാണിക സ്മാരകങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കി പുതിയ കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിക്കുന്ന പ്രവണത ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കപ്പെടേണ്ടത്. വികൃത രൂപത്തിലുള്ള ഈ ചരിത്രരേഖകൾ അവയുടെ യഥാർത്ഥ സ്വഭാവത്തിൽ നിന്ന് മാറ്റപ്പെടുമ്പോൾ അവയുടെ അർത്ഥവും ചരിത്രപരമായ മൂല്യവും നഷ്ടപ്പെടുമെന്നും, ഇത് വരുതലമുറകൾക്ക് അവരുടെ വേരുകൾ തിരിച്ചറിയാനുള്ള അവസരം ഇല്ലാതാക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

കേവലം ഒരു മതസമൂഹത്തിന്റെ മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ തന്നെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഇത്തരം ശേഷിപ്പുകളെ ശാസ്ത്രീയമായി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ പ്രസ്തുത ഡോക്യുമെന്ററി ഇസ്‌ലാമിക വിജ്ഞാനശാഖയും കേരളീയ പൈതൃകവും തമ്മിലുള്ള മനോഹരമായ സംവാദമാണ് ഇതിലൂടെ വെളിപ്പെടുന്നത്. നമ്മുടെ പാരമ്പര്യത്തെയും അടയാളങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അത്യന്താപേക്ഷിതമായ ആവശ്യകതയെക്കുറിച്ച് ഈ ചിത്രം ഗൗരവകരമായ ആലോചനകൾ പങ്കുവെക്കുന്നു. വെറുമൊരു മതപരമായ ദർശനവിസ്മയം എന്നതിലുപരി, കേരളത്തിന്റെ സാംസ്കാരിക വേരുകൾ തേടിയുള്ള ഒരു യാത്രയാണിത്.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *