അംഗപരിമിതർക്ക് വേണ്ടത് അവസരങ്ങളിലെ തുല്യത, ‘ശ്രീകാന്ത്’ കാണുമ്പോൾ
എം നൗഷാദ്
കാഴ്‌ചാപരിമിതിയുള്ള വ്യവസായിയും സംരംഭകനുമായ ശ്രീകാന്ത് ബോലയെക്കുറിച്ചുള്ള ബയോപിക്കിൽ (ശ്രീകാന്ത്, 2024) അവസാനഭാഗത്ത് രാജ്‌കുമാർ റാവുവിന്റെ മുഖ്യകഥാപാത്രം നടത്തുന്ന ഒരു പ്രസംഗമുണ്ട്. സിനിമയുടെ ആകെത്തുക ആ സംസാരത്തിലുണ്ടെന്നു പറയാം. ശ്രീകാന്ത് പറയുന്ന ഒരു കാര്യം പ്രത്യേകം ചിന്തനീയമാണ്. നമ്മുടെ രാജ്യത്ത് മിക്കവാറും ആളുകൾ കാഴ്‌ചാപരിമിതരോട് ചെയ്യുന്ന മുഖ്യസേവനം അവരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുക എന്നതാണ്. പക്ഷെ അങ്ങനെ സഹായിക്കപ്പെടുന്ന പലരും റോഡ് മുറിച്ചുകടക്കേണ്ട ആവശ്യമില്ലാത്തവരായിരിക്കും എന്നതാണിതിലെ ക്രൂരഹാസ്യം. റോഡ് മറികടക്കാൻ കൈപിടിക്കുക എന്നതിലപ്പുറം നിങ്ങൾക്ക് കാഴ്‌ചാപരിമിതിയുള്ള മനുഷ്യരോട് പലതും ചെയ്യാനാവും എന്നദ്ദേഹം ഓർമപ്പെടുത്തുന്നു.
“നിങ്ങൾക്ക് അവരുടെ ജീവിതത്തിലെ ദേവിക ടീച്ചറോ രവിയോ സ്വാതിയോ ആകാൻ കഴിയും…” സ്‌കൂളിൽ നിന്നും പുറത്താക്കപ്പെട്ട് നിൽക്കാനിടമില്ലാതെ തെരുവിലായ കാലത്ത് ശ്രീകാന്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പഠിപ്പിച്ചു വളർത്തിയ ആളാണ് ദേവിക ടീച്ചർ. ശ്രീകാന്തിന്റെ കാഴ്ചപ്പാടിലും നിശ്ചയദാർഢ്യത്തിലും വിശ്വസിച്ച് എട്ട് കോടി രൂപ ഇൻവെസ്റ്റ് ചെയ്‌ത ബിസിനസ് പാർട്ടണറാണ് രവി. ശ്രീകാന്തിനോട് പ്രണയം തോന്നി ഹൃദയവും ജീവിതവും പങ്കിട്ടവളാണ് സ്വാതി.
നിങ്ങൾക്ക് നിങ്ങളിൽ ഒരാളായി അംഗപരിമിതരെ കാണാനാവുമോ എന്നതാണ് ചോദ്യം. അവരെ സവിശേഷതരത്തിൽ സൗകര്യപൂർവം അമാനുഷവൽക്കരിക്കുന്ന സംസ്‌കാരം ഒരുവശത്ത്, എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ അവകാശങ്ങളോ പോലും കൊടുക്കാതെ ‘ചവറാ’യി കൊട്ടയിലെറിയുന്ന മുഖ്യധാരാ സംസ്‌കാരം മറുവശത്തും. ഇതിനു രണ്ടിനുമിടയിൽ, അംഗപരിമിതരെ തുല്യരായി കാണാനുള്ള ആഹ്വാനവും അധ്വാനവുമാണ് ‘ശ്രീകാന്ത്’ സിനിമ. ഞങ്ങൾക്ക് സഹതാപമോ അനുതാപമോ വേണ്ട, പ്രത്യേക പരിഗണനകൾ പോലും വേണ്ട; തുല്യ അവസരങ്ങൾ തരൂ എന്നാണ് ശ്രീകാന്ത് ഉടനീളം വിളിച്ചുപറയുന്നത്. എന്നാൽ തുല്യതയുടെ പേരിൽ സംവരണത്തിന്റെ ആവശ്യകത റദ്ദ് ചെയ്യപ്പെടാൻ പാടുള്ളതുമല്ല. കാരണം, അംഗപരിമിതരായ എല്ലാവരും ശ്രീകാന്തിനെപ്പോലെ നിശ്ചയദാർഢ്യവും മിടുക്കും സർഗാത്മകതയും ഉള്ളവരായിക്കൊള്ളണമെന്നില്ല.
കാഴ്‌ചാപരിമിതർ നമ്മുടെ രാജ്യത്ത് അനുഭവിക്കുന്ന അനീതികളെയും അവസര നിഷേധങ്ങളെയും കുറിച്ച് ഈ ബയോപിക് നമ്മെ ഉടനീളം ബോധവൽക്കരിക്കുന്നു. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം മുതൽ അതാരംഭിക്കുന്നു. വിദ്യാഭ്യാസമേഖലയിൽ, ഗതാഗത സംവിധാനങ്ങളിൽ, സാങ്കേതികക്കുരുക്കുകളിൽ, കാഴ്ചപ്പാടുകളിൽ, ഭാഷയിൽ, സമീപനത്തിൽ, അങ്ങനെ എല്ലായിടത്തും പടർന്നുകിടക്കുന്നതാണ് അംഗപരിമിതരോടുള്ള വിവേചനവും തിരസ്‌കരണവും. എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത്തരം അവസരനിഷേധങ്ങൾ ഇല്ല എന്നതും ശ്രീകാന്തിന്റെ ബോസ്റ്റൺ കാലജീവിതത്തിലൂടെ ഒരു താരതമ്യം പോലെ പറഞ്ഞുവെക്കുന്നു.
കാഴ്‌ചാപരിമിതരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സയൻസ് തെരഞ്ഞെടുക്കാൻ അനുവാദമില്ലാതിരിക്കുന്നത്, വിമാനക്കമ്പനികൾ അത്തരം യാത്രികരെ ഒറ്റക്ക് പറക്കാൻ അനുവദിക്കാതിരുന്നത് എന്നുതുടങ്ങി എണ്ണമറ്റതാണ് അവസരനിഷേധങ്ങൾ. പ്രാഥമികമായി, ജീവിക്കാൻ തന്നെയും അവസരം നിഷേധിക്കപ്പെടുന്നവരാണ് പലപ്പോഴും അവരെന്നും സിനിമ ഓർമപ്പെടുത്തുന്നു. അതിനുപുറമെ പൊതുസമൂഹവും രാഷ്ട്രീയക്കാരും അവരുടെ അന്തസ്സിനുനേരെ നടത്തുന്ന ആക്രമണങ്ങൾ വേറെയും.
അതിഭാവുകത്വത്തിന്റെയും നാടകീയതയുടെയും അംശങ്ങൾ അങ്ങിങ്ങായി കടന്നുവരുന്ന ശരാശരി സിനിമ ആയിരിക്കുമ്പോളും കാഴ്‌ചാപരിമിതരുടെ അവകാശങ്ങളെക്കുറിച്ച് നടത്തുന്ന സുപ്രധാന പ്രസ്‌താവനകളുടെ പേരിൽ ‘ശ്രീകാന്ത്’ ശ്രദ്ധയർഹിക്കുന്നു. ഒപ്പം, ശ്രീകാന്തിന്റെ തന്നെ അകത്തുനടക്കുന്ന അഹംബോധത്തിന്റെ കുഴപ്പങ്ങളും മൂല്യച്യുതിയും ചിത്രീകരിക്കുക വഴി രണ്ടു കാര്യങ്ങൾ മിനിമം സംഭവിക്കുന്നു. ഒന്ന് കാഴ്‌ചാപരിമിതരായ മനുഷ്യരെ അത് നോർമലൈസ് ചെയ്യുന്നു. വൈകാരികതയുടെയും ആത്മീയ പ്രതിസന്ധികളുടെയും ലോകത്ത് അവർ നിങ്ങൾക്ക് തുല്യരാണ് എന്ന് പറയാതെ പറയുന്നു. മറ്റൊന്ന് അമിതമായ മഹത്വവൽക്കരണത്തിൽ നിന്ന് നായകനെ രക്ഷപ്പെടുത്തുന്നു. നന്നായി അഭിനയിക്കുന്നുണ്ട് എന്ന് ഇടക്ക് നമ്മൾ ശ്രദ്ധിച്ചുപോകുമെന്നതൊഴിച്ചാൽ രാജ് കുമാർ റാവുവിന്റെ പ്രകടനം മികച്ചതുതന്നെ. ചുരുക്കത്തിൽ അംഗപരിമിതർക്ക് വേണ്ടത് സഹതാപമോ അനുതാപമോ പ്രത്യേക പരിഗണനകളോ അല്ല, അവസരങ്ങളിലെ തുല്യതയാണ് എന്നാണ് തുഷാർ ഹീരാനന്ദനി സംവിധാനം ചെയ്‌ത ഏറ്റവും പുതിയ സിനിമ ‘ശ്രീകാന്ത്’ പറയുന്നത്.