Chaap Tilak | ചാപ് തിലക് 

സമായെ ബിസ്മിൽ – 4 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി
എം നൗഷാദ്

നമ്മുടെ കണ്ണുകൾ പരസ്‌പരം കണ്ടപ്പോൾ

amir_khusro
മധ്യകാല ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ കവിയായിരുന്നു അമീർ ഖുസ്‌റു. പേർഷ്യൻ ഭാഷയിലും ഹിന്ദ്‌വിയിലും എഴുതിയ അദ്ദേഹം ദില്ലി മുതൽ അനത്തൊലിയാ വരെ ഫാർസി സംസാരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഒരുകാലത്ത് വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു. ഫാർസിയിൽ എഴുതിയ ഏറ്റവും വലിയ ഇന്ത്യൻ കവിയായി ഇന്നും ഖുസ്‌റു തന്നെയാണ് പരിഗണിക്കപ്പെടുന്നത്. പണ്ഡിതനും സംഗീതജ്ഞനും സൂഫിയുമായിരുന്ന ഖുസ്‌റു ദക്ഷിണേഷ്യൻ സാംസ്കാരികപൈതൃകത്തിനും ആത്മീയതക്കും പകർന്ന ചൈതന്യം അനല്പമാണ്. അനേകം വിശേഷണങ്ങൾ അർഹിക്കുന്ന സൂഫികവി അമീർ ഖുസ്‌റുവിന്റെ അതിപ്രസിദ്ധരചനയാണ്‌ ‘ചാപ് തിലക്’.

ഹസ്‌റത് നിസാമുദ്ദിൻ ഔലിയയുടെ പ്രിയശിഷ്യൻ കൂടിയായ ഖുസ്‌റു തന്റെ ഉസ്താദിനെ അഭിസംബോധന ചെയ്തെഴുതിയതാണ്  ‘ചാപ് തിലക്’. അനുരാഗത്തിന്റെ പരമമായ സമർപ്പണഭാവം മുറ്റി നിൽക്കുന്ന വരികളായതിനാൽ സാധാരണ പ്രേമഗാനമായും ആഘോഷഗാനമായും ഇത് ജനകീയസംസ്കാരത്തിൽ ഉപയോഗിച്ച് വരാറുണ്ട്. ഗുരുവിന്റെ ആത്മീയപ്രഭാവത്തെയും ആകർഷണശക്തിയെയും അത് ശിഷ്യനിലുണ്ടാക്കുന്ന പരിണാമത്തെയും പ്രതീകാത്മകമായി കാണുകയാണ് കവി. ഖവാലി ഗായകരിലെ തലതൊട്ടപ്പന്മാർ മുതൽ ഏറ്റവും പുതിയവർ വരെ പാടുന്ന പല ഭാഷ്യങ്ങളുള്ള രചനയായതിനാൽ ഇതിന്റെ ഏറ്റവും മൗലികവും പഴയതുമായ രൂപം കണ്ടെത്തുക എളുപ്പമല്ല. ഖുസ്‌റുവിന്റെ രചനകൾ അക്കാദമികമായി സമാഹരിച്ചവയിലുള്ള ഭാഷ്യത്തോട് (ഇൻ ദി ബാസാർ ഓഫ് ലവ് – പോൾ ലോസെൻസ്‌കി, സുനിൽ ശർമ) അടുത്തുനിൽക്കുന്നു ഈ മൊഴിമാറ്റത്തിനുപയോഗിച്ച ഭാഷ്യം. ചാപ് എന്നത് മുസ്‌ലിം സംസ്കാരത്തിലും തിലക് എന്നത് ഹിന്ദു സംസ്‌കാരത്തിലും അലങ്കാരമായി ഉപയോഗിക്കുന്നതാണ്. വേറൊരു ലോകത്തിന്റെ വശ്യതകളിലേക്ക് കണ്ണ് തുറപ്പിച്ചുകൊണ്ട് എല്ലാതരം അസ്തിത്വങ്ങളെയും തകർത്തു കളയുന്ന ഗുരു ആത്മീയാനുരാഗത്തിന്റെ ചായം പൂശി ജീവിതത്തെ മറ്റൊന്നാക്കി മാറ്റുന്നതിന്റെ രൂപകങ്ങൾ ആണിതിൽ.

Listen to the song here (Nusrat Fateh Ali Khan):

https://www.youtube.com/watch?v=f3dnF-GmscM

ചാപ് തിലക് 

രചന: അമീർ ഖുസ്‌റു
പ്രണയിനിയെ കാണാൻ
ആടയാഭരണങ്ങളണിഞ്ഞു പുറപ്പെടുകയായിരുന്നു ഞാൻ.
നിന്നെക്കണ്ടതോടെ
ഞാനെന്നെത്തന്നെ മറന്നുപോയി.
നീയെന്റെതെല്ലാം കവർന്നെടുത്തു
ഒരൊറ്റ നോട്ടത്താൽ.
എന്റെ അടയാളവും അലങ്കാരവുമെല്ലാം,
ഒരൊറ്റ നോട്ടത്താൽ.
ആഴമുള്ള നയനങ്ങളുടെ
ഒരൊറ്റ നോട്ടത്താൽ,
നീയെന്റെതെല്ലാം കവർന്നെടുത്തു.
എന്റെ അടയാളവും അലങ്കാരവുമെല്ലാം,
ഒരൊറ്റ നോട്ടത്താൽ.

അനുരാഗത്തിന്റെ അമൃത് മോന്തിച്ച്

മത്തുപിടിപ്പിച്ചു നീയെന്നെ,
ഒരൊറ്റ നോട്ടത്താൽ.
ലോകത്തെ കണ്ടന്ധാളിച്ചുപോയി ഞാനപ്പോൾ
വൈരാഗിയാക്കിത്തീർത്തു നീയെന്നെ,
ഒരൊറ്റ നോട്ടത്താൽ.
പച്ചവളയണിഞ്ഞ വെളുത്തുനേർത്ത കണങ്കൈകൾ
പിടിച്ചുവെച്ചതുപോലെ നിലച്ചുപോയി
നിന്റെ ഒരൊറ്റ നോട്ടത്തിൽ.
എന്റെ ജീവനും സർവവും നിനക്കു നിവേദിച്ചു.
എന്നെ ചായംമുക്കിയെടുത്തവനേ,
കാലമെത്ര ചെന്നാലും ഏതു ധോബി അലക്കിയാലും
മങ്ങാത്ത നിറങ്ങളെനിക്ക് തരൂ..
നിന്റെ ചമയങ്ങളിൽ നീയെന്നെ കുളിപ്പിച്ചെടുത്തു

ഒരൊറ്റ നോട്ടത്താൽ.

നിസാമിന് ഈ ജീവിതം മുഴുവൻ ഖുസ്‌റു തരുന്നു,
നിനക്കുവേണ്ടി മരിക്കാൻ തയാറായി വരുന്നു,
നീയെന്നെ ലക്ഷണമൊത്ത വധുവാക്കിയിരിക്കുന്നു

ഒരൊറ്റ നോട്ടത്താൽ.

– This was originally published as the fourth part of Sama-e-Bismil series in Suprabhatham Sunday Supplement.
Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *