Tum Ek Gorakh Dhanda Ho | നിന്റെ നിഗൂഢരഹസ്യങ്ങൾ

സമായെ ബിസ്മിൽ 15 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം. നൗഷാദ്

നിന്റെ നിഗൂഢരഹസ്യങ്ങൾ

പ്രാർഥനക്കും പഴിപറച്ചിലിനുമിടയിലെ വര ചിലപ്പോൾ നേർത്തുപോകാറുണ്ട് കടുത്ത ദുരിതങ്ങളിൽ. സ്‌തുതിപാടലിൽ നിന്ന് ദൈവനിന്ദയിലേക്ക് കവിത വഴുതിവീഴുക എളുപ്പമാണ്. ആഴമുള്ള സംശയങ്ങളിലൂടെ വിശ്വാസത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നത് ആധ്യാത്മക പാരമ്പര്യങ്ങളിൽ അപൂർവമല്ല. ഭാഷയുടെയും ബോധത്തിന്റെയും യുക്തിയുടെയും പരിമിതി കൂടിയാണല്ലോ ഈ ലോകത്തെ ജീവിതം. ബുദ്ധിക്കറിയാത്തതും അറിയാനാവാത്തതും ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നവരാണ് മനുഷ്യർ. അതാണ് മിത്തുകളുടെ സാംഗത്യവും നമ്മൾ സ്വപ്നം കാണുന്നതിന്റെ പൊരുളും. വൈരുധ്യങ്ങളുടെ ഈ ലോകം എന്തൊരു വേദനയാണ് എന്ന് സ്വകാര്യമായി അതിശയിക്കാത്തവരായി ആരുണ്ടാകും ഈ ഭൂമിയിൽ? ദൈവപ്രണയം ഉള്ളിൽ നിറഞ്ഞുതുളുമ്പുന്ന ഒരാൾക്ക് മാത്രമേ ദൈവത്തെ അകത്തു ചേർത്തുനിർത്തി ചോദ്യം ചെയ്യാൻ പറ്റൂ. അസാധ്യമായ കുറ്റപ്പെടുത്തലുകളുടെയും കൂട്ടിപ്പിടിക്കലുകളുടെയും മഹോത്സവമാണ് “തും ഏക് ഗോരഖ് ദണ്ഡാ ഹോ” എന്ന അപാരസുന്ദരമായ ദീർഘ കലാം. നിന്റെ കച്ചവടം എന്തൊരു തട്ടിപ്പാണ് എന്നാണു നാടൻ ഭാഷയിൽ പറഞ്ഞാൽ ഇതിനർത്ഥം. പടച്ചവനോട് അസാധ്യമായ ഇഴയടുപ്പമുള്ള ഒരാൾക്കു മാത്രം പറയാനാവുന്നതാണ് ഇതിലെ ഓരോ വാചകവും.

ദൈവത്തിന്റെ അതിവിശേഷണങ്ങളും സുന്ദരനാമങ്ങളും ഉൾക്കൊണ്ടൊരാൾ സ്വന്തമെന്നു കരുതുന്നതിനോട് സ്വകാര്യമായി നടത്തുന്ന ഈ പരിദേവനം നാസ് ഖിയാൽവി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പാകിസ്ഥാനി കവി മുഹമ്മദ് സിദ്ദിഖ് എഴുതിയതാണ്. പരാതിയും പരിദേവനവും ചോദ്യം ചെയ്യലുമെല്ലാം കലർന്ന ഈ കവിത സത്യത്തിൽ വേഷംമാറിയ സ്തുതിപാടലല്ലാതൊന്നുമല്ല. ദൈവാസ്തിത്വവും അവന്റെ നിശ്ചയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന, ആഴത്തിൽ ദാർശനികവും നിഗൂഡവുമായ സമസ്യകൾക്കു പൊരുൾ തേടാനുളള ദുർബലമായ പാഴ്ശ്രമമാണ് സ്നേഹത്തിന്റെ ഈ കരച്ചിൽ. ചരിത്രത്തിലേക്കും ഇതിഹാസങ്ങളിലേക്കുമളള നിരവധി സൂചനകളാൽ സമ്പന്നമാണീ കവിത. യേശു, മൂസ, ഇബ്രാഹിം, യൂസുഫ്, യാഖൂബ് എന്നീ പ്രവാചകരും മൻസൂർ ഹല്ലാജും പഞ്ചാബി സൂഫി കവി സുൽത്താൻ ബാഹുവും ഷംസ് തബ്‌റീസും ഔരംഗസേബിനാൽ വധിക്കപ്പെട്ടതായി കരുതപ്പെടുന്ന പേർഷ്യൻ മിസ്റ്റിക് കവി സർമദും ഇവിടെയുണ്ട്. ഖൈസും ലൈലയും പഞ്ചാബിനാടോടിക്കഥകളിലെ ദുരന്തപ്രണയ നായികമാരും ഒപ്പം കടന്നുവരു ന്നു. അല്ലാമാ ഇഖ്ബാൽ ‘ശിക്വ വ ജവാബെ ശിക്വ’യിൽ ചെയ്യുന്നതുപോലെ പരാതികൾക്കുളള മറുപുറവും മറുവാദവും കവി നേരിട്ടും വ്യംഗമായും ഇതിലുൾക്കൊളളിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പടച്ചവന്റെ സൃഷ്ടികർമത്തിലും ലോകത്തിന്റെ യുക്തികളിലുമുള്ള വമ്പിച്ച പൊരുത്തക്കേടുകളെയും അങ്കലാപ്പുകളെയും ചൊല്ലി വിലപിക്കുന്ന കവി നാഥന്റെ രഹസ്യമർമങ്ങൾ മനസ്സിലാക്കാനുള്ള തന്റെ കഴിവില്ലായ്മകളിലേക്കും അറിവില്ലായ്മകളിലേക്കും കൂടി എത്തിച്ചേരുന്നുണ്ട്. പരാതിയുടെ വേഷം കെട്ടിയ ഈ സ്തുതിഗീതം ഒടുവിൽ പരിദേവനങ്ങളെല്ലാം അഴിച്ചുവെച്ച് നേരിട്ടുള്ള പ്രാർത്ഥനയും നിലവിളിയുമായി ഒടുങ്ങുന്നു.

Nusrat Fateh Ali Khan sings: https://www.youtube.com/watch?v=D1kKeA1OJK0

തും ഏക് ഗോരഖ് ദണ്ഡാ ഹോ | നാസ് ഖിയാൽവി (മുഹമ്മദ് സിദ്ദിഖ്)

ചിലപ്പോൾ നിന്നെ തെരഞ്ഞതിവിടെ,
എന്നിട്ടെത്തിച്ചേർന്നതവിടെ.
നിന്നെക്കാണാനുള്ള പാച്ചിലിൽ
ചെന്നുചേർന്നതെവിടെയെല്ലാമാണ്.
നിന്നെത്തേടിപ്പോയ ദുർബലർ
തളർന്നും തകർന്നും പോയി.
നിന്റെയടയാളമാവട്ടെ ആരിലുമെത്തിയില്ല.
നീയെവിടെയുമില്ല, എല്ലായിടവുമുണ്ട് താനും.
നീയെന്തൊരു നിഗൂഢസമസ്യ…
നീയെന്തൊരു നിഗൂഢസമസ്യ

ഓരോ അണുവിലും
നീ തിളങ്ങുന്നതെന്തൊരു വെണ്മയിൽ,
നിന്നെച്ചൊല്ലിയുള്ള അതിശയങ്ങൾ
മായുന്നില്ല മനസ്സിൽ,
നീയെന്തൊരു നിഗൂഢസമസ്യ…

പള്ളിയിലും അമ്പലത്തിലും
നിന്നെ തെരഞ്ഞിട്ടു കണ്ടില്ലല്ലോ,
എന്റെയുള്ളിലെപ്പോഴും കാണുകയുമല്ലോ നിന്നെ!
നീയെന്തൊരു നിഗൂഢസമസ്യ…

തേടിപ്പോയിടത്തൊന്നും കണ്ടില്ല നിന്നെ,
തെരയാനുമാവുന്നില്ല.
നാമുള്ളിടത്തെല്ലാം നീയുണ്ടെന്നതാണ് തമാശ!
നീയെന്തൊരു നിഗൂഢസമസ്യ…

നിന്നോടുകൂടെയില്ല മറ്റൊരുവനും
എന്നിട്ടും നീ
മറഞ്ഞിരിക്കുന്നതെന്തെന്നു മനസ്സിലാകുന്നില്ല.
നീയെന്തൊരു നിഗൂഢസമസ്യ…

നിന്നോടുള്ള പ്രണയത്താൽ
സ്വയം നഷ്ടപ്പെട്ടുപോകുന്നവർക്ക് മാത്രമാണ്
ജീവിതം കിട്ടുന്നത്.

കോവിലിലും കഅബയിലും കണ്ടില്ല നിന്നെ,
തകർന്ന ഹൃദയങ്ങൾക്കകത്തു നിറയെ കണ്ടുനിന്നെ.

അഭാവമായി നീയെങ്ങോ മറഞ്ഞിരിക്കുന്നു
പ്രഭാവമായ് വേറെങ്ങോ തിളങ്ങിവാഴുന്നു.

നീയില്ലെങ്കിൽ പിന്നെ നിന്നെയെന്തിനു നിഷേധിക്കുന്നു,
നിഷേധവും നിന്റെ ഉണ്മയുടെ പ്രഖ്യാപനം.

എന്റെ അസ്തിത്വമെന്നു ഞാൻ പറയുന്നത്
നീയല്ലെങ്കിൽ പിന്നെ മറ്റെന്താണ്?

നീയെന്റെ ചിന്തകളിലേക്ക് വരുന്നില്ലെങ്കിൽ പിന്നെ
നീയാണ് ഈശനെന്നു ഞാനെങ്ങനെ അറിയും?
നീയെന്തൊരു നിഗൂഢസമസ്യ…

നീയെന്താണ്, ഏതാണ്
എന്നെനിക്കെപ്പോഴുമതിശയമാണ്.
അറിഞ്ഞാൽ നീയൊരു ബിംബം,
അറിയാവുന്നതിലുമധികമാകുമ്പോൾ നീ ദൈവം.
നീയെന്തൊരു നിഗൂഢസമസ്യ…

ബുദ്ധിക്കകത്തു കയറുന്നതെങ്ങനെ നിസ്സീമമാവും,
മനസ്സിനുൾക്കൊള്ളാനാവുന്നതെങ്ങനെ ദൈവമാകും?
നീയെന്തൊരു നിഗൂഢസമസ്യ…

ദാർശനികർക്ക് വാദിച്ചെത്താനാവില്ല നിന്നിൽ,
കുരുക്കുകളഴിച്ചുനോക്കുന്നെങ്കിലും
അവരറ്റം കാണുന്നില്ല.
നീയെന്തൊരു നിഗൂഢസമസ്യ…

നിനക്കു മേൽവിലാസമില്ലെന്നു നീ സ്വയംപറയുന്നു,
എന്നിട്ടുടഞ്ഞഹൃദയങ്ങളിൽ
ചെന്നുപാർക്കുന്നതദ്ഭുതം തന്നെ.
നീയെന്തൊരു നിഗൂഢസമസ്യ…

നീയല്ലാതെ മറ്റൊന്നുമില്ലെന്നിരിക്കെ
പിന്നെന്തിനു നാഥാ ഈ കലഹങ്ങളത്രയും?
നീയെന്തൊരു നിഗൂഢസമസ്യ…

നീയൊളിച്ചിരിക്കുന്നില്ല
മുന്നിൽ വന്നുതെളിയുന്നുമില്ല,
ഒളിവീശുമ്പോഴും മുഴുശോഭ നിറക്കുന്നില്ല,
പള്ളിക്കുമമ്പലത്തിനുമിടയിലെ
പന്തയം പരിഹരിക്കുന്നില്ല,
ഉള്ളിനുള്ളിലെ നേര് നീ തുറന്നുപറയുന്നില്ല,
ഇരുലോകങ്ങളിലും കൊള്ളാത്ത നീയെങ്ങനെ
എന്റെയുള്ളിൽ കയറിക്കൂടിയെന്നതിശയം തന്നെ,
ഇത്രയേറെ പള്ളിയും അമ്പലവും
കുരിശുപള്ളിയുമെന്തിന്?
വഴിതെറ്റിയതാർക്കെന്നു നീ വെളിവാക്കുന്നില്ലല്ലോ.
നീയെന്തൊരു നിഗൂഢസമസ്യ…

വിസ്മയങ്ങളുള്ളിലൊരുക്കുന്നു വിചിത്രനിറക്കൂട്ടുകൾ
കുഴമറിഞ്ഞൊരു ചിത്രം നീ വരച്ചുവെക്കുന്നു.
ഈ കടങ്കഥക്കുത്തരമെന്തെന്നറിവില്ല,
അനാദിതൊട്ടേ നിന്റെ തമാശകളനവധി,
ദേഹിയെ ദേഹത്തിന്റെ കൂട്ടിലടച്ചു,
പിന്നെ മരണത്തെയതിന്റെ കാവലേൽപിച്ചു,
പലർക്കായി പദ്ധതികളുടെ പറവകളെ പറത്തിവിടുന്നു നീ..
വിധിയുടെ വലകൾ വാരിവിരിക്കുകയും ചെയ്യുന്നു,
യുഗങ്ങളായി ഇരുലോകങ്ങളെയും അലങ്കരിക്കുന്നു
വിനാശത്തിന്റെ വ്യവസ്ഥയും വരച്ചുവെക്കുന്നു,
സ്ഥലരാശികൾക്കതീതനെന്നു സ്വയം വർണിക്കുമ്പോളും
എന്റെ തൊട്ടടുത്തുണ്ടെന്നു ദൂതയക്കുകയും ചെയ്യുന്നു,
ഈ തിന്മയും നന്മയും,
നരകവും സ്വർഗ്ഗവും
ഇതിത്ര കുഴമറിച്ചുവെച്ചതെന്തിനാണ്,
തെറ്റുചെയ്തത് ആദമല്ലേ,
പിഴയടക്കേണ്ടത് മക്കളാണോ
നിന്റെ നീതിയുടെ മാനദണ്ഡമതാണോ?
ഭൂമിയിൽ നിന്റെ പ്രതിനിധിയാവാനേൽപ്പിച്ചു
കാലങ്ങളോളം കോമാളി കളിപ്പിക്കയോ നീ,
നിന്നെ ദർശിച്ചുഗ്രഹിക്കാനെല്ലാവരെയും പടച്ച നീ
എല്ലാ കണ്ണിൽ നിന്നുമെപ്പോളും മറഞ്ഞിരിക്കുന്നതെന്തേ,
നീയെന്തൊരു നിഗൂഢസമസ്യ…

പല രൂപങ്ങൾ നീവരച്ചുവെക്കുന്നു,
മായ്ച്ചുകളയുന്നു,
ഏതാശയുടെ പേരിലാണ്,
നീ ശിക്ഷിക്കുകയെന്നാർക്കറിയാം?
ചിലപ്പോൾ ചരൽക്കല്ലുകളെ മുത്തായ്‌ മാറ്റുന്നു,
പിന്നെ മുത്തുകൾ ചെളിയിലാഴ്ത്തിക്കളയുന്നു.
എത്രയോ മൃതദേഹങ്ങൾക്കുയിരുകൊടുത്ത മസീഹയെ
നീയെടുത്തു കുരിശിന്മേൽ നാട്ടിനിർത്തുന്നു.
നിന്നെക്കാണാൻ കൊതിമൂത്തൊരുവൻ
കുന്നിൻമുകളിലെത്തുമ്പോൾ
വെളിപ്പെടലിന്റെ പ്രഭയിലാ കുന്നിനെ നീ ജ്വലിപ്പിക്കുന്നു.
പ്രിയമിത്രത്തെ നീ നംറൂദിന്റെ തീയിലിടുന്നു,
പിന്നെ തീനാളങ്ങളെ പൂമൊട്ടുകളായ് മാറ്റുന്നു.
യൂസുഫിനെ കാനാനിലെ കിണറ്റിലേക്കുന്തുന്നു,
യാഖൂബിന്റെ കണ്ണിലെ വെട്ടം നീ കെടുത്തിക്കളയുന്നു.
മിസ്‌റിലെ അടിമച്ചന്തയിൽ യൂസുഫിനെ നീ വിറ്റുകളയുന്നു,
ഒടുവിൽ മിസ്‌റിന്റെ സുൽത്താനായി വാഴിക്കുന്നു.
അനുരാഗോന്മാദത്തിന്റെ പരകോടിയിലൊരുവനെത്തുമ്പോൾ
അവനുള്ളിലേറി നീ അനൽഹഖിന്റെ വിളിയാളമുയർത്തുന്നു.
നിന്നെ നിന്ദിച്ചെന്നു പിന്നെയവനിൽ കുറ്റമെയ്യുന്നു,
എന്നിട്ട് നീതന്നെ മൻസൂറിനെ കുരിശിൽ തറക്കുന്നു.
നിന്നെ ദർശിക്കാനുള്ള ഭാഗ്യം നീയേകുന്നവൻ
നിന്നെക്കാണുന്നതോടെ മരണം പൂകുന്നു.
നിന്നെത്തേടിയിറങ്ങുന്ന ധീരപ്രേയസിയെ
മുൾക്കാടുകളുടെ കുടിലതയിൽ നീയകപ്പെടുത്തുന്നു.
നിന്നിലണയാനഭിലാഷമേറി ഖൈസ് പോകുമ്പോൾ
ഏതോ ലൈലയുടെ സ്നേഹവിഭ്രമത്തിൽ നീയവനെ തകർക്കുന്നു.
നിന്നോടുള്ള സ്നേഹത്താൽ മരുഭൂമിതാണ്ടുന്നവളെ
കൊടുംചൂടിൽ ദാഹിപ്പിച്ചുവീഴ്ത്തുന്നു.
നിന്നിലേക്ക് നീന്തിയടുക്കുന്ന പ്രേയസിയെ
ദയയറ്റ ചുഴികളിൽ മുക്കിത്താഴ്ത്തുന്നു.
എന്നിട്ടു നിനക്ക് തോന്നുമ്പോൾ നിന്റെ പ്രിയനെ
നീ ഏഴാനാകാശത്തേക്ക് വിളിപ്പിക്കുന്നു.
ഒറ്റരാവു കൊണ്ട് മിഅറാജ് നിനക്കാവുന്നു…
നീയെന്തൊരു നിഗൂഢസമസ്യ…

നീ തന്നെ നിന്റെ മറ
നീയെന്തൊരു നിഗൂഢസമസ്യ…

അല്ലാഹുവേ,
നീ തന്നെ നിന്റെ മറ
നീയെന്തൊരു നിഗൂഢസമസ്യ…

ഞാനിപ്പറയുന്നതു നിനക്കിഷ്ടമില്ലാത്തതാകാം
എന്നാലുമെനിക്ക് പരാതിപ്പെടാതെ വയ്യ:
ദിവ്യസിംഹാസനത്തിൽ നീ വെറുതെനോക്കിയിരുന്നില്ലേ,
നിന്റെ നബിയുടെ പേരമകൻ
കർബലയിൽ ദാഹിച്ചുവലയുമ്പോൾ?
കൂട്ടുനിന്നവർക്കൊക്കെയും
സ്വന്തം ചോരകൊണ്ട് ഹുസൈൻ ദാഹമകറ്റിയില്ലേ,
സ്വയം മൂന്നുനാൾ ദാഹിച്ചുവലഞ്ഞിരുന്നില്ലേ?
ശത്രു ശത്രുതന്നെയാണല്ലോ എപ്പോളും,
അവർ വരില്ലല്ലോ വെള്ളവും കൊണ്ട്!
എന്റെ സങ്കടമിതാണ് –
നീയുണ്ടായിരുന്നില്ലോ എല്ലാം കണ്ടുകൊണ്ട്
ഒരുതുള്ളി വെള്ളമെന്തേ നീ കൊടുത്തില്ല?
അക്രമികളെപ്പോളും അക്രമത്തിന് അനന്തരമെടുക്കുന്നു,
മർദിതർക്കോ ശാന്തിയില്ല ശമനമില്ല.
ഇന്നലെ തലയിൽ കിരീടമണിഞ്ഞു കണ്ടവൻ
ഇന്ന് കയ്യിൽ പിച്ചപ്പാത്രവുമായി നടക്കുന്നു.
ഇതൊക്കെ എന്താണെന്ന് നിന്നോട് ചോദിച്ചാലുത്തരം
ഈ രഹസ്യമർമമാർക്കും പരിചയമരുതെന്ന്!
നീയെന്തൊരു നിഗൂഢസമസ്യ…

അനന്തവിസ്മയങ്ങളുടെ മഹാലോകം നീ,
നീയെന്തൊരു നിഗൂഢസമസ്യ…

നീയുണ്ടോരോ അണുവിലുമെന്നിട്ടും
നിന്റെ മേൽവിലാസമറിയില്ല,
പേരുകേട്ടിട്ടുണ്ട് നിന്റെ
പാട് കണ്ടതില്ലെങ്ങും.
നീയെന്തൊരു നിഗൂഢസമസ്യ…

ഉള്ളിൽ നിന്നൊരാശ പുറത്തിറങ്ങി
തിളങ്ങുന്നു മിന്നാമിനുങ്ങായ്,
കണ്ണുകളിലതു പാറിവന്ന്
കണ്ണീരായി തുളുമ്പുന്നു.
“യാഹൂ” എന്ന നിന്റെ ദിക്റിൽ മുഴുകി-
യൊരുവൻ സ്വയം പാഴാകുമ്പോൾ
കീർത്തിമുദ്രകൾ ചാർത്തി
സുൽത്താൻ ബാഹുവിനെപ്പോലെയാകുന്നു.
നീയെന്തൊരു നിഗൂഢസമസ്യ…

അല്ലലേതുമില്ലാതെ വാഴുന്നു നീ,
നിന്റെ ചരിതങ്ങളെത്ര ദീർഘം,
നീയെന്തൊരു നിഗൂഢസമസ്യ…

നിന്നെത്തിരഞ്ഞുള്ള പാതയിൽ
ഓരോ കാലടിയിലും കാണുന്നതലങ്കോലങ്ങൾ.
ആശയങ്ങൾക്കും അവസ്ഥകൾക്കുമിടയിൽ
ഒരു പൊരുത്തവുമില്ല.
ഒരു ദുരിതചിത്രമായി
നിൽക്കുന്നു ഞാനിവിടം.
ലോകത്തിന്റെ കണ്ണാടിയിലുറ്റുനോക്കുമ്പോൾ
മണ്ണിലനവധി വൈരുധ്യങ്ങളുടെ സങ്കലനം കാണുന്നു.
ഒരൊറ്റ മുറ്റം പലതായി മുറിച്ചിട്ടത് കാണുന്നു.
ഒരിടത്തു യാതനയുടെ നോവുന്ന ശിശിരം,
ഒരിടത്തു കരുണയുടെ തീരാവർഷം.
ഇവിടെ ചിരിച്ചൊഴുകുന്ന പുഴകൾ,
അവിടെ മൗനിയായി മലകൾ.
ഒരിടത്തു കാട്, മറ്റൊരിടത്തു മരുഭൂമി,
വേറൊരിടത്തു പനിനീർതോട്ടങ്ങൾ.
നിന്റെ ഭാഗിക്കലിന്റെ രീതികണ്ടിട്ടെന്റെ
കണ്ണിൽനിന്ന് ചോരപൊടിയുന്നു.
ഇവിടെ ധനികർ, അവിടെ ദരിദ്രർ.
പകലിന്റെ കയ്യിലൊരു കത്തുന്ന സൂര്യൻ
രാത്രിയുടെ വിധിയിലനവധി താരകങ്ങൾ.
ഒരിടത്തു നേരിന്റെ വാടിയ പൂക്കൾ
ഒരിടത്തു ചതിയുടെ വളരുന്ന മുള്ളുകൾ.
ഇവിടെ ഷംസിന്റെ തൊലിയുരിയുന്നതു കാണുന്നു
അവിടെ സർമദിന്റെ തലയുരുളുന്നതു കാണുന്നു.
രാവെന്നു പറയുന്നതെന്താണ്,
പുലരിയെന്താണ്?
വെളിച്ചമെന്താണിരുട്ടെന്താണ്?
ഞാനും നിന്റെ പ്രതിനിധിയല്ലേ,
എന്നിട്ട് എന്റെതെന്താണെന്നു നീ ചോദിക്കുന്നതെന്തേ?
നീയെന്തൊരു നിഗൂഢസമസ്യ…

നിന്നെ നോക്കുന്നവരെന്തു കാണാനാണ്,
എല്ലായിടവും മറക്കകത്തല്ലേ നീ?
നീയെന്തൊരു നിഗൂഢസമസ്യ…
എല്ലായിടത്തും നീയാണ്:
ദേവാലയത്തിലും
മദ്യശാലയിലും,
പള്ളിയിലുമമ്പലത്തിലും,
നിന്റെ സിംഹാസനത്തിലും
എന്റെ ചെളിക്കുണ്ടിലും.
ചിലർ ഇതിൽ രമിക്കുന്നു
ചിലർ അതിൽ ലയിക്കുന്നു.
എല്ലാവർക്കും നിന്റെ പ്രേമത്തിലാണ് ലഹരി
എന്നിട്ടുമെന്തിനിത്ര കലഹങ്ങളുലകത്തിൽ?
തേടിച്ചെല്ലാവുന്നതിനങ്ങേയറ്റം
എത്തുന്നവർക്കായി നീയുണ്ടെപ്പോളുമവിടെ…
നീയെന്തൊരു നിഗൂഢസമസ്യ…
ഓരോ നിറത്തിലും അനന്യമായി നീ
നീയെന്തൊരു നിഗൂഢസമസ്യ…

നീയെന്റെ തേട്ടങ്ങളുടെ കേന്ദ്രം,
ലോകത്തിന്റെ നിറവും മണവും.
ശ്വാസമോരോന്നിലും നിന്റെ സാന്നിധ്യം
ചുറ്റുപാടുമെപ്പോളും നീ.
നിന്റെ സവിധത്തിലില്ല നീയല്ലാതൊന്നും.
നീയെത്ര സുന്ദരം, നീയതിമനോഹരം.
ആകാശങ്ങളുടെ ആഢംബരം,
മണ്ണിന്റെ മഹിമ.
നീയിരുലോകങ്ങളുടെയും
ആഗ്രഹപൂർത്തീകരണം.
നിനക്കായ് കണ്ണീരിൽ വുളുവെടുക്കുന്നു
എന്റെ കണ്ണുകൾ.
ഇനിയെനിക്കുതരൂ
നിന്റെ സാമീപ്യത്തിന്റെ
ഒരുതരി തെളിവ്.
മറമാറ്റി വന്നെന്റെ കൺമുമ്പാകെ നിൽക്കൂ..
ഒരു കുഞ്ഞുസംഭാഷണവും
കൊച്ചു കൂടിക്കാഴ്ചയുമെനിക്കേകൂ..
നാസ് പാടും അനുരാഗവിവശതയിൽ എങ്ങുമെമ്പാടും
അവനേകൻ, അവനേകൻ,
അവനില്ല പങ്കുകാർ.
അവൻ അല്ലാഹു
അവൻ അല്ലാഹു
അവൻ അല്ലാഹു…

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *