Roshan Jamal-e-Yaar Se Hei | പ്രണയപ്രഭയാൽ ഒരാത്മാവ്
സമായേ ബിസ്‌മിൽ 20 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്
പ്രണയപ്രഭയാൽ ഒരാത്മാവ്
ഹൃദയം കൊണ്ടനുഭവിക്കാവുന്നതും ബുദ്ധി കൊണ്ടളക്കാനാവാത്തതുമായ ഒന്നാണ് പ്രണയം. വിധിതീർപ്പുകളുടെയും യുക്തിബോധത്തിന്റെയും ലോകത്തെ ഗൗനിക്കാതെ ഹൃദയത്തിനു മാത്രമറിയുന്ന വഴികളിലൂടെ ഒഴുകുന്ന പ്രണയത്തിന്റെ പാരവശ്യം സാധകന്റെ വഴിയിലെ പാഥേയമാണ്. അതിന്റെ വിശുദ്ധവും വേദനനിറഞ്ഞതുമായ സമർപ്പണം ആത്മജ്ഞാനികളായ ഗുരുക്കന്മാർ ആവശ്യപ്പെടാറുണ്ട്. പ്രണയം സൂഫികവിതയുടെയും അന്വേഷണത്തിന്റെയും കേന്ദ്രപ്രമേയങ്ങളിലൊന്നാണ്. ദൈവികമോ മാനുഷികമോ ആയ അതിന്റെ പലതലങ്ങളും ആവിഷ്‌കാരങ്ങളും സമർപ്പണങ്ങളും നിരന്തരം സംഭവിക്കുന്നിടമാണത്. പ്രണയിയിൽ, ഗുരുവിൽ, പുണ്യാത്മാക്കളിൽ, പ്രവാചകനിൽ, അല്ലാഹുവിൽ, ഏകത്വത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടൊഴുകുന്ന അനേകം പുഴകൾ. പ്രണയം ഭൂമിയുടെ അപൂർണതയുടെ അടയാളവും സ്വർഗ്ഗത്തിന്റെ മടക്കിവിളിയുമാണ്. ലയനത്തിന്റെ കടൽ “അഹ”ത്തെ അംഗീകരിക്കില്ല.
സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന മൗലാനാ ഹസ്‌റത് മൊഹാനിയുടെ പ്രസിദ്ധകവിതയാണ്
“റോഷൻ ജമാലെ യാര് സെ ഹേ..”. ആബിദ പർവീൻ, മെഹ്ദി ഹസൻ, ജഗജീത് സിങ് തുടങ്ങിയവർ പാടി അനശ്വരമാക്കിയ ഇതിന്റെ സുദീർഘമായ മൂലഭാഷ്യം മുഴുവനും മൊഴിമാറ്റിയിട്ടില്ല, മുഖ്യമായും ഗായകർ ഉപയോഗിക്കുന്ന ഭാഗം ആണ് മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉർദു ഭാഷയുടെ ഗാംഭീര്യവും സൗന്ദര്യവും ഇതരഭാഷകളിലേക്ക് അതിലെ മികവുറ്റ കവിതകളെ മൊഴിമാറ്റുക ദുഷ്‌കരമാക്കുന്നുണ്ട്. ഹസ്‌റത് മൊഹാനിയാവട്ടെ ആധുനിക ഉർദുകവിതയിലെ ഏറ്റവും പുകൾപ്പെറ്റ പ്രാഗൽഭ്യത്തിനുടമയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും കലുഷമായ കാലഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയിലും ആൾ ഇന്ത്യാ മുസ്‌ലിം ലീഗിലുമൊക്കെ പ്രവർത്തിച്ച ഉറച്ച സോഷ്യലിസ്റ്റ് ആയിരുന്നു അദ്ദേഹം. പലവട്ടം ജയിൽ വാസമനുഭവിക്കുകയും വിവിധവിഷയങ്ങളിൽ ഗാന്ധിയോടും ജിന്നയോടും തുറന്ന് വിയോജിക്കുകയും ചെയ്ത വിപ്ലവകാരി. ഖാദിരി, ചിശ്ത്തിയ വഴികളിൽ സൂഫിധാരയിൽ പ്രവേശിച്ച മൊഹാനി സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും ആൾരൂപമായിരുന്നു. ഇടക്കാലത്ത് അദ്ദേഹം ശ്രീ കൃഷ്‌ണനെ പ്രകീർത്തിച്ചും കവിതകൾ എഴുതിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കരമാർഗമായും കടൽ മാർഗമായും മൊഹാനി പത്തിലേറെ തവണ ഹജ്ജ് നിർവഹിക്കുകയുണ്ടായി. ഇങ്കുലാബ് സിന്ദാബാദ് എന്ന പ്രസിദ്ധമായ വിപ്ലവമുദ്രാവാക്യം അദ്ദേഹത്തിന്റെ വാചകമാണ്. വിഭജനത്തെ തുടർന്ന് മുസ്‌ലിം നേതാക്കളും എഴുത്തുകാരും പാകിസ്താനിലേക്ക് പലായനം ചെയ്‌തപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച മൊഹാനി ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിയിൽ അംഗമാക്കപ്പെട്ടിരുന്നു. മുസ്‍ലിംകളോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം ഭരണഘടനയിൽ ഒപ്പു വെക്കുകയുണ്ടായില്ല. സംഭവബഹുലമായ രാഷ്ട്രീയജീവിതത്തിനിടയിലും മനോഹരവും കാല്പനികവുമായ ഉർദുകവിതകൾ ഹസ്രത് മൊഹാനി എഴുതുകയുണ്ടായി.
Listen to Abida Parveen: https://www.youtube.com/watch?v=Bhpb2Trt1Ak
റോഷൻ ജമാലെ യാര് സെ ഹേ | ഹസ്‌റത് മൊഹാനി
പ്രണയിനിയുടെ കത്തുന്ന സൗന്ദര്യത്താൽ
പ്രഭയൊഴുന്നു സദസ്സിലാകെ.
പനിനീർപ്പൂവിന്റെ ചാരം
ദഹിപ്പിച്ചുകളയുന്നു പൂന്തോട്ടത്തെയാകെ.
നിന്റെ മോഹനവശ്യതയെന്താശ്ചര്യം
കണ്ണുകളുടെ കൊഞ്ചലിലാകെ പാരവശ്യം!
എന്റെ ഹൃദയവും പഠിച്ചിട്ടുണ്ടിപ്പോൾ,.
നിന്റെ ശീലങ്ങളൊക്കെയും.
നാഥാ, എന്റെ പ്രണയിനിയുടെ
ഉടൽവടിവെന്തൊരു വിസ്‌മയം,
നിറക്കൂട്ടുകളിൽ മുങ്ങിപ്പോയി
ഉടയാടകൾ മുഴുവനും.
ഹൃദയം മുറിവേറ്റുചോരയൊലിക്കുന്നു
ആത്മാവ് ജീവനറ്റുഴലുന്നു.
വാളെടുത്തെന്നെ വകവരുത്തൂ,
ബാക്കിയുള്ളതെല്ലാമെടുക്കൂ..
അവളുടെ കണ്ണുകളിൽ തിളങ്ങുന്നു
കടാക്ഷങ്ങളുടെ മഹാജാലം.
ഒരൊറ്റ നോട്ടമവളുടേതു വന്നപ്പോൾ,
വെളിവറ്റവരെപ്പോലെയായി സദസ്സാകെയും.
നസീമിന്റെ മാധുര്യവും
മീറിന്റെ വികാരതീവ്രതയും
കവിതകളിൽ നിറക്കുന്ന
നിന്റെ അർത്ഥവൈപുല്യങ്ങളനവധി..