കാഴ്‌ചയുടെ കാലവും കാലത്തിൻ്റെ ഇസ്‌ലാമും

എം നൗഷാദ്

​ഒന്ന്
സ്വർഗത്തിൽ ആർട്ഗ്യാലറിയുണ്ടോ?

ചിത്രവും ഇസ്‌ലാമിന്റെ ദൈവശാസ്ത്രബോധവും തമ്മിൽ സൂക്ഷ്‌മമായ ഒരു സംഘർഷം നിലനിൽക്കുന്നുണ്ട്. അത് പ്രകടാർത്ഥത്തിൽ ഇസ്‌ലാമിന്റെ ദൈവവിശ്വാസവുമായും സന്ധിയില്ലാത്ത ഏകത്വദർശനവുമായും ബന്ധപ്പെട്ടതാണ്. ദൈവത്തിനു രൂപമില്ലാത്ത മതമാണ് ഇസ്‌ലാം. ആകാരബന്ധിതമായി ദൈവത്തെ ഭാവന ചെയ്യാനും പ്രതിനിധീകരിക്കാനും അതിൽ അനുവാദമില്ല. വിഗ്രഹത്തെ അത് നിഗ്രഹിക്കുന്നുണ്ട്, വിഗ്രഹവൽക്കരണങ്ങളെയും. അതേസമയം ശിൽപങ്ങൾ അതിന്റെ നാഗരികചരിത്രത്തിൽ സുലഭവുമാണ്. വാസ്തുശിൽപമാണെങ്കിൽ പറയാനുമില്ല.

ഖുർആൻ ഓതാനുള്ളതിനേക്കാൾ വരയാനുള്ളതാക്കിയ കലിഗ്രാഫർമാരുടെ നൂറ്റാണ്ടുകൾ നീളുന്ന പുഷ്‌കലമായ ചിത്രണപാരമ്പര്യം ഏറെ ആഘോഷയോഗ്യം കൂടിയാണ്. വ്യക്തിജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും സുപ്രധാന ആരാധനാസ്ഥലങ്ങളായ മുസല്ല മുതൽ മിഹ്‌റാബ് വരെയുള്ള ഇടങ്ങളെ ചിത്രങ്ങളും കൊത്തുപണികളും കൊണ്ട് നിറച്ചവരാണ് മൊറോക്കോ മുതൽ ഇന്തോനേഷ്യ വരെയുള്ള സകലമുസ്ലിം നാടുകളിലെയും വിശ്വാസികൾ. പ്രവാചകന്റെ കാലശേഷം ഇന്നോളം നൂറ്റാണ്ടുകളായി എല്ലാ വിഭാഗം മുസ്‌ലിംകളും അങ്ങനെ ചെയ്‌തുവരുന്നുണ്ട്.

വൈവിധ്യങ്ങൾക്കിടയിലും ഇവയിലെല്ലാം പൊതുവായി കാണാവുന്ന ചില മാതൃകകൾ, സമീപനങ്ങൾ ഉണ്ട്. നിങ്ങൾ നോക്കുന്നില്ലേ, കാണുന്നില്ലേ എന്ന് പലയാവർത്തി ചോദിക്കുന്ന ഒരു വേദഗ്രന്ഥത്തിന്റെ പിൻപറ്റലുകാർക്ക് ദൃശ്യം കലയിൽ ഉണർന്നുവരുന്നതിനെ നിഷേധിക്കാനാവില്ല. പ്രയോഗതലത്തിൽ ചരിത്രത്തിലുടനീളം അങ്ങനെ ഒരനുഭവവും ഇല്ല.    

ദൈവം വരച്ച ഒരു ത്രീ ഡയമെൻഷനൽ ചിത്രമാണ് ഈ ലോകം എന്നുവിചാരിക്കാം. വേറെയുമുണ്ട് അവന്റെ ലോകങ്ങൾ. തത്കാലം ഈ ലോകത്തെ ദൈവത്തിന്റെ ഒരു കലാസൃഷ്ടിയായോ മഹാശിൽപമായോ ഇൻസ്റ്റലേഷനായോ എടുക്കുക. അത് സ്വയമേവ സമ്പൂർണവും സുന്ദരവുമാണ് എന്നു കാണാനാവും. അത്ര കണിശമാണ് അതിന്റെ സമതുലിതാവസ്ഥയും അനുപാതവും വൈപരീത്യവും താളാത്മകതയും പൊരുത്തവും ഏകത്വവും. എല്ലാ ഡിസൈൻ തത്വങ്ങളും പ്രപഞ്ചത്തിന്റെ മഹാരൂപകല്പനാ സിദ്ധാന്തങ്ങളോട് കടപ്പെട്ടിരിക്കുന്നു. അനുകരണത്തിന്റെ സൗന്ദര്യമേ നമുക്ക് വിധിച്ചിട്ടുള്ളൂ. മൗലികമായത് പ്രപഞ്ചമാണ്. അതിനെ ആസ്വദിക്കുകയും അനുമോദിക്കുകയും അതിലൂടെ ദൈവത്തിന്റെ ശക്തിസൗന്ദര്യത്തെ ധ്യാനിക്കുകയും ചെയ്യേണ്ട പണിയേ മനുഷ്യന് വാസ്‌തവത്തിൽ ഉള്ളൂ.

പക്ഷെ സ്വർഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന ജീവിയെന്ന നിലയിൽ, ഇതിലും മികച്ച ഒന്നിന്റെ അസ്തിത്വവും സാധ്യതയും ഉള്ളിനുള്ളിൽ മനുഷ്യൻ സദാ അനുഭവിക്കുന്നുണ്ട്. കാരണം ഭൂമിയിൽ വേദനയും ദുരിതവും പ്രകൃതിക്ഷോഭവും പിശാചും കൂടിയുണ്ട്. മനുഷ്യൻ തൻറെ ഉള്ളിലും പുറത്തും അപൂർണത കാണുകയും അനുഭവിക്കുകയും അതിൽ ഖേദിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഭൂമിയെ മെച്ചപ്പെടുത്താനും, ജീവിതത്തെ പുതുക്കാനും, അർഥം പരതാനും, സൗന്ദര്യത്തെ പകർത്താനും പരത്താനും വികസിപ്പിക്കാനും മനുഷ്യൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അതവനെ/ളെ നാഗരികതകളിൽ കൊണ്ടെത്തിക്കും. ദൈവത്തിന്റെ സൃഷ്ടിപ്പിനെ, പ്രകൃതിയുടെ സൗന്ദര്യത്തെ അനുകരിച്ച് മനുഷ്യൻ കൂട്ടിച്ചേർക്കുന്ന ഒന്നാണ് ചിത്രവും ശില്പവും. സൗന്ദര്യം പോലെ അർത്ഥവും പ്രധാനമാണ് ഈ പ്രവർത്തിയിൽ. മനുഷ്യൻ ധ്യാനം മാത്രമല്ല, യുദ്ധവും ചെയ്യുന്ന ജീവിയാണ്. അത് ചിലപ്പോൾ ദൈവത്തോടുമാണ്. ചിലപ്പോഴൊക്കെ സമാധാനം സ്ഥാപിക്കാൻ യുദ്ധം വേണ്ടിവരുമല്ലോ.  

ഒരർത്ഥത്തിൽ സമ്പൂർണമായിരിക്കുമ്പോൾ തന്നെ ഈ ലോകം നശ്വരവുമാണ് എന്നിടത്താണ് കലയുടെ സാംഗത്യം. ഓരോ നിമിഷവും പൊടിഞ്ഞുതീരുന്നതും പുതുതായി ഉണരുന്നതുമാണ് എന്നതുകൊണ്ട് നമുക്ക് കല കൂടിയേ തീരൂ. ശാസ്ത്രം കൂടിയേ തീരൂ എന്നതുപോലെത്തന്നെ. ചിന്ത കൂടാതെ ദൈനംദിന പ്രശ്നപരിഹാരം സാധ്യമല്ലല്ലോ. കലയെക്കൂടാതെ നാഗരികത സാധ്യമല്ല. ധ്യാനമില്ലാതെ (ഫിക്ർ) സംസ്‌കാരം സാധ്യമാകാത്തതുപോലെ. കവിതയെക്കളഞ്ഞ് ഭാഷ സാധ്യമല്ലാത്തതുപോലെ. പ്രാർത്ഥനയെ പിൻവലിച്ചാൽ ആത്മീയത എന്ന ഒന്നില്ല എന്ന അർത്ഥത്തിൽ. യുക്തിയുടെ മീതെ ചിട്ടപ്പെടുത്തിയ ശാസ്ത്രത്തിന് സാധ്യമാകാത്തതും ശാസ്ത്രീയമായി വിശദീകരിക്കാനാവാത്തതുമായ ഒരു സത്യാന്വേഷണം കലയിൽ സജീവമാണ് (ഇസത് ബെഗോവിച് ആവർത്തിച്ചുപറയുന്ന ഒരാശയമാണിത്). കല ജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തലും ജീവിതത്തോടുള്ള കലഹവും വേറൊരു ജീവിതത്തെക്കുറിച്ചുള്ള പ്രഖ്യാപനവും ആണ്. പ്രണയം പോലെ, ഈ ഭൂമിയുടെ അപൂർണതയുടെ മറ്റൊരു പ്രകാശനം. പുറപ്പെട്ടുപോന്ന പറുദീസയെക്കുറിച്ചുള്ള ഗൃഹാതുരത്വം ദാർശനികമായി വിന്യസിക്കപ്പെടാത്ത കലയുണ്ടാവില്ല.

അങ്ങനെ നോക്കുമ്പോൾ സ്വർഗത്തിൽ കല ഉണ്ടാകുമോ? അവിടെ തിരിച്ചെത്തിക്കഴിഞ്ഞാൽ പിന്നെ ഒരു പെയിന്റിങ്ങിന്റെ ആവശ്യമില്ല എന്നുതോന്നുന്നു. ദൈവമുണ്ടല്ലോ അവിടെ. നിങ്ങൾ പ്രണയത്തിന്റെ ലഹരിയിൽ ലയിച്ചിരിക്കുമ്പോൾ മറ്റൊന്നിനും നിങ്ങളെ മോഹിപ്പിക്കാനാവില്ലല്ലോ. എന്നാലും മനുഷ്യനിൽ സഹജമായും സന്നിഹിതമായ “ദൈവികത”യാൽ അവിടെയും ‘കല’ പ്രകാശിതമാകാതെയും തരമില്ല. നമുക്കജ്ഞാതമായതൊന്നും നിലനിൽക്കുന്നതല്ല എന്നില്ലല്ലോ. എന്തൊക്കെയായാലും ഭൂമിയിൽ കല സംഭവിച്ചുകൊണ്ടേയിരിക്കും. ആരംഗീകരിച്ചാലും ഇല്ലെങ്കിലും. മതാധികാരമോ രാഷ്ട്രീയാധികാരമോ ആശീർവദിച്ചാലും ഇല്ലെങ്കിലും. കാരണം അത് സ്വർഗ്ഗത്തിലേക്കുറ്റുനോക്കുന്ന മനുഷ്യന്റെ ആത്മീയതയുടെ, സ്വപ്നം കാണലിന്റെ, വൈയക്തികവും സാമൂഹികവുമായ സുഖപ്പെടുത്തലുകളുടെ, ദാർശനികമായ ശമനത്തിന്റെ ഒരിടവും ഉപാധിയുമാണ്.

രണ്ട്
സിനിമയും മുസ്‌ലിംകളും തമ്മിലെന്താണ് പ്രശ്‌നം?

തുടക്കം മുതൽക്കേ, ടെലിവിഷൻ, സിനിമ എന്നീ ആധുനിക ദൃശ്യമാധ്യമങ്ങളോട് വിവിധ ദേശങ്ങളിലെ മുസ്‌ലിം പണ്ഡിതനേതൃത്വത്തിനും അവരെ ശ്രദ്ധിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിശ്വാസിസമൂഹത്തിനും ഒരു സന്ദേഹമോ ഭയപ്പാടോ ഉണ്ടായിട്ടുണ്ട്. ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും പശ്ചാത്തലത്തിൽകൂടി വേണം ഇതുമനസ്സിലാക്കാൻ. ‘ഫിത്ന’ പരത്തുന്ന ഒരു പടിഞ്ഞാറൻ ഉപകരണം എന്ന നിലയിൽ, സാംസ്‌കാരികവും ധാർമികവുമായ വിയോജിപ്പും ഉൽക്കണ്ഠയുമായി ആണ് അതടയാളപ്പെട്ടുകിടക്കുന്നത്. കൊളോണിയലിസത്തിന്റെയും സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെയും ചരിത്രസന്ദർഭത്തിൽ ആ വിയോജിപ്പ് സംഗതവുമാണ്.

അതിൽക്കവിഞ്ഞ മൗലികമായ വിരോധം മുസ്‌ലിം മനസ്സിന് ആധുനിക ദൃശ്യകലയോട് ഉണ്ടോ? സിനിമ ഹറാമാക്കി എന്നുപറയപ്പെടുന്ന മതപണ്ഡിതന്മാർ കമ്പ്യൂട്ടറിനെ ഒരു മാധ്യമം എന്നനിലക്ക് നിഷിദ്ധമാക്കിയതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ (കമ്യുണിസ്റ്റ് പാർട്ടി അല്ലാതെ)? ഇന്റർനെറ്റിലാണല്ലോ ഫിത്നയുടെയും ധർമ്മച്യുതിയുടെയും കോളനീകരണത്തിന്റെയും ഭീഷണി സിനിമയേക്കാൾ കൂടുതൽ സംഗതമായിട്ടുള്ളത്. അങ്ങനെ ഒരു വിലക്ക് ഒരിക്കലുമുണ്ടായിട്ടില്ല എന്നത് എന്താണ് സൂചിപ്പിക്കുന്നത്? ടെലിവിഷനും സിനിമയും അവതരിക്കപ്പെട്ടതും കൊണ്ടാടപ്പെട്ടതും പ്രാഥമികമായും വിനോദാധിഷ്ഠിത മാധ്യമങ്ങളായിട്ടാണെങ്കിൽ കമ്പ്യുട്ടറും ഇന്റർനെറ്റും വിവരസമാഹരണത്തിന്റെയും വിവരസംസ്‌കരണത്തിന്റെയും സാങ്കേതികവിദ്യ ആയിട്ടാണ് മനസ്സിലാക്കപ്പെട്ടത്‌.

കാലം കൊണ്ടുള്ള രാഷ്ട്രീയസാഹചര്യങ്ങളുടെ മാറ്റവും ഇതോടൊപ്പമുണ്ട്. ചിത്രത്തോട് പുറംതിരിഞ്ഞുനിന്നിരുന്നവർ പത്രം നടത്തുമ്പോൾ ഫോട്ടോഗ്രഫിയെ ആശ്ലേഷിക്കേണ്ട സാഹചര്യം വരുന്നു. ടെലിവിഷനോടും ഡോക്യുമെന്ററി ഉൾപ്പെടെയുള്ള ചലച്ചിത്രസങ്കേതങ്ങളോടും മുഷിയാതെ സഹവർത്തിക്കാൻ എല്ലാവരും കാലം കൊണ്ട് പഠിക്കുന്നുണ്ട്.  

സിനിമയോടുള്ള സമീപനത്തിൽ ഏകശിലാത്മകമായ ഒറ്റ പ്രതികരണമല്ല മുസ്‌ലിം ലോകത്തുനിന്നുണ്ടായിട്ടുള്ളത് എന്നതും ചരിത്രം. മിക്കവാറും കൊളോണിയൽ ഭരണാധികാരികളോ രാജഭരണകൂടങ്ങളോ ആണ് സിനിമയെ മുസ്‌ലിംലോകത്ത് പരിചയപ്പെടുത്തുന്നത്. ആധുനികവൽക്കരണപ്രക്രിയയുടെ സംഘർഷഭരിതമായ മതപരിസരത്തുനിന്നുകൊണ്ട് പലതരം ദാർശനിക-രാഷ്ട്രീയ സന്ദേഹങ്ങളോടെയാണ് മതനേതൃത്വം അതിനെ വീക്ഷിച്ചത്. ഇന്റർനെറ്റ് വരുമ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. ഇപ്പോളാവട്ടെ തിരശീല എന്ന അനുഭവം ഓരോ കൈകളിലേക്കും സർവവ്യാപിയായിക്കഴിഞ്ഞിരിക്കുന്നു.  

ഇസ്ലാമിസ്റ്റുകൾക്കിടയിൽ തന്നെയും പലനിലപാടുകൾ സിനിമയോടും വിനോദവ്യവസായത്തോട് പൊതുവെയും ഉള്ളതായി കാണാം. ഉദാഹരണത്തിന് ‘സൂക്ഷ്മത’യുടെ പേരിൽ വിനോദവ്യവസായത്തെ (സിനിമ, സംഗീതം ഉൾപ്പെടെ) പൂർണമായും തള്ളിക്കളയുന്ന ഒരു വിഭാഗം ഇസ്‌ലാമിസ്റ്റുകളുണ്ട്. തത്വത്തിൽ സിനിമ മൗലികമായും നിഷിദ്ധമാണെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നില്ലെങ്കിലും പ്രയോഗത്തിൽ അതുതന്നെയാണ് സംഭവിക്കുക. (മാർക്സിസ്റ്റ് മൗലികവാദത്തിലും “ബൂർഷ്വാ”കലയെക്കുറിച്ചുള്ള സമാനമായ നിലപാടുകൾ ഉണ്ടെന്നോർക്കുക.) “സദുദ്ദേശ്യത്തോടെ”, പ്രത്യേകിച്ചും ഇസ്‌ലാമികാശയങ്ങളുടെ പ്രചാരണത്തിനായി ദൃശ്യകലകളെ മിതമായി ഉപയോഗപ്പെടുത്താമെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. ഈജിപ്‌തിലെ ഭൂരിപക്ഷ ഇസ്‌ലാമിസ്റ്റുകൾ മുതൽ യൂസുഫ് അൽ ഖറദാവി വരെയുള്ളവർ ഈ ഗണത്തിൽപ്പെടുന്നു. സൗദിയിലെ സലഫീപണ്ഡിതരാവട്ടെ സംഗീതത്തെയും സിനിമയെയുമൊക്കെ നിഷിദ്ധമായി കാണുന്ന “പാരമ്പര്യ”മുള്ളവരാണ്. അഫ്‌ഗാനിസ്ഥാനിൽ പഴയ താലിബാൻ തുടക്കകാലത്ത് സമാനമായ കർക്കശനിലപാടുകൾ എടുത്തിരുന്നു. അതേസമയം മുസ്‌ലിം രാജ്യങ്ങളായ ഇറാനിലും ഇന്തോനേഷ്യയിലും മൊറോക്കോയിലും ഈജിപ്‌തിലുമൊക്കെ സിനിമ തദ്ദേശീയ വ്യവസായം എന്ന നിലയിലും പുറംനാടുകളിൽ നിന്നുള്ള സിനിമകളുടെ വിപണി എന്ന നിലയിലും തഴച്ചുവളരുകയും ചെയ്യുന്നത് കാണാം.

ഇവയിൽ ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ സെൻസർഷിപ്  നിയമങ്ങളുടെ കർക്കശ്യത്തെക്കുറിച്ച് പലതരം ചർച്ചകൾ നടക്കാറുണ്ട്. ഹോളിവുഡ് ഉൾപ്പെടെ എല്ലാ ദേശത്തും സെൻസർഷിപ് പ്രയോഗത്തിലുണ്ട് എന്നതാണ് വസ്‌തുത. ഹോളിവുഡിന് അവരുടേതായ കർമശാസ്ത്രമുള്ളപ്പോൾ (അവിടെയും പോർണോഗ്രാഫി ‘ഹറാം കട്ട്’ ആണല്ലോ) ഇറാന് അതിന്റേതായ കർമശാസ്ത്ര ചിട്ടകളുണ്ട്. ലോകത്ത് എല്ലാ ഭരണകൂടത്തെയും പോലെ ഇറാനും വിമതകലാകാരന്മാരെ അടിച്ചമർത്താൻ സെൻസർഷിപ് നിയമങ്ങൾ ദുരുപയോഗിച്ചിട്ടുണ്ട്. അവ തീർച്ചയായും നീതീകരിക്കാനാവാത്തതുമാണ്. ഇസ്‌ലാമിന്റെ പേരിൽ 1979ൽ നടന്ന വിപ്ലവാനന്തരം ഔദ്യാഗികമായി സിനിമ എന്ന മാധ്യമത്തെ നിഷേധപരമായല്ലാതെ, പ്രോത്സാഹജനകമായി സമീപിച്ചു എന്നതാണ് ഇറാനിയൻ മുസ്‌ലിം നേതൃത്വത്തെ സംബന്ധിച്ച് പ്രശംസാർഹമായ കാര്യം. ചലച്ചിത്രകലയുമായി ഇത്രമേൽ സംഘർഷപ്പെട്ടുകിടക്കുന്ന ഒരു നാഗരികപശ്ചാത്തലത്തിൽ ഇതൊരു ഗുണപരമായ കാൽവെപ്പാണ് എന്ന് പിന്നീടുവന്ന പതിറ്റാണ്ടുകൾ തെളിയിച്ചു.

ഇസ്ലാമിസ്റ്റുകളുടെ (പ്രത്യേകിച്ചും ഈജിപ്‌ത് പോലുള്ള ദേശങ്ങളിൽ) ചലച്ചിത്രപരമായ ഉൽക്കർഷേച്ഛകളുടെയും അഭിവാഞ്ജകളുടെയും പ്രത്യയശാസ്‌ത്ര എതിർപക്ഷമായി ദേശീയ-മതേതര ചലച്ചിത്ര പ്രസ്ഥാനങ്ങൾ സജീവമായിരുന്നു. ഒപ്പം അഭിനേതാക്കൾ എന്ന നിലക്കും സാങ്കേതികപ്രവർത്തകർ എന്ന നിലക്കും പ്രേക്ഷകർ എന്ന നിലക്കും മുസ്‌ലിംകൾ ആദ്യകാലം തൊട്ടേ സിനിമയോടൊപ്പം സഞ്ചരിച്ചവരാണ് താനും. ഇന്ത്യയിലും ഇറാനിലുമൊക്കെ ഇതു മുഖ്യധാരചരിത്രത്തിൽ തന്നെ പ്രകടമാണ്. പക്ഷേ അവരധികവും “മതരഹിത”രോ മതേതരരോ പൊതുവായ അർത്ഥത്തിൽ മതവൃത്തത്തിനുപുറത്തുള്ളവരോ ആയിരുന്നു എന്നുതോന്നുന്നു. എന്തായാലും സിനിമയെക്കുറിച്ചുള്ള സാമൂഹികമായ അസ്പൃശ്യതയും അദൃശ്യതയും മുസ്‌ലിം സമൂഹങ്ങൾ പുലർത്തിപ്പോന്നതായി നിരവധി എത്‌നോഗ്രാഫിക് രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാലമൊക്കെ മാറി. ഇന്നത്തെ ബഹുഭൂരിപക്ഷം ഡിജിറ്റൽ മുസ്‌ലിംകൾക്ക് സിനിമയുമായി പ്രായോഗികമായ കലഹങ്ങളൊന്നുമില്ല എന്നതാണ് അനുഭവ സത്യം.  

ഒരു ജനത/അസ്തിത്വം എന്നനിലയിൽ മുസ്‌ലിംകൾ സിനിമയിൽ നിന്ന് വിട്ടുനിന്ന കാലത്തും സിനിമ മുസ്‌ലിംകളെ പലതരത്തിൽ അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നിട്ടുണ്ട്. ഒരുവശത്ത് ബോധപൂർവമുള്ള പ്രാന്തവൽക്കരണവും അപരവൽക്കരണവും തിന്മയുടെ വാർപ്പുമാതൃകാവൽക്കരണങ്ങളും നടന്നു. മറുവശത്ത് പ്രത്യേക വേഷവിധാനങ്ങളും കലാസംവിധാനവുമൊക്കെയായുള്ള അരാഷ്ട്രീയ ഫോക്ക്‌ലോർവൽക്കരണവും നടന്നു. (രണ്ടും രാഷ്ട്രീയാവശ്യങ്ങൾക്കായി ഇന്നും തുടരുന്നു).

ഇസ്‌ലാമിസ്റ്റുകളുടെ, “പരിമിതികൾ”ക്കകത്തു നിന്നുകൊണ്ടുള്ള ചലച്ചിത്രപ്രവേശത്തോടെ ഹലാൽ സിനിമകൾക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ ലോകത്തിന്റെ വിവിധകോണുകളിൽ നിന്നുണ്ടായി. ഇന്തോനേഷ്യയിൽ അമ്പതുകളിൽ ആരംഭിക്കുകയും 2000കൾ അവസാനത്തോടെ സജീവ ജനകീയമാവുകയും ചെയ്‌ത, പ്രാദേശികമായി ‘ഫിലിം ഇസ്‌ലാം’ എന്നറിയപ്പെടുന്ന പ്രബോധനമൂല്യമുള്ള സിനിമകൾ മുതൽ ഈജിപ്‌തിൽ കുടുംബസദസ്സുകൾക്ക് “ശുദ്ധ”വിനോദദായകമായ ചലച്ചിത്രങ്ങൾ പ്രദാനം ചെയ്യാനുദ്ദേശിച്ചാരംഭിച്ച അൽ-സിനിമ അൽ-നിദിഫ വരെയുള്ളവ ഇതിൽപ്പെടുന്നു. കേരളത്തിൽ സലാം കൊടിയത്തൂരിന്റെ സംവിധാനത്തിലും അല്ലാതെയും പുറത്തിറങ്ങിയിരുന്ന മുസ്‌ലിം ഹോം സിനിമകൾ പ്രതിനിധീകരിച്ച മൂല്യബോധവും മറ്റൊന്നല്ല. ഈയൊരു ധാരയെ സിനിമയിലെ ഭക്തിപ്രസ്ഥാനമായി കണക്കാക്കാം.

മൂന്ന്
മാറുന്ന ലോകം, മാറുന്ന ഇസ്‌ലാമികകല

2012ൽ പ്രബോധനം വാരിക സംഘടിപ്പിച്ച ഒരു ചർച്ചയിൽ കേരളത്തിലെ ഹോം സിനിമകളോട് പരോക്ഷമായ വിമർശമുന്നയിക്കുന്ന ഒരു കുറിപ്പ് ഈ ലേഖകൻ എഴുതാനിടയായി. പ്രാസ്ഥാനികമായി വിനോദോപാധികൾ ഇല്ലാതിരുന്ന “ഇസ്‌ലാമിക” ശൂന്യതയിലേക്ക് ഇടിച്ചുകയറിവന്ന ഒരുൽപ്പന്നമായിരുന്നു ഹോം സിനിമകൾ. കൊടിയത്തൂർ ഗ്രാമത്തിലെ കുറെ കലാകാരന്മാരുടെ സമർപ്പണവും പ്രതിഭയും കൈമുതലാക്കി ആരംഭിച്ച ആ പ്രസ്ഥാനം പിന്നീട് ഗൾഫ് കേന്ദ്രീകരിച്ച പ്രമേയങ്ങളിലൂടെ വളരുകയും സിഡികളിലൂടെ മോശമല്ലാത്ത സമാന്തരവിപണി സൃഷ്ടിച്ചെടുക്കുകയും സിദ്ദീഖ് കൊടിയത്തൂർ എന്ന സമാന്തരതാരത്തെ തന്നെ സൃഷ്ടിക്കുകയും ചെയ്‌തു. അവയെ പ്രാസ്ഥാനികമായ ഒരു ഉത്തരവാദിത്തം പോലെ കുടുംബങ്ങൾ ഏറ്റെടുക്കുകയും ആഘോഷമാക്കപ്പെടുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു ആ വിമർശങ്ങൾ. കാഴ്ച, സമയം, വിനോദം എന്നിവയിലെ ‘ഇസ്‌ലാമികത’ എന്ന ആശയത്തെക്കുറിച്ചുള്ള മനസ്സിലാക്കലുകളെ മുൻനിർത്തിയാണ് അവ വികസിച്ചത്.

അതേസമയം സലാം കൊടിയത്തൂരിന്റെ സിനിമകളിലും അതിന്റെ നിർമാണനിർവഹണങ്ങളിലും വിതരണത്തിലും അടങ്ങിയിരിക്കുന്ന പ്രതിസംസ്‌കാരപരതയെയും കേരളീയ മതേതരത്വത്തിന്റെ പുറംതള്ളലുകളോടുള്ള സൂക്ഷ്‌മമായ കലഹത്തെയും പ്രസ്‌തുതപതിപ്പിൽ അനുമോദിക്കാനായില്ല എന്ന കാര്യം പിന്നീട് തിരിച്ചറിയുകയും തുടർന്ന് ആ ദിശയിൽ ഹോം സിനിമകളെക്കുറിച്ച് ചിന്തിക്കാനും എഴുതാനും സംസാരിക്കാനും അവസരമുണ്ടാവുകയും ചെയ്‌തു. ഒപ്പം ഇറാൻ സിനിമയുടെ മതാത്മക-സാംസ്‌കാരിക നിയമാവലികളുടെ കാര്യത്തിലും പുനർചിന്തകളിലൂടെ കടന്നുപോവുകയുണ്ടായി. ആഗോളവൽക്കരണവും പാശ്ചാത്യമുസ്‌ലിം കലാകൃത്തുക്കളിൽ നിന്നുണ്ടായ വിവിധങ്ങളായ ആവിഷ്‌കാരങ്ങളും (കഥപറച്ചിൽ, സ്റ്റാൻഡ് അപ്പ് കോമഡി, ഹിപ് ഹോപ്, നാടകം, നൃത്തം എന്നിവ ഉൾപ്പെടെ) കർമശാസ്ത്രത്തിനുപുറമെ ദാർശനികവും രാഷ്ട്രീയവുമായ സമഗ്രതയോടെയും  ആഭിമുഖ്യങ്ങളോടെയും കലയെ സമീപിക്കേണ്ടതിന്റെ അത്യാവശ്യങ്ങളെ തെര്യപ്പെടുത്തുന്നു.

ഹലാൽ ലവ് സ്റ്റോറി “പൊതു”സമൂഹത്തിൽപ്പാദിപ്പിച്ച ചർച്ചകളുടെ പശ്ചാത്തലത്തിൽ ഈ ഭൂതകാല സ്‌മൃതികൂടി കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നുതോന്നുന്നു. ഹലാൽ ലവ് സ്റ്റോറിയിലെ തൗഫീഖ് സാഹിബിൽ നിന്നും ഏറെയൊന്നും വ്യത്യസ്‌തമല്ലാത്ത മത-കലാബോധത്തോടെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ ആദ്യകാല ചലച്ചിത്രോത്സവങ്ങൾക്ക് പാക്കേജുകൾ ഉണ്ടാക്കപ്പെടുകയും അതിന്റെ സാഹിത്യം രചിക്കപ്പെടുകയും ചെയ്‌തത്‌. പാകത്തിനുള്ള ആ പരിമിതികളിൽ നിന്നും ധൈര്യപൂർവം മുന്നോട്ടുനടക്കുന്ന (മുസ്‌ലിം മതാത്മകത സൂക്ഷിച്ചുകൊണ്ടുതന്നെ) ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഇന്നുണ്ട്. അതിന്റെ ദാർശനികമായ അടിത്തറകളും പ്രയോഗബോധ്യങ്ങളും ഇനിയും വികസിക്കാനിരിക്കുന്നതേയുള്ളൂ.  

[ഡോ. ജമീൽ അഹ്‌മദ്‌, ഡോ. കെ. അഷ്‌റഫ് എന്നിവർ എഡിറ്റ് ചെയ്‌ത്‌ 2021 ൽ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘ഹലാൽ സിനിമ’ എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്.]  

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *