നിന്നെപ്പോലില്ലൊന്നുമീയുലകത്തിൽ | സിനിയഡ് സ്‌മരണ
എം നൗഷാദ്
കഴിഞ്ഞ ദിവസം അന്തരിച്ച ഐറിഷ് പോപ്പ് ഗായികയും ഗാനരചയിതാവും ആക്റ്റിവിസ്റ്റുമായിരുന്ന സിനിയഡ് ഒ കൊണർ പാടി അനശ്വരമാക്കിയ ഗാനമാണ് Nothing Compares to You. പ്രണയ നഷ്ടത്തിന്റെ തീവ്രവും ഹൃദയഭേദകവുമായ ആവിഷ്‌കാരമെന്ന നിലയിൽ പാശ്ചാത്യലോകമെമ്പാടും ജനകീയമായി മാറിയ ഈ ഗാനത്തിന്റെ മൂലരചന നടത്തിയത് ഐതിഹാസിക അമേരിക്കൻ സംഗീതജ്ഞനായിരുന്ന പ്രിൻസ് ആണ്. പ്രിൻസുമായുള്ള ബന്ധം ഊഷ്‌മളമൊന്നുമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലത്തേക്ക് സിനിയഡ് ഈ പാട്ട് വേദികളിൽ പാടാറുണ്ടായിരുന്നില്ല. ഇതിന്റെ പ്രഥമ വീഡിയോ റെക്കോർഡിങ് വേളയിൽ പാടിക്കൊണ്ടിരിക്കെ കണ്ണീരൊഴുകിയത് ശരിക്കും കരഞ്ഞുപോയതാണെന്നും തന്നെ സംബന്ധിച്ച് ഇത് അമ്മയെക്കുറിച്ചുള്ള പാട്ടാണെന്നും സിനിയഡ് പിന്നീട് പറഞ്ഞിട്ടുണ്ട്. ‘ഏകീകൃത അയർലണ്ട്’ രാഷ്ട്രീയത്തെ ശക്തമായി പിന്തുണച്ച സിനിയഡ് എക്കാലത്തും വിമതയും തിരുത്തൽവാദിയുമായിരുന്നു. കത്തോലിക്കാമതവുമായി സംഘർഷാത്മക ബന്ധമായിരുന്നു അവരുടേത്. 1992ൽ ‘സാറ്റർഡേ നൈറ്റ് ലൈവ്’ ഷോയിൽ പാടിക്കൊണ്ടിരിക്കെ ജോൺ പോൾ മാർപ്പാപ്പയുടെ ചിത്രം പരസ്യമായി കീറിയെറിഞ്ഞ്‍ സിനിയഡ് ലോകത്തെ ഞെട്ടിച്ചു. റോമൻ കത്തോലിക്കാ സഭയുടെ പുരോഹിതർ കുഞ്ഞുങ്ങൾക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് അവരത് ചെയ്‌തത്. സംഗീതലോകത്തെ പ്രമുഖരും വമ്പൻ സ്പോണ്സർമാരും എണ്ണമറ്റ ആരാധകരും ഈ പ്രവർത്തിയെ തള്ളിപ്പറഞ്ഞിട്ടും അവാർഡുകളും അവസരങ്ങളും നഷ്ടപ്പെടുമെന്നായിട്ടും സിനിയഡ് മാപ്പുപറയാൻ കൂട്ടാക്കിയില്ല. പിന്നീടവർ മാറിൽ യേശുവിന്റെ വർണശബളമായ ചിത്രം ടാറ്റൂ ചെയ്യുകയുണ്ടായി. 2018ൽ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌ത ശേഷം അവർ ശുഹാദ സദഖത് എന്ന പേര് സ്വീകരിച്ചു. ഒരു വർഷം മുമ്പ് പതിനേഴുകാരനായ മകൻ ആത്മഹത്യ ചെയ്‌തത് അവരെ വല്ലാതെ തളർത്തിയിരുന്നു. “കുഴപ്പം പിടിച്ച ഈ ലോകവുമായുള്ള എൻ്റെ ഇടപാടുകൾ ഉടനെ തീരും, ഞാൻ ദൈവത്തോടൊപ്പം കഴിയാൻ വീട്ടിലേക്ക് വരികയാണ്, എനിക്കെൻ്റെ അമ്മയെ കാണണം..” എന്ന വരികളുള്ള ഗാനമാണ് സിനിയഡ് / ശുഹാദ അവസാനമായി പാടിയത്.
Nothing Compares to You / മൊഴിമാറ്റം
നീ നിന്റെ സ്നേഹവും എടുത്തു പോയിട്ടിപ്പോൾ
പതിനഞ്ച് ദിവസവും ഏഴു മണിക്കൂറുമായി.
ഞാനിപ്പോളെല്ലാ രാത്രിയും പുറത്താണ്,
പകൽ മുഴുവനും ഉറക്കമാണ്.
നീയും
നിന്റെ സ്നേഹവും പോയതിൽ പിന്നെ
തോന്നുന്നതൊക്കെയും ചെയ്യാമല്ലോ..
കാണാൻ തോന്നുന്നവരെ കാണാം,
പകിട്ടാർന്ന ഭോജനശാലകളിൽ അത്താഴമുണ്ണാം..
പക്ഷെ ഒന്നിനും,
സത്യമായും യാതൊന്നിനും
ഈ വിഷാദത്തെ നീക്കാനാവുന്നില്ല.
കാരണം,
ഈ ലോകത്ത് നിന്നെപ്പോലെ യാതൊന്നുമില്ല.
നിന്നോട് താരതമ്യപ്പെടുത്താനാവില്ല യാതൊന്നും..
നീയില്ലാതിവിടത്തെ ഏകാന്തത കടുത്തതാണ്,
പാട്ടില്ലാതായൊരു പറവയെപ്പോലെ.
ഏകാകികളായ കണ്ണീർക്കണങ്ങൾ
വീണുപോകുന്നത് ഒന്നും തടയുന്നില്ല.
എന്റെ കുഞ്ഞേ,
എനിക്കെവിടെയാണ് തെറ്റിപ്പോയതെന്നു പറയാമോ?
ഏത് ആണിനെ കണ്ടാലും
എനിക്ക് കെട്ടിപ്പിടിക്കാനാവും.
അവരെല്ലാം നിന്നെ ഓർമിപ്പിക്കുമെന്നേയുള്ളൂ.
ഞാനൊരു ഡോക്ടറെ ചെന്നുകണ്ടു.
അയാൾ പറഞ്ഞതെന്തെന്നോ,
എന്തുചെയ്യുമ്പോളും
അതിൽ ഹരം കണ്ടെത്താൻ ശ്രമിക്കൂ എന്ന്!
അയാളെന്ത് മണ്ടനാണ്.
കാരണം,
നിന്നെപ്പോലെ
യാതൊന്നുമില്ലല്ലോ ഈ ലോകത്ത്.
നമ്മുടെ വീടിന്റെ പിന്നാമ്പുറത്ത്
അമ്മ നട്ട പൂക്കളൊക്കെയും
നീ പോയതോടെ വാടിപ്പോയി.
നിന്നോടൊപ്പം ജീവിക്കുകയെന്നത്
പലപ്പോഴും പാടായിരുന്നുവെന്നറിയാം.
ഒരവസരം കൂടി തരുമോ നീയെനിക്ക്?
കാരണം,
നിന്നോട് താരതമ്യപ്പെടുത്താനാവില്ല യാതൊന്നും..
നിന്നോട് താരതമ്യപ്പെടുത്താനാവില്ല യാതൊന്നും..