Mera Piya Ghar Aya | എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
മേരാ പിയ ഘർ ആയാ | മലയാള മൊഴിമാറ്റം
രചന: ബാബാ ബുല്ലേ ഷാഹ്
ആലാപനം: നുസ്രത് ഫത്തേഹ് അലി ഖാൻ, ഫരീദ് ആയാസ് തുടങ്ങിയവർ
സമായേ ബിസ്‌മിൽ – 1 | ‘സുപ്രഭാതം’ ഞായർപതിപ്പിൽ വന്ന പരമ്പര
ഉള്ളം ഉരുവാകുന്നിടം
എം നൗഷാദ്
ഇന്ത്യാഉപഭൂഖണ്ഡത്തിലെ സൂഫിപാരമ്പര്യത്തിൽ ഭക്തിയുടെയും ദിവ്യാനുരാഗത്തിന്റെയും ഗൂഢജ്ഞാനത്തിന്റെയും ഒരു പ്രധാന ആവിഷ്കാര രൂപമാണ് ഖവാലികൾ. ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകളുമായി ബന്ധപ്പെട്ട് ദൈവസാമീപ്യം സിദ്ധിച്ച സൂഫിഗുരുക്കന്മാരെയും പ്രവാചകനെയും അല്ലാഹുവിനെയും ഒക്കെ പ്രകീർത്തിച്ചു പാടുന്ന വിലയനത്തിന്റെ സംഗീതവും സാഹിത്യവുമാണത്. അമീർ ഖുസ്രു, ബുല്ലേഹ് ഷാ തുടങ്ങിയ മഹാകവികളുടെ ഗൂഢാർത്ഥപ്രധാനങ്ങളായ ഖവാലികളിൽ തുടങ്ങി വാണിജ്യചലച്ചിത്രങ്ങളിൽ വരെ എത്തിച്ചേർന്ന ഈ ആവിഷ്കാരം ഉത്തരേന്ത്യൻ മുസ്‌ലിംജനപ്രിയസംസ്കാരത്തിന്റെ സജീവഭാഗമാണ് . നുസ്രത് ഫത്തേഹ് അലി ഖാൻ, സാബ്‌രി സഹോദരങ്ങൾ, അസീസ് മിയാൻ, ആബിദ പർവീൻ തുങ്ങിയവരാണ് ഖവാലി ഗായകരിൽ ഏറ്റവും പ്രമുഖർ. കേരളത്തിലും ഖവാലിപാരമ്പര്യം സജീവമാണ്. ആദ്യകാലത്തു ഖവാലി സദസുകൾ ‘മെഹ്ഫിലെ സമാ’ എന്നു വിളിക്കപ്പെട്ട് പോന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ പഞ്ചാബി സൂഫികവി ബാബാ ബുല്ലേഹ് ഷാ തന്റെ ഗുരു ഇനായത് ഷാഹ് ദീർഘകാലത്തെ പലായനങ്ങൾക്കു ശേഷം മടങ്ങിയെത്തിയ സന്തോഷത്തിൽ പാടിയ ഗാനമാണ് ‘മേരാ പിയാ ഗർ ആയാ’. എല്ലാ ഖവാലികളെയും പോലെ നിരവധി ഗായകർ നിരവധി ഭാഷ്യങ്ങൾ ഇതിനു നൽകിയിട്ടുണ്ട്. അവയിലൊന്നിന്റെ മൊഴിമാറ്റമാണത്.
മേരാ പിയാ ഗർ ആയാ | എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു
ചാരത്തു പ്രണയിനിയില്ലാതെ
ജീവിതമെന്തൊരു യാതനയാണ്,
ദുഃഖങ്ങളുള്ളിൽ ആയിരക്കണക്കാണ്.
എന്റെ പ്രണയിനിയില്ലാതെ
ജീവിതമെന്തൊരു യാതനയാണ്..
എനിക്കെന്റെ വഴി കണ്ടെത്തണം,
കൂട്ടംതെറ്റിയൊരു കിളി വഴിതേടും പോലെ.. (ബാബാ ഫരീദ്)
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു,
വാഴ്ത്തട്ടെ ഞാൻ ദൈവത്തെ,
എന്റെ പ്രിയതമനെത്തിയിരിക്കുന്നു..
ഒടുവിലെൻ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു,
ഞങ്ങളെയല്ലാഹു പിന്നെയുമൊരുമിപ്പിച്ചിരിക്കുന്നു…
ഇതാഘോഷിക്കുന്നുണ്ടാവും അവൻ പോലുമിപ്പോൾ,
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
എന്റെ പ്രിയമിത്രമേ, സ്നേഹഭാജനമേ
നിന്റെ വന്നുചേരൽ മാത്രമാണ്
എന്റെയാനന്ദങ്ങളുടെയെല്ലാമുറവിടം..
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
അദ്ദേഹം വരുന്നു
അദ്ദേഹം വരും
അദ്ദേഹത്തിന് വരാതിരിക്കാനാവില്ലല്ലോ.
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
പടച്ചവനെ പിരിശപ്പെടുത്തൽ
പ്രയാസമൊട്ടുമുള്ള കാര്യമല്ല,
രണ്ട് റക്അത്ത് നഫ്ൽ നിസ്കരിച്ചാൽ മതി,
അവനു സന്തോഷമാകും.
നഫ്ൽ നിസ്കരിക്കുന്നതായി നടിച്ചാൽപോലുമവൻ സന്തോഷിക്കും.
ആരുടെയെങ്കിലും പ്രണയഭാജനം സന്തോഷത്തിലല്ലായെങ്കിൽ
അവരുടെ താളത്തിനൊത്തുതുള്ളി ആനന്ദിപ്പിച്ചുവരൂ…
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
എന്റെയുള്ളിലെ യാതന ഞാനെങ്ങനെ പറയും നിന്നോട്
എനിക്കിനിയുമതു പറയാനൊരാളെ കിട്ടിയില്ലല്ലോ.
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
ഉറ്റമിത്രത്തെ തേടി എല്ലായിടത്തുമലഞ്ഞുനടന്നു,
അവനെ മാത്രം കണ്ടില്ലെങ്ങും,
എങ്കിലുമാ പോക്കിൽ ഞാനെന്റെ പടച്ചവനെ കണ്ടു.
പടച്ചവനെ കിട്ടിയാൽ പിന്നെ മിത്രമെന്തിനു വേറെ?
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
കുറേപുസ്തകം വായിച്ചറിവു നേടിയവനെ ഖാസിയെന്ന് വിളിക്കും
മക്കയിൽ പോയി ഹജ്ജ് ചെയ്തവരെ ഹാജിയെന്ന് വിളിക്കും
വാളെടുത്തു പടക്കുപോയവനെ രക്തസാക്ഷിയെന്ന് വിളിക്കും
ഇപ്പറഞ്ഞതൊന്നും ചെയ്തില്ലല്ലോ ബുല്ലേഷാ,
പ്രണയഭാജനത്തെ തൃപ്തിപ്പെടുത്തിയതല്ലാതെ…
അപ്പൊ നീയെന്നെയെന്തു വിളിക്കും?
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
വായിച്ചു വലിയ പണ്ഡിതനായി നീ
ഒരിക്കലെങ്കിലും സ്വന്തം ഉള്ളിനെ വായിച്ചുനോക്കിയോ..
പള്ളിയിലുമമ്പലത്തിലും പലവട്ടം കയറിയിറങ്ങി നീ
വല്ലപ്പോഴുമെങ്കിലും സ്വന്തം ആത്മാവിലേക്ക് കയറിച്ചെന്നോ…
നിത്യേന ചെകുത്താനോട് പടവെട്ടി നീ
എപ്പോഴെങ്കിലും സ്വന്തം മനസ്സിനോട് യുദ്ധം ചെയ്തോ…
ഓ ബുല്ലേഷാ, നീയെന്താണ് ആകാശത്തിലുള്ളതിനെ പിടിക്കാനോടുന്നത്
സ്വന്തം വീട്ടിലിരിക്കുന്നതൊന്ന് തൊടാൻ പോലുമാവാതെ…
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
കാമുകന്മാരെല്ലാം വന്നൊരിക്കൽ മജ്‌നൂനോട് പറഞ്ഞു
നിന്റെ ലൈല കറുത്തവളാണ്,
മജ്നു പറഞ്ഞു
നിങ്ങളുടെ കണ്ണുകൾക്ക് കാണാനുള്ള കെൽപ്പില്ലാതെ പോയല്ലോ..
ഖുർആന്റെ താളുകൾ വെളുത്തതാണ്
അതിലല്ലാഹുവിന്റെ വചനം കറുപ്പിലാണ്.
ഓ ബുല്ലേഷാ, ഹൃദയത്തിനു വേണ്ടതിൽ
കറുപ്പും വെളുപ്പുമല്ല കാര്യം..
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…
പാറാവുകാരൻ ഇടയ്ക്കിടെ മണിമുഴക്കുന്നു
കൂടിച്ചേരലിന്റെ രാവിനെ അയാളങ്ങനെ ചുരുക്കിക്കളയുന്നു
എങ്ങാനുമെന്റെ ഹൃദയാഭിലാഷമറിഞ്ഞിരുന്നെങ്കിൽ
അയാളാ മണി വലിച്ചെറിഞ്ഞിട്ടുണ്ടായേനെ…
എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…