മനുഷ്യവ്യഥകളുടെ യേശു

ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് | ചലച്ചിത്ര നിരൂപണം | എം. നൗഷാദ്

വേദനയിലൂടെയല്ലാതെ വിശുദ്ധിയിലേക്ക് വേറൊരു വഴിയില്ല. ഇത്ര കഠിനമായ നിയോഗം തന്നെയേല്‍പ്പിച്ചതെന്തി​​നെന്ന് ദൈവത്തോട് പരിഭവിക്കുന്നുണ്ട് ചിത്രത്തിലെ യേശു. പ്രവാചകത്വത്തെയും പുത്രപദവിയെയും അദ്ദേഹം ഭീതിപൂര്‍വം നിരാകരിക്കുന്നു. ചെകുത്താന്‍ അകത്തുപാര്‍ക്കുന്ന ഏതൊരാള്‍ക്കും ദിവ്യതയുടെ ബാഹ്യചേലകള്‍ ചുറ്റി കുറേക്കാലം കുറേപ്പരെ കബളിപ്പിക്കാനാവുമെന്ന ഉള്‍ഭയം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തായിരുന്നു യേശു. ദൈന്യത എപ്പോഴും ഒരു ദൗര്‍ബല്യമാവണമെന്നില്ല.പുറമേക്ക് പെരുപ്പിച്ച് കാട്ടുന്ന കരുത്ത് കപടമാകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടാവണം ഈ സിനിമയിലെ, സാമാന്യര്‍ത്ഥത്തില്‍ ദുര്‍ബലനെന്നു തോന്നിപ്പിക്കുന്ന യേശു, ഇതര സുവിശേഷസിനിമകളിലെ യേശുപ്രതിനിധാനങ്ങളേക്കാള്‍ നമ്മില്‍ അടുപ്പവും ആദരവും നിറയ്ക്കുന്നത് – എം. നൗഷാദ് എഴുതുന്നു​.

​ഏറെ തെറ്റിദ്ധരിക്കപ്പെട്ട യേശുവാണ് നികോസ് കസാന്ദ്സാക്കീസിന്റെയും മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെയും യേശു. 1955ല്‍ നോവല്‍ പുറത്തുവന്നപ്പോഴും 1988ല്‍ അത് ചലച്ചിത്രമായപ്പോഴും ക്രൈസ്തവലോകത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് അത് വഴിവെച്ചു. സാധാരണ മനുഷ്യദൗര്‍ബല്യങ്ങളിലൂടെ കടന്നുപോയപ്പോഴും ദൈവഹിതം ജയിക്കാനായി തന്നെത്തന്നെ പരമമായ ബലിക്ക് പ്രാപ്തനാക്കിയ യേശുവിന്റെ ധര്‍മസങ്കടങ്ങളാണ് തന്നെ ഈ നോവലെഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് നോവലില്‍ കസാന്ദ്സാക്കീസ് പറയുന്നുണ്ട്. അഥവാ സ്വന്തം ദൗര്‍ബല്യങ്ങള്‍ക്ക് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന മഹാനായ മിശിഹ തന്നെയാണ് ആത്യന്തികമായി കഥ പറഞ്ഞുതീരുമ്പോള്‍ യേശു.

അദ്ദേഹത്തിന്റെ ഏറെക്കൂറെ നിഗൂഢമായ വ്യക്തിതത്തിനു പുറകിലെ ആത്മാവും മാംസവും തമ്മിലുള്ള സംഘര്‍ഷം തന്റെ യൗവനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന കസാന്ദ്സാക്കീസിന്റെ വരികള്‍ കാണിച്ചുകൊണ്ടാണ് മാര്‍ട്ടിന്‍ സ്കോര്‍സെസെ ‘ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ ആരംഭിക്കുന്നത്. ഒപ്പം സുവിശേഷങ്ങളിലെ വിവരണങ്ങളെ അവലംബിച്ചല്ല, മറിച്ച്, അനശ്വരമായ ആത്മീയസംഘര്‍ഷങ്ങളെ പിന്തുടര്‍ന്നാണ് ഇതിലെ യേശുവിന്റെ കഥ രംഗത്തെത്തുന്നത് എന്നുകൂടി വിശദീകരിക്കുന്നു.

ക്രൈസ്തവ വിശ്വാസമനുസരിച്ച് ഒരു പാതി പൂര്‍ണമായും മാനുഷികവശവും മറുപാതി പൂര്‍ണമായും ദൈവികവശവുമുള്ള വ്യക്തിത്വമാണ് യേശുവിന്റേത്. ഇതിലെ മനുഷ്യാംശത്തിനാണ് സിനിമയും നോവലും ഊന്നല്‍ കൊടുക്കുന്നത്. ലോകത്തിലെ ഏറ്റവും സുപ്രധാന ചരിത്രപുരുഷന്‍മാരിലൊരാളായ യേശു ജനനത്തിന്റെ പേരിലും മരണത്തിന്റെ പേരിലും ജീവിതകര്‍ത്തവ്യങ്ങളുടെ പേരിലും നിരന്തരം തര്‍ക്കിക്കപ്പെട്ടിട്ടുള്ളവനാണ്. ദൈവമായും ദൈവപുത്രനായും പ്രവാചകനായുമൊക്കെ പല വിശ്വാസങ്ങള്‍ അദ്ദേഹത്തെ കണ്ടുപോരുന്നു. സുവിശേഷങ്ങളിലൂടെയും വെളിപാടുകളിലൂടെയും മിത്തുകളിലൂടെയും വളര്‍ന്നുപടര്‍ന്ന് ഐതിഹാസികതയുടെ അനേകം മാനങ്ങള്‍ ആര്‍ജിച്ച യേശുവിനെ നിങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല. മത, ദേശ, ഭാഷാതിരുകളെ ആ അര്‍ത്ഥത്തില്‍ മറ്റേതെങ്കിലും മതവ്യക്തിത്വം ഭേദിച്ചു വളര്‍ന്നിട്ടില്ല. ഇങ്ങനെ വലുതായ യേശുവിന്റെ ചരിത്രത്തെ ഭാവന കൊണ്ടു മോചിപ്പിക്കാനുള്ള ഒരു ശ്രമം എന്നു വേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം.

TLToC1

മത, ദേശ, ഭാഷാതിരുകളെ ഭേദിച്ചു വളര്‍ന്ന, വലുതായ യേശുവിന്റെ ചരിത്രത്തെ ഭാവനകൊണ്ടു മോചിപ്പിക്കാനുള്ള ഒരു ശ്രമം എന്നു വേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം.

പൊതുവേ തെറ്റിദ്ധരിക്കപ്പെടുന്നതു പോലെ യേശുവിനെയോ ക്രൈസ്തവതയെയോ നേരിട്ടു നിന്ദിക്കാനും അവമതിക്കാനുമുള്ള ശ്രമം ചിത്രത്തിലില്ല. യേശുവിന്റെ ആന്തരികചരിത്രം, മാനസികവ്യാപാരങ്ങള്‍ എന്നിവയാണ് ചിത്രത്തില്‍. ഇതുവരെ കണ്ടുപോന്നിരുന്ന യേശുവിനെ പറ്റി പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുതരികയും ആത്മീയ അവബോധങ്ങളെ പുതുക്കി പണിയുകയും ചെയ്യുകയാണ് ഈ ചലച്ചിത്രം.

ചിത്രത്തില്‍, നമ്മള്‍ സാധാരണ മനുഷ്യര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാകുംവിധം, സംശയങ്ങളുടെയും ധര്‍മസങ്കടങ്ങളുടെയും പ്രലോഭനങ്ങളുടെയും നിഴലില്‍ നിലവിട്ട് വീണുപോകുന്നുണ്ട് നമ്മുടെ കഥാപുരുഷന്‍. അദ്ദേഹത്തെ അശരീരികളും കാലൊച്ചകളും സ്വപ്നങ്ങളും പിന്തുടരുന്നു. അതിമാനുഷികത കൊണ്ടും ദൈവികാംശം കൊണ്ടും അനുഗ്രഹിക്കപ്പെടുന്നവന്റെ ഏകാന്തമായ അഭിശപ്തതയില്‍ അദ്ദേഹം നിരന്തര പീഡകളിലൂടെ കടന്നുപോകുന്നു.

വേദനയിലൂടെയല്ലാതെ വിശുദ്ധിയിലേക്ക് വേറൊരു വഴിയില്ല. ഇത്ര കഠിനമായ നിയോഗം തന്നെയേല്‍പ്പിച്ചതെന്തിനെന്ന് ദൈവത്തോട് പരിഭവിക്കുന്നുണ്ട് ചിത്രത്തിലെ യേശു. പ്രവാചകത്വത്തെയും പുത്രപദവിയെയും അദ്ദേഹം ഭീതിപൂര്‍വം നിരാകരിക്കുന്നു. ചെകുത്താന്‍ അകത്തുപാര്‍ക്കുന്ന ഏതൊരാള്‍ക്കും ദിവ്യതയുടെ ബാഹ്യചേലകള്‍ ചുറ്റി കുറേക്കാലം കുറേപ്പരെ കബളിപ്പിക്കാനാവുമെന്ന ഉള്‍ഭയം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തായിരുന്നു യേശു. ദൈന്യത എപ്പോഴും ഒരു ദൗര്‍ബല്യമാവണമെന്നില്ല. പുറമേക്ക് പെരുപ്പിച്ചു കാട്ടുന്ന കരുത്ത് കപടമാകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടാവണം ഈ സിനിമയിലെ, സാമാന്യര്‍ത്ഥത്തില്‍ ദുര്‍ബലനെന്നു തോന്നിപ്പിക്കുന്ന യേശു, ഇതര സുവിശേഷ സിനിമകളിലെ യേശു പ്രതിനിധാനങ്ങളേക്കാള്‍ നമ്മില്‍ അടുപ്പവും ആദരവും നിറയ്ക്കുന്നത്.

4d4179f60a3cd4aa5228a3edd732aae6

കണ്ണുകൊണ്ടു കാണാത്ത ഒരു ലോകത്തിന്റെ സൗന്ദര്യത്താല്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം, എല്ലാ നിഗൂഢാത്മാക്കളെയും പോലെ.

മറ്റവതരണങ്ങളിലെല്ലാം യേശു മനുഷ്യാവസ്ഥ വിട്ട ഒരാളാണ്. നമുക്ക് പ്രാപ്യനല്ലാത്ത ഒരാള്‍. നമ്മുടെ കൂടെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍. മനുഷ്യരെ നോക്കുമ്പോഴെല്ലാം തനിക്കവരെപ്പറ്റി ഖേദം തോന്നുന്നുവെന്ന് കസാന്ദ്സാക്കീസിന്റെ യേശു പറയുന്നു. അതൊരു ന്യൂനതയായാണ് അദ്ദേഹം സ്വയം കരുതുന്നത്. ഇതൊരു യോഗ്യതയാണെന്ന് ഉടന്‍ തിരുത്തുന്നുണ്ട്. മനുഷ്യസമുദായത്തെ ഓര്‍ത്തുള്ള ദു:ഖമാണല്ലോ ചരിത്രത്തിലെ എല്ലാ വിമോചകരുടെയും മൂലധനം.

തെരുവിലേക്കും ചന്തയിലേക്കും ചെന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന നിലയില്‍, മിശിഹ എന്ന നിലയില്‍, താന്‍ ജനങ്ങളോടെന്താണ് പറയേണ്ടത് എന്ന ചോദ്യത്തിന് ‘താങ്കള്‍ വായ തുറന്നേക്കുക. ദൈവം സംസാരിച്ചു കൊള്ളും’ എന്ന മറുപടിയാണ് കിട്ടുന്നത്. ദൈവനിയോഗ ലബ്ധിയുടെ മുമ്പും പിമ്പും യേശു പരീക്ഷിക്കപ്പെടുന്നു. ചെകുത്താനും ഭരണകൂടവും പൊതുസമൂഹവും അദ്ദേഹത്തിന്റെ പക്ഷത്തല്ല. സ്നേഹം മാത്രമാണ് അദ്ദേഹത്തിന്റെ ആയുധം. എന്നിട്ടും യേശു കൊള്ളപ്പലിശക്കാരെ ചാട്ടവാര്‍ കൊണ്ട് അടിച്ചോടിച്ചു. കപടസദാചാരത്തിന്റെ കഴുത്തിനു പിടിച്ചു. റോമാസാമാജ്യത്തിന്റെ കരുത്തിനെ തൃണവല്‍ഗണിച്ചു.

കണ്ണുകൊണ്ടു കാണാത്ത ഒരു ലോകത്തിന്റെ സൗന്ദര്യത്താല്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം, എല്ലാ നിഗൂഢാത്മാക്കളെയും പോലെ. അവസാനത്തെ പ്രാര്‍ത്ഥനയില്‍ മരണത്തിലൂടെയുള്ള തന്റെ കുരുതിയല്ലാതെ വേറെ വഴിയില്ലേ എന്ന പിതാവിനോടുള്ള അര്‍ത്ഥനയില്‍, ഏതുലോകമാണ് കൂടുതല്‍ സുന്ദരമെന്ന് തിരിച്ചറിയാനാവാതെ പോവുന്നതിലെ കുറ്റബോധം പങ്കുവെക്കപ്പെടുന്നുണ്ട്.

ഇത്തരം നിയോഗങ്ങളുടെ അടിസ്ഥാന സാരംശം ലോകത്തെ മാറ്റിപ്പണിയലാണ് എന്ന് സിനിമയിലുള്ള സൂചനകളെ വികസിപ്പിക്കാവുന്നതാണ്. അതേ സമയം നമ്മള്‍ കേട്ടുപരിചയിച്ച നിലവാരത്തിലൊരു വിപ്ലവകാരി പരിവേഷം സംവിധായന്‍ ക്രിസ്തുവിന് കൊടുക്കുന്നുമില്ല.

'Silence' film photocall, Tokyo, Japan - 16 Jan 2017

ഇത്തരം നിയോഗങ്ങളുടെ അടിസ്ഥാന സാരംശം ലോകത്തെ മാറ്റിപ്പണിയലാണ്. അതേ സമയം നമ്മള്‍ കേട്ടുപരിചയിച്ച നിലവാരത്തിലൊരു വിപ്ലവകാരി പരിവേഷം സംവിധായന്‍ മാർട്ടിൻ സ്കോർസെസെ ക്രിസ്തുവിന് കൊടുക്കുന്നുമില്ല.

യേശുവിനെ റോമന്‍ ഭരണാധികാരി വിചാരണ ചെയ്യുന്ന പ്രസിദ്ധമായ രംഗം സിനിമ ചിത്രീകരിക്കുന്നത് ശ്രദ്ധേയമാണ്. വലിയ വിജനമായ ഒരിടനാഴിയില്‍ അവരിരുവര്‍ മാത്രമുള്ള ഒരു സംഭാഷണമാണത്. ഏത് സ്വേച്ഛാധിപതിയെയും പോലെ അയാളും ധിക്കാരവും വിഡ്ഢിത്തവും കൊണ്ട് നിര്‍മിക്കപ്പെട്ടവനാണ്. കൈവശമുള്ള മാന്ത്രികവിദ്യകളുടെ കെട്ടഴിക്കാനാണ് അയാളാദ്യം യേശുവിനോട് ആവശ്യപ്പെടുന്നത്. ഒടുവില്‍, ഗോഗൊല്‍ത്തായിലെ തലയോട്ടികളുടെ കണക്കെടുക്കുന്നത് നന്നായിരിക്കുമെന്ന ഭീഷണിയാണ്. കൊലയിലൂടെയല്ല സ്നേഹത്തിലൂടെയാണ് താനീ ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന് യേശു നിസ്സങ്കോചം അയാളോട് പറയുന്നു. കൊലയാണോ സ്നേഹമാണോ മാര്‍ഗം എന്നതല്ല പ്രശ്നം, ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് കുറ്റം എന്നയാള്‍ വിധിക്കുന്നു.

സുവിശേഷത്തിന്റെ സാമ്പ്രദായികാധ്യാപനങ്ങളില്‍നിന്ന് സിനിമ വല്ലാതെ വഴിമാറി നടക്കുന്നത് ജൂദാസിന്റെയും മഗ്ദലനമറിയത്തിന്റെയും കാര്യത്തിലാണ്. യേശുവിന്റെ സന്തത സഹചാരിയും പ്രധാന ശിഷ്യനുമായ യൂദാസ് ഇവിടെ മുപ്പത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കുന്ന ദുഷ്ടനല്ല. തിരുവത്താഴ ശേഷമുള്ള ഇരുള്‍പ്പടര്‍പ്പിലേക്ക് റോമന്‍ പടയാളികളെ ആനയിക്കുന്നതും യേശുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നതും തീര്‍ച്ചയായും യൂദാസ് തന്നെയാണ്. ചിത്രത്തില്‍, അയാളങ്ങനെ ചെയ്യുന്നത് യേശുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. മനുഷ്യവംശത്തിനു വേണ്ടി കുരിശിലേറുക എന്നത് തന്റെ അനിവാര്യനിയോഗമായി തിരിച്ചറിയുന്ന യേശുവിന് ആ ദൗത്യത്തില്‍ സഹായം തേടുന്നവനായി മറ്റാരും മുന്നിലില്ല.

സ്നേഹത്തിന്റെ ബാധ്യതയാല്‍ ആ പാപം അയാള്‍ ഏറ്റെടുക്കുകയാണ്. തുടക്കം മുതല്‍ തന്നെ വലിയ സാമൂഹികോന്‍മുഖത പ്രകടിപ്പിക്കുകയും ശരിതെറ്റുകളെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്ന കരുത്തുള്ള മനുഷ്യനായി യൂദാസ് രൂപാന്തരപ്പെടുന്നത് നമ്മുടെ മുന്‍വിധികളെ തീര്‍ച്ചയായും അസ്വസ്ഥപ്പെടുത്തും. പക്ഷേ, ഈ അപനിര്‍മാണം മനുഷ്യന്റെ ശരിതെറ്റുകളുടെ ബാഹ്യേതരമായ പ്രചോദനങ്ങളിലേക്ക് വെളിച്ചം വീശുന്നു.

καζατζάκης

സാധാരണ മനുഷ്യദൗര്‍ബല്യങ്ങളിലൂടെ കടന്നുപോയപ്പോഴും ദൈവഹിതം ജയിക്കാനായി തന്നെത്തന്നെ പരമമായ ബലിക്ക് പ്രാപ്തനാക്കിയ യേശുവിന്റെ ധര്‍മസങ്കടങ്ങളാണ് തന്നെ ഈ നോവലെഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് നോവലില്‍ കസാന്ദ്സാക്കീസ് പറയുന്നുണ്ട്.

യേശുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധത്തിലെ നാടകീയതയാല്‍ ആകര്‍ഷിക്കപ്പെടാത്തവരായി യേശുവിനെ അറിയുന്ന ആരുമുണ്ടാവില്ല. പട്ടണമധ്യത്തില്‍വെച്ച് കല്ലെറിയപ്പെട്ടു കൊണ്ടിരുന്ന ആ വേശ്യാസ്ത്രീയെ നീതിബോധത്തിന്റെ സാഹസികത കൊണ്ട് യേശു രക്ഷപ്പെടുത്തുന്ന രംഗം പ്രസിദ്ധമാണല്ലോ. പല കലാകാരന്‍മാര്‍ പല തരത്തില്‍ അവതരിപ്പിച്ച ആ രംഗം സ്കോര്‍സെസെ ഹൃദ്യമായ വൈകാരികതയോടെ ആവിഷ്കരിക്കുന്നു. ‘ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക’ എന്ന വാചകം മന:പൂര്‍വം ഉപയോഗിച്ചിട്ടില്ലെങ്കിലും ആ അര്‍ത്ഥത്തില്‍ തന്നെയാണിവിടെ യേശു സംസാരിക്കുന്നതും പെരുമാറുന്നതും. ചിത്രത്തില്‍, മഗ്ദലന മറിയവും യേശുവും തമ്മിലുള്ളത് മുഴുവനും തുറന്നുപറയാത്ത അഗാധമായ ഒരാത്മബന്ധമാണ്. മഗ്ദലനക്ക് യേശുവിനോടുള്ളത് പ്രണയമാണെന്ന് അവരുടെ ആദ്യ കൂടിക്കാഴ്ചയിലെ സംഭാഷണങ്ങള്‍ തോന്നിപ്പിക്കുന്നു. ആ ബന്ധത്തെ കള്ളികളിലേക്ക് തിരിച്ച് നിര്‍വചിക്കുന്നതിലല്ല സംവിധായകന്റെ ശ്രദ്ധ.

ഒടുവില്‍, ഗോഗൊല്‍ത്തായിലെ കുന്നിനു മീതെ കുരിശില്‍ കിടന്നുകൊണ്ട് യേശു കാണുന്ന ഭാവനയില്‍ – ഈ ദീര്‍ഘസ്വപ്നമാണ് യേശുവിന്റെ അന്ത്യപ്രലോഭനമായി ശീര്‍ഷകം സൂചിപ്പിക്കുന്നത് – മഗ്ദലന മറിയയോടൊത്തുള്ള കുടുംബജീവിതം വരുന്നുണ്ട്. ലോകത്തിലുള്ള എല്ലാ സ്ത്രീകളും പല മുഖങ്ങളുള്ള ഒരൊറ്റ സ്ത്രീയാണ് എന്ന് അയാള്‍ പ്രലോഭിതനാവും മുമ്പേ ഉപദേശിക്കപ്പെടുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ആ ഉപദേശി അദ്ദേഹത്തെ പല വഴികളില്‍, ശരിയായും തെറ്റായും, നയിക്കുന്നു. രക്ഷകമാലാഖയുടെ വേഷത്തില്‍വന്ന് യേശുവിനെ കുരിശില്‍ നിന്നിറക്കിക്കൊണ്ടുപോവുന്ന സാത്താനാണത് പറയുന്നത്. ഈ ഉപദേശി സാത്താനാണെന്ന് വളരെ വൈകിയാണ് യേശുവും നമ്മളും തിരിച്ചറിയുന്നത്.

big_1411097497_1395000445_image

ലോകത്തിലുള്ള എല്ലാ സ്ത്രീകളും പല മുഖങ്ങളുള്ള ഒരൊറ്റ സ്ത്രീയാണ് എന്ന് അയാള്‍ പ്രലോഭിതനാവും മുമ്പേ ഉപദേശിക്കപ്പെടുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ആ ഉപദേശി അദ്ദേഹത്തെ പല വഴികളില്‍, ശരിയായും തെറ്റായും, നയിക്കുന്നു. രക്ഷകമാലാഖയുടെ വേഷത്തില്‍വന്ന് യേശുവിനെ കുരിശില്‍ നിന്നിറക്കിക്കൊണ്ടുപോവുന്ന സാത്താനാണത് പറയുന്നത്.

ആ ദിവാസ്വപ്നങ്ങളില്‍നിന്ന് തിരിച്ചറിവുകളിലേക്ക് ഉണര്‍ത്തപ്പെടുമ്പാള്‍ യേശു ഗോഗൊല്‍ത്തയിലെ കുരിശില്‍ ചോരവാര്‍ന്നു കിടക്കുന്ന ദൃശ്യത്തിലേക്ക് നമ്മള്‍ മടങ്ങിയെത്തുന്നു. ഈ ഭ്രമകല്‍പ്പനയാണ് പ്രധാനമായും സിനിമയെ വിവാദങ്ങളിലേക്കും തെറ്റിദ്ധാരണകളിലേക്കും വലിച്ചിഴച്ചത്. സ്വപ്നത്തിലൊരിടത്ത് മതപ്രചാരണം നടത്തുന്ന സെന്റ് പോളിനെ തെരുവില്‍ വെച്ച് യേശു കണ്ടുമുട്ടുന്ന രംഗത്തില്‍ പില്‍ക്കാല ക്രൈസ്തവതയോടുള്ള ആനുഷംഗികവും പരോക്ഷവുമായ ഒരു മല്ലിടല്‍ ഉണ്ടെന്ന് കാണാം. യേശുവിനെക്കുറിച്ചയാള്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നും നുണകൊണ്ട് മോക്ഷം കൈവരിക്കാനാവില്ലെന്നും യേശു പ്രസ്താവിക്കുന്ന രംഗം ചിന്തോദ്ദീപകമാണ്. ഏത് വിശ്വാസവും ഇത്തരം ചരിത്രപരമായ വിശകലനങ്ങളെ അഭിസംബോധന ചെയ്യാന്‍ സന്നദ്ധത കാണിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അപ്പോള്‍ മാത്രമാണതിന് സ്വയം പുതുക്കാനും തിരുത്താനും മുന്നോട്ടുപോവാനും കഴിയുക.

യോഹന്നാനാല്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നതിനുമുമ്പുള്ള എല്ലാ പ്രലോഭനങ്ങളെയും പ്രതിരോധിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന യേശു അനേകം അനിശ്ചിതത്വങ്ങളാലും സംശയങ്ങളാലും ഗ്രസിക്കപ്പെടുന്നുണ്ട്. എല്ലാ മാനുഷിക ദൗര്‍ബല്യങ്ങളുടെയും കെണികളില്‍നിന്ന് വിഷാദം കലര്‍ന്നൊരു ദാര്‍ശനികാഭിമുഖ്യം കൊണ്ട് തന്നെത്തന്നെ രക്ഷിച്ചെടുക്കുകയും അവസാനം കുരിശില്‍കിടന്ന് തന്നെ ക്രൂശിക്കുന്നവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന യേശു ഒരേസമയം മനുഷ്യന്റെ നിതാന്തമായ ധര്‍മസങ്കടങ്ങളുടെ പ്രതീകമായിരിക്കുകയും ആത്യന്തികമായി ക്രൈസ്തവ വിശ്വാസത്തിലെ പാപനിവര്‍ത്തകനെന്ന നിയോഗത്തിലേക്ക് സിനിമ മടങ്ങിവരികയും ചെയ്യുന്നു.

[This was originally published in Nalamidam web portal, as part of a series on Cinema and Spirituality.: http://www.nalamidam.com/archives/14533]

Please follow and like us:
Pin Share

One comment

  • Faisal Melangadi

    “ലോകത്തിലെ ഏറ്റവും സുപ്രധാന ചരിത്രപുരുഷന്‍മാരിലൊരാളായ യേശു ജനനത്തിന്റെ പേരിലും മരണത്തിന്റെ പേരിലും ജീവിതകര്‍ത്തവ്യങ്ങളുടെ പേരിലും നിരന്തരം തര്‍ക്കിക്കപ്പെട്ടിട്ടുള്ളവനാണ്.”

    “മനുഷ്യരെ നോക്കുമ്പോഴെല്ലാം തനിക്കവരെപ്പറ്റി ഖേദം തോന്നുന്നുവെന്ന് കസാന്ദ്സാക്കീസിന്റെ യേശു പറയുന്നു. അതൊരു ന്യൂനതയായാണ് അദ്ദേഹം സ്വയം കരുതുന്നത്. ഇതൊരു യോഗ്യതയാണെന്ന് ഉടന്‍ തിരുത്തുന്നുണ്ട്. മനുഷ്യസമുദായത്തെ ഓര്‍ത്തുള്ള ദു:ഖമാണല്ലോ ചരിത്രത്തിലെ എല്ലാ വിമോചകരുടെയും മൂലധനം.”

    “കണ്ണുകൊണ്ടു കാണാത്ത ഒരു ലോകത്തിന്റെ സൗന്ദര്യത്താല്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം, എല്ലാ നിഗൂഢാത്മാക്കളെയും പോലെ. അവസാനത്തെ പ്രാര്‍ത്ഥനയില്‍ മരണത്തിലൂടെയുള്ള തന്റെ കുരുതിയല്ലാതെ വേറെ വഴിയില്ലേ എന്ന പിതാവിനോടുള്ള അര്‍ത്ഥനയില്‍, ഏതുലോകമാണ് കൂടുതല്‍ സുന്ദരമെന്ന് തിരിച്ചറിയാനാവാതെ പോവുന്നതിലെ കുറ്റബോധം പങ്കുവെക്കപ്പെടുന്നുണ്ട്.”

    “യേശുവിനെ റോമന്‍ ഭരണാധികാരി വിചാരണ ചെയ്യുന്ന പ്രസിദ്ധമായ രംഗം സിനിമ ചിത്രീകരിക്കുന്നത് ശ്രദ്ധേയമാണ്. വലിയ വിജനമായ ഒരിടനാഴിയില്‍ അവരിരുവര്‍ മാത്രമുള്ള ഒരു സംഭാഷണമാണത്. ഏത് സ്വേച്ഛാധിപതിയെയും പോലെ അയാളും ധിക്കാരവും വിഡ്ഢിത്തവും കൊണ്ട് നിര്‍മിക്കപ്പെട്ടവനാണ്. കൈവശമുള്ള മാന്ത്രികവിദ്യകളുടെ കെട്ടഴിക്കാനാണ് അയാളാദ്യം യേശുവിനോട് ആവശ്യപ്പെടുന്നത്. ഒടുവില്‍, ഗോഗൊല്‍ത്തായിലെ തലയോട്ടികളുടെ കണക്കെടുക്കുന്നത് നന്നായിരിക്കുമെന്ന ഭീഷണിയാണ്. കൊലയിലൂടെയല്ല സ്നേഹത്തിലൂടെയാണ് താനീ ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന് യേശു നിസ്സങ്കോചം അയാളോട് പറയുന്നു. കൊലയാണോ സ്നേഹമാണോ മാര്‍ഗം എന്നതല്ല പ്രശ്നം, ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് കുറ്റം എന്നയാള്‍ വിധിക്കുന്നു.”

    ഒത്തിരി മാനങ്ങളുള്ള പൊരുളെഴുത്താണീ Review!!

    അഭിനന്ദനങ്ങൾ 💓💓

Leave a Reply

Your email address will not be published. Required fields are marked *