മനുഷ്യരിലൂടെയുള്ള തീർത്ഥയാത്രകൾ

എം നൗഷാദ് | പുസ്തകാസ്വാദനം

മലകളുടെ മൗനം
ഡോ. ജഅഫർ എ.പി
പ്രസാധനം: ഐ.പി.ബി
പേജ് 158
വില 180

ദീർഘസഞ്ചാരങ്ങളെ​യും അഗാധവായനകളെയും ഉള്ളുണർത്തുന്ന മനുഷ്യാനുഭവങ്ങളെയും ചേർത്തുവെച്ച ചെറിയ കുറിപ്പുകളുടെ സമാഹാരമാണ് ‘മലകളുടെ മൗനം’. ഹൃദയത്തെ തൊടുന്ന ആർദ്രതയുള്ള ഭാഷയാണ് ഡോ. ജഅഫർ എ.പി.യുടേത്. കാൽപനികതയുടെ കരിവളക്കിലുക്കം മുഴങ്ങുന്ന വാക്കുകളും വർണനകളും അദ്ദേഹത്തിന്റെ ആഖ്യാനത്തെ സാന്ദ്രവും മോഹനവുമാക്കുന്നു. “ഭാഷയുടെ പ്രണയ തീർത്ഥാടനം” എന്ന് വീരാൻകുട്ടി മാഷ് അവതരികയിലെഴുതിയത് അതിശയോക്തിയല്ലെന്ന് പുസ്തകത്തിലൂടെ യാത്ര പോകുമ്പോൾ നാമറിയുന്നു.

രോഗവും പ്രവാസവും ദൈന്യതയും ജീവിതത്തിലെ വൈരുദ്ധ്യങ്ങളും ജഅഫർ എപ്പോളും ശ്രദ്ധിക്കുന്നു. ഒരു ഭിഷഗ്വരൻ കൂടി ആയതുകൊണ്ടാകാം പല കുറിപ്പുകളും രോഗം കൊണ്ടുവരുന്ന സവിശേഷ മനുഷ്യാവസ്ഥകളെയും ജീവിത യാതനകളെയും കുറിച്ചാണ്. ദീർഘകാലമായി ഖത്തറിൽ ജീവിക്കുന്ന ഒരു പ്രവാസി ഭിഷഗ്വരന്റെ ജീവിതാനുഭവങ്ങളും തൊഴിൽജീവിതത്തിനിടെ കണ്ടുമുട്ടിയ മനുഷ്യരും ഇതിലെ കഥാപാത്രങ്ങളാണ്. അതിൽ ഫലസ്തീനി മുതൽ ലക്ഷദ്വീപുകാരൻ വരെയുണ്ട്. കാഴ്ചയിലും അനുഭവത്തിലും പതിയുന്ന മനുഷ്യരെ ജഅഫർ തന്റെ താളിലേക്ക് പകരുന്നു. അവർ ജീവിതം കൊണ്ട് മുറിച്ചുകടക്കുന്ന വേനൽ മരുഭൂമികളെ നമുക്ക് കാണിച്ചുതരുന്നു. ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു. എല്ലാ തരം മനുഷ്യരും എല്ലാ നാട്ടുകാരുമുണ്ട് ഈ താളുകളിൽ.

ദുരിതം നിറഞ്ഞ ജീവിതാവസ്ഥകളുടെ അകത്തേക്കിറങ്ങിച്ചെന്ന് ഉയർത്തുന്ന ചോദ്യങ്ങളും നിരീക്ഷണങ്ങളും ഈ പുസ്‌തകത്തിൽ നിരവധിയാണ്. സമൃദ്ധമായ വായനയുടെ, പ്രത്യേകിച്ചും വൈദ്യ സാമൂഹ്യശാസ്ത്രത്തിലും ഇസ്‌ലാമിക ചരിത്രത്തിലുമുള്ള താത്പര്യത്തിന്റെ, ബഹിസ്ഫുരണങ്ങൾ എഴുത്തിൽ കാണാം. ചില അധ്യായങ്ങൾ പുസ്തകാസ്വാദനവും പ്രതിഭാപരിചയവും ആണ്.

ജഅഫറിന്റെ പരദേശ സഞ്ചാരങ്ങളും കൗതുകമുണർത്തുന്നതാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ, നഗരങ്ങളിൽ ആഴത്തിലെന്തോ തിരയുന്ന ഒരു ദാർശനികന്റെ ഭാവത്തോടെയാണ് അദ്ദേഹത്തിന്റെ നടത്തങ്ങളും നോട്ടങ്ങളും. വിവിധ ദേശങ്ങളിലെ വ്യത്യസ്‌ത സംസ്‌കാരങ്ങളുമായും വിശ്വാസങ്ങളുമായും മുഖാമുഖം നിൽക്കുമ്പോൾ സമാനതകളും പങ്കുവെക്കലുകളും കാണാൻ അദ്ദേഹത്തിനാവുന്നുണ്ട്. സെമിറ്റിക് മതങ്ങളിലെ പൊതു പാരമ്പര്യങ്ങളെ എടുത്തുകാണിക്കുമ്പോളും ചരിത്രപരമായ അകൽച്ചകളും വിദ്വേഷങ്ങളും അദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു. അതേസമയം മുസ്‌ലിം പൈതൃകങ്ങളുടെ പേരിൽ ഗ്രന്ഥകാരൻ ഗൃഹാതുരമായി അഭിമാനിക്കുന്നതും കാണാം. ഇസ്‌ലാമിക നാഗരികതയോടും അതിന്റെ സുവർണ ഭൂതകാലത്തോടുമുള്ള ഗൃഹാതുരത്വം അദ്ദേഹത്തിന്റെ തലമുറയിലെ പലരോടുമൊപ്പം ജഅഫറും ആവേശപൂർവം ഏറ്റെടുക്കുന്നത് വരികളിലും വരികൾക്കിടയിലും കാണാം.

ബെർലിനിലെ കാപ്പിക്കടയിലിരുന്ന് മതപരിവർത്തനത്തിന്റെ കഥ പറയുന്ന സൈനബ്, കൊർദോവയിലെ ഇൻക്വിസിഷൻ മ്യുസിയവും ചരിത്ര സ്മാരകങ്ങളും കാണാൻ കൂട്ടിനെത്തുന്ന വലീദ്, താൻസാനിയയിലെ വന്യജീവി സങ്കേതത്തിലേക്ക് വഴികാട്ടുന്ന ഉമർ, ബെയ്ജിങ്ങിലെ ലെബനീസ് ഭോജനശാലയിലെ പാചകക്കാരനായ കാസർകോട്ടുകാരൻ മുസ്‌തഫ, ഏഥൻസിലെ ടാക്സി ഡ്രൈവർ യോർഗാസ്, ഹാംബർഗിലെ കുടിയേറ്റക്കാരൻ ജോജോ തുടങ്ങി എത്രയോ മനുഷ്യരെ വഴികളിൽ നമുക്ക് കിട്ടുന്നു. അതിലും അധികമാണ് ദോഹയിൽ വെച്ച് ഭിഷഗ്വരവൃത്തിക്കിടയിൽ കണ്ടുമുട്ടുന്ന മനുഷ്യർ. താൻ കണ്ടുമുട്ടുന്നവരുടെ ജീവിതകഥയിലെ വിശദാംശങ്ങളോ സഞ്ചരിച്ചെത്തുന്ന നാടുകളുടെ സൂക്ഷ്‌മദൃശ്യങ്ങളോ ജഅഫർ ഒഴിവാക്കുന്നുണ്ട്. നാടുകളെയും മനുഷ്യരെയും തനിക്ക് ഒരു കാര്യം അവതരിപ്പിക്കാനുള്ള ഉപാധിയാക്കുകയാണ് അദ്ദേഹം. അവരിലൂടെ മനസ്സിലാക്കിയ ഒരു ദർശനം അവതരിപ്പിക്കാനാണ് ഗ്രന്ഥകാരന് കൂടുതൽ താത്പര്യം എന്നുതോന്നും വായിക്കുമ്പോൾ. ദർശനത്തിനപ്പുറം ആ മനുഷ്യരുടെ കൂടെ കുറച്ചുനേരം കൂടി ചെലവഴിക്കാൻ, ആ തെരുവുകളിലെ കാഴ്ചകൾ കുറേക്കൂടി കാണാൻ, എഴുത്ത് അനുവദിച്ചിരുന്നെങ്കിൽ എന്നിടക്ക് തോന്നാതിരുന്നില്ല.

മാൽകം എക്സിന്റെ ഖബർ കാണാൻ പോകുന്ന വേളയിലും ഗിസയിലെ പിരമിഡുകൾ നോക്കിനിൽക്കുമ്പോളും ഓഷ്‌വിറ്റ്സിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിലൂടെ നടക്കുമ്പോളും മനുഷ്യചരിത്രത്തിന്റെ സംത്രാസങ്ങളും സന്താപങ്ങളും യാത്രികനെ മഥിക്കുന്നുണ്ട്. സമകാലീന ലോകത്തിന്റെ വംശഹത്യാ ഭീഷണികളെ പ്രതി ആശങ്കപ്പെടുന്നു. സമകാലീന ഇന്ത്യയിലെ വെറുപ്പിന്റെ രാഷ്ട്രീയത്തോടുള്ള ഗൗരവമുള്ള ചോദ്യങ്ങളും വേവലാതികളും രചനയിൽ പലയിടങ്ങളിലായി നിഴലിക്കുന്നു. മലയാളത്തിലെ പ്രവാസമെഴുത്തിൽ ഒരു വ്യത്യസ്‌ത രചനയായി ഇതിനെ കണക്കാക്കാം.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *