Lagi Bina | മുറിവിന്റെ ഉണർവുകൾ

സമായെ ബിസ്മിൽ 12 | ‘സുപ്രഭാതം’ ഞായർ പതിപ്പ്

എം നൗഷാദ്

മുറിവിലൂടെയാണ് വെളിച്ചം പ്രവേശിക്കുന്നത് എന്നൊരു നിരീക്ഷണം റൂമി മസ്നവിയിൽ നടത്തുന്നുണ്ട്. വിളളലുകളിലൂടെ ഒരു മുറിക്കകത്തേക്ക് വെയിലോ നിലാവോ വന്നുകയറും പോലെ ഹൃദയത്തിന്റെ മുറിവുകൾ, കടുത്ത വേദനകൾ, നമ്മെ കൂടുതൽ വെളിച്ചവും തെളിച്ചവുമുളള മനുഷ്യരാക്കിത്തീർക്കുന്നു. അഥവാ അതാണതിന്റെ സാംഗത്യം. ദുരന്തങ്ങളാണ് ദൈവാസ്തിത്വത്തിന്റെ ഒരു നിദർശനമെന്ന് ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ആത്മീയവും വൈകാരികവുമായ മുറിവുകൾ നമുക്കുളളിലെ ഏറ്റവും സുന്ദരമായതിലേക്കും ഏറ്റവും വിരൂപമായതിലേക്കും തുറന്നിടപ്പെടുന്ന വാതിലുകളാണ്. ഏത് വേണമെടുക്കാനെന്നത് ഉളളിലെ വിവേകത്തിന്റെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക് ആവശ്യമുളള പാഠങ്ങൾ അയാളിലേൽക്കുന്ന മുറിവുകളിലുണ്ട്, മുറിവുകളെ ശ്രദ്ധിക്കുകയാണെങ്കിൽ. മസ്നവിയും ഗീതാഞ്ജലിയും ആരംഭിക്കുന്നത് ഒരേ രൂപകത്തിൽ നിന്നാണ്: ഓടക്കുഴലിനു മുളങ്കാട്ടിലേക്ക് മടങ്ങിച്ചെല്ലാനുളള വെമ്പൽ. വേരിൽ നിന്ന്, സ്വർഗത്തിൽ നിന്ന്, ഉണ്മയുടെ പൂർണതയിൽ നിന്നു വേർപെടുത്തപ്പെട്ടവരാണ് നാമെല്ലാവരും. പക്ഷേ ആ വിരഹതീവ്രതയിൽ നിന്നാണ്, മുളന്തണ്ടിൽ വീണ തുളകളിൽ നിന്നാണ് സംഗീതമുണ്ടാകുന്നത്. ഒരുവനെ ജീവിതം എത്രമാത്രം ആദരിച്ചിരിക്കുന്നു എന്നതിന്റെ പതക്കങ്ങളാണയാളുടെ മുറിപ്പാടുകൾ എന്ന് സെൻ ഗുരുക്കൻമാർ പറയും. വീണുടയുന്ന സ്ഫടികചഷകങ്ങൾ വലിച്ചെറിയുന്നതിനു പകരം അവയുടെ പൊട്ടുകളിലൂടെ സ്വർണം പൂശി ഒട്ടിച്ച് ഏറ്റവും മുന്തിയ അതിഥികൾക്കതിൽ ചായ പകരുന്ന ജാപ്പനീസ് പാരമ്പര്യം (കിന്സുഗി) മുറിവുകളുടെ മൂല്യത്തെ അടിവരയിടുന്നു.

ഹീർ രാഞ്ച പോലുളള ജനകീയ ഇതിഹാസങ്ങളുടെ രചയിതാവായ പഞ്ചാബി സൂഫികവി വാരിസ് ഷാഹ് എഴുതിയ കലാമാണ് “ലഗീ ബിനാ”. മുറിവേറ്റുണർന്നിരിക്കുന്ന ഹൃദയത്തിന്റെ പാട്ട്. പാക്കിസ്താനി സൂഫീനാടോടി സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ സഈൻ സഹൂർ അഹ്മദും യുവ സൂഫീഗായിക സനം മർവിയും ചേർന്ന് കോക് സ്റ്റുഡിയോക്കുവേണ്ടി അവതരിപ്പിച്ച ഭാഷ്യമാണിത്. 1945ൽ പാക് പഞ്ചാബിലെ ഒരു ഗ്രാമീണ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന നിരക്ഷരനായ സഈൻ സഹൂർ തന്റെ ജീവിതത്തിലെ ബഹുഭൂരിഭാഗവും ചെലവഴിച്ചത് പാക്കിസ്താനിലെ ദർഗകളിൽ പാടിനടന്നാണ്. ബുല്ലേ ഷാഹ് തന്നെ വിളിക്കുന്നതായി സ്വപ്നം കണ്ട് നന്നേ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിയ സഹൂർ ദർഗകളിലൂടെ, തന്റെ സഹചാരിയായ ഏക്താര മീട്ടി പാടിയലഞ്ഞു. 1989ൽ നടന്ന ഒരു സംഗീതസമ്മേളനത്തിൽ  പാടിയതോടെയാണ്, നീണ്ട തേങ്ങലുകളെ ഉളളിൽ പേറുകയാണെന്ന് തോന്നിപ്പിക്കുന്ന സഹൂറിന്റെ അനുപമമായ ഘനസ്വരം പാക്കിസ്താനിലെ മുഖ്യധാരാസംഗീതലോകം ശ്രദ്ധിക്കുന്നത്. പിന്നീട് 2006ൽ ബി.ബി.സി ലോകസംഗീത അവാർഡിനു നോമിനേറ്റു ചെയ്യപ്പെടുമ്പോൾ പോലും വിപണിയിൽ അദ്ദേഹത്തിന്റെ റെക്കോർഡുകൾ ലഭ്യമായിരുന്നില്ല. ഇന്ന് വിവിധ വിദേശനഗരങ്ങളിൽ സഹൂറിന്റെ ഭാഷ അറിയുന്നവരും അറിയാത്തവരുമായ ജനാവലി അദ്ദേഹത്തെ കേൾക്കാനിരിക്കുന്നു. ബുല്ലേ ഷായുടെ കലാമും കൂടിച്ചേർന്നതാണീ ആലാപനം.

The song link: https://www.youtube.com/watch?v=I3tS2oTUvHI

ലഗീ ബിനാ | വാരിസ് ഷാഹ് 

എവിടേക്കുതിരിഞ്ഞാലും കാണുന്നു 
ഞാനെന്റെ പ്രിയതമന്റെ വർണങ്ങൾ. 
അവന്റെ ചമയങ്ങൾ തേടിപ്പോയ
ഞാനതിൽ കുളിച്ചുധന്യയായി.. 

എന്റെ സുന്ദരപ്രിയതമാ വന്നണയൂ, 
ഈ വീട്ടിലേക്ക് വേഗം പോരൂ..

ആരുമുണർന്നിരിക്കുന്നില്ല, രാവുമുഴുവൻ 
ആരുമുണർന്നിരിക്കുന്നില്ല, 
സ്നേഹം കൊണ്ടുള്ളു മുറിഞ്ഞവരല്ലാതെ. 
ആരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ തമ്പുരാനേ
നീയുണർത്തിവെച്ചവരല്ലാതെ, 
മറ്റാരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ. 
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ
മറ്റാരും പ്രാർത്ഥിച്ചുരാവുതീർക്കുന്നില്ല.

ഏതാനും യാമമുണർന്നിരിക്കാൻ ആർക്കുമാവും  
രാവുമുഴുവൻ ദുആയിൽ ലയിക്കാനാവില്ല. 
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞാലല്ലാതെ, 
രാവുനീളെ പ്രാർത്ഥിച്ചുകരയാനാവില്ല.

ലോകത്തിന്റെ ആഘോഷമേളമിവിടുണ്ട് 
അത് പൊലിഞ്ഞുതീരും.
നമുക്കാ മേളമൊന്നു കണ്ടുവരാം 
ഒടുക്കം മരിച്ചുവിടപറയേണ്ടവരല്ലോ നമ്മൾ 
നമുക്കാ മേളമൊന്നു കണ്ടുവരാം. 
ആദ്യത്തെ മേളം തമ്പുരാനൊരുക്കി: 
അവന്റെ കൽപനയാൽ 
മാലാഖമാർ സാഷ്ടാംഗം വീണു, 
സാത്താനപ്പോൾ ആദമിനെക്കണ്ടസൂയ പൂണ്ടു. 
നമുക്കാ മേളമൊന്നു കണ്ടുവരാം 
ഒടുക്കം മരിച്ചുവിടപറയേണ്ടവരല്ലോ നമ്മൾ.. 

ആരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ 
ആരുമുണർന്നിരിക്കുന്നില്ല. 
ദുഃഖഭാരം കൊണ്ട് ദുഖിതർ ഉണർന്നിരിക്കും 
ഉള്ളിലാനന്ദം പേറുന്നവരാരും ഉണർന്നിരിക്കുന്നില്ല. 
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ 
രാവുവുനീളെ പ്രാർത്ഥനയിൽ ലയിക്കുന്നില്ലാരും. 

ബുല്ലേ ഷാഹ് ഗുരുവെ പ്രീതിപ്പെടുത്താൻ വെമ്പുന്നു,
ഒരു ദർശനമെങ്കിലുമാശിച്ച്. 
ഗുരുവെ കാംക്ഷിച്ച് ബുല്ലേ നൃത്തമാടുന്നു,
ഒടുവിലൊരു ദർശനം നേടുന്നു.

എന്റെ പ്രിയനേ, അല്ലാഹുവേ… 
ആരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ 
ആരുമുണർന്നിരിക്കുന്നില്ല, 
സ്നേഹം കൊണ്ടുള്ളു മുറിഞ്ഞവരല്ലാതെ… 
നീയുണർത്തിവെച്ചവരല്ലാതെ… 

 

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *