Laal Meri Pat | കലന്ദറുകളുടെ കാവൽ

സമായെ ബിസ്മിൽ 13 | ‘സുപ്രഭാതം’ ഞായർ പതിപ്പ്

എം നൗഷാദ്

കലന്ദറുകളുടെ കാവൽ

Image Courtesy: SindhiDuniya.com

ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യൻ ഖവാലി പാരമ്പര്യത്തിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് “ലാൽ മേരി പത്” എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേൾവിക്കാരെ അതിൽ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്.  ഇതിഹാസഗായകരുടേതുൾപ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വെച്ചുനോക്കുമ്പോൾ പതിമൂന്നാം നൂറ്റാണ്ടു മുതലേ പാടിപ്പോരുന്ന ഒരു നാടൻ മിസ്റ്റിക് കവിതയെ സംബന്ധിച്ച് അതിസ്വാഭാവികമാണാ വൈവിധ്യം.

പതിമൂന്നാം നൂറ്റാണ്ടിലെ സിന്ധിൽ ജീവിച്ചിരുന്ന സൂഫീവര്യനായിരുന്നു ഷഹബാസ് കലന്ദർ. ഏകാകികളായി അലഞ്ഞുതിരിയുന്ന സൂഫികളെ ദക്ഷിണേഷ്യയിൽ പൊതുവെ വിശേഷിപ്പിക്കുന്ന പേരാണ് കലന്ദറുകൾ എന്നത്. മൗലികമായി ആന്തലൂസിലെ കലന്ദർ യൂസുഫ് അൽ അന്തലൂസിയയിൽ നിന്നുതുടങ്ങുന്നു അവരുടെ സിൽസില. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖുറാസാനിലും മറ്റുദേശങ്ങളിലും ജനകീയമായിരുന്ന കലന്ദരികളെ മുസ്ലിം ആത്മീയമണ്ഡലം സമാദരിക്കുകയും പലപ്പോഴും വലിയ്യുകൾക്കും മീതെയുളള പദവി നൽകിപ്പോരുകയും ചെയ്തു. ദിവ്യാനുരാഗസീമയിൽ മതിഭ്രമത്തിലെന്നു തോന്നിക്കുന്ന അവസ്ഥകളിലൂടെ കടന്നുപോകുന്ന കലന്ദറുകൾ എണ്ണമററ മനുഷ്യർക്ക് ശമനവും വെളിച്ചവും നൽകുന്നു. ഇമാം ഹുസൈന്റെ പിന്തുടർച്ചക്കാരനായി ഗണിക്കപ്പെടുന്ന ഷഹബാസ് കലന്ദർ പലപേരുകളിൽ അറിയപ്പെട്ടിരുന്നു. മുസ്ലിംകൾക്കു പുറമെ സിന്ധിലെ ഹൈന്ദവസമുദായവും അദ്ദേഹത്തെ ആദരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുപോന്നു. ത്സൂലേലാൽ എന്ന തങ്ങളുടെ ദൈവത്തിന്റെ അവതാരമായിപ്പോലും ഷഹബാസ് കലന്ദറിനെ സിന്ധിഹൈന്ദവർ കരുതിപ്പോന്നു. സദാ ചെമന്നവേഷമണിഞ്ഞു നടന്നിരുന്ന ഷഹബാസ് കലന്ദറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ അനുയായികളും ചെമപ്പമണിഞ്ഞു ജീവിക്കുന്നു, വിശിഷ്യാ കലന്ദറിന്റെ മഖ്ബറ നിലകൊളളുന്ന സെഹ്‌വാനിലും സമീപദേശങ്ങളിലും. മഹാന്മാരുടെ ശവകുടീരത്തിൽ വിളക്ക് തെളിയിക്കുക എന്നത് ആഗ്രഹനിവൃത്തിക്കുള്ള ഒരു സ്നേഹോപഹാരമായി കരുതപ്പെടുന്നുണ്ട് ചില ദർഗ്ഗകളിൽ. അതേപ്പററിയുളള പരാമർശം കവിതയിൽ വരുന്നുണ്ട്.

​Nusrat Fateh Ali Khan sings{ https://www.youtube.com/watch?v=MBjaZ7rZpXAAbida Parveen: https://www.youtube.com/watch?v=fmWHDo1j3g8

ലാൽ മേരി പത്

ചെമപ്പണിഞ്ഞ എന്റെ വന്ദ്യഗുരോ, 
സിന്ധിന്റെ തോഴനേ, 
സെഹ്‌വാന്റെ യജമാനനേ 
ഷഹബാസ് കലന്ദർ, 
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ…

നിശ്വാസമോരോന്നിലും 
ദിവ്യാനുരാഗലഹരി പിടിച്ചുഴലുന്നു കലന്ദർ  
ഓരോ ശ്വാസത്തിലുമുള്ളിൽ അലി, അലിയെന്ന സ്നേഹം.

നിന്റെ മഖാമിലെപ്പോഴും കത്തുന്നു നാല് ചെരാതുകൾ,
അഞ്ചാമതൊരെണ്ണം തെളിയിക്കാനിതാ ഞാൻ വരുന്നു.
അഞ്ചാമത്തേതു തെളിയിക്കണമെനിക്ക്.
സിന്ധിന്റെ തോഴനേ, 
സെഹ്‌വാന്റെ യജമാനനേ 
ഷഹബാസ് കലന്ദർ…  
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ..

ഹിന്ദിലും സിന്ധിലുമെങ്ങും  
മണികളായ് മുഴങ്ങട്ടെ നിന്റെ നാമം,
തിളങ്ങട്ടെ നിന്റെ നായകത്തം 
മണിമുഴങ്ങട്ടെ രാവിലുടനീളം നിനക്കായ്.

ചെമപ്പണിഞ്ഞ എന്റെ വന്ദ്യഗുരോ, 
സിന്ധിന്റെ തോഴനേ, 
സെഹ്‌വാന്റെ യജമാനനേ 
ഷഹബാസ് കലന്ദർ…  
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ..

നിനക്ക് ക്ഷേമമായിരിക്കട്ടെ,
എങ്ങുമെപ്പോളും നിന്റെ നന്മക്കായി തേടുന്നു ഞാൻ 
അലിയുടെ നാമത്തിൽ.
ചെമപ്പണിഞ്ഞ എന്റെ വന്ദ്യഗുരോ, 
സിന്ധിന്റെ തോഴനേ, 
സെഹ്‌വാന്റെ യജമാനനേ 
ഷഹബാസ് കലന്ദർ…  
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ… 

 

 

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *