Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ

സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്

ആയിത്തീരലുകളുടെ ആളൽ

സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം മുന്നോട്ടും പിന്നോട്ടുമുളള യാത്രയാണത്. അനശ്വരമായ പൂർണതയിലേക്കുള്ള പുരോയാനം നശ്വരമായ കലർപ്പുകളിൽ നിന്നു മുക്തമാകൽ കൂടിയാണ് എന്ന അർത്ഥത്തിൽ. പടിപടിയായി ഓരോന്നായിത്തീരുകയും അടുത്തഘട്ടത്തിൽ അതിനെ നിഷേധിച്ച് അതിലപ്പുറമുള്ള മറ്റൊന്നിലേക്കു മുന്നേറുകയും ചെയ്യുന്ന ആയിത്തീരലുകളുടെയും അതിജയിക്കലിന്റെയുമൊരു തുടർച്ച ഈ കവിതയിൽ കാണാം.

ജയ്‌പൂരിൽ ജനിച്ചുവളർന്ന് വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ കവിയും പണ്ഡിതനും ദാർശനികനുമായിരുന്നു ഹസ്‌റത്‌ സഹീൻ ഷാഹ് താജി (ശരിയായ പേര് മുഹമ്മദ് തൗസീൻ). ഖലീഫ ഉമർ ഫാറൂഖിന്റെ പരമ്പരയിൽ പെട്ട ഇദ്ദേഹം ചിശ്തിയ ത്വരീഖത്താണ് പിന്തുടർന്നിരുന്നത്. ബഹുഭാഷാപണ്ഡിതനായിരുന്ന സഹീൻ ഷാഹ് മഹാസൂഫികളായിരുന്ന ഇബ്‌നു അറബിയുടെയും മൻസൂർ ഹല്ലാജിന്റെയും വിശ്രുതരചനകൾ ഉർദുവിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ആബിദ പർവീൻ പാടിയ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിനാധാരം.  

Listen to Abida Parveen:

ജീ ചാഹേ തോ ശീഷ ബൻ ജാ | ഹസ്‌റത്‌ സഹീൻ ഷാഹ് താജി  

നിനക്കു വേണമെങ്കിലൊരു കോപ്പയാവുക,
നിനക്കു വേണമെങ്കിലൊരു ചഷകമാവുക.
കോപ്പയും ചഷകവുമായിട്ടെന്ത്,
നീ വീഞ്ഞാവുക, മദ്യശാലയാവുക.

വീഞ്ഞും മദ്യശാലയുമായി മാറി
നീയൊരുന്മാദകഥനമാവുക.  
ഒരുന്മാദകഥയായിമാറി നീ
ജീവിതത്തോടന്യനായിത്തീരുക.

ജീവിതത്തോടന്യനായിത്തീരൽ
ഒരുന്മാദകഥയായിമാറൽ,  
അതായിത്തീരലും ഇതായിമാറലും…  
അതിലൊക്കെ ഭേദം നീയൊരു പ്രണയാന്മാദിയാവലാണ്!

പ്രണയോന്മാദിയായി മാറുന്നതിലും നല്ലത്
പ്രണയോന്മാദിയായിരിക്കലാണ്.  
അതിലുമെത്രയോ നല്ലത്
പ്രണയിനിയുടെ വീട്ടുവാതിൽക്കലെ മണ്ണാവലാണ്.

പ്രണയിനിയുടെ വീട്ടുവാതിൽക്കലെ മണ്ണെന്ത്
സ്നേഹിക്കുന്നവരുടെ കണ്ണിലെ സുറുമയാവുക.  
മെഴുകുതിരിയുടെ ഹൃദയത്തിലെ കുളിർമയാവുക,
ഹൃദയജ്വാലയിലെ ഈയാംപാറ്റയാവുക.

ഉള്ളിൽനിന്നാളിക്കത്താൻ, പ്രിയനേ പഠിക്കുക,
നാളമോരോന്നിലും കത്താൻ വെമ്പുന്നതെന്തിനു നീ?
അകത്തുള്ള തീയിൽ വെന്തുനീയുരുകുക
അങ്ങനെതീരുമൊരീയാംപാറ്റയാവുക!  

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *