Aaj Rang Hai |നിറപ്പകിട്ടിന്റെ മേളം

ആജ് രംഗ് ഹേ | സമായെ ബിസ്‌മിൽ 07 |‘സുപ്രഭാതം’ ഞായർ പതിപ്പ് 
എം നൗഷാദ് 

ഇനിയീ ജന്മത്തിനെന്തൊരു തിളക്കം  

ആയിരക്കണക്കിന് അനുയായികൾക്കിടയിൽ ദില്ലിയിലെ 22 ദർവീശുമാർ ഹസ്‌റത് നിസാമുദ്ദീൻ ഔലിയയുടെ പ്രിയശിഷ്യരായിരുന്നു, അമീർ ഖുസ്രുവും അവരിൽ ഉൾപ്പെടുന്നു. ഒരിക്കൽ ഔലിയ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചതായി പറയപ്പെടുന്ന ഒരു കഥ ഈ ഖവാലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുനാൾ അദ്ദേഹം തന്റെ 22 ശിഷ്യരോടൊപ്പം ദില്ലി നഗരവും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങുകയായിരുന്നു. സന്ധ്യയായപ്പോൾ ശിഷ്യരോട് പ്രത്യേകിച്ചൊന്നും പറയാതെ അദ്ദേഹം ഒരു വേശ്യാലയത്തിലേക്ക് കയറിച്ചെന്നുവത്രെ. ഞെട്ടിപ്പോയ ശിഷ്യർ ആശയക്കുഴപ്പത്തിലായി. മിക്കവാറും പേർക്ക് ഗുരുവിന്റെ ഈ പ്രവർത്തി ഒട്ടും ദഹിച്ചില്ല. എങ്കിലും അദ്ദേഹം ഇപ്പോൾ വരുമെന്ന് കരുതി അവരെല്ലാം അവിടെത്തന്നെ നിന്നു. അവിടത്തെ മുഖ്യവേശ്യയാവട്ടെ നിനച്ചിരിക്കാതെ വന്ന അതിഥിയെയും കൊണ്ട് ആദരപൂർവം മുകൾനിലയിലെ ബാൽക്കണിയിലേക്ക് ചെന്ന് അവിടെ സൽകരിച്ചിരുത്തി. എന്തു സമ്മാനമാണ് വേണ്ടത് എന്ന് ആ സ്ത്രീ അദ്ദേഹത്തോട് ചോദിച്ചു. മദ്യക്കുപ്പി പോലെ തോന്നിക്കുന്ന ഒരു പാത്രത്തിൽ കുറച്ചു കുടിവെള്ളം കൊണ്ടുവരാൻ നിസാമുദ്ദീൻ ആവശ്യപ്പെട്ടു. അവർ വളരെ പെട്ടെന്ന് അതെത്തിക്കുകയും നിസാമുദ്ദീൻ ബാൽക്കണിയിൽ ഇരുന്ന് താഴെയുള്ള ശിഷ്യർ കാണെ അത് പാനം ചെയ്യുകയും ചെയ്തു. അതുകണ്ട കുറെ ശിഷ്യർ പറഞ്ഞു: “നോക്കൂ, ഈ മനുഷ്യനെ നമ്മൾ ഇത്രയും കാലം തെറ്റിദ്ധരിച്ചു. ഇയാൾ ഒരു ദിവ്യനൊന്നുമല്ല. ഒരു വേശ്യയോടൊപ്പമിരുന്ന് മദ്യം കഴിക്കുന്നത് കണ്ടില്ലേ, ഇനി നിൽക്കണ്ട, നമുക്ക് പോകാം.” കുറെ പേർ അപ്പോൾ തന്നെ അവിടന്ന് പോയി. രാത്രി വീണ്ടും വൈകി. ശിഷ്യർ ഓരോരുത്തരായി സ്ഥലം കാലിയാക്കികൊണ്ടിരുന്നു. രാത്രി മുഴുവനും പ്രാർത്ഥനയിലും ദൈവസ്മരണയിലും മുഴുകിയിരിക്കുകയായിരുന്ന ഗുരു നേരം വെളുത്തപ്പോൾ തെരുവിലേക്ക് ഇറങ്ങി വന്നു, അവിടെ അമീർ ഖുസ്രു മാത്രമാണപ്പോൾ ഉണ്ടായിരുന്നത്. “എല്ലാവരും പോയല്ലേ”, ഗുരു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ഖുസ്രു തലകുലുക്കി. “നീയെന്തേ പോയില്ല?” അദ്ദേഹം അന്വേഷിച്ചു. “ഹുസൂർ, എനിക്കും വേണമെങ്കിൽ പോകാമായിരുന്നു. പക്ഷെ എവിടെപ്പോയാലും അങ്ങയുടെ കാൽക്കീഴിലേക്കല്ലാതെ മറ്റെങ്ങോട്ടാണെനിക്ക് പിന്നെയും വരാനുള്ളത്?” ഔലിയ അദ്ദേഹത്തെ ചേർത്തുപിടിച്ചു. “നിന്റെ കാത്തിരിപ്പവസാനിച്ചിരിക്കുന്നു, നീയീ പരീക്ഷണത്തിൽ ജയിച്ചു, നീയെന്നും ജയിക്കും”, നിസാമുദ്ദീൻ ഔലിയ പറഞ്ഞു.       
 
മൗലാനാ ജലാലുദ്ദീൻ റൂമിക്ക് ഷംസ് തബ്രീസ് എങ്ങനയെയായിരുന്നോ അതിനു സമാനമായിരുന്നു അമീർ ഖുസ്‌റുവിന് ഹസ്‌റത്‌ നിസാമുദ്ദീൻ ഔലിയ എന്ന് പറയപ്പെടാറുണ്ട്. ഷംസിന്റെയും നിസാമുദ്ദീൻ ഔലിയയുടെയും വ്യക്തിത്വത്തിലുള്ള സാമ്യതകളെക്കാളും പ്രിയശിഷ്യരിൽ അവർ വരുത്തിയ പരിവർത്തനങ്ങളുടെ കാര്യത്തിലാണ്  താരതമ്യം കൂടുതൽ സംഗതമാവുക. കൊട്ടാരം കവിയായിരുന്ന ഖുസ്രുവിനെ ആത്മീയജ്ഞാനത്തിലേക്കും അഭൗതികപ്രമേയങ്ങളിലേക്കും നിഗൂഢതത്വങ്ങളിലേക്കും വലിച്ചാകർഷിച്ചത് നിസാമുദ്ദീൻ ഔലിയ ആയിരുന്നുവല്ലോ. തന്റെ വന്ദ്യഗുരുവിനെ കണ്ടെത്തിയ അനുഭവം മാതാവിന് വിശദീകരിച്ചു കൊടുക്കുന്ന രീതിയിലാണ് “ആജ് രംഗ് ഹേ” എന്ന അതിപ്രസിദ്ധമായ ഈ ഖവാലി രചിക്കപ്പെട്ടിട്ടുള്ളത്. രംഗ് എന്ന വാക്ക് നിറം എന്ന കേവലാർത്ഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്. ആത്മീയപ്രഭയുടെ ഉത്സവസമാനമായ വെളിച്ചവും നിറപ്പകിട്ടുമാണ് ഉദ്ദേശ്യം. വെടിയേറ്റ് കൊല്ലപ്പെട്ട പാകിസ്താനി ഗായകൻ അംജദ് സബ്‌രി കോക്ക് സ്റ്റുഡിയോക്ക് വേണ്ടി റാഹത് ഫതേഹ് അലി ഖാനോടൊപ്പം ആലപിച്ചു ഈയിടെ ഏറെ ജനകീയമായ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിന് പ്രധാനമായും അവലംബം. വേറെയും ഭാഷ്യങ്ങൾ ലഭ്യമാണ്, അവയിൽ നിന്നുള്ള വരികളും ഔചിത്യപൂർവം  ഉപയോഗിച്ചിട്ടുണ്ട്. ഹസ്‌റത് നിസാമുദ്ധീൻ ഔലിയയെ വർണിച്ച് പാടുമ്പോളും ദക്ഷിണേഷ്യയിലെ പ്രമുഖരായ മറ്റനവധി സൂഫിഗുരുക്കന്മാരെയും അതേ സ്നേഹത്തോടെ അനുസ്മരിക്കുന്നതിന്റെ ഭംഗിയും ഇവിടെ കാണാം.

Listen here (Amjad Sabri, Rahat Fateh Ali Khan)
https://www.youtube.com/watch?v=Uks8psEpmB4

Nurat Fateh Ali Khan
https://www.youtube.com/watch?v=_8Yiv5aynUk
ആജ് രംഗ് ഹേ | അമീർ ഖുസ്‌റു 
 
ചുമരിലെ ചെരാതുകളേ, 
എനിക്ക് പറയാനുള്ളതൊന്നു കേൾക്കൂ.  
ഈ രാവിൽ 
എന്റെ പ്രണയഭാജനം വീടണയുകയാണ്, 
ഇന്നുറങ്ങാതെ വെളിച്ചം പരത്തണം നിങ്ങൾ. 
 
ഈ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്,   
എന്റെ ഉമ്മാ..  
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!  
 
എന്റെ ഖാജയുടെ വീട്ടിലെന്തൊരു നിറപ്പകിട്ടാണ്,  
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്,   
എന്റെ ഉമ്മാ..  
ഈ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!  
 
ഇന്നെന്റെ പ്രണയഭാജനം 
എന്റെ വീട്ടിലെത്തിയിരിക്കുകയാണ്, 
ഈ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്.  
എന്റെ പ്രണയിതാവെന്റെ വീട്ടിൽ, 
എന്റെ സ്നേഹിതനെന്റെ വീട്ടിൽ, 
ഈ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!
 
ഞാനെന്റെ പ്രിയഗുരു 
നിസാമുദ്ദീനെ കണ്ടെത്തിയിരിക്കുന്നു, 
നിസാമുദ്ദീൻ ഔലിയയാണെന്റെ വന്ദ്യഗുരു.  
ഞാനെന്റെ പ്രിയഗുരു 
അലാവുദ്ദീനെ കണ്ടെത്തിയിരിക്കുന്നു. 
ഞാനെന്റെ പ്രിയഗുരു 
നിസാമുദ്ദീനെ കണ്ടെത്തിയിരിക്കുന്നു.
എവിടൊക്കെ നോക്കിയാലും 
അവനുണ്ട് കൂടെ, എന്റെയുമ്മാ.. 
 
നാട്ടിലും പുറംനാട്ടിലും 
ഞാനലഞ്ഞുതേടിയതവനെയായിരുന്നു, 
നിന്നെത്തേടി ഞാനലയാത്ത നാടില്ല. 
എന്റെ ഉള്ളിനെ വലിച്ചടുപ്പിച്ചത് 
നിന്റെ വർണമല്ലോ നിസാമുദ്ദീൻ. 
എന്നെ തീർത്തും വശപ്പെടുത്തിയത്  
നിന്റെ വെളിച്ചമല്ലോ നിസാമുദ്ദീൻ. 
മറ്റെല്ലാം മറന്നുപോയി ഞാനുമ്മാ.. 
അത്രമേൽ തേജസാർന്നതൊന്നും
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാൻ.     
അവൻ ഈശന്റെ പ്രിയതോഴൻ, 
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!
 
ലോകമെങ്ങും ഞാനലഞ്ഞത് 
എല്ലാം തികഞ്ഞൊരു പ്രണയംതേടി.
ഒടുവിലീ മുഖമെന്റെ മനം നിറച്ചു, 
മുഴുലോകവുമപ്പോളെനിക്കായ്‌ തുറന്നു, 
ഇതുപോലൊരു പ്രഭയും മുമ്പെങ്ങും കണ്ടില്ല ഞാൻ. 
പ്രിയതോഴാ, 
നീയെന്നെ നിന്റെ ചായം മുക്കിയേക്കുക, 
വസന്തത്തിന്റെ ചായം. 
നിനക്കെന്തൊരു കാന്തിയാണ്, 
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!    
 
ഖുസ്‌റു, വിവാഹരാത്രി 
ഞാനുറങ്ങാതിരുന്നു പ്രിയതമയോടൊപ്പം. 
എന്റെ ശരീരവും അവളുടെ മനവും 
ഒരേചായത്തിൽ മുങ്ങി.   
അത്രമേൽ തേജസാർന്നതൊന്നും 
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാൻ.. 
അവൻ ഈശന്റെ പ്രിയതോഴൻ 
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!  
 
ഞാൻ ഗോകുലത്ത് ചെന്നു, 
മഥുരയിലലഞ്ഞു.  
പൂർവദേശങ്ങളിലും  
പശ്ചിമദേശങ്ങളിലും സഞ്ചരിച്ചു,
തെക്കും വടക്കും എത്തിച്ചേർന്നു,
എവിടെയും നിന്നെപ്പോലൊരുജ്വലത കണ്ടില്ല. 
അത്രമേൽ തേജസാർന്നതൊന്നും 
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാൻ..     
അവൻ ഈശന്റെ പ്രിയതോഴൻ, 
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!  
 
ലോകം ചുറ്റിയലഞ്ഞു ഞാൻ, അല്ലാഹുവേ..  
നിന്റെ അപാരസൗന്ദര്യത്തോടു 
തുലനം ചെയ്യാനൊന്നും കണ്ടില്ല. 
എണ്ണമറ്റ സുന്ദരിമാരെയും അതിഗംഭീരരേയും കണ്ടു, 
നിന്റെ ഭംഗിയോട്‌ തട്ടിക്കാവുന്നതൊന്നു-
മെങ്ങും കണ്ടില്ല… 
ഇന്നീ ദിവസത്തിനെന്തൊരു  നിറപ്പകിട്ടാണ്!  
 
അത്രമേൽ തേജസാർന്നതൊന്നും 
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാൻ..     
അവൻ ഈശന്റെ പ്രിയതോഴൻ. 
ഇന്നീ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്!  
 
ഖാജാ നിസാമുദ്ദീൻ ലോകത്തെ വെളിച്ചമുറ്റതാക്കുന്നു, 
മുഴുലോകത്തെയും തെളിച്ചമുറ്റതാക്കുന്നു, 
അലാവുദീൻ സാബിർ ലോകത്തെ വെളിച്ചമുറ്റതാക്കുന്നു. 
 
മേഘങ്ങൾ മാധുര്യം പൊഴിക്കുന്നു,   
ദില്ലിയിലെ ദർവേശുകളുടെ ഭവനങ്ങളിൽ, 
അനുഗ്രഹീതകാരുണ്യത്തിന്റെ തിരയടിയൊന്നു നോക്ക്.. 
 
മേഘങ്ങൾ മാധുര്യം പൊഴിക്കുന്നു:    
ഖാജാ ഫരീദുദീൻ ഗഞ്ച് ശക്കർ, 
ഖുതുബുദ്ദീൻ കാക്കി, 
ഖാജാ മുയീനുദ്ദീൻ ചിഷ്തി,
ഖാജാ നസീറുദ്ദീൻ ചിരാഗ്, 
ലോകത്തെ വെളിച്ചമുറ്റതാക്കുന്നു.
ഇന്നീ ദിവസത്തിനെന്തൊരു  നിറപ്പകിട്ടാണ്!  
 
ചിരാഗ് ദഹ്ലവിയുടെ പ്രിയതോഴൻ 
ഇന്നെന്റെ പ്രണയഭാജനമായിരിക്കുന്നു.
ഇന്നീ ദിവസത്തിനെന്തൊരു  നിറപ്പകിട്ടാണ്!  
 
നിസാമുദ്ദീൻ ഔലിയ 
ലോകത്തെ വെളിച്ചമുറ്റതാക്കുന്നു. 
ഇന്നീ ദിവസത്തിനെന്തൊരു  നിറപ്പകിട്ടാണ്!  
 
നിന്റെ രൂപത്തോട് സാമ്യപ്പെട്ടൊരാളുമില്ല 
നിന്റെ ചിത്രവും പേറിയാണ് ഞാനെങ്ങും പോകുന്നത്. 
നിസാമുദ്ദീൻ ഔലിയ 
ലോകത്തെ വെളിച്ചമുറ്റതാക്കുന്നു. 
ചോദിക്കുന്നതെന്തും അവൻ സാധിച്ചുതരുന്നു, 
എന്റെ ഉമ്മാ.. 
ഇന്നീ ദിവസത്തിനെന്തൊരു  നിറപ്പകിട്ടാണ്.
ഈ ദിവസത്തിനെന്തൊരു നിറപ്പകിട്ടാണ്.

[Originally published as the seventh part of Sama-e-Bismil column published in Suprabhatham Sunday Supplement.]
Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *