Allahu Hu Allah.. | നീയാണുയിരും ഉണ്മയും 

നീയാണുയിരും ഉണ്മയും

അല്ലാഹ് ഹൂ | സമായെ ബിസ്മിൽ 06 |‘സുപ്രഭാതം’ ഞായർ പതിപ്പ്

എം നൗഷാദ്

50gvnusrat-8c839e07e62688c5b3a562e972ed0ed24e5eec1c-s800-c85സൂഫിസദസ്സുകളിലെ ദൈവാനുസ്മരണത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഏറ്റവും നിഗൂഢവുമായ ശബ്ദമാണ് ‘ഹു’ എന്നത്. എല്ലാ ദിക്റുകളും ഫിക്‌റുകളും (ദൈവികാനുസ്മരണവും ധ്യാനാത്മകചിന്തയും) ചെന്നവസാനിക്കുന്നതും അല്ലാഹുവിനെ ഭാഷയിൽ ആവിഷ്കരിക്കാവുന്നതിന്റെ ഏറ്റവും ചെറുതുമായ, എന്നാൽ അതിവ്യാഖ്യാന വൈപുല്യവുമുള്ള പദമാണ് അറബിയിലെ ‘ഹു’. “അല്ലാഹ് ഹു” എന്നത് പടച്ചവനെ സാക്ഷ്യപ്പെടുത്തിയും ഉറപ്പിച്ചും ബോധ്യപ്പെടുത്തിയും സ്വയംപറയുന്ന നിർവൃതിദായകമായ അവസ്ഥയാണ് ഈ ഖവാലിയിൽ.

ഖവാലി എന്ന സംഗീതരൂപം കണ്ട ഏറ്റവും ഹൃദയഭേദകവും ആത്മാവിനെ തുളച്ചുകയറുന്നതുമായ സ്വരം ഒരുപക്ഷെ ഉസ്താദ് നുസ്രത് ഫതേഹ് അലി ഖാന്റേതാണ്. ഒരുവേള ഖവാലിയുടെ തന്നെ പര്യായമാകാൻ അത്യപൂർവവും അനനുകരണീയവുമായ അദ്ദേഹത്തിന്റെ ആലാപനശൈലിക്ക് സാധിച്ചു. യശഃശരീരനായ ആ അതുല്യഖവാലിന്റെ സ്വരമുദ്ര പതിഞ്ഞ അനശ്വരഗാനമാണ്, ഖവാലി പാരമ്പര്യങ്ങളിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ “അല്ലാഹ് ഹൂ, അല്ലാഹ് ഹൂ”. നുസ്റത്തിന്റെ കൂടാതെ ഐതിഹാസിക ഖവ്വാലുകൾ സാബ്‌രി സഹോദരങ്ങൾ മുതൽ ഖവാലിയേ പാടാത്ത സമീ യൂസഫ് വരെയുള്ളവർ പലതരത്തിലും ഭാവത്തിലും വരികളിലും ഇതവതരിപ്പിച്ചിട്ടുണ്ട്. ഉസ്താദ് നുസ്റത് തന്നെയും സുദീർഘങ്ങളായ ആലാപനങ്ങളും ഭാഷ്യങ്ങളും സന്ദർഭാനുസാരം കൊടുത്ത കലാമാണിത്. അല്ലാഹുവിനെപ്പറ്റി പാടിപ്പുകഴ്ത്തുകയും പറഞ്ഞുപറഞ്ഞു പാടുകയും ചെയ്യുന്ന, ചൊല്ലിപ്പറയുക എന്ന മൂലാർത്ഥമുള്ള ‘ഖവ്വല’യിൽ നിന്ന് വരുന്ന പാട്ടുകളിൽ ഒരുപക്ഷേ ഏറ്റവും സമ്പന്നമായ ഗീതമാണിത്. അനേകം പറച്ചിലുകളും തൽക്ഷണ കവനങ്ങളും ഇതിന്റെ പലഭാഷ്യങ്ങളിൽ കേൾക്കാം. ‘ഹു’ എന്ന ശബ്ദമുപയോഗിച്ചുള്ള ലോലവും ദൈന്യവും കഠാരവുമായ പലസ്ഥായികളിലുള്ള ഉന്മാദലഹരിയാർന്ന അഭിസംബോധനകൾ ഈ ഖവാലിയെ ഏറെ ഉയരത്തിൽ നിർത്തുന്നു. ഉറുദുഭാഷയുടെ ശക്തിസൗന്ദര്യങ്ങളും സഹോദരഭാഷകളിൽ നിന്ന് യഥേഷ്ടം കടം കൊള്ളാനുള്ള അതിന്റെ വിപുലശേഷിയും പൂത്തുല്ലസിക്കുന്ന ഇതിന്റെ വരികൾ മറ്റുഭാഷകൾക്ക് എളുപ്പം വഴങ്ങുന്നതല്ല.

Listen to Nusrat singing Allahu Hu here:
https://www.youtube.com/watch?v=wjynrRhztU8
“അല്ലാഹ് ഹൂ, അല്ലാഹ് ഹൂ..” 
 
അവൻ 
സർവലോകങ്ങളുടെയും തമ്പുരാൻ. 
അവനു കൂട്ടാളികളില്ലാ, 
ഒരേയൊരുവൻ. 
അവനല്ലാതില്ല ഒരീശനും. 
ഷംസ് തബ്രീസ്, നിനക്കവനെ വേണമെങ്കിൽ 
ഉച്ചത്തിലലറ് ഇല്ലൊന്നുമവനല്ലാതെയെന്ന്…
  
ഇരുലോകങ്ങളെയും പടച്ചത് നീ, 
ഇരുലോകങ്ങളുടെയും സാഷ്ടാംഗം നിനക്ക്. 
നീയുണ്ടെന്ന് ഓരോ കണികയും സാക്ഷ്യംപറയുന്നു 
ചുണ്ടിലോരോന്നിലും നിനക്കുള്ള സ്തുതിഗീതങ്ങൾ  
ശ്വാസത്തിലും രാഗത്തിലുമെന്തിലുമേതിലും നീ.
 
എല്ലാ തുടക്കവും നിന്റെ നാമത്തിൽ 
എല്ലാ ഒടുക്കവും നിന്റെ നാമത്തിൽ 
നിനക്കുള്ള സ്തുതിയാണ് അൽഹംദുലില്ലാഹ് 
നീയെന്റെ മുഹമ്മദിന്റെ തമ്പുരാൻ  
അല്ലാഹ് ഹൂ, അല്ലാഹ് ഹൂ 
അല്ലാഹു, അല്ലാഹു… 
 
ഈ ലോകമോ ഭൂമിയോ ഉണ്ടാകുംമുമ്പേ 
ചന്ദ്രനോ സൂര്യനോ ആകാശമോ ഉണ്ടാകുംമുമ്പേ 
നേരിന്റെ പൊരുൾ ഒരാളിലുമെത്തിച്ചേരും മുമ്പേ 
ഇവിടെ യാതൊന്നുമുണ്ടാകും മുമ്പേ 
ഉണ്ടായിരുന്നത് നീ, 
നീമാത്രം 
അല്ലാഹ് ഹൂ, അല്ലാഹ് ഹൂ 
അല്ലാഹു, അല്ലാഹു… ഹൂ… 
 
ഒന്നുമൊന്നുമില്ലാതിരുന്നപ്പോളും 
നീയുണ്ടായിരുന്നു, 
അല്ലാഹു, അല്ലാഹു… ഹൂ…  
 
കാണുന്നതെല്ലാം നിന്റെയഴകിന്റെ കണ്ണാടിച്ചിത്രം. 
സകലം വിളിച്ചുപറയുന്നു 
നീയാണുലകിന്റെ രക്ഷകൻ. 
അല്ലാഹു, അല്ലാഹു… ഹൂ… 
 
നിന്റെ വിശുദ്ധവദനത്തിന്റെ പ്രഭയെന്തുജ്ജ്വലം! 
നീ പ്രപഞ്ചങ്ങളുടെ പരിപാലകൻ, 
എന്നുമെന്നും പാർക്കുന്നവൻ. 
അല്ലാഹു, അല്ലാഹു… ഹൂ… 
 
നീയോരോ നിമിഷവും പുതുമോടികളെ പ്രദർശിപ്പിക്കുന്നു, 
കൗതുകചിത്തങ്ങളെ അതിശയത്തിലഭിരമിപ്പിക്കുന്നു, 
തൈകളും ശിഖരങ്ങളും നീ ഉയിരിട്ടതിന്റെ ഗുണംപാടുന്നു, 
ഇലകളോരോന്നും നിന്റെ വാഴ്‌വിനെ വാഴ്ത്തുന്നു,  
നിന്റെ അലിവിനാലും കരുണയാലും മാത്രം ഞാൻ പുലരുന്നു, 
എന്റെ രാജനും നാഥനും നീ. 
അല്ലാഹു, അല്ലാഹു… ഹൂ… 
 
അന്ന് മിഅറാജിനു പ്രവാചകൻ സ്വർഗത്തോളമെത്തിയ നേരം, 
അടിമക്കും ഉടമക്കുമിടയിലെ മറ നീങ്ങിയ നേരം, 
മുത്തുനബിക്കു മുമ്പിൽ കുനിഞ്ഞുവണങ്ങി മാലാഖമാരോതി, 
സകലപടപ്പുകളിലേക്കും 
നീ സത്യസാക്ഷാത്കാരം.  
അല്ലാഹു, അല്ലാഹു… ഹൂ… 
 
നിന്റെ പകിട്ടാണെങ്ങും 
നീയല്ലാതൊന്നുമില്ല. 
മനസ് തേടുന്നതും മോഹിക്കുന്നതും നീ, 
കണ്ണിലെ വെളിച്ചവും ഉള്ളിന്റെയാരവവും നീ. 
നീയാണുണ്ടായിരുന്നത്, 
നീയാണുള്ളത്, 
നീയാണുണ്ടായിരിക്കുക!
നീ മാത്രം. 
അല്ലാഹു, അല്ലാഹു… ഹൂ… 
 
നീയാണുയിരും ഉണ്മയും  
അതിലൊരു സംവാദവുമില്ല.
നീ മാത്രം,  നീ മാത്രം, 
അതിലിനിയെന്തു സന്ദേഹം? 
എവിടെന്തിന് നോക്കിയാലും ഒരൊറ്റകാഴ്ച,  
നീ മാത്രം,  നീ മാത്രം. 
ഇവിടെവന്നു ഞാനങ്ങുമിങ്ങും നോക്കി, 
നോക്കിയിടത്തെല്ലാം നിന്നെ കണ്ടു.  
നീ മാത്രം,  നീ മാത്രം. 
അതിലിനിയെന്തു സന്ദേഹം? 
അല്ലാഹു, അല്ലാഹു… ഹൂ… 
 
സർവലോകവും സൃഷ്ടിച്ചുവെച്ചത് നീ, 
സർവലോകവും തേടിനടക്കുന്നതും നിന്നെ. 
നാലുപാടും വിളങ്ങിത്തെളിയുന്നു നീ, 
കൂട്ടാളികളില്ലാത്തവൻ,
രാജാധിരാജൻ നീ. 
അല്ലാഹു, അല്ലാഹു… ഹൂ…   
അല്ലാഹ് ഹൂ, അല്ലാഹ് ഹൂ 
– This was originally published as the fifth part of Sama-e-Bismil series in Suprabhatham Sunday Supplement.
Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *