‘ഹവ’: മീൻവലയിൽ കുടുങ്ങുന്ന പെണ്ണും കടലിൽ പെട്ട ആണുങ്ങളും

എം നൗഷാദ്

2022ൽ ഇറങ്ങിയ ബംഗ്ലാദേശി ചലച്ചിത്രം ‘ഹവ’യെപ്പറ്റി ഒരു കുറിപ്പ്. സംവിധാനം മജ്‌ബോർ റഹ്‌മാൻ സുനോർ.

കോക്‌സ് ബസാറിൽ നിന്നും കടലിലേക്ക് പോകുന്ന പരിചയസമ്പന്നരായ മുക്കുവർ. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദീർഘമായ മൽസ്യബന്ധന സഞ്ചാരമാണ്. അവർക്കിടയിലെ ചേരിപ്പോരുകൾ. പഴയ പകകൾ. സൗഹൃദങ്ങൾ. അതിനിടയിലേക്കാണ് സുന്ദരിയായ ഒരു പെൺകൊടി കടലിൽ നിന്നും വലയിൽ കുടുങ്ങി കയറിവരുന്നത്. മൃതദേഹമാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. ജീവനുണ്ടെന്ന് തിരിച്ചറിയുന്നതോടെ ബോട്ടിലെ കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങുന്നു. ബോധമുണർന്നെങ്കിലും ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ ഇരിക്കുന്ന പെൺകുട്ടി മൂകയാണെന്ന് എല്ലാവരും വിചാരിക്കുന്നു.

അവളുടെ നിശബ്ദമായ കേവല സാന്നിധ്യം ബോട്ടിലെ ആണുങ്ങളിലുണ്ടാക്കുന്ന ചെറിയതെങ്കിലും ആഴമുള്ള മാറ്റങ്ങൾ ചിന്തനീയമാണ്. ഉദാഹരണത്തിന് ഒരാൾ കുപ്പായമിടാൻ തുടങ്ങുന്നു. അവരുടെ സ്വാഭാവികമായ ജീവിതത്തെ ഒരു പെണ്ണിന്റെ സാന്നിധ്യം എങ്ങനെയൊക്കെ മാറ്റുന്നു എന്നത് സംവിധായകൻ അത്രയൊന്നും ഗൗരവത്തിൽ പരിഗണിച്ചില്ല എന്നുവേണം കരുതാൻ. ചിലരോട് അവൾ കാണിക്കുന്ന അടുപ്പവും അത് അവരുടെ പകകളിൽ ഉണ്ടാക്കുന്ന ആക്കവും ഊക്കുമാണ് സംവിധായകൻ ശ്രദ്ധിക്കുന്നത്. ഒരു നാടോടിക്കഥയുടെ വശ്യതയും പ്രതീകാത്മകതകളുമുള്ള ഈ കഥയിൽ പക്ഷെ ഈ പെൺകുട്ടി പ്രതികാരദാഹിയായ ഒരുവളാണ്. അവൾക്ക് പറയാൻ ഒരു വൈയക്തിക നഷ്ടത്തിന്റെ കഥയുണ്ട്.

പക്ഷെ പ്രശ്‌നം, ഒരാളോടുള്ള പ്രതികാര ബുദ്ധിയുടെ പേരിൽ ബോട്ടിലെ മുഴുവൻ മനുഷ്യരെയും കൊലക്ക് കൊടുക്കുന്നതിലെ യുക്തിയെന്ത് എന്ന് സിനിമ വിശദീകരിക്കുന്നില്ല എന്നതാണ്. നമുക്ക് ആ സന്ദേഹമുണ്ടാകുമെന്ന് തിരക്കഥാകൃത്തിന് അറിയാവുന്നതുകൊണ്ടാവാം, ഒരിടത്ത് നായിക തന്നെ ആ ചോദ്യം അവളുടെ കാമുകനോട് ചോദിക്കുന്നുണ്ട്.

അവൾ വരുന്നതോടെ മീൻ കിട്ടാതാവുകയും നങ്കൂരം നഷ്ടപ്പെടുകയും വലകൾ രാത്രി കടലിൽ മറിഞ്ഞുവീണുപോവുകയും പായ പൊട്ടിത്തകരുകയും ഓരോരുത്തരായി പല വിധത്തിൽ മരിച്ചുവീഴുകയും ചെയ്യുന്നു. ജിന്നോ ദുർദേവതയോ മറ്റോ ആണിവൾ എന്നാർക്കും സംശയം തോന്നാവുന്ന വിധത്തിൽ. സ്ത്രൈണ കോപത്തിന്റെ മാന്ത്രിക കഥയെന്ന നിലക്ക് കണ്ടിരിക്കാൻ കൊള്ളാം.

സിനിമയിൽ സദാ പശ്ചാത്തലമായി കടൽ ഉണ്ട്. കടലിനേക്കാൾ ബോട്ടും അതിലെ മനുഷ്യരുടെ സ്വാർഥതകളും കാമവും പകയുമാണ് സിനിമയുടെ കാതലിൽ. അതിനാൽ തന്നെ മനുഷ്യസ്വഭാവത്തിന്റെ അഗാധസമുദ്രങ്ങളെക്കാൾ വാണിജ്യപരതയുടെ ചില്ലറ ആവേശങ്ങളിലാണ് കപ്പിത്താൻ മുഴുകിപ്പോയത് എന്നത് നിരാശയുണ്ടാക്കും.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *