അറുത്തുമാറ്റുന്ന ആത്മബന്ധവും അകംനീറുന്ന കലാപങ്ങളും
ദി ബാന്‍ഷീസ് ഓഫ് ഇനിഷിറീന്‍’ എന്ന ചലച്ചിത്രത്തെ മുന്‍നിര്‍ത്തി ചില ആലോചനകള്‍
എം നൗഷാദ്
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം, നമ്മള്‍ തമ്മില്‍ ഇനിമുതല്‍ സൗഹൃദം വേണ്ട എന്നു തീരുമാനിച്ചുറച്ചാല്‍ എന്തുചെയ്യും? ഇന്ന് അയാളോട് പറയണമെന്ന് വിചാരിച്ചിരുന്ന തമാശകള്‍, ആരെയൊക്കെയോ പറ്റിയുള്ള കഥകള്‍, പറഞ്ഞുതീരാത്ത വ്യസനങ്ങള്‍, മറുപടി കേള്‍ക്കാനാഗ്രഹമുള്ള ചോദ്യങ്ങള്‍, വെറും വായാടിത്തങ്ങള്‍ ഒക്കെ ചുമന്നുവന്ന ആ പുറന്തള്ളപ്പെട്ട മനുഷ്യന്‍ ഇനി അതെവിടെക്കൊണ്ടുപോയി വെക്കും? അത്രയും അപ്രകാശിതത്വങ്ങളുടെ ഭാരം ഒരാള്‍ക്ക് ഒറ്റക്ക് താങ്ങാനാവുമോ? ആത്മബന്ധത്തിന്റെ വലിയ മുറിയില്‍ നിന്ന് അവിചാരിതമായി പുറത്താക്കപ്പെടുന്ന ഒരാള്‍ക്ക്/ ഒരുവള്‍ക്ക് ഒറ്റുകൊടുക്കപ്പെട്ടരുടെ വിഷാദഛായ പൊടുന്നനെ കൈവരും. ഇതെന്തിനെന്നറിയാതെ കുഴങ്ങും. സുഹൃത്ത് മരിച്ചുപോവുകയോ നാടുവിട്ടു പോവുകയോ ചെയ്യുന്നത് മനസ്സിലാക്കാം. തൊട്ടടുത്തുണ്ടായിരിക്കെ ഇനി ഞാനുണ്ടാവില്ല എന്ന് പ്രഖ്യാപിക്കുന്നത് നമ്മെ വല്ലാതെ കുഴക്കിക്കളയും. അപ്പോള്‍ സംഭവിക്കാവുന്ന അനര്‍ത്ഥങ്ങളിലേക്കുള്ള ചലച്ചിത്രാന്വേഷണമാണ് ‘ദി ബാന്‍ഷീസ് ഓഫ് ഇനിഷിറീന്‍’ എന്ന ദാര്‍ശനിക ചലച്ചിത്രം.
ഏകാകികളായ കുറെ മനുഷ്യര്‍ അധിവസിക്കുന്ന ഒരു ഐറിഷ് ദ്വീപിലാണ് കഥ നടക്കുന്നത്. കാലം 1923. പുറത്ത് വന്‍കരയില്‍ ഐറിഷ് ആഭ്യന്തരയുദ്ധമുണ്ട്. അതിന്റെ വെടിയൊച്ചകള്‍ കേള്‍ക്കാവുന്നത്രയും അടുത്താണ് ദ്വീപ്. പക്ഷെ കടലിനു നടുവില്‍ ഏകാകികളും ഏറെക്കുറെ വിഷാദികളുമായ കുറെ മനുഷ്യരെയും മൃഗങ്ങളെയും പേറി ഇനിഷിറീന്‍ എന്ന സാങ്കല്‍പിക ദ്വീപ് നിലകൊള്ളുകയാണ്. അവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും ഏകാന്തതയെ കൂടുതല്‍ തീവ്രമാക്കുന്നു. കടലും കുന്നും താഴ്വാരങ്ങളും ചേര്‍ന്ന് പ്രകൃതിയുടെ അപാരതയെയും നമ്മുടെ നിസ്സാരതയെയും മുഖാമുഖം നിര്‍ത്തുന്നു.
ഇനിഷിറീന്‍ ദ്വീപിലെ വിശാലമായ താഴ്വാരങ്ങളിലൂടെ, കുന്നിന്‍ചെരിവിലൂടെ, കടല്‍ത്തീരത്തുകൂടെ, നടപ്പാതകളിലൂടെ ഒറ്റക്ക് നടന്നുനീങ്ങുന്ന മനുഷ്യര്‍, നിശ്ശബ്ദമായ അസ്തമനങ്ങള്‍, ഒറ്റക്കിരിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ എന്നിവ ആ ദേശത്തിന്റെയും കഥയുടെയും ഏകാന്തഭാവത്തെ തീക്ഷ്ണമാക്കുന്നു. അവിടെ എല്ലാവര്‍ക്കും പൊതുവായുള്ളത് ഒറ്റപ്പെടലാണ്. സത്യത്തില്‍ അത് ഇനിഷിറീന്‍ ദ്വീപിലെ മനുഷ്യരുടെ മാത്രം അവസ്ഥയാണോ? സ്ഥായിയായ ഒറ്റപ്പെടലിനെ അഭിസംബോധന ചെയ്യാനും മറികടക്കാനുമുള്ള ശ്രമങ്ങള്‍ സിനിമയിലെ മനുഷ്യരും മൃഗങ്ങളും നടത്തുന്നത് പലയിടത്തായി കാണാം. മുഖ്യകഥാപാത്രമായ പാരിക്കിന്റെ സ്‌നേഹമയിയായ സഹോദരി അയാളോട് നേരിട്ട് ചോദിക്കുന്നുണ്ട് – നീ ഏകാന്തത കൊണ്ട് വലയാറില്ലേ എന്ന്. ആ ചോദ്യം പക്ഷേ അയാളെ ക്ഷുഭിതനാക്കുകയാണ് ചെയ്യുന്നത്. ‘നിങ്ങളെന്തുകൊണ്ടാണ് ഇപ്പോഴും അവിവാഹിതയായിരിക്കുന്നത്’ എന്ന് ഇതേ സഹോദരിയോട് റോഡില്‍വെച്ച് ഒരാള്‍ ചോദിക്കുമ്പോള്‍ അവരും അസ്വസ്ഥയാവുന്നു. അതവരെ ഉറക്കമില്ലാതെ കിടക്കയില്‍ കരയിക്കുക വരെ ചെയ്യുന്നുണ്ട്.
പ്രണയം, ദാമ്പത്യം, സാഹോദര്യം, ചങ്ങാത്തം തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും നമ്മുടെ അനുപേക്ഷണീയമായ ഏകാന്തതയോടുള്ള നീക്കുപോക്കാണ്. ഏകാകിതയോടുള്ള വിശുദ്ധ കലഹമല്ലോ ആത്മബന്ധങ്ങള്‍. ഏറ്റവും അടുപ്പമുള്ള ഒരാള്‍, നമ്മെപ്പറ്റി എല്ലാമറിയുന്ന ഒരാള്‍ ഒരു രാവിരുട്ടി വെളുക്കുമ്പോള്‍ ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധവും പാടില്ലെന്ന് തീര്‍ത്തുപറഞ്ഞാല്‍ എന്തുകൊണ്ട് എന്ന ചോദ്യം ഉറപ്പായുമുയരും. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റു പറ്റിപ്പോയതുകൊണ്ടാണോ? കളിപ്പിക്കുകയാണോ? ഇതെങ്ങനെ ശരിയാക്കുമിനി ? ദാമ്പത്യം തകര്‍ന്നുപോകുന്നതോ പ്രണയം നഷ്ടപ്പെടുന്നതോ മാതാപിതാക്കള്‍ പിരിയുന്നതോ ഒക്കെ മനുഷ്യര്‍ക്ക് കുറച്ചെങ്കിലും താങ്ങാനാകും – സമയമെടുത്തെങ്കിലും. ആത്മസുഹൃത്തിനാല്‍ തിരസ്‌കരിക്കപ്പെടുന്ന ഒരാളുടെ അനാഥത്വം അതിലും കടുത്തതാണ്. മറ്റെന്തു കൈവിട്ടുപോയാലും നമുക്ക് ചെന്നിരിക്കാനുള്ള സവിധമാണല്ലോ സൗഹൃദം. ‘സാരമില്ല ചങ്ങാതീ..’ എന്ന് ഉപാധികളില്ലാതെ ചേര്‍ത്തണയ്ക്കുന്ന സഹജീവിതത്വം. എല്ലാ അപൂര്‍ണതകളുടെയും പൂരണം.
താരതമ്യേന ചെറുപ്പക്കാരനാണ് പാരിക്ക് (കോളിന്‍ ഫാരെല്‍). അയാളെ ഒഴിവാക്കുമ്പോള്‍ വയോധികനായ കോം (ബ്രെണ്ടന്‍ ഗ്‌ളീസണ്‍) പറയുന്ന വിശദീകരണം അവിസ്മരണീയമാണ്. ഒന്നാമത്തെ കാര്യം തനിക്കയാളെ ഇഷ്ടമല്ല എന്നാണ്. ഇതുവരെ ഇഷ്ടമായിരുന്നുവെന്നും ഇനിമുതല്‍ ഇഷ്ടമല്ല എന്നും അയാള്‍ വിശദീകരിക്കുന്നുണ്ട്. രണ്ടാമത്തെ കാര്യം പാരിക് സരസനല്ല (‘he is dull’) എന്നതാണ്. ഏറ്റവും പ്രധാന കാരണം ഇതൊന്നുമല്ല. ജീവിതത്തില്‍ ബാക്കിയുള്ള ദിനങ്ങളില്‍ സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്ത് ഭൂമിയില്‍ തന്റെ കയ്യൊപ്പ് അവശേഷിപ്പിച്ച് മരിച്ചുപോകണം എന്ന ആഗ്രഹമാണ് കോമിനുള്ളത്. അയാള്‍ സംഗീതജ്ഞനാണ്. അപ്രസക്തവും വിരസവുമായ കാര്യങ്ങള്‍ അലക്ഷ്യമായി സല്ലപിച്ചിരിക്കുന്ന നേരം മികച്ച ഈണങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കാമെന്ന് കോം ആഗ്രഹിക്കുന്നു. അതായത്, പാരിക്കിന്റെ മണ്ടന്‍ വിശേഷങ്ങള്‍ കേട്ടിരിക്കുന്നതിനേക്കാള്‍ നിര്‍മാണാത്മകമോ ലാഭകരമോ സര്‍ഗാത്മകമോ ആയ കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് കോം വിശ്വസിക്കുന്നു.
താന്‍ സരസനല്ല എന്ന ആരോപണം പാരിക്കിനെ മാനസികമായി തളര്‍ത്തുന്നുണ്ട്. അതയാളെ ആത്മസന്ദേഹങ്ങളിലേക്കും അപമാനത്തിന്റെ വക്കിലെത്തുന്ന അപകര്‍ഷതയിലേക്കും നയിക്കുന്നു. പാരിക്കിനെ സഹോദരി ആശ്വസിപ്പിക്കുകയും ആത്മവിശ്വാസം കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രംഗം സ്‌നേഹത്തിന്റെയും കാപട്യത്തിന്റെയും മിശ്രിതം കൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ‘ഞാന്‍ ബോറനാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’ എന്ന് പാരിക് സ്ഥിരം പോകുന്ന പബ്ബിന്റെ ഉടമയോടും ചോദിക്കുന്നുണ്ട്. നിങ്ങള്‍ ബോറനല്ലെന്നും നിങ്ങള്‍ ഒരു പാവമാണെന്നുമാണ് അയാള്‍ മറുപടി പറയുന്നത്. മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള കറുത്ത ഹാസ്യത്തിന്റെ ആഴമുള്ള മുഹൂര്‍ത്തങ്ങള്‍ സിനിമ തുറന്നുവെക്കുന്നു.
സൗഹൃദത്തെയും മനുഷ്യബന്ധങ്ങളെയും ഏകാന്തതയെയും കുറിച്ചുള്ള നിശബ്ദമായ ചോദ്യങ്ങളാല്‍ സമൃദ്ധമാണ് ‘ദി ബാന്‍ഷീസ് ഓഫ് ഇനിഷിറീന്‍’. സൗഹൃദത്തിന് നമ്മള്‍ കൊടുക്കുന്ന വിലയെന്താണ്? സൗഹൃദത്തിന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ ? സുഹൃത്തിന്റെ കൂടെ ഇരുന്ന് നമ്മള്‍ ‘കളയുന്ന’ സമയം കൂടുതല്‍ നിര്‍മാണാത്മകമായി ഉപയോഗിച്ചുകൂടേ ? പ്രത്യേകിച്ചും സുഹൃത്ത് നമ്മുടെയത്ര മിടുക്കനോ ബുദ്ധിമാനോ പ്രതിഭാശാലിയോ അല്ലെന്നു നമുക്കു തോന്നുകയും അയാളുടെ വിടുവായത്തങ്ങള്‍ സഹിച്ചുകൊടുക്കേണ്ടതുണ്ടോ എന്ന് സംശയിക്കുകയും ചെയ്യുമ്പോള്‍. ഒന്നിനുവേണ്ടിയുമല്ലാതെ, പ്രത്യേകിച്ചൊരു കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതില്ലാതെ ഒരാളുടെ/ഒരുവളുടെ കൂടെ ഇരിക്കുന്നതിനെയാണല്ലോ നമ്മള്‍ സൗഹൃദം എന്നുപറയുന്നത്. എന്തിനാണ് എന്ന ചോദ്യമില്ലാതെ വിളിച്ചിടത്തേക്ക് ഓടിച്ചെല്ലുന്നതിലെ ഉള്ളുറപ്പാണ് മഹാസൗഹൃദങ്ങളുടെ കാതല്‍. ഒരേ ജീവിതാദരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നവര്‍ക്കു മാത്രമേ അതിനാവൂ. ആത്മാവിന് ആഴമേറുക എന്നതിലപ്പുറം സൗഹൃദം ഒന്നും ലക്ഷ്യം വെക്കുന്നില്ല എന്നും അതിനു കണക്കുകൂട്ടലുകളില്ല എന്നും ദാര്‍ശനികര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഏകാന്തതക്ക് നമ്മള്‍ കൊടുക്കുന്ന കപ്പമാണത്. ‘ഏകാന്തത നല്ലതാണ്, പക്ഷെ ഏകാന്തത നല്ലതാണ് എന്നുപറയാന്‍ നമുക്കൊരാള്‍ വേണം’ എന്ന് ഫ്രഞ്ച് എഴുത്തുകാരനായ ബാല്‍സെക് പറഞ്ഞത് ഒറ്റയ്ക്കലയുന്ന പാരിക്കിനെ കാണുമ്പോള്‍ നാമോര്‍ത്തുപോകുന്നു.
മറുവശത്ത്, തന്റെ അവശേഷിക്കുന്ന സമയം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ ഒരാള്‍ക്ക് അവകാശമില്ലേ എന്ന ചോദ്യമുണ്ട്. പ്രത്യേകിച്ചും വയോധികനായ ഒരാള്‍ക്ക്. ജീവിതത്തിന്റെ സിംഹഭാഗവും കഴിഞ്ഞുവെന്നു തോന്നുന്ന ഒരാള്‍ക്ക്, ഭൂമിയില്‍ എന്താണ് അവശേഷിപ്പിച്ചു പോവേണ്ടത് എന്ന ചിന്ത കനത്തതായിരിക്കും. വിശിഷ്യാ കലാഹൃദയമുള്ള ഒരാള്‍ക്ക്. വൃദ്ധനായ കോം അതനുഭവിക്കുകയാണ്. വിരസമായ വിഷയങ്ങളില്‍ അപ്രസക്തമായ സംഭാഷണങ്ങള്‍ നീട്ടിവലിച്ചു കൊണ്ടുപോകുന്ന സമയം കൊണ്ട് തനിക്ക് മികച്ച ഈണങ്ങള്‍ ചിട്ടപ്പെടുത്താനാവുമെന്ന് കോം ആത്മാര്‍ഥമായി വിശ്വസിക്കുന്നു. പാരിക്കിന്റെ അവസ്ഥയോര്‍ത്ത് അയാള്‍ക്കിടക്ക് വിഷമമൊക്കെ ഉണ്ടാവുന്നുണ്ട്. പക്ഷെ തീരുമാനത്തില്‍ കടുത്ത വാശിയോടെ ഉറച്ചുനില്‍ക്കുകയുമാണയാള്‍. എന്നിട്ടും തന്റെ പൂര്‍വകാല സുഹൃത്തിനോട് അടിസ്ഥാന മനുഷ്യത്വവും കരുണയും കാണിക്കുന്നതിന് കോമിന് മടിയൊന്നുമില്ല എന്നത് സിനിമയിലെ ഏറ്റവും പ്രത്യാശാഭരിതമായ കാര്യമാണ്. സൗഹൃദം നിര്‍ത്തിക്കളയാന്‍ പറഞ്ഞ ന്യായങ്ങളൊന്നും സ്വീകാര്യമല്ലാത്തതുകൊണ്ട്, വയോധികനായ കോമിന് വിഷാദരോഗം പിടിപെട്ടു കാണണം എന്നാണ് പാരിക് വിചാരിക്കുന്നത്. അതയാള്‍ക്ക് ഒരുതരം ആശ്വാസം നല്‍കുന്നുവെന്നത് വിചിത്രമാണ്. സിനിമയിലെ ചര്‍ച്ചിന്റെ ചിത്രീകരണവും ആക്ഷേപഹാസ്യത്തിന്റെ മുനയുള്ളതുതന്നെ. മരണത്തെ പ്രവചിക്കുകയും അറിയിക്കുകയും ചെയ്യുന്ന വൃദ്ധ മിത്തോളജിക്കല്‍ കഥകളെ ഓര്‍മപ്പെടുത്തുന്നു.
രണ്ട് പുരുഷന്മാരുടെ കഥയാണ് പറയുന്നത് എന്നത് സിനിമയെ രാഷ്ട്രീയമായും ദാര്‍ശനികമായും അഗാധമാക്കുന്നു. പരാശ്രിതത്വത്തിന്റെ നിസ്സഹായതയെ അഹന്തയുടെ ഹിംസ കൊണ്ട് പരിഹരിക്കാനാവില്ല. പകപോക്കലില്‍ വിശ്വസിക്കുന്നവര്‍ അതിനാണ് ശ്രമിക്കുക. അതിലെ ആണഹന്തകളുടെ കലര്‍പ്പ്, അതിന്റെ ക്രൂരമായ അസംബന്ധപരത സിനിമ ഓര്‍മപ്പെടുത്തുന്നു. യുദ്ധത്തിന്റെ യുക്തിരാഹിത്യത്തെയും സംഹാരശേഷിയെയും കുറിച്ചുള്ള വലിയൊരു അലിഗറിയായും ഈ സിനിമയിലെ സൗഹൃദനഷ്ടവും അതുല്പാദിപ്പിക്കുന്ന ഹിംസകളും മാറുന്നു എന്നത് സുവ്യക്തമാണ്. പാരിക്കും കോമും തമ്മിലുള്ള ബന്ധത്തിലെ ഏറ്റക്കുറച്ചിലുകള്‍, വാശികള്‍, പകതീര്‍ക്കലുകള്‍ എന്നിവ ഹിംസയുടെ ചരിത്രനിയോഗം പോലെ വിന്യസിക്കപ്പെടുന്നു. എല്ലാ യുദ്ധങ്ങളും ആഭ്യന്തര യുദ്ധങ്ങളാണ്. അത് ഭ്രാതൃഹത്യയില്‍ കുറഞ്ഞ ഒന്നുമല്ല. ആബേലിലും കായേനിലും ആരംഭിച്ചതാണത്. നമ്മള്‍ മറ്റൊരാളോട് ഹിംസ ചെയ്യുമ്പോള്‍ നമ്മോടുതന്നെയാണ് ആത്യന്തികമായി അത് ചെയ്യുന്നത് – പല അര്‍ത്ഥങ്ങളില്‍. നാമെറിയുന്ന ഒരു കല്ലും തിരിച്ചു നമ്മെയും ഉന്നം വെക്കാതിരിക്കുന്നില്ല.
പുറത്തു വന്‍കരയില്‍ ആഭ്യന്തരയുദ്ധം തീര്‍ന്നുവെന്ന അറിവിലേക്കാണ് സിനിമ അവസാനിക്കുന്നത്. പക്ഷെ അതിനിയും തുടരുമെന്നും സൂചിപ്പിക്കപ്പെടുന്നു. വാശിയുടെയും കാലുഷ്യത്തിന്റെയും ഇടയിലും വേറൊരു ലോകത്തിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും മനുഷ്യന്റെ ദയയുടെ ആവിഷ്‌കാരങ്ങള്‍ ക്രൂരതക്കിടയിലും നിലനില്‍ക്കുന്നുവെന്നും സിനിമ ഓര്‍മപ്പെടുത്തുന്നുണ്ട്. മികച്ച ചലച്ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ മാര്‍ട്ടിന്‍ മക് ഡോണയുടെ ഏറ്റവും പുതിയ രചനയായ ‘ദി ബാന്‍ഷീസ് ഓഫ് ഇനിഷിറീന്‍’ സൗഹൃദത്തെയും ഏകാകിതയെയും കുറിച്ചുള്ള ദുരന്താത്മക കാവ്യമാണ്.
[Originally published in THE CUE: https://www.thecue.in/videos/entertainment/film-review/portrail-of-friendship-in-the-banshees-of-inisherin-by-m-noushad ]