വിമോചന ദൈവശാസ്ത്രവും ഇസ്‌ലാമും പുതിയ ലോക സാഹചര്യത്തിൽ

പ്രമുഖ ദക്ഷിണാഫ്രിക്കൻ പണ്ഡിതനും വിമോചന ദൈവശാസ്ത്രകാരനുമാണു പ്രൊഫ. ഫരീദ് ഇസാക്ക്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിലും ലിംഗനീതിയുടെ സമരങ്ങളിലും അപകോളനീകരണ പ്രസ്ഥാനത്തിലും സജീവവും ശ്രദ്ധേയവുമായ സംഭാവനകൾ അർപ്പിച്ച ആക്ടിവിസ്റ്റും എഴുത്തുകാരനുമാണു ഫരീദ്. ലിംഗനീതി, വിമോചന ദൈവശാസ്ത്രം, സാമൂഹ്യനീതിയും മതവിശ്വാസവും, സാമ്രാജ്യത്വ പ്രതിരോധം, അപകോളനീകരണം, അന്തർസമുദായ സഹകരണങ്ങൾ, മതവും രാഷ്ട്രീയവും തുടങ്ങിയ വ്യത്യസ്ത പ്രശ്നങ്ങളെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണിശമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ദീർഘ സംഭാഷണം.

എം നൗഷാദ് | അഭിമുഖം 

ലിംഗപദവിയുടെ പ്രശ്നത്തെ സമീപിക്കുന്നതിനു ലോകത്തു വ്യത്യസ്തങ്ങളായ പല സമീപനങ്ങളുമുണ്ടല്ലോ. ഒരു മുസ്‌ലിം ദൈവശാസ്ത്രകാരൻ എന്ന നിലയിൽ ഇസ്‌ലാമിനകത്തു ലിംഗനീതിയുടെ ചോദ്യങ്ങളെ നേരിടുന്നതിൽ താങ്കളുടെ മാനദണ്ഡങ്ങൾ എന്താണ്?

ഒന്നാമത്തെ കാര്യം, എനിക്കു താൽപര്യമുള്ള പല വിഷയങ്ങളിലൊന്നാണു ലിംഗപദവിയുടേത്. വംശീയതയുടെയും വംശീയാതിക്രമങ്ങളിലെ ഹിംസയുടെയും പശ്ചാത്തലത്തിലാണു ഞാൻ വളർന്നുവന്നത്. പിന്നീടു മതപഠനത്തിനായി പാകിസ്താനിലേക്കു പോയി. എട്ടുവർഷം മദ്രസയിൽ പഠിച്ചു. ദക്ഷിണാഫ്രിക്കയിൽ വെളുത്തവനല്ലാത്ത ഒരാൾ എന്ന നിലയിൽ ഞാനനുഭവിക്കുന്ന അടിച്ചമർത്തലും ലിംഗപദവിയുടെ പേരിലുള്ള അടിച്ചമർത്തലും തമ്മിൽ ഒരുപാടു സാമ്യതകളുണ്ടെന്ന് അവിടെവെച്ചു ഞാൻ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചുപോയപ്പോൾ വർണവിവേചനത്തിനെതിരായ സമരങ്ങളിൽ ഏർപ്പെടുന്നതിനും വളരെ മുൻപേ തന്നെ ലിംഗപദവിസമരങ്ങളിലും ഞാൻ പങ്കുചേർന്നിരുന്നു. അവയിൽ പലതിലും ചെറുതല്ലാത്ത പങ്കുവഹിക്കാനും പറ്റി. ലിംഗപദവി കഴിഞ്ഞാൽ മറ്റൊരു പ്രധാന പ്രശ്നം എച്ച്.ഐ.വി രോഗികളുടേതായിരുന്നു. ദക്ഷിണാഫ്രിക്കയും ആഫ്രിക്കൻ വൻകരയും എയ്ഡ്സിനാൽ പ്രയാസപ്പെടുകയായിരുന്നു. ലൈംഗിക പകർച്ചവ്യാധികൾ വന്നവരോടുള്ള വിവേചനവും വളരെ കടുത്തതായാണ് അനുഭവപ്പെട്ടത്. അവരുടെ പ്രശ്നങ്ങളിലും അങ്ങനെ ഇടപെട്ടു. എന്നെ സംബന്ധിച്ച് ഇവയോരോന്നും അനീതിയുടെ പലതരം ആവിഷ്ക്കാരങ്ങളോടുള്ള പ്രതികരണവും അവയെപ്പറ്റി ഉണ്ടായിക്കൊണ്ടിരുന്നതും വളർന്നുകൊണ്ടിരിക്കുന്നതുമായ ബോധത്തിന്റെ അടിയന്തര ആവിഷ്കാരങ്ങളുമാണ്. ലിംഗനീതിക്കു വേണ്ടിയുള്ള സമരവും അവബോധവും എന്റെ തന്നെ ദൈവശാസ്ത്ര പാരമ്പര്യങ്ങളെ ശ്രദ്ധാപൂർവം വീക്ഷിക്കുന്നതിലേക്ക് എന്നെ നയിച്ചു. ഞാനൊരു ദൈവശാസ്ത്രകാരനാണ്, പ്രതിബദ്ധതയുള്ള മുസ്‌ലിമാണ് -അതിനർഥം എന്തായാലും. ഇവിടെയാണു ലിംഗനീതിയുടെ ചോദ്യം കടന്നുവരുന്നത്.

സ്ത്രീസമത്വത്തിന്റെ പശ്ചാത്തലത്തിലല്ല, മറിച്ച് ലിംഗനീതിയുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങളെ രൂപപ്പെടുത്തിയത്. സ്ത്രീസമത്വം എന്നതിനേക്കാൾ സങ്കീർണമാണു ലിംഗപദവിയിലെ നൈതികതയുടെ പ്രശ്നം. ഉദാഹരണത്തിനു, “സ്ത്രീകളുടെ പദവി ഇസ്‌ലാമിൽ” എന്നും മറ്റുമുള്ള ശീർഷകങ്ങൾ നമ്മുടെ മതപരിസരത്തു ജനകീയമാണ്. ഇസ്‌ലാമിൽ ലിംഗപദവിയുടെ ചോദ്യം കൂടുതൽ സങ്കീർണമാണ് എന്നു ഞാൻ കരുതുന്നു. ലിംഗപദവി ഒരു സാമൂഹ്യനിർമിതിയാണ് എന്ന വസ്തുതയെ അതു കണക്കിലെടുക്കുന്നു. ശരീരം പ്രകൃതിപരമായി നൽകപ്പെട്ടതാണ്, പക്ഷേ അതിനു നിർണയിച്ചു കൊടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങൾ അങ്ങനെയല്ല. പൗരുഷം എന്താണ് എന്നു നിർവചിക്കുന്നതിനെയും ആ നിർവചനങ്ങൾക്കൊത്തു മതപരവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനെയും ഇതു വെല്ലുവിളിക്കുന്നു. വിവിധ ശരീരങ്ങൾക്കു ലിംഗപരമായി നിർണയിച്ചുവെച്ച ഉത്തരവാദിത്തങ്ങളെയും മറ്റു സമാനമായ കാര്യങ്ങളെയും നീതിയുടെ കണ്ണടയിലൂടെ നോക്കി വിശകലനം ചെയ്യേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നു. വെല്ലുവിളികൾ നിറഞ്ഞ മേഖലയാണിത്, എളുപ്പമല്ല. “അയ്യോ, ഈ പാശ്ചാത്യർ ഇസ്‌ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെപ്പറ്റി പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ടല്ലോ, ഞാൻ പോയി അവർക്കുള്ള കുറച്ചു മറുപടികൾ കണ്ടുപിടിക്കട്ടെ” എന്ന മട്ടിലുള്ള സമീപനമല്ല എന്റേത്.

പല മുസ്‌ലിം സമൂഹങ്ങളും ആൺകോയ്മയുള്ളതും സ്ത്രീവിരുദ്ധവുമാണ് എന്നു പലപ്പോഴും തോന്നാറുണ്ട്. സ്ത്രീസമത്വം അടിസ്ഥാനപരമായ ഒരു പാശ്ചാത്യ ആശയമാണെന്നു വിശ്വസിക്കുകയും ലിംഗനീതി എന്ന ആശയം ഫെമിനിസ്റ്റു പദ്ധതി എന്ന പേരിൽ തിരസ്കരിക്കുകയും ചെയ്യുന്ന മുസ്‌ലിം പണ്ഡിതന്മാരുണ്ട്. ഈ തിരസ്കരണത്തെ താങ്കൾ ഖുർആനും വ്യാഖ്യാനവും ഉപയോഗിച്ച് നേരിടുന്നത് എങ്ങനെയാണ്?

ഇന്ത്യയിലും പാകിസ്താനിലും അറബ് ലോകത്തും ഒക്കെ ഇപ്പറഞ്ഞത് എനിക്ക് ഊഹിക്കാൻ കഴിയും. ദക്ഷിണാഫ്രിക്കയിൽ ലിംഗനീതിയുടെ ചോദ്യം ഉയർത്തിയതു പാശ്ചാത്യരല്ല. വിമോചനസമരത്തിന് അകത്തുനിന്നു തന്നെയാണ് അതു വന്നത്. വിമോചനസമരം ഒരു പാശ്ചാത്യ സമരമായിരുന്നില്ലല്ലോ. കറുത്തവർഗക്കാരുടെ പോരാട്ടമായിരുന്നു അത്. അതിനകത്തെ മനുഷ്യർ വംശീയവിവേചനത്തിനും ലിംഗവിവേചനത്തിനുമിടയിലെ സാമ്യങ്ങൾ കണ്ടെത്തുകയായിരുന്നു.

പടിഞ്ഞാറ് ഒരു പ്രത്യേകതരം ഫെമിനിസം ഉയർന്നുവന്നിട്ടുണ്ട് എന്നതും ലിംഗപദവിയുടെ ചോദ്യങ്ങൾ ഉന്നയിച്ച് അവർ മുസ്‌ലിംകളെ പ്രഹരിക്കുന്നുണ്ട് എന്നതും ശരിയാണ്. പടിഞ്ഞാറുള്ള ഒട്ടനവധി പരിഷ്കരണ പ്രസ്ഥാനങ്ങളും പാശ്ചാത്യ നാഗരികമൂല്യങ്ങളും ഉപഭോഗമൂല്യങ്ങളും സ്വാംശീകരിക്കണമെന്നു ശഠിക്കുന്നവരാണ് അവർ എന്നതും ശരിയാണ്. ഉദാഹരണത്തിന്, പല പാശ്ചാത്യ സ്ത്രീവാദികളും പലതരത്തിലുള്ള ലിപ്സ്റ്റിക്കുകളും ബിക്കിനികളും മുസ്‌ലിം സ്ത്രീകളുടെ മുൻപിൽ നിരത്തിവച്ച് “നിങ്ങൾ ഏതു വേണമെങ്കിലും തിരഞ്ഞെടുത്തോളൂ” എന്നുപറയും. ഏതുതരം ഫാഷൻ എടുക്കാനും നിങ്ങൾക്കു പൂർണസ്വാതന്ത്ര്യം അവർ തരും. പക്ഷേ, നിങ്ങൾ അവരോട് “എനിക്കിതൊന്നും ആവശ്യമില്ല, നിങ്ങളുടെ ഡിസൈനിങ് സങ്കൽപമോ ഫാഷൻ സങ്കൽപമോ ഉപഭോഗമൂല്യങ്ങളോ സൗന്ദര്യബോധമോ അല്ല എനിക്കുള്ളത്; എനിക്കു ഹിജാബ് വേണം” എന്നു പറയുന്നതോടെ അവർക്കു മുഷിയുന്നു. “പറ്റില്ല, നിങ്ങൾക്കു സ്വാതന്ത്ര്യമില്ല” എന്നവർ പറയും. സ്ത്രീഅവകാശത്തിന്റെ മുന്നണിപ്പോരാളികളായ അതേ ഫെമിനിസ്റ്റുകൾ സ്ത്രീകളുടെ തിരഞ്ഞെടുപ്പിനുള്ള അടിസ്ഥാന അവകാശം തടയും.

മെക്കാളെ പ്രഭു ചെയ്തതിൽനിന്ന് ഇതിനു വ്യത്യാസമൊന്നുമില്ല. 1800കളുടെ ഒടുവിൽ ഈജിപ്തിലെ ഗവർണർ ജനറലായിരുന്ന അദ്ദേഹം ഈജിപ്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളിൽ മുന്നിൽ നിൽക്കുകയും ഇംഗ്ലണ്ടിലെത്തുമ്പോൾ സ്ത്രീകളുടെ വോട്ടവകാശം തടയാനുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുകയും ചെയ്തു. ലോറാ ബുഷിന്റെ കഥയും സമാനമാണ്. പലതരം നിയമങ്ങളിലൂടെ അമേരിക്കൻ സ്ത്രീകൾക്ക്, വിശിഷ്യ ഒറ്റക്കായ അമ്മമാർക്കു, നിരവധി അവകാശനിഷേധങ്ങൾ പല ബില്ലുകളിലൂടെ കൊണ്ടുവന്നിട്ടുണ്ട് റിപ്പബ്ലിക്കന്മാർ. അവർ തന്നെയാണ് അഫ്ഗാൻ വനിതകളുടെ വിമോചകരായി വേഷംകെട്ടിയത്. അങ്ങനെ വരുമ്പോൾ, യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ശക്തികളുടെ ആയുധമായി ഫെമിനിസം എങ്ങനെ മാറുന്നുവെന്നും പ്രാദേശികസംസ്കാരത്തെയും പാരമ്പര്യങ്ങളെയും അവർ അതുപയോഗിച്ച് എങ്ങനെ തകർക്കുന്നു എന്നും നമ്മൾ പരിഗണിക്കേണ്ടതായി വരും.

അതേസമയം, മുസ്‌ലിംസ്ത്രീകൾ അനീതികൊണ്ടു മുറിവേൽപ്പിക്കപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഉപഭോഗവൽക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും സാമ്രാജ്യപുനർനിർമിതിയുടെയും ചട്ടക്കൂടിനകത്തെ സ്ത്രീവിമോചന ആശയങ്ങളുമായി പടിഞ്ഞാറു നമ്മളെ ചൂഷണം ചെയ്യാൻ വരുന്നു എന്നത്, ആഫ്രിക്കൻ സമൂഹങ്ങളിലും ലാറ്റിനോ സമൂഹങ്ങളിലും ഹൈന്ദവസമൂഹങ്ങളിലും പാശ്ചാത്യസമൂഹങ്ങളിൽ തന്നെയും ഒക്കെയെന്നപോലെ, മുസ്‌ലിം സമൂഹത്തിലും പുരുഷന്റെ കൈകളാൽ സ്ത്രീ അനീതിക്ക് ഇരയാകുന്നുണ്ട് എന്ന സത്യത്തെ മറച്ചുപിടിക്കാൻ നമ്മെ പ്രേരിപ്പിക്കരുത്. നമ്മൾ ഈ പ്രശ്നത്തെ നേരിടുന്നതു നമ്മുടെ സ്ത്രീകൾ അനീതിയാൽ വേദനിക്കുന്നു എന്നതുകൊണ്ടാണ്, പടിഞ്ഞാറ് ആക്ഷേപിക്കുന്നതു കൊണ്ടല്ല. നൈജീരിയയിൽ ഒരു സ്ത്രീ കല്ലെറിഞ്ഞു കൊലചെയ്യപ്പെട്ട ഒറ്റസംഭവം പടിഞ്ഞാറ് പൊക്കിക്കൊണ്ടുവരികയും അവർ തന്നെ കുടിവെള്ളത്തിനു ലഭ്യത നിഷേധിച്ചതുകൊണ്ട് ആയിരക്കണക്കിനു സ്ത്രീകൾ മരിച്ചുകൊണ്ടിരിക്കുന്ന വസ്തുതയെ അവഗണിക്കുകയും ചെയ്യുന്നു. പാശ്ചാത്യർ വെള്ളം സ്വകാര്യവൽക്കരിച്ചതോടെ ഈ സ്ത്രീകൾക്കു കുടിവെള്ളം വാങ്ങാൻ കഴിയാതെയായി. അങ്ങനെയവർ ആയിരക്കണക്കിനു സ്ത്രീകളെ കൊല്ലുകയാണ്. മലാല യൂസഫ് സായിയെ പോലെ ഒരൊറ്റ പോരാളിയെ കണ്ടെത്തി ആഘോഷിക്കും അവർ. ബോംബിങ് ക്യാമ്പയിനുകളിലൂടെ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ നൂറുകണക്കിനു സ്കൂളുകളെ അവർ തകർത്തു കളയുകയും ചെയ്യും. എന്തൊക്കെ പറഞ്ഞാലും, നമുക്കൊരു പ്രശ്നമുണ്ടെങ്കിൽ, അതൊരു പ്രശ്നം തന്നെയാണ്. അതിനു നമ്മൾ തന്നെ പരിഹാരം കാണണം.

photo_2019-01-04_10-03-48-1.jpgവിശ്വാസത്തിന്റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഒരു സമീപനം കണ്ടെത്തണം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?

വിശ്വാസത്തിനും മുസ്‌ലിം സമുദായത്തിനും അകത്തു ഖുർആനിക കാഴ്ചപ്പാടിലൂടെ ലിംഗപരമായ അതിക്രമങ്ങളെയും പ്രവാചക പാരമ്പര്യത്തിലൂടെ ലിംഗബന്ധങ്ങളെയും കാണണം. ചില അപവാദങ്ങളോടെ ലിംഗപരമായ ഹിംസയെ അഭിമുഖീകരിച്ച പല പാഠങ്ങൾ നമ്മുടെ പാരമ്പര്യത്തിലുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളിലെ ചോദ്യങ്ങളെ നേരിട്ട പാഠങ്ങളുണ്ട്, തീർച്ചയായും ആൺകോയ്മയെ പിന്തുണച്ച പാഠങ്ങളുമുണ്ട്. ഇവയെല്ലാം നമ്മൾ പഠിക്കണം, നേരിടണം. വ്യാഖ്യാനശാസ്ത്രപരമായി അവയെ വ്യവഛേദിക്കുകയും നമ്മുടെ തന്നെ ഉപകരണങ്ങളുപയോഗിച്ചു പുനർചിന്തിക്കുകയും വേണം.

നമ്മുടെ ഉപകരണങ്ങൾ സവിശേഷമായും നമ്മുടേതു മാത്രമായിരിക്കണം എന്നല്ല ഞാൻ പറയുന്നത്. മറ്റുള്ളവരിൽ നിന്നു കടം കൊള്ളാം. നമ്മൾ മറ്റുള്ളവരിൽ നിന്നു പഠിക്കുകയും മറ്റുള്ളവർ നമ്മളിൽനിന്ന് ഒരിക്കലും ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. വിശ്വാസികളെന്ന നിലയിൽ മറ്റുള്ളവരിൽനിന്നു പഠിക്കുന്നതിനു നമ്മൾ ഒരിക്കലും മടി കാണിക്കരുത് എന്നാണ് എന്റെ പക്ഷം – രീതിശാസ്ത്രങ്ങളും വ്യാഖ്യാനശാസ്ത്ര സങ്കേതങ്ങളും ഒക്കെ. ഇതൊരു വൺവേ ആണോ എന്നതാണ് എന്റെ ചോദ്യം. പടിഞ്ഞാറിന്, അധികാരമുള്ളവർക്ക് അധികാരരഹിതരായിത്തീരാൻ പഠിക്കാൻ കഴിയുമോ? അവരുടെ അധികാരത്തെ വിപുലപ്പെടുത്തുകയില്ലാത്ത ആശയങ്ങളെ അവർ നമുക്കു വിൽക്കുമോ? എല്ലാത്തിലുമുപരി, അവർ നമ്മളിൽ നിന്നു പഠിക്കുമോ? മുസ്‌ലിംകൾ ഏറ്റവും മീതെയെത്തുന്നതിന്റെ പ്രശ്നമല്ല ഇത്; ആളുകൾക്കു പരസ്പരം പഠിക്കാനാകുന്ന ഒരു പുതിയലോകം സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ്. അവർ സാമ്രാജ്യത്വത്തിന്റെ ഭാഷ ഉപയോഗിച്ചു സാമ്രാജ്യത്വത്തിന്റെ സൈന്യങ്ങളിലൂടെ ഈ ആശയങ്ങൾ നമുക്കു മീതെ അടിച്ചേൽപ്പിക്കുന്ന കാലത്തോളം, നമ്മുടെ ആളുകൾ ഈ ആശയങ്ങളെ എതിർത്തുകൊണ്ടിരിക്കും. അതുവഴി സമുദായത്തോടുള്ള ആത്മാർഥതകൊണ്ടു മാത്രം ഇറങ്ങിപ്പുറപ്പെട്ടവരുടെ പണി കൂടുതൽ ദുഷ്കരമാവുകയും ചെയ്യും.

താങ്കളുടെ പ്രധാനപ്പെട്ട ഒരു പഠനമേഖല ഇസ്‌ലാമിന്റെ വിമോചന ദൈവശാസ്ത്രമാണല്ലോ. ഖുർആന്റെ വിമോചനാത്മകമായ ഉള്ളടക്കത്തിനു താങ്കൾ ഊന്നൽ കൊടുക്കാൻ കാരണം എന്താണ്?

ഞാൻ എല്ലാകാലത്തും ഒരു മതവിശ്വാസിയായിരുന്നു. ഏറ്റവും സ്വാഭാവികമായും ലളിതമായും മതം എന്റെ കൂടെ എന്നുമുണ്ട്. എന്നെ കണ്ടിട്ടു മതമുള്ളവനെപോലെ തോന്നുന്നില്ല, അങ്ങനെ പ്രവർത്തിക്കുന്നില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്. “ഓ, ഇയാൾ മതകർമ്മങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ!” എന്ന് ആശ്ചര്യപ്പെടുന്ന വേറൊരു കൂട്ടരുമുണ്ട്. മതം എന്റെയുള്ളിൽ എല്ലാക്കാലത്തും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അനീതിയുടെ പലതരം അനുഭവങ്ങളും എന്നെ ആഴത്തിൽ അസ്വസ്ഥപ്പെടുത്താറുണ്ട്. ഈ രണ്ടു സ്വാധീനങ്ങളുടെ കൂടിച്ചേരലാണിതെന്നു തോന്നുന്നു. ഒരുവശത്ത് അനീതി തുടച്ചുനീക്കണമെന്നു ഞാൻ അതിയായി ആഗ്രഹിക്കുന്നു. മറുവശത്ത് എനിക്കു മതഗ്രന്ഥങ്ങളും എന്റെ പാരമ്പര്യവുമൊക്കെ ഏറെ ഇഷ്ടമാണ്. കേവലമൊരു പ്രചോദനം എന്നതിലുപരി മൂല്യവത്തായ ഒരുപകരണമായി ഞാനതിനെ പരിഗണിക്കുന്നു. ഈ രണ്ടു കാര്യങ്ങളെ -നീതിയും മതവും- ഒത്തുചേർക്കുന്ന ഒരിടമാണു വിമോചന ദൈവശാസ്ത്രം. അതെനിക്കു വളരെ അർഥവത്തായ ഒന്നാണ്. ദക്ഷിണാഫ്രിക്കയിലെ വിമോചനപോരാട്ടത്തിൽ വിലമതിക്കാനാകാത്ത ആയുധമായിരുന്നു അത്. മുസ്‌ലിംകളെ കൂട്ടത്തോടെ വിമോചനമുന്നേറ്റത്തിലേക്ക് ആകർഷിക്കുവാൻ അതിനു കഴിഞ്ഞു. ഞങ്ങൾ ജയിലിലായിരുന്നപ്പോൾ ഖുർആന്റെ ഭാഷയും ഉള്ളടക്കവും ഞങ്ങളെ സ്പർശിച്ചു; അതു ഞങ്ങൾക്കു പ്രതീക്ഷയും പ്രോത്സാഹനവുമായി. ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൂടെ ഖുർആൻ ഞങ്ങളോടൊപ്പം നടന്നു. രണ്ടു പുസ്തകങ്ങൾ മാത്രമാണു ജയിലിൽ അനുവദിക്കപ്പെട്ടിരുന്നത്. ക്രൈസ്തവർക്കു ബൈബിളും മുസ്‌ലിംകൾക്കു ഖുർആനും. മാർക്സിസ്റ്റുകളെപ്പോലെ ആൾക്കൂട്ടത്തെ മയക്കുന്ന കറുപ്പാണതെന്ന് അവർ കരുതി. പക്ഷേ ഏറ്റവും മികച്ച പങ്കാളികളെയാണ് അവർ തന്നത്. ഞങ്ങൾക്കും ഞങ്ങളുടെ ജനതയ്ക്കും വേണ്ട, ആവേശമുണർത്തുന്ന കഥകൾ ഞങ്ങൾ അവയിൽ കണ്ടു.

ഓരങ്ങളിൽ നിന്ന് ഇസ്‌ലാമിനെ എങ്ങനെ മനസ്സിലാക്കാം എന്നതിലായി എന്റെ നിരന്തരശ്രദ്ധ. മീതെ നിന്നു താഴേക്കു ഗ്രന്ഥത്തെ നോക്കുമ്പോൾ യഥാസ്ഥിതിയെ ന്യായീകരിക്കാനുള്ള വഴികൾ നിങ്ങൾക്കു കാണാം. അതേ ഗ്രന്ഥത്തെ ഓരങ്ങളിൽ നിന്നു നോക്കിയാൽ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള വഴികൾ തെളിയും. എന്നെ സംബന്ധിച്ചു വിമോചനമെന്നതു മനുഷ്യരാശിയിൽ നിന്നു കൂടിയുള്ള വിമോചനമാണ് – ദൈവത്തെ സേവിക്കുവാൻ. അതു സീമാതിവർത്തിയായ മുന്നേറ്റമാണ്. എല്ലാ യാതനകൾക്കും നടുവിൽ ദൈവത്തിന്റെ സാന്നിധ്യം അന്വേഷിക്കുന്ന പ്രവൃത്തി കൂടിയാണത്.

വിമോചന ദൈവശാസ്ത്രപ്രസ്ഥാനത്തെ ഇപ്പോൾ വിലയിരുത്തുമ്പോൾ അതിന്റെ പുരോഗതിയെയും വർത്തമാനകാല പ്രവണതകളെയും എങ്ങനെയാണു കാണുന്നത്?

ദക്ഷിണാഫ്രിക്കയിൽ വിമോചനദൈവശാസ്ത്രം താഴോട്ടു പോകുകയാണു ചെയ്തത്. വിമോചന ദൈവശാസ്ത്രകാരൻമാർ രാഷ്ട്രത്തിന്റെ അധികാരകേന്ദ്രങ്ങളിലേക്കു ക്ഷണിക്കപ്പെട്ടതാണു കാരണം. പൊതുവായി പറഞ്ഞാൽ, കത്തോലിക്കാസഭയും പ്രശ്നങ്ങളെ നേരിടുകയായിരുന്നു. ഉദാഹരണത്തിന്, വിശ്വാസിയും നിഷേധിയും ആരാണെന്നു തീരുമാനിക്കുന്ന സമിതിയുടെ തലപ്പത്തുണ്ടായിരുന്ന കർദിനാൾ റത് സിങർ പിന്നീടു പോപ്പായി മാറി. ഞാൻ അദ്ദേഹം പോപ്പാണെന്ന് അംഗീകരിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ കാലത്തു വിമോചന ദൈവശാസ്ത്രത്തോടു വിപ്രതിപത്തിയുണ്ടായിരുന്നു.

മുസ്‌ലിംകളുടെ ഭാഗത്താകട്ടെ, നിരവധി പുരോഗമനചിന്തകർ പല കാരണങ്ങളാൽ വിലക്കു വാങ്ങപ്പെട്ടു. സെപ്റ്റംബർ 11നു ശേഷം അവരുടെ താൽപര്യം അമേരിക്കയിലും അമേരിക്കക്ക് ഇസ്‌ലാമുമായുള്ള പ്രശ്നത്തിലുമായി മാറി. അങ്ങനെ മുസ്‌ലിം ദൈവശാസ്ത്രകാരന്മാർ കൂടുതലായും ‘ഇസ്‌ലാമും ഹിംസയും’, ‘ഇസ്‌ലാമും സമാധാനവും’ തുടങ്ങിയ കാര്യങ്ങളെപ്പറ്റി സംവദിക്കുകയും വളരെ മിതഭാഷികളാവുകയും ചെയ്തു. ഇസ്‌ലാമും സാമ്രാജ്യത്വഹിംസയും, ഇസ്‌ലാമും അധിനിവേശവും, ദാരിദ്ര്യം, പട്ടിണി, യാതനകൾ തുടങ്ങിയവയെപ്പറ്റിയൊന്നും അവർ സംസാരിക്കാതെയായി. കുറേക്കാലമായി ഒരു ദുർഘടപാതയിലൂടെയാണ് ഈ പ്രസ്ഥാനം നീങ്ങിയിരുന്നത്. പക്ഷേ, അപകോളനീകരണ പ്രസ്ഥാനവും വിമോചന ദൈവശാസ്ത്രവും തമ്മിൽ ചാർച്ചയായിക്കഴിഞ്ഞ ശേഷം പ്രസ്ഥാനം നവീകരിക്കപ്പെട്ടിട്ടുണ്ട്. പ്രാന്തവത്കൃത സമുദായങ്ങളുടെ പ്രശ്നങ്ങളിലേക്ക് അടിയന്തരശ്രദ്ധ ചെലുത്തി അതു പെരുമാറുന്നുണ്ട്.

പ്രോഗ്രസ്സിവ് ഇസ്‌ലാം സംഘത്തിൽ താങ്കൾ ഒരുകാലത്തു സജീവമായിരുന്നല്ലോ. കേരളം പോലുള്ള സ്ഥലങ്ങളിൽ ‘പുരോഗമനപരം’ എന്ന വാക്ക് ഇടതുപക്ഷ ചിന്താഗതിയിലുള്ള, ഉദാരവത്കൃത, മതേതര ഇസ്‌ലാമിനെ, ഒരു ‘ഗുഡ്’ ഇസ്‌ലാമിനെയാണു പ്രതിനിധീകരിക്കുന്നത്. താങ്കളെ സംബന്ധിച്ച് എന്താണു ‘പുരോഗമനപരം’?

ദക്ഷിണാഫ്രിക്കയിൽ പുരോഗമനപരം എന്നതിനർഥം ഇടതുപക്ഷ ചിന്താഗതിയുള്ളതും സാമ്രാജ്യത്വവിരുദ്ധവും പാശ്ചാത്യവിരുദ്ധവുമായത് എന്നായിരുന്നു. സെപ്റ്റംബർ 11നു ശേഷമാണു പാശ്ചാത്യരാൽ ആ പദം കീഴ്മേൽ മറിക്കപ്പെട്ടത്. അധികാരത്തോട് ഒത്തുപോകുന്ന അർഥപരികൽപനകൾ അതിനു വന്നതോടെ ഞാൻ ആ സംഘത്തിൽ നിന്ന് ഒഴിഞ്ഞു. ഞാനിപ്പോൾ സ്വയം ആ പദത്തോടു ചേർത്തുവെക്കുന്നില്ല. പുരോഗമന മുസ്‌ലിം എന്നതുകൊണ്ട് അടിസ്ഥാനപരമായി ഇന്നുദ്ദേശിക്കുന്നത്, അമേരിക്കയും സഖ്യകക്ഷികളും കടന്നുപോകുമ്പോൾ അവർക്കുവേണ്ടി ചത്തുമലച്ചു കിടക്കാൻ സന്നദ്ധരായവർ എന്നതാണ്; ഇവിടെയാണെങ്കിൽ മോദിയും സംഘവും ആവശ്യപ്പെടുമ്പോൾ. “ഇസ്‌ലാമിന് ഒന്നിനെക്കുറിച്ചും ഒന്നും പറയാനില്ല” എന്നതാണ് അതിന്റെ ഒരു പ്രസ്താവന. “ഞങ്ങൾക്കു പ്രതിരോധമൊന്നുമില്ല, നിങ്ങൾ പറയും പ്രകാരം നിന്നുകൊള്ളാം” എന്ന ഭാവം. ഉദാരഇസ്‌ലാം, മിതഇസ്‌ലാം എന്നൊക്കെ പറഞ്ഞാൽ ഇതേ സംഗതി തന്നെ. പുരോഗമന ഇസ്‌ലാമിന്റെ സ്ഥിതിയും അതാണ്. സെപ്റ്റംബർ 11നു മുന്‍പ്, ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ പ്രോഗ്രസീവ് ഇസ്‌ലാമിസ്റ്റ് എന്ന് അറിയപ്പെടുന്നതിൽ ഞാൻ സന്തോഷവാനായിരുന്നു. സെപ്തംബർ 11നു ശേഷം പ്രത്യേകിച്ചും ഒമിദ് സാഫി എഡിറ്റ് ചെയ്ത ‘പ്രോഗ്രസ്സീവ് മുസ്‌ലിംസ്’ എന്ന പുസ്തകം വന്നതിനു ശേഷം, ആ വാക്ക് അവർ കൈയടക്കിയിരിക്കുകയാൽ, ഞാനിപ്പോൾ അതോടൊപ്പമില്ല.

ഇന്ന് ഏറ്റവും പുതിയ ഇസ്‌ലാമിക വിജ്ഞാനവും ചിന്തയും വരുന്നത് ഉത്തരാർധഗോളത്തിൽ നിന്നാണ് (global north). മൗലികമായ ഇസ്‌ലാമിക വിജ്ഞാനോത്പാദനത്തിന്റെ ഭാഷ മിക്കപ്പോഴും ഇംഗ്ലീഷാണ്. ദക്ഷിണാർധഗോളത്തിലുള്ളവർ പലപ്പോഴും പടിഞ്ഞാറ് ഉത്പാദിപ്പിക്കുന്ന അറിവിന്റെ ഉപഭോക്താക്കളാണ്. താങ്കൾ ഇതിനെ എങ്ങനെ കാണുന്നു? ഇസ്‌ലാമിന്റെ ജ്ഞാനപാരമ്പര്യത്തെ എങ്ങനെ അപകോളനീകരിക്കാം?

ഇതൊരു പ്രശ്നമാണ്. അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലാണു ഞാൻ നേരത്തെ പഠിപ്പിച്ചിരുന്നത്. ജോഹന്നാസ്ബർഗിലേക്കു വരുന്നതിന് ഒരു കാരണമുണ്ട്. എന്റെ ധൈഷണിക അന്വേഷണങ്ങൾ അമേരിക്കകത്ത്, അവരുടെ താൽപര്യങ്ങളും രാഷ്ട്രീയചോദ്യങ്ങളും മനസിൽവെച്ചാണു രൂപപ്പെട്ടുവന്നത്. മൂന്നാം ലോകത്തിന്റെ ചോദ്യങ്ങൾ, ദക്ഷിണാർധഗോളത്തിന്റെ ചോദ്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ധൈഷണികബലം ഗൗരവമർഹിക്കുന്ന വിധത്തിൽ പടിഞ്ഞാറേക്കു ഗതിമാറി. നിശിത വിശകലനം ചെയ്യുന്ന നമ്മുടെ ചിന്തകരായ ഹാമിദ് ദബാഷിയും റാമോൺ ഗ്രോസ്ഫുഗലും അമർത്യാസെന്നുമൊക്കെ ഉള്ളതു പടിഞ്ഞാറാണ്. അവിടെ യാത്രചെയ്യാൻ എളുപ്പമാണ്. സാമ്പത്തികസ്ഥിതി മികച്ചതാകുകയും ചെയ്യും. അവർ നമുക്കു കാശ് തരും. ഇന്ത്യപോലുള്ള സ്ഥലത്തേക്കു വരുമ്പോൾ നിങ്ങളുടെ വിമാനടിക്കറ്റ് നിങ്ങൾ എടുക്കേണ്ടി വന്നേക്കാം. താമസസൗകര്യം കിട്ടിയാൽ ഭാഗ്യം. കഴിഞ്ഞ ആഴ്ച ഞാൻ നൈജീരിയയിലായിരുന്നു. വിമാനത്താവളത്തിൽ നിന്നു മണിക്കൂറുകൾ സഞ്ചരിച്ചാണു ഹോട്ടലിലെത്തിയത്. ഇവിടെ നിന്നൊന്നു പുറത്തു ചാടണം എന്നു തോന്നിപ്പോകും നിങ്ങൾക്ക്. കടുത്ത ട്രാഫിക്, മലിനീകരണം, മോശം ജീവിതസാഹചര്യങ്ങൾ. അതുകൊണ്ടാണു നമ്മൾ ഒന്നാം ലോകത്തെ കൂടി സ്വാംശീകരിച്ചിരിക്കുന്നത്.

നിങ്ങൾ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ കൊടുക്കുമ്പോൾ പ്രസാധകർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം, “ഇത് അമേരിക്കയിൽ വിറ്റുപോകുമോ’ എന്നാണ്. അമേരിക്കയിൽ വിറ്റുപോവുകയില്ല എങ്കിൽ, നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധ്യതയില്ല എന്നുവരുന്നു. അപ്പോൾ അറിവിന്റെ ഉത്പാദനവും കോളനീകരണവുമായി ബന്ധപ്പെട്ടു ഗൗരവപ്പെട്ട ഒരു പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പടിഞ്ഞാറുള്ള അക്കാദമികളിൽ സാമ്രാജ്യത്വത്തിന്റെ ഹൃദയത്തിനകത്തു നിന്നു നിഷ്പക്ഷമായും വസ്തുനിഷ്ഠമായും നടക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ജ്ഞാനോത്പാദനം അങ്ങനെ സാമ്രാജ്യത്വത്തിന്റെ അർഥങ്ങളും വ്യവഹാരങ്ങളും മുന്നോട്ടു കൊണ്ടുപോകാനുള്ള വഴിയായി വർത്തിക്കുന്നു.

ബദലുകളെക്കുറിച്ച് ഉപകാരപ്രദമായ ഒന്നും എനിക്കു പറയാനില്ല. പ്രധാനപ്പെട്ട പുസ്തകങ്ങളുടെ വ്യാജപകർപ്പുകൾ ലഭ്യമാക്കുന്നതു നല്ലതാണെന്നു ഞാൻ കരുതുന്നു. ഉദാഹരണത്തിന്, ദബാഷി ഇതുപോലുള്ള രാജ്യങ്ങളിൽ എത്തിപ്പെടുന്നു. ഇതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രാദേശിക എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കണം. ദക്ഷിണാര്‍ധഗോള (global south)ത്തിലെ എഴുത്തുകാർ സ്വന്തമായ ശൃംഖലകളെ വികസിപ്പിച്ചെടുക്കാൻ പഠിക്കണം. വൻകിടക്കാരുടെ ചട്ടക്കൂടുകൾക്കു പുറത്തു പുസ്തകങ്ങൾ പ്രാദേശികമായി അച്ചടിക്കുകയും വാങ്ങേണ്ടതില്ലാതെ തന്നെ കൈമാറ്റം ചെയ്യാനാവുകയും ചെയ്യുന്ന സാധ്യതകൾ ഇൻറർനെറ്റ് തരുന്നുണ്ട്. അറിവിന്റെ പ്രാദേശികമായ ഉത്പാദനവും പങ്കിടലും വ്യാപകമാവുന്ന ഒരേയൊരു വഴിയാണതെന്നു ഞാൻ കരുതുന്നു. വലിയ കുത്തകകളായി മാറിയ മരുന്നുനിർമാണ കമ്പനികളെ അനുസ്മരിപ്പിക്കുന്നുണ്ട് ഇത്. അവർ ചില മരുന്നുകളുടെ വില കുത്തനെ കൂട്ടുകയും അവ വാങ്ങാനാകാത്തവർ മരണമടയുകയും ചെയ്യുന്നു. നമുക്കിവിടെ ചെയ്യാവുന്ന പല കാര്യങ്ങളുണ്ട്. പക്ഷേ, ഇതൊരു നീണ്ട സമരമാണ്. പ്രാദേശിക എഴുത്തുകാരുടെ വലിയൊരു നിരതന്നെ നമുക്കുണ്ട്. നിർഭാഗ്യവശാൽ, അവർ പ്രാദേശികരായിത്തന്നെ തുടരുന്നു. അവരെ ആഗോള എഴുത്തുകാരാക്കാൻ ആവശ്യമായതൊന്നും ചെയ്യുന്നില്ല. ദക്ഷിണാര്‍ധഗോളത്തില്‍ എന്റെ യാത്രാസമയം കൂടുതലായി ചെലവഴിക്കണമെന്നു ഞാനേതായാലും തീരുമാനിച്ചുകഴിഞ്ഞു. പക്ഷേ, ഇതു വളരെ ശ്രമകരമാണ്. പ്രധാനമായും സാമ്പത്തിക വെല്ലുവിളികൾ വരും. കഴിഞ്ഞവർഷം ഞാൻ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു. ഇതെന്റെ രണ്ടാം ഇന്ത്യൻ സന്ദർശനമാണ്. മൂന്നാം ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ നമ്മൾ സ്വന്തം കാശ് ചെലവഴിക്കേണ്ടതായി വരും. ഗോളാന്തരത്തിൽ പങ്കാളിത്തത്തിനും സഹകരണത്തിനും കൈമാറ്റത്തിനുമൊക്കെയുള്ള ഫണ്ടുകളും സംവിധാനങ്ങളുമുണ്ട്.

മുസ്‌ലിംലോകത്തെ പല പരിഷ്കരണ ആശയങ്ങളും അടിസ്ഥാനപരമായി പാശ്ചാത്യപ്രശ്നങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടികളാണ് എന്നൊരു വിമർശനമുണ്ട്. ഈ വാദത്തെ എങ്ങനെ കാണുന്നു?

ശരിയാണ്. പടിഞ്ഞാറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി മടുത്തിട്ടാണു ഞാൻ അമേരിക്ക വിട്ടുപോന്നത്. ഞാൻ നേരത്തെ പറഞ്ഞ ഉദാഹരണം ഈ പ്രശ്നത്തെ വിശദീകരിക്കുന്നുണ്ട്. ഒരു സ്ത്രീ കല്ലെറിയപ്പെടുമ്പോൾ ലോകം മുഴുവനും പ്രതികരിക്കുകയും ഓടിയെത്തുകയും ആയിരക്കണക്കിനു സ്ത്രീകൾ കുടിവെള്ളമില്ലാതെ മരിക്കുമ്പോൾ ആർക്കും ഒരു പരിഭവവും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ഈ വിമർശനം ന്യായമാണ്. നമ്മുടേതായ പ്രശ്നങ്ങൾ ഇവിടെയുണ്ട് – ദാരിദ്ര്യത്തിന്റെ, ക്ഷാമത്തിന്റെ, നാടൻജന്മിമാരും ആഗോളമുതലാളിത്തവും നടത്തുന്ന ചൂഷണത്തിന്റെ എല്ലാം. നമ്മുടെ സ്ത്രീ-പുരുഷ പദവികളുടെ പ്രശ്നത്തിലും നമ്മൾ കാര്യമായി പണിയെടുക്കേണ്ടിവരും. വെള്ളക്കാരുടെ എൻ.ജി.ഒകൾ വന്ന് ഈ പ്രശ്നങ്ങളെ ഏറ്റെടുത്തു കയ്യടക്കുന്നതിനെ കരുതിയിരിക്കണം. കാരണം, അവരുടെ അജണ്ടകളെ ആകർഷകമാക്കി വെക്കുന്നതിന് അവരതു ചെയ്യും. ആര്, എങ്ങനെ ഒരു പ്രശ്നം ഉയർത്തുന്നു എന്നതിനപ്പുറം നമ്മൾ പ്രശ്നങ്ങളെ മൗലികമായി സമീപിക്കണം എന്നതാണ് നീതിബോധത്തിന്റെ പ്രതിബദ്ധത.

കറുത്തവർഗക്കാരായ എയ്ഡ്സ് രോഗികളെ പുനരധിവസിപ്പിക്കുന്ന പ്രശ്നങ്ങളിൽ താങ്കൾ സമയവും അധ്വാനവും വിനിയോഗിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ചു പറയാമോ?

ദക്ഷിണാഫ്രിക്കയിൽ എയ്ഡ്സ് രോഗം അതിഭീകരമായിരുന്നു. മതപ്രതികരണമാകട്ടെ അതിലളിതവും. വിവാഹേതരമായ ലൈംഗികബന്ധം വഴി നിങ്ങൾ ദൈവകോപം വരുത്തിവെച്ചതിന്റെ ശിക്ഷയാണ് എയ്ഡ്സ് എന്ന മട്ടിൽ. ഉദാഹരണത്തിന്, മാലിക് ബദരി നടത്തിയ ലജ്ജാവഹമായ ഒരു കണ്ടുപിടുത്തം സാൻഫ്രാൻസിസ്കോയിലെ സ്വവർഗരതിക്കാരുടെ ഗുദത്തിൽ നിന്നുത്ഭവിച്ച്, മലായിക്കത്ത് (മാലാഖമാർ) പരത്തിയ ഒരു വൈറസാണിത് എന്നാണ്. ഇതു ദൈവ ശിക്ഷയാണ് ആളുകൾക്ക് എന്ന്. എനിക്കെപ്പോഴും ചോദിക്കാനുള്ള ചോദ്യമിതാണ്: ദൈവത്തിനു കറുത്തവർഗക്കാരോട് എന്താണിത്ര പ്രശ്നം? ദൈവത്തിനു പാവങ്ങളോട് എന്താണ് പ്രശ്നം? വെള്ളക്കാരെക്കാൾ ലൈംഗികതയുള്ളവരാണു കറുത്തവർ എന്നാണോ നിങ്ങൾ പറയുന്നത്? യൂറോപ്പിൽ ആളുകൾക്കു പോയി ലൈംഗികവേഴ്ചയിൽ ഏർപ്പെടാവുന്ന പാർക്കുകളുണ്ട്. മരങ്ങളിൽ തൂക്കിയിട്ട ഗർഭനിരോധന ഉറകളുണ്ട്. ആഫ്രിക്കയിലെങ്ങും ഇതില്ല. വെള്ളക്കാർക്കും പണക്കാർക്കും എയ്ഡ്സ് വരുമ്പോൾ ചികിത്സാചെലവിനു മെഡിക്കൽ ഇൻഷൂറൻസുണ്ട്. വിദഗ്ധ പരിചരണവും ഉണ്ട്. എന്നുവച്ചാൽ ഘടനാപരവും വ്യവസ്ഥ നിർമിക്കുന്നതുമായ കാരണങ്ങൾ ഇവയിലെല്ലാമുണ്ട്. ഒരു ഭൂകമ്പം വരുമ്പോൾ അല്ലാഹുവിന്റെ അദാബ് (ശിക്ഷ) ആണിത് എന്നുപറയുന്നത് പോലെയാണിത്. റിച്ചർ സ്കെയിലിൽ 6.2 വരുന്ന ഒരു ഭൂമികുലുക്കം ജപ്പാനിൽ നടക്കുമ്പോൾ ഒരാളും മരിക്കുന്നില്ല. ഇന്തോനേഷ്യയിൽ റിച്ചർ സ്കെയിലിൽ 5.6 വരുന്ന ഭൂമികുലുക്കമുണ്ടാകുമ്പോൾ ആയിരക്കണക്കിനു മനുഷ്യർ മരിക്കുന്നു. ദരിദ്രരാജ്യങ്ങളിലെ ജനങ്ങളോടു ദൈവത്തിന് എന്തെങ്കിലും വിരോധമുണ്ടോ? ഒരുവശത്തു നിങ്ങൾ ഇതൊക്കെ ദൈവശിക്ഷയാണെന്നു പറയുന്നു; പക്ഷേ ഇതു പാവങ്ങൾക്കു മാത്രം ബാധകമായ ശിക്ഷയാണ്. അവിടെ വ്യവസ്ഥാനിർമിതമായ ഒരു പ്രശ്നമുണ്ട്. വികസനവും ദാരിദ്ര്യവുമൊക്കെയായി ബന്ധപ്പെട്ട പലതരം പ്രശ്നങ്ങളുണ്ട്. ഇതും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം എന്നിൽ താൽപര്യം ജനിപ്പിച്ചു. എച്ച്.ഐ.വിയിൽ എനിക്കു താൽപര്യം തോന്നിയതു കറുത്തവരെയും ഏറ്റവും ദരിദ്രരെയും അതു കൂടുതലായി ബാധിച്ചു എന്നതിനാലാണ്, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ. ആഫ്രിക്കയിലെ എയ്ഡ്സും സ്വവർഗരതിയുടെ പ്രശ്നവും തമ്മിൽ ഒരു ബന്ധവുമില്ല. യൂറോപ്പിലും അമേരിക്കയിലും, തുടക്കകാലത്ത്, ആണും ആണും തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ ഇതിനു വഴിവെച്ചിരുന്നു. ആഫ്രിക്കയിൽ അങ്ങനെയല്ല. അമ്മയിൽനിന്നു മക്കളിലേക്ക്, വിവാഹബാഹ്യ ലൈംഗികബന്ധങ്ങളിൽ നിന്ന്, ചിലപ്പോൾ വിവാഹത്തിൽ നിന്നുപോലും ഒക്കെയാണ് എയ്ഡ്സ് വന്നത്. ഇന്ത്യയിലും എയ്ഡ്സ് ബാധിതരായ സ്ത്രീകളിൽ ഭൂരിഭാഗത്തിനും അസുഖം കിട്ടിയതു ഭർത്താക്കന്മാരിൽ നിന്നാണ്.

താങ്കൾ അന്തർസമുദായ സംവാദങ്ങളും മതങ്ങൾക്കിടയിൽ സഹോദര്യവുമുണ്ടാക്കുന്ന പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ടല്ലോ. മതസൗഹാർദ പ്രവർത്തനങ്ങളോടുള്ള താങ്കളുടെ സമീപനം എങ്ങനെയാണ്?

അന്തർസമുദായ സംവാദങ്ങളിൽ ഞാൻ സജീവമായി പ്രവർത്തിക്കാറുണ്ട്. എനിക്കതു മതസൗഹാർദത്തിന്റെ പ്രശ്നമല്ല. യേശു ഒരേസമയം മനുഷ്യനും പരിശുദ്ധാത്മാവും ദൈവവും ആയിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം എങ്ങനെ ഭൂമിയിൽ ദൈവമായി തീർന്നുവെന്നും ക്രൈസ്തവ സുഹൃത്തുക്കൾ വിശദീകരിക്കുംതോറും എനിക്ക് ആശയക്കുഴപ്പം കൂടാറെയുള്ളൂ. എന്റെ തലയിൽ ആ കഥ കൊള്ളുന്നില്ല. വ്യാഖ്യാനങ്ങൾ എന്നെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ക്രൈസ്തവരും മുസ്‌ലിംകളും തമ്മിലുള്ള പ്രശ്നം പരസ്പരം മനസിലാകാത്തതിന്റെ പ്രശ്നമാണ് എന്നെനിക്ക് തോന്നുന്നില്ല. അവരുടെ ദൈവശാസ്ത്രം മനസിലാക്കുന്നതിൽ എനിക്കു താൽപര്യമില്ല. ജനങ്ങൾ പരസ്പരം മനസിലാക്കിയാൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ, അപ്പോൾ ഗംഭീരമായിരിക്കും എന്നുള്ള വാദം പരിഹാസ്യമാണ്.

ഇന്നത്തെ ലോകത്തിന്റെ അധികാരബലതന്ത്രത്തിൽ, ക്രൈസ്തവതയെ അടിച്ചമർത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നുണ്ട്, വിമോചനത്തിന്റെ ആയുധമായും ഉപയോഗിക്കുന്നുണ്ട്. അതേപോലെ, ഇസ്‌ലാമും അടിച്ചമർത്തലിന്റെ ആയുധമായും വിമോചനത്തിന്റെ ആയുധമായും ഉപയോഗിക്കപ്പെടുന്നു. അനീതിക്കെതിരെ നിലപാടെടുക്കുന്നതിൽ സ്വന്തം വിശ്വാസം എങ്ങനെ ഉപയോഗിക്കാമെന്നും ഉപയോഗിക്കാനാകില്ലെന്നും പല മതസ്ഥരായ ആളുകൾ ഒരുമിച്ചിരുന്നു പറയുകയും ആലോചിക്കുകയും ചെയ്യുന്നതിൽ എനിക്കു താൽപര്യമുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ ഉപകാരമുള്ള ആളാണോ എന്നേ എനിക്ക് അറിയേണ്ടതുള്ളൂ. നിങ്ങളോടൊപ്പം ചായയും കുടിച്ച് എന്റെ മതത്തിൽ സ്ത്രീകൾക്കു മേത്തരം പദവികളാണ് എന്നുപറയുന്നതിലും അതേതരം വാചകങ്ങൾ നിങ്ങൾ പറയുന്നതു കേൾക്കുന്നതിലും എനിക്കു താൽപര്യമില്ല. ഞാൻ കുറച്ചു ഭംഗിയുള്ള ഹദീസുകൾ നിരത്തിവെക്കുന്നു; നിങ്ങൾ കുറച്ചു ഭംഗിയുള്ള സൂക്തങ്ങൾ പകരം നിരത്തുന്നു. നമ്മൾ പിരിഞ്ഞുപോകുന്നു. മതങ്ങൾ തമ്മിൽ ഒരുകാലത്തും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതു മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളാലാണ്. നമ്മുടെ കൺമുന്നിൽ നടക്കുന്ന അനീതിയെപ്പറ്റി മതംകൊണ്ട് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നതാണു ചോദ്യം. അതു മാത്രമാണെന്റെ മതാന്തരസംവാദം.

ഇന്നത്തെ സാഹചര്യത്തിൽ, രാഷ്ട്രീയ ഇസ്‌ലാമിനെ അടിസ്ഥാനപ്പെടുത്തിയ പ്രസ്ഥാനങ്ങളെ താങ്കൾ എങ്ങനെ കാണുന്നു?

ഒന്നാമതായി രാഷ്ട്രീയ ഇസ്‌ലാം എന്നതുകൊണ്ടു നിങ്ങൾ എന്ത് ഉദ്ദേശിക്കുന്നു എന്നെനിക്കറിയില്ല. നിലവിലെ രാഷ്ട്രീയ ഭരണകൂട സംവിധാനങ്ങൾക്കു മൗലികമായ മാറ്റവും ബദലും വേണമെന്നു പരസ്യമായി ആവശ്യപ്പെടുകയും ഖിലാഫത്തിനുവേണ്ടി വാദിച്ചു സായുധസമരം നടത്തുകയും ചെയ്യുന്ന ‘ഐ.എസ്.ഐ.എസ്., തക്ഫീർവൽ ഹിജ്റ’ ഒക്കെപോലുള്ള സംഘടനകളാണോ താങ്കളുദ്ദേശിക്കുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ ആളുകൾ?

അല്ല. സയ്യിദ് ഖുത്ബിനെയും സയ്യിദ് മൗദൂദിയെയും പോലുള്ള ചിന്തകരിൽ നിന്നു പ്രചോദിതരായി ജനാധിപത്യപരമായും ഹിംസാത്മകമല്ലാതെയും പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയാണ് ഉദ്ദേശിച്ചത്.

രാഷ്ട്രീയവ്യവഹാരങ്ങളിലേക്ക് ഇസ്‌ലാമിക ആശയങ്ങളെ കൊണ്ടുവരേണ്ട തികഞ്ഞ ആവശ്യമുള്ളതായി ഞാൻ വിചാരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു മുസ്‌ലിംകൾ അകന്നുമാറണമെന്ന അഭിപ്രായവും എനിക്കില്ല. ഈ സാഹചര്യത്തോടു സംസാരിക്കുന്ന നിയതമായ ആശയങ്ങൾ ഇസ്‌ലാമിനകത്തുണ്ട് എന്നു ഞാൻ കരുതുന്നു. ഉത്തരവാദിത്വമെടുക്കലിന്റെയും സുതാര്യതയുടെയും പൊതുക്ഷേമത്തിന്റെയും സ്വജനപക്ഷപാതമില്ലായ്മയുടെയും ഒക്കെ തലങ്ങളുണ്ട്. എന്റെ മകൾ ഫാത്തിമയാണു കുറ്റം ചെയ്യുന്നതെങ്കിലും ഇതേശിക്ഷ തന്നെ വിധിക്കുമെന്നു പറയുന്ന പ്രവാചകൻ മുഹമ്മദിന്റെ ഉദാഹരണമുണ്ട്. അപ്പോൾ സ്വജനപക്ഷപാതം എന്ന ഒന്നില്ല. വരൾച്ചപോലെ അടിയന്തരഘട്ടങ്ങളിൽ ചില ശിക്ഷാവിധികൾ റദ്ദുചെയ്യണമെന്നുണ്ട്. ഒരു പ്രദേശത്ത് ഒരാൾ പട്ടിണി കാരണം മരിച്ചാൽ എല്ലാ ഭാഗത്തേക്കുമുള്ള 40 വീടുകളിലെ അയൽക്കാർ അതിനു മറുപടി പറയാൻ ബാധ്യസ്ഥരാണ് എന്നുണ്ട്. ഇത്തരം സാമൂഹികമൂല്യങ്ങളെ ഗൗരവപ്പെട്ട രാഷ്ട്രീയ ആശയങ്ങളായി പരിവർത്തിപ്പിക്കാനാകും. രാഷ്ട്രീയത്തിൽനിന്നു മതത്തെ വേർപ്പെടുത്തണമെന്ന വാദക്കാരനല്ല ഞാൻ. മതത്തിന്റെ ആളുകൾ രാഷ്ട്രീയക്കാരായിത്തന്നെ രാഷ്ട്രീയത്തിൽ ഇടപെടണമെന്നാണ് എന്റെ പക്ഷം.

രാഷ്ട്രീയം ഒരു മോശം കളിയായി ഞാൻ കരുതുന്നില്ല. എത്രയോ മാന്യരായ രാഷ്ട്രീയക്കാരുണ്ട്. എന്റെ നാട്ടിലുള്ളവരെ എനിക്കറിയാം. ജനങ്ങളുടെ പ്രശ്നങ്ങളിൽ ആത്മാർഥമായി ഇടപെടുകയും ജനങ്ങളുടെ ജീവിതത്തെ കൂടുതൽ എളുപ്പമുള്ളതാക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നവർ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ല. നമുക്കു കക്കൂസിൽ പോകണമെങ്കിൽ ആരെങ്കിലും അതു വൃത്തിയാക്കി വെക്കണം. രാഷ്ട്രീയക്കാർ ചെയ്യുന്നത് ആ പണിയാണ്. സമൂഹത്തിന്റെ മാലിന്യങ്ങളെയാണ് അവർ അധികവും കൈകാര്യംചെയ്യുന്നത്. അഴിമതിനിറഞ്ഞ രാജ്യങ്ങളിൽ, തീർച്ചയായും അതിൽ കുറെ വഴിവിട്ട പണമുണ്ട്. ഞാൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളാണു പറയുന്നത്. മുസ്‌ലിംകൾ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നും ഇസ്‌ലാമിക ആശയങ്ങൾ ഉപയോഗിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. ഇതിനർഥം മുസ്‌ലിംകൾ ഒരു ഇസ്‌ലാമികരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കണമെന്നാണോ? ഒരിക്കലുമല്ല. എനിക്കതിനോടു യോജിപ്പില്ല. ഇസ്‌ലാമികമൂല്യങ്ങൾ നിങ്ങളുടെ രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും ഉണ്ടാവുക എന്നതാണ് കാര്യം.

എനിക്കു രാഷ്ട്രത്തോടു (state) തന്നെ മതിപ്പില്ല. ഞാൻ രാഷ്ട്രത്തിന്റെ ആരാധകനല്ല. രാഷ്ട്രം താരതമ്യേന ഒരു പുതിയ ആവിഷ്കാരമാണ്. ജനങ്ങൾ ഭരണനിർവഹണം നടത്തിയിരുന്ന മറ്റനേകം മാർഗങ്ങളുണ്ട്. രാഷ്ട്രം എന്ന ആശയത്തെപ്പറ്റി, പ്രത്യേകിച്ചും വലിയ രാഷ്ട്രങ്ങളെപ്പറ്റി ഞാൻ സംശയാലുവാണ്. മനുഷ്യാധികാരത്തിനും പുറത്തുമുള്ള ദൈവീകമായ ഉറവിടങ്ങളിൽനിന്നു നിയമനിർധാരണം നടത്തുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങളെ എനിക്കു ഭയമാണ്. കാരണം, ദൈവം നിങ്ങളോട് ഇന്നതു ചെയ്യാൻ പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞിട്ടു നിങ്ങൾ ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ പിന്നെ എനിക്കതിൽ ഒരിടമില്ല, നിങ്ങളുടെ ദൈവം എന്റെ കൂടി ദൈവമല്ലാതിരിക്കുന്ന കാലത്തോളം. ഈ ഭൂമി ഞങ്ങളുടേതാണ് എന്നു ഞങ്ങളോട് ഒരു രാത്രി ദൈവം വന്നുപറഞ്ഞിട്ടുണ്ടെന്നു സയണിസ്റ്റുകൾ ഫലസ്തീനെക്കുറിച്ചു പറയുന്നതുപോലെയാണത്. ആയിരക്കണക്കിനു വർഷങ്ങൾ ദശലക്ഷക്കണക്കിനു മനുഷ്യർ പുലർന്നുപോന്ന ഒരു നാടിനെപ്പറ്റിയാണു “ദൈവിക”മായ ഈ അവകാശം ഉന്നയിക്കപ്പെട്ടത്. ദൈവത്തിന്റെ വാഗ്ദാനം ആയതുകൊണ്ടു നിങ്ങൾക്കിവിടെ രാഷ്ട്രം ഉണ്ടാക്കാം, ജൂതവിശ്വാസികളെ കൊണ്ടുവന്നു പാർപ്പിക്കുകയും, തദ്ദേശീയ ഫലസ്തീനി ജനതയെ വംശഹത്യക്കിരയാക്കുകയും ചെയ്യാം. മതരാഷ്ട്രങ്ങളുടെ സ്വഭാവം ഇതാണ്. ജനാധിപത്യത്തിനോ തുല്യനീതിക്കോ അവിടെ ഇടമില്ല. എല്ലാ മതരാഷ്ട്രങ്ങൾക്കും ആഴത്തിൽ പിഴവുകളുണ്ട്. ഞാൻ ഒരു വലിയരാഷ്ട്രത്തിന്റെയും സുഹൃത്തല്ല, ഒരു വംശീയരാഷ്ട്രത്തിന്റെയും സുഹൃത്തല്ല, ഒരു മതരാഷ്ട്രത്തിന്റെയും സുഹൃത്തല്ല.

മുസ്‌ലിം സമുദായത്തിനകത്തു ദൈവശാസ്ത്രതലത്തിലും രാഷ്ട്രീയതലത്തിലും സുന്നി-ഷിയാ തർക്കങ്ങൾ പതിവാണല്ലോ. ഇസ്‌ലാമിനെ അസ്ഥിരപ്പെടുത്തുക എന്ന അജണ്ടയുടെ ഭാഗമായി ജൂതന്മാർ ഉണ്ടാക്കിയതാണു ഷീയിസം എന്നു വാദിക്കുന്ന സുന്നികൾ ഉണ്ട്.

ഇന്ത്യയും പാകിസ്താനും മറ്റു പല മുസ്‌ലിംരാജ്യങ്ങളും ഗൂഢാലോചനാസിദ്ധാന്തങ്ങളാൽ വളരെ സമ്പന്നമാണ്. ഓരോ മുറിയിലും ഒരു ജോഡി ഗൂഢാലോചനയെങ്കിലും ഒളിച്ചിരിപ്പുണ്ടാകും. ഒരു മതസ്ഥാപനത്തിൽ വർഷങ്ങൾക്കുമുന്‍പു പഠിപ്പിക്കുമ്പോൾ, ചില ഷിയാ സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്, സുന്നികൾ നിസ്കരിക്കുമ്പോൾ കൈ കെട്ടാൻ കാരണം അതിനകത്ത് അവരുടെ വിഗ്രഹങ്ങളെ ഒളിപ്പിച്ചുവയ്ക്കാനാണ് എന്നാണ്. മദ്രസയിൽ വെച്ചു ഞാൻ അറിഞ്ഞ ഒരുകാര്യം ആഷൂറാ രാവിൽ ഷിയാക്കൾ വെളിച്ചം കെടുത്തുന്നതിന്റെ ഉദ്ദേശ്യം പരസ്പരം കൂട്ടരതിയിലേർപ്പെടാനാണ് എന്നാണ്. ഇതാണു നിലവാരം. യാതൊരു അടിത്തറയും ഇല്ലാത്ത ഗൂഢാലോചനകളാണ്, മിക്കപ്പോഴും പരസ്പരം എറിയുന്ന നുണകളാണവ. നിങ്ങളുടെ വിശ്വാസം സുരക്ഷിതമായിരിക്കുന്നതു മറ്റൊരു വിശ്വാസത്തെപ്പറ്റി നുണപറയാനുള്ള നിങ്ങളുടെ കഴിവിനു മീതെയാണ് എന്നതു തീർച്ചയായും അപമാനകരമാണ്.

സുന്നി-ഷിയാ സംഘർഷങ്ങൾ മുസ്‌ലിംലോകത്തെ പലവിധ രാഷ്ട്രീയ സംഘർഷങ്ങളെ കൂടി വലിയതോതിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. അധികാരത്തെ ഭീഷണിപ്പെടുത്തുന്നത് എന്തെങ്കിലും സംഭവിക്കുമ്പോഴൊക്കെ പരസ്പരം കുറ്റംചാർത്താനുള്ള കാരണങ്ങൾ ജനങ്ങൾ കണ്ടെത്തുന്നു എന്നതാണ് സത്യം. അത് ഒരാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കലോ, മറ്റൊരാളെ മൊസാദ് ഏജന്റ് എന്നു വിളിക്കലോ ആകാം. സുന്നികൾക്കും ഷിയാക്കൾക്കുമിടയിൽ ദൈവശാസ്ത്രപരമായ ഭിന്നതകളുണ്ട് എന്നത് എല്ലാവർക്കുമറിയാം. പക്ഷേ, രാഷ്ട്രീയമായി നോക്കിയാൽ, അമേരിക്കൻ താൽപര്യങ്ങളോടും മധ്യപൗരസ്ത്യദേശത്തെ ഇസ്രായേൽ താൽപര്യങ്ങളോടും ചേർന്നുനിൽക്കുന്നതാണു സുന്നീരാഷ്ട്രങ്ങൾ എന്നു കാണാവുന്നതാണ്. ഇറാനും ലബനോനും ഒരുപരിധിവരെ സിറിയയും ആണ് അമേരിക്കൻ താൽപര്യങ്ങൾക്കെതിരെ നിന്നിട്ടുള്ളത്. സദ്ദാം ഹുസൈൻ ഉള്ളകാലത്ത് ഇറാഖും അമേരിക്കയെ എതിർത്തിട്ടുണ്ട്. സുന്നീഭാഗത്ത് സയണിസത്തെ സ്ഥൈര്യത്തോടെ ചെറുത്തുനിന്നിട്ടുള്ള സംഘമാണു ഹമാസ്. എല്ലാ സുന്നികളും അമേരിക്കക്കും ഇസ്രായേലിനും ഒപ്പമാണ് എന്നല്ല ഞാൻ പറയുന്നത്. സിറിയയെയും ഇറാനെയും പൈശാചികവത്ക്കരിക്കുന്നതു പ്രധാനമായും അവയുടെ ഷിയാഭരണനേതൃത്വം കാരണമാണ്. ഇത് വിഭാഗീയതയാണ്.

[കടപ്പാട്: അദർ ബുക്‌സ് ഈയിടെ പുറത്തിറക്കിയ ഫരീദ് ഇസാക്കിന്റെ ‘എന്നിട്ടും മൂസ ഫറോവയെ തേടിച്ചെന്നു’ (മൊഴിമാറ്റം: കെ അഷ്‌റഫ്) എന്ന പുസ്തകത്തിൽ അനുബന്ധമായി വന്നതാണ് ഈ അഭിമുഖം.]

Reproduced here from Utharakalam.com: http://utharakalam.com/liberation+theology+and+islam?fbclid=IwAR3ZS-CdSKSjc7iyUD2BMyfSlJ99VcmDWxz-Rjrz9UsrL1xm_MQzuoOBGWs

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *