Tere Ishq Nachaya | പ്രപഞ്ചം നൃത്തം ചെയ്യുകയാണ്
സമായെ ബിസ്‌മിൽ 22 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്
പ്രപഞ്ചം നൃത്തം ചെയ്യുകയാണ്
വട്ടംചുറ്റുന്ന നൃത്തധ്യാനം മൗലാനാ ജലാലുദ്ദീൻ റൂമിയെ പഠിപ്പിച്ചത് നാടോടിയായ ദർവേശ് ശംസ് തബ്‌രീസ് ആയിരുന്നു. അഹത്തിന്റെ കറുപ്പ് മേലുടയാടകൾ അഴിച്ചുവെച്ച്, മരണത്തിന്റെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ്, ഗുരുവിനെ വണങ്ങി, താളാത്മകമായ ദിക്റിൽ ലയിച്ച്, ഒരു കൈ മുകളിലേക്കുയർത്തി ദിവ്യാനുഗ്രഹങ്ങൾ (ബറകത്) സ്വീകരിക്കുകയും താഴ്ത്തിപ്പിടിച്ച മറുകൈ കൊണ്ടത് സഹചരാചരങ്ങളിലേക്ക് പകരുകയും ചെയ്‌തുകൊണ്ടുള്ള വർത്തുളചലനം ആണത്, പ്രകടാർത്ഥത്തിൽ. പതുക്കെ തുടങ്ങി പേടിപ്പെടുത്തുന്ന വേഗതകളിലേക്ക് ചുവടുമാറുന്ന ‘സമാ’ (സൂഫി സംഗീതവും നൃത്തവും പരമ്പരാഗതമായി അങ്ങനെ അറിയപ്പെടുന്നു) ഒരു പെർഫോമൻസ് അല്ല. ധ്യാനവും പ്രാർത്ഥനയും ചേർന്ന്, ശരീരവും ആത്മാവും അറിഞ്ഞ്, പ്രപഞ്ചഭ്രമണങ്ങളോട് ചേർന്നുപോകുന്ന, ഉള്ളിനുള്ളിലേക്കുള്ള ലംബയാത്രയുടെ ക്ഷണമാണ്, സ്ഥലകാലഭേദനമാണ്. എടുക്കലിന്റെയും കൊടുക്കലിന്റെയും വിലയനസമര്‍പ്പണങ്ങളുടെയും ലളിതമുദ്രകള്‍ പേറിയുള്ള ഈ കറക്കം ഒരു പ്രതീകാത്മക സാക്ഷാത്കാരമാണ് മൗലവിയ്യ സൂഫി ധാരയിൽ. പ്രപഞ്ചമാകെയും പ്രണയലഹരിയാൽ, ദൈവസന്നിധിയില്‍ നൃത്തം ചെയ്യുകയാണ് എന്നവർ പറയുന്നു. സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടെയും ഭ്രമണം മുതല്‍ ഋതുഭേദങ്ങള്‍ വരെ, ഹൃദയത്തിനു ചുറ്റും രക്തത്തിന്റെ ചംക്രമണം മുതല്‍ കഅ്ബയെ ചുറ്റുന്ന തവാഫുവരെ ഈ തിരിയലിന്റെ എണ്ണമറ്റ അനുഭവങ്ങള്‍ കാണാവുന്നതാണ്. ചരാചരങ്ങളാകെ ചെയ്യുന്ന നൃത്തത്തിന്റെ തുടർച്ചയാണ് ദർവേശിന്റെ വർത്തുളചലനം. ഇസ്‌ലാമികകലയിലും വാസ്തുശില്പകലയിലും ജ്യാമിതീയ ക്രമങ്ങളിലും സവിശേഷ പ്രാധാന്യമുള്ളതാണ് വൃത്താകൃതി എന്നത് വർത്തുളചലനങ്ങളുടെ കാര്യത്തിലും ശ്രദ്ധേയമാണ്.
പ്രണയത്താല്‍ ഭ്രാന്തുപിടിച്ചു നൃത്തമാടുന്ന ഒരുവന്റെ പാട്ടാണ് ബുല്ലേഷാഹ് രചിച്ച വിശ്രുതസൂഫിയാന കലാമായ ‘തേരേ ഇഷ്ഖ് നചായാ’. അതിന്റെ മൗലികഭാഷ്യമാണ് മൊഴിമാറ്റത്തിനാസ്പദം. ബുല്ലേഹ്ഷായുടെ ശരിയായ പേര് സയ്യിദ് അബ്ദുല്ലാ ഷാ ഖാദിരി എന്നായിരുന്നു. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ഷാഹ് ഇനായത്ത് ഖാദിരി അന്നത്തെ സാമൂഹികശ്രേണിയിലെ താഴ്ത്തപ്പെട്ട ജാതിയില്‍ ജനിച്ചയാളായിരുന്നു. സയ്യിദ് കുടുംബത്തില്‍പ്പെട്ട ബുല്ലേഷാഹ് ‘താഴ്ന്ന’ ജാതിക്കാരനെന്നു ജനം ധരിച്ച ഒരു പരദേശി ഫഖീറിന്റെ ശിഷ്യത്വം സ്വീകരിച്ച് സദാ അദ്ദേഹത്തോടൊപ്പം ചുറ്റിക്കറങ്ങിയത് ബുല്ലേഷായുടെ കുടുംബത്തിനോ നാട്ടുകാര്‍ക്കോ രസിച്ചില്ല. അവരദ്ദേത്തെ പിന്തിരിപ്പിക്കാന്‍ പലവഴിക്കു ശ്രമിച്ചിരുന്നു. ഒടുവില്‍ ബുല്ലേഷായുടെ സഹോദരിമാരും കുടുംബത്തിലെ മറ്റു സ്ത്രീകളും ഇക്കാര്യമാവശ്യപ്പെട്ടു സമീപിച്ചു. ഇതറിഞ്ഞ ഹസ്‌റത് ഇനായത്ത് ഷാ തന്റെ ശിഷ്യനു താന്‍ കാരണം മാനഹാനിയോ കുടുംബപ്രശ്‌നമോ വരരുതെന്നാലോചിച്ച് അദ്ദേഹത്തെ വിട്ടുപോയി. വിരഹം സഹിക്കാനാവാതെ ബുല്ലേ ഗുരുവിനെത്തേടി ചെല്ലുകയും ഗുരുകവാടത്തില്‍ കരഞ്ഞുപാടി നൃത്തംവയ്ക്കുകയും ചെയ്തു എന്നാണ് കഥ. ബുല്ലേ ഷായും ഗുരുവും തമ്മിലുള്ള ബന്ധവും റൂമിയും ശംസും തമ്മിലുള്ള ബന്ധവും തമ്മിലുള്ള സാദൃശ്യം ശ്രദ്ധേയം.
Listen to Abida Parveen: https://www.youtube.com/watch?v=fR7WrlUM3FE
തേരേ ഇഷ്ഖ് നചായാ- ബുല്ലേ ഷാഹ്
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
ശമനദായകാ വരൂ, ശാന്തിയേകൂ!
ഇല്ലെങ്കിലുരുകിത്തീരും ഞാന്‍.
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
നിന്റെ സ്‌നേഹമെന്റെ ഹൃത്തില്‍
നിറഞ്ഞിരിക്കുന്നു.
ഒരു കോപ്പ വിഷം ഞാന്‍ പാനംചെയ്തു.
ശമനദായകാ വരൂ, ശാന്തിയേകൂ.
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
സൂര്യനസ്തമിച്ചു,
മാനത്തുചെഞ്ചായം ബാക്കിയായി.
നിന്നെയൊരു നോക്കു കാണാന്‍
ഞാനീ ജീവിതം കൊടുക്കും.
നീ വിളിച്ചപ്പോള്‍ വരാതിരുന്നതെന്റെ കുറ്റം.
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
പ്രണയപാതയില്‍ നിന്നെ
പിറകോട്ടു വലിക്കല്ലേ…
ഒഴുകുന്ന തോണിയെ
തടയാനാവുമോ?
എന്റെ തുഴയുമൊഴുകുമതിവേഗം.
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
സ്‌നേഹത്തിന്റെ തോട്ടത്തില്‍
ഒരു മയിലാടുന്നുന്നുണ്ട്.
കഅ്ബയാണതിന്റെ ഖിബ്‌ല,
എന്റെ പ്രണേതാവിന്റെ വസതി!
നീയെന്നെ മുറിവേല്‍പ്പിച്ചതില്‍പിന്നെ
ഒന്നന്വേഷിച്ചുപോലുമില്ലല്ലോ.
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
ബുല്ലേഷാഹ്, നീ പുറപ്പെട്ടുപോവുക,
എല്ലാരും അന്ധരായിടത്തേക്ക്.
അവിടാര്‍ക്കും നിന്റെ ജാതി
അറിയില്ലല്ലോ.
ഇനായത്തിന്റെ വാതില്‍ക്കല്‍
കാത്തിരിക്കയാണു ബുല്ലേ ഷാഹ്.
നീയെന്നെ ചെമപ്പും പച്ചയുമണിയിച്ചു,
എന്നിട്ട്, ലോകത്തിന്റെ അഭയങ്ങളില്‍ നിന്നു
കയറിപ്പോന്ന നിമിഷംതന്നെ പിടികൂടി.
നിന്റെ മഹത്വമാണ് നിന്റെ ജാതി,
നിന്നാലുന്നതി പ്രാപിച്ചവര്‍
നിന്റെ നഗരവാസികള്‍ പോലും.
എന്റെ പിഴവുകളെന്റെ ജാതി,
എന്റെ നാട്ടുകാരിലുമുണ്ടാ പിഴവുകള്‍.
വെറുതെ ജപമാലയിലെ
മുത്തുകളെണ്ണല്ലേ നീ.
ഒരു തസ്ബീഹില്‍
എണ്ണാനെന്തിരിക്കുന്നു?
എണ്ണങ്ങള്‍ക്കതീതനായവനിലേക്കുയരൂ!
അവനുവേണ്ടി നീയെണ്ണുന്നതെത്ര തുച്ഛം!
നിന്നോടുള്ള പ്രണയമെന്നെ
ഉന്മാദ നടനമാടിക്കുന്നു.
ശമനദായകം വരൂ, ശാന്തിയേകൂ,
ഇല്ലെങ്കിലുരുകിത്തീരും ഞാന്‍!