Tajdar-e-Haram | മദീനയോടുള്ള ദാഹം
സമായെ ബിസ്‌മിൽ 21 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്
മദീനയോടുള്ള ദാഹം
പ്രവാചകനോടുള്ള സ്നേഹവും അടുപ്പവും പരമ്പരാഗത മുസ്‌ലിംജീവിതത്തിന്റെ അടിസ്ഥാനഭാവമാണ്. സ്വന്തത്തേക്കാളും സ്വന്തത്തിനു പ്രിയപ്പെട്ട മറ്റാരേക്കാളും പ്രവാചകനെ സ്നേഹിക്കാതെ ഒരാളും വിശ്വാസിയാവുകയില്ലെന്നർത്ഥം വരുന്ന ഹദീസ് പ്രസിദ്ധമാണ്. സൂഫിപ്രപഞ്ചബോധത്തിന്റെ പ്രഭവകേന്ദ്രവും പ്രണയബിന്ദുവും ആദ്യാവസാനമുള്ള സ്നേഹഭാജനവുമാണ് പ്രവാചകൻ മുഹമ്മദ്. സ്നേഹം കൊണ്ട് മുത്തുനബിയെ വാഴ്‌ത്താത്ത മനസ്സിലേക്ക് അറിവോ അലിവോ ആഴമോ പ്രവേശിക്കില്ലെന്നവർ കരുതുന്നു. ‘പൂർണമനുഷ്യൻ’ (ഇൻസാനുൽ കാമിൽ) എന്ന ലക്ഷ്യത്തിന് ഭൂമിയിലുള്ള മാതൃകയാമാതൃകയാണ് തസവ്വുഫിൽ പ്രവാചകൻ. അപൂർണമായതൊന്നും അനശ്വരമായി സ്നേഹിക്കപ്പെടുകയില്ല. സ്നേഹം വേദനിപ്പിക്കുന്നതിന്റെ ഒരു കാരണം അപൂർണതകളെ പൂർണതകളായി തെറ്റിദ്ധരിക്കുന്നതാണ്. ഭൂമിയുടെ ഇന്ധനം സ്നേഹമാണെങ്കിൽ സൂഫികൾക്ക് അതിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും പ്രവാചകനാണ്. അവിടുത്തേക്കുള്ള ഇശ്‌ഖിൽ അവർ സ്വയം സമർപ്പിക്കുകയും അങ്ങനെ അല്ലാഹുവിലെത്താൻ പരിശ്രമിക്കുകയും ചെയ്യുന്നു. മുത്തുനബിയിലേക്കൊഴുകുന്ന കളങ്കമറ്റ സ്നേഹത്തിന്റെ അളവറ്റ പുഴകളാൽ, ബിംബങ്ങളാൽ, അർത്ഥനകളാൽ, പ്രകീർത്തനങ്ങളാൽ സമൃദ്ധമാണ് എല്ലാ ഭാഷയിലെയും ദേശത്തെയും സൂഫിസാഹിത്യം. സൂഫിയാന കലാമുകളിൽ പ്രവാചകപ്രകീർത്തനങ്ങൾ നഅത് എന്നറിയപ്പെടുന്നു. മുസ്‌ലിംകളുള്ള സകലദേശങ്ങളിലും ഭാഷകളിലും പല പേരുകളിൽ, ഭാവങ്ങളിൽ ഈ പാരമ്പര്യമുണ്ട്. മദീനയിലേക്ക് പ്രവാചകരെ വരവേറ്റുകൊടുപാടിയ “താലഅൽ ബദറു അലൈനാ..” മുതൽ അതിന്റെ ചരിത്രം തുടങ്ങുന്നു. ദൈവപ്രോക്തമായ തലത്തിൽ, മുത്തുനബിയോടുള്ള അതൃപ്പത്തിന്റെ വിത്തുകളിൽ നിന്നാണ് മറ്റെല്ലാ സ്നേഹവും മുളപൊട്ടുകയും വളരുകയും ചെയ്യേണ്ടത് എന്ന് ആത്‌മജ്ഞാനികളായ സൂഫിഗുരുക്കന്മാർ വിശ്വസിക്കുന്നു. അങ്ങനെയല്ലാത്തത് വളരുന്നതിന് പകരം വിളരുകയും നമ്മെ തഴുകുന്നതിനു പകരം തകർക്കുകയും ചെയ്തേക്കാം.
പുർനം അലഹബാദി രചിച്ച് സാബ് രി സഹോദരങ്ങളുടെ ആലാപനത്തിലൂടെ പ്രസിദ്ധമായ കലാമാണ് “താജ് ദാറെ ഹറം”. കോക്ക് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ഏറ്റവുമധികം ആളുകൾ വീക്ഷിച്ച ഗാനം എന്ന നിലയിലാണ് പുതിയ തലമുറക്ക് “താജ് ദാറെ ഹറം” പരിചിതമായിട്ടുള്ളത്. സാബ് രി സഹോദരങ്ങൾക്കുള്ള ബഹുമാനസൂചകമായാണ് ആത്തിഫ് അസ്‌ലമിന്റെ ഭാഷ്യം അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതിന്റെ ജനകീയതയിൽ മൗലികഭാഷ്യം വിസ്‌മരിക്കപ്പെട്ടും അദൃശ്യമായും പോയ വൈരുധ്യം കൂടിയുണ്ട്. വിഭജനകാലത്ത് ലാഹോറിലേക്ക് പലായനം ചെയ്‌ത, പ്രസിദ്ധമായ നിരവധി ഗസലുകളുടെയും ഖവാലികളുടെയും കർത്താവായ പുർനം അലഹബാദി (യഥാർത്ഥനാമം മുഹമ്മദ് മൂസ) എഴുതിയ കവിതയിലേക്ക് പേർഷ്യനിലും അറബിയിലുമുള്ള കവിതാശകലങ്ങൾ ചേർത്താണ് ഗുലാം ഫരീദ് സാബ്രിയും മഖ്‌ബൂൽ അഹ്‌മദ് സാബ്രിയും ഈ സൂഫിയാന കലാം അവതരിപ്പിക്കാറുണ്ടായിരുന്നത്. അവരുടെ ഭാഷ്യമാണ് മൊഴിമാറ്റത്തിനാധാരം. അതീവസങ്കീർണവും മനോഹരവുമായ ഈ ബഹുഭാഷാകവിത മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിൽ ഗവേഷകനായ ഹംസ ഷാദിന്റെ ആംഗലേയവിവർത്തനം സഹായകമായിട്ടുണ്ട്.
Listen to Sabri Brothers: https://www.youtube.com/watch?v=eFMLmCs19Gk
Atif Aslam singing for Coke Studio: https://www.youtube.com/watch?v=cajSxnjQC00
താജ് ദാറെ ഹറം | പുർനം അലഹബാദി | സാബ് രി സഹോദരങ്ങൾ
പുലർകാറ്റേ,
എന്റെ ഹൃദയത്തിന്റെ സലാം
പുണ്യറസൂലിനോട് പറയണേ!
ഒരു പരമദരിദ്രന്റെ വചനവും പേറി
നീ സൂര്യപ്രഭയിലേക്ക് ചെല്ലുമോ?
വിശുദ്ധ വിശ്രമകേന്ദ്രമല്ലോ നിന്റെ ലക്ഷ്യം
ആ മണ്ണിലുമ്മവെച്ച്
ഈ പാപിയുടെ സലാം അവിടുത്തോടു ചൊല്ലുമോ നീ…
എന്റെ ജീവിതം സമാധാനം നിറഞ്ഞതാവണേ,
ഒരു ചുഴിയിലുമെന്റെ കപ്പൽ മുങ്ങിപ്പോകാതിരിക്കണേ!
സ്വർഗത്തിലെത്താൻ തന്നെയാണെന്റെയും ആഗ്രഹം.
എങ്കിലും മദീന മതിയെനിക്ക്;
വിധിയെഴുതുന്നവനേ, എനിക്കായ് മദീനയെഴുതിവെക്കൂ!
പുണ്യഗേഹത്തിന്റെ രാജകുമാരാ,
അവിടുത്തെ നോട്ടംകൊണ്ടൊന്നു കനിഞ്ഞാലും…
ഞങ്ങൾ ദരിദ്രരുടെ ദിനവ്യഥകൾ മാറാനതുമതി!
കരുണയുടെ കണ്ണ് തുറന്നെന്നെയൊന്നു കടാക്ഷിച്ചാലും
അല്ലയോ ഖുറൈശി,
ഹാഷിമിയെന്നും മുത്തലിബിയെന്നും വിളിക്കപ്പെടുന്നവനേ…
പുണ്യഗേഹത്തിന്റെ രാജകുമാരാ…
അല്ലാഹുവിന്റെ ദൂതരെ,
നോക്കൂ, ഞങ്ങളുടെ ദുരിതപർവം!
മണ്ണിൽ മുഖംകുത്തി വീണുകിടക്കുന്നു ഞാൻ,
പാപങ്ങളുടെ അപമാനത്താൽ.
അങ്ങയുടെ ഉമ്മത്തിലെങ്ങുമെന്നെപ്പോലൊരു പാപിയില്ല.
എന്റെയീ പതിതാവസ്ഥയിലെന്നോടു കരുണചൊരിയൂ,
സർവലോകങ്ങൾക്കും കാരുണ്യമായവനേ!
പുണ്യഗേഹത്തിന്റെ രാജകുമാരാ
അവിടുത്തെ നോട്ടംകൊണ്ടൊന്നു കനിഞ്ഞാലും…
അങ്ങയോടുള്ള പ്രണയത്താൽ
ബോധംപോയവനാണു ഞാൻ,
എത്രകാലം തുടരുമീ അറിവില്ലായ്മയിൽ!
അങ്ങയുടെ കണ്ണുകളകറ്റിയും
കഥകൾ വേറെ ചൊല്ലിയും
ഈ തകർന്നുവീണവന്റെ ഗതിയവഗണിക്കരുതേ,
വിരഹമെനിക്ക് താങ്ങാനാവില്ല.
ഒന്നണച്ചുപിടിക്കാത്തതെന്താണങ്ങ്?
മെഴുകുതിരിയുരുകും പോലെ,
ഒരു കണിക പിളരും പോലെ
ഞാനങ്ങയുടെ നിലാവുതേടി തേങ്ങുന്നു..
കണ്ണുകൾക്കുറക്കമില്ല,
ദേഹത്തിനു വിശ്രമമില്ല.
അങ്ങൊന്നു വരുന്നില്ല,
ഒരു സന്ദേശം പോലുമയക്കുന്നില്ല..
അങ്ങയോടുള്ള പ്രണയത്താൽ
ബോധം പോയവനാണ് ഞാൻ.
എത്രകാലം തുടരുമീ അറിവില്ലായ്മയിൽ!
മദീനയിലേക്കുള്ള യാത്രികരേ,
എന്നെയൊന്നു കേൾക്കൂ..
മദീനയുടെ ചക്രവർത്തിയോട് ചെന്നുപറയണം:
അങ്ങയുടെ നോട്ടത്താലമ്പേറ്റു മുറിഞ്ഞൊരുവൻ
ഹൃദയമറ്റ് കരഞ്ഞലറുന്നുണ്ടങ്ങയുടെ നാമം,
അല്ലാഹുവിന്റെ ദൂതരേ…
അങ്ങയോടുള്ള പ്രണയത്താൽ
ബോധം പോയവനാണ് ഞാൻ.
എത്രകാലം തുടരുമീ അറിവില്ലായ്മയിൽ!
ഒരു കട്ടുനോട്ടമെങ്കിലുമിടക്കെനിക്കു തരൂ,
എനിക്ക് പറയാനുള്ളതുമിടക്കൊന്നു കേൾക്കൂ..
പുണ്യഗേഹത്തിന്റെ രാജകുമാരാ
അവിടുത്തെ നോട്ടംകൊണ്ടൊന്നു കനിഞ്ഞാലും…
പുലർകാറ്റേ, നബിയോടൊന്നു പറഞ്ഞാലും.
ഒരടിമയിങ്ങുണ്ട് കേഴുന്നു:
ഒരൊറ്റ നോട്ടം മതി,
ഒരൊറ്റ നോട്ടത്തിന്റെ കാര്യമല്ലേയുള്ളു, പിന്നെന്താ?
പുണ്യഗേഹത്തിന്റെ രാജകുമാരാ,
അവിടുത്തെ നോട്ടംകൊണ്ടൊന്നു കനിഞ്ഞാലും…
ഓ മുസ്തഫാ,
ഓ മുജ്തബാ,
കരുണചൊരിയൂ ഞങ്ങളിൽ!
യജമാനനേ,
ദൈവഗേഹത്തിൽ
വിശുദ്ധനും പ്രകാശിതനുമായവനേ,
അല്ലാഹുവിന്റെ പരിശുദ്ധനേ,
നായകനേ,
അനുഗ്രഹങ്ങളത്രയുമങ്ങിൽ വർഷിക്കട്ടെ!
അല്ലാഹുവിന്റെ ദൂതരേ,
അവന്റെ പ്രിയനേ…
വീണ്ടുമിടയന്മാർക്ക് മാണിക്യം നൽകൂ,
കല്ലിനു ജീവനേകൂ…
ഞങ്ങളുടെ ഭാവിയങ്ങേക്കറിയാമല്ലോ
പഴയതുപോലൊരു കാലം ഇനിയും തരൂ!
ഇതങ്ങയുടെ കനിവുതേടുമർത്ഥന,
വഴിപിഴച്ചൊരീ ഉമ്മത്തിനില്ല അങ്ങല്ലാതാരും!
സർവലോകങ്ങൾക്കും കാരുണ്യമായവനേ…
ഓ മുസ്തഫാ,
ഓ മുജ്തബാ,
കരുണചൊരിയൂ ഞങ്ങളിൽ!
കരുണചൊരിയൂ ഞങ്ങളിൽ!
ആശയറ്റുഴലുന്നവർക്ക്
അങ്ങുതന്നെ പിടിവള്ളി.
ഞാനൊരു പാപി, ഏകനാം ദുർബലൻ.
അന്ത്യനാളിലെ ശുപാർശകനേ
അന്നെന്റെ സൗഖ്യമന്വേഷിക്കുന്നതങ്ങു മാത്രം!
കസ്‌തൂരിയുടെ പരിമളം പരത്തുന്നവനേ,
മധുരമാരുതനെ വഹിക്കുന്നവനേ,
യേശുവിന്റെ ശ്വാസംകൊണ്ടു ശമനമേകുന്നവനേ,
വ്യസനങ്ങൾക്കുമേൽ സ്നേഹലേപനം പുരട്ടുന്നവനേ,
വിശുദ്ധ വഴികൾക്കുടയവനേ,
അങ്ങയുടെ സുഗന്ധം കൊണ്ട്
ഞാനിതാ സത്യം ചെയ്യുന്നു!
ഞാനിതാ സത്യം ചെയ്യുന്നു!
പുലർകാറ്റേ
പുണ്യഭൂമിയിൽ നീയെന്നെങ്കിലുമെത്തിയാൽ,
പുണ്യറസൂലുറങ്ങുന്ന മഖ്ബറയിൽ
ചെന്നുനീയെന്റെ സലാം പറയണേ..
പുണ്യഗേഹത്തിന്റെ രാജകുമാരാ,
അവിടുത്തെ നോട്ടംകൊണ്ടൊന്നു കനിഞ്ഞാലും…
ഞങ്ങൾ ദരിദ്രരുടെ ദിനവ്യഥകൾ മാറാനതുമതി!
അശരണരുടെ ആശ്രയമേ,
അങ്ങയുടെ വാതിലിൽ നിന്നെങ്ങാനും
കാലിക്കയ്യുമായി ഞങ്ങൾ മടങ്ങിയാൽ,
ലോകമെന്തു പറയും!
ഞങ്ങൾക്കാരുമില്ല,
ദുഃഖംകൊണ്ടു വിവശരാണ് ഞങ്ങൾ.
അങ്ങയുടെ വാതിലിൽ
യാചിച്ചുനിൽക്കുകയാണ്,
കരുണയുടെ ഒരു നോട്ടമെറിഞ്ഞുതരില്ലേ?
അങ്ങയെ വിളിച്ചു കരഞ്ഞുകരഞ്ഞു
മരിച്ചുപോകും ഞങ്ങൾ!
മത്തുപിടിച്ചവരെ വരൂ,
നമുക്ക് മദീനയിലേക്ക് പോകാം.
ഈ മാസം തന്നെ പോകാം.
ഇപ്പോൾ തന്നെ പോകാം.
മദീനയിലേക്ക്..
നമുക്ക് മദീനയിലേക്ക് പോകാം!
പോയിപ്പോയി ഏതാണ്ടൊരു കൊല്ലമടുക്കുമ്പോൾ
അനുരാഗികളുടെ കപ്പൽ ജിദ്ദയിലെത്തുന്നു.
വിളിയെത്തിയവർ ഉത്തരം ചെയ്യുന്നു,
അവിടുത്തേക്ക് തോന്നിയവരെ
അങ്ങ് സ്വന്തം വാതിലിലേക്കണച്ചു പിടിക്കുന്നു,
അവിടുത്തേക്ക് തോന്നിയവരെ
അങ്ങ് സ്വന്തമാക്കിമാറ്റുന്നു.
തീരുമാനമിതു വല്ലാത്ത സൗഭാഗ്യം തന്നെ!
വല്ലാത്ത കാരുണ്യം തന്നെ!
അങ്ങുവിളിക്കുന്നവർ മാത്രമെത്തുന്നു മദീനയിൽ,
കൊല്ലമൊന്ന് ദാഹിച്ചലഞ്ഞു വന്നു
അവിടുത്തെ സ്നേഹം കുടിക്കുവാൻ..
അങ്ങയെ പ്രകീർത്തിച്ചുപാടിപ്പാടി
അവരെത്തി മദീനയിൽ.
ദിവ്യവിസ്‌മയങ്ങളുടെ
സാക്ഷാത്കാരമുണ്ട് മദീനയിൽ,
കണ്ണുകൾ ദാഹിച്ചുതേടുന്നതിന്റെ
പൂർത്തീകരണമുണ്ട് മദീനയിൽ,
ജീവിതദുഃഖങ്ങളില്ല,
മരണഭീതികളില്ല മദീനയിൽ,
പ്രേമസമർപ്പണത്തിന്റെ നിസ്‌കാരം
മദീനയിൽ നിസ്കരിക്കും നമ്മൾ!
പടച്ചവനെ ഓർത്തു അങ്ങുമിങ്ങുമലയരുതിനി
നാഥനിലേക്കുള്ള വഴി നേരിട്ടാണ് മദീനയിൽ.
വീഞ്ഞുമോന്തുന്നവരേ, പോരൂ മദീനയിലേക്ക്
കൗസറിന്റെ കൈകളിൽ നിന്നതു പകർന്നുകിട്ടാൻ പോരൂ..
ഓർത്തുവെച്ചോളൂ,
അവിടുത്തെ കണ്ണുകൾകൊണ്ടൊന്നു
നോക്കിയാൽ മതി.
ഒഴിഞ്ഞ കോപ്പകളെല്ലാം നിറയും,
പ്രേമത്താൽ!
ഇടിമിന്നലിനെയും കൊടുങ്കാറ്റിനെയും
പേടിയുണ്ട് ഞങ്ങൾക്ക്,
യാതനകൾ കഠിനമാണ് പ്രിയനേ,
അങ്ങില്ലെങ്കിലെവിടെപ്പോകും ഞങ്ങൾ?
ഞങ്ങളുടെ കാര്യമങ്ങുനോക്കുന്നില്ലെങ്കിൽ
ആപത്തുകളിൽ നിന്നോടിയെങ്ങൊളിക്കും ഞങ്ങൾ?
അങ്ങയുടെ വീട്ടിൽ നിന്നാരും
കാലിക്കയ്യുമായി മടങ്ങിയിട്ടില്ല,
തേടിയവരെല്ലാം
നിറസഞ്ചികളുമായാണ് മടങ്ങിയത്
ഈ അനുരാഗിയുടെ
കരയും കണ്ണിലേക്കൊന്നു നോക്കിയാലും,
അല്ലെങ്കിലെന്റെ ജീവന്റെ താളുകൾ
പിഞ്ഞിപ്പോകും.
മനുഷ്യകുലത്തോട് മുഴുവനും ദയയുള്ളവനേ,
എന്നെയൊന്നു കരുണയോടെ കടാക്ഷിക്കൂ.
എന്റെ നേരിനെ ഇനിയും പരീക്ഷിക്കരുതേ..
തെറ്റുകാരനാണ് ഞാനെന്നു ഏറ്റുപറഞ്ഞതല്ലേ?
അങ്ങയുടെ മേൽക്കുപ്പായത്തിനകത്തെന്നെ ഒളിപ്പിച്ചാലും…
അറേബ്യയുടെ രാജകുമാരാ
അങ്ങയോടെന്തു പറയാനാണ്,
ഹൃദയത്തിലെന്തുണ്ടെന്നങ്ങേക്കറിയാം.
നിരക്ഷരനായ മഹാജ്ഞാനീ,
അങ്ങയോടുള്ള വിരഹത്താൽ
രാത്രികൾ നീങ്ങുന്നില്ലെനിക്ക്..
അങ്ങയുടെ വീട്ടിൽ നിന്നാരും
കാലിക്കയ്യുമായി മടങ്ങിയിട്ടില്ല,
തേടിയവരെല്ലാം
നിറസഞ്ചികളുമായാണ് മടങ്ങിയത്.
ഈ അനുരാഗിയുടെ
കരയും കണ്ണിലേക്കൊന്നു നോക്കിയാലും,
അല്ലെങ്കിലെന്റെ ജീവന്റെ താളുകൾ
പിഞ്ഞിപ്പോകും.
പുണ്യഗേഹത്തിന്റെ രാജകുമാരാ…
അവിടുത്തെ നോട്ടംകൊണ്ടൊന്നു കനിഞ്ഞാലും…