മിഥുൻ മോഹൻ, കടലലകളിൽ ഒരാത്മാവ്

ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ആര്‍ടിസ്റ്റ് മിഥുന്‍ മോഹനെക്കുറിച്ച് എം.നൗഷാദ് എഴുതുന്നു.

[Originally published in THE CUE]

“The self is an ocean without shore. Gazing upon it has no beginning or end, in this world and the next”.

– Ibn Arabi

പ്രിയപ്പെട്ട മിഥുൻ,

അടുപ്പമുള്ളവരുടെ അപ്രതീക്ഷിതമരണം തീവ്രമായ ഏകാന്തതയിലേക്കും അനാഥതയിലേക്കും മനുഷ്യരെ എങ്ങനെയാണ് തള്ളിയിടുക എന്ന് നീ പൊടുന്നനവെ ഞങ്ങളെ അനുഭവിപ്പിച്ചു. അവിശ്വസനീയതയോടെല്ലാതെ, പിന്നെയും പിന്നെയും അവിശ്വസനീയതയോടെ അല്ലാതെ, ഉൾക്കൊള്ളാനാവാതിരുന്ന വിടവാങ്ങൽ ആണ് നിന്റേത്.

ദോഹയിലെ ഒരു ഹോട്ടൽ മുറിയിലിരുന്നാണ് നീ പോയി എന്ന വിവരം കേട്ടത്. മനസ്സത് വിശ്വസിച്ചില്ല. നീ എവിടെ പോവാനാണ്? മരിച്ചിട്ടുണ്ടാവില്ല എന്നുതന്നെ തോന്നി. നിന്റെ ചില ആർട് ഐഡിയകൾ കേട്ടിരുന്നതുകൊണ്ട്, വിചിത്രമായ ഏതോ കലാപദ്ധതിയുടെ ഭാഗമായി ഒരു വ്യാജവാർത്ത ചമച്ച് അതുണ്ടാക്കുന്ന പ്രതികരണങ്ങളിൽ നിന്ന് നീ നവീനമായ ഏതോ ദാർശനിക കലയെ കണ്ടെടുക്കുകയാവുമോ എന്നുപോലും ചിന്തിച്ചു. ഇത്ര പെട്ടെന്ന് നിനക്ക് പോകാനാവുമെന്ന് വിശ്വസ്സിക്കാൻ മനസ്സ് കൂട്ടാക്കിയില്ല.

പക്ഷെ…

ഞങ്ങൾക്കാർക്കും കാണാനാവാത്ത ഒരു ലോകത്തിന്റെ നിറങ്ങളിലേക്കും മണങ്ങളിലേക്കും ആഴങ്ങളിലേക്കും നീ പോയല്ലോ. ആത്മാവിന്റെ ആഴി നീയെന്നും അഗാധതയോടെ ആശിച്ചിരുന്നല്ലോ. അതിലായിരുന്നുവല്ലോ നിന്റെയും നമ്മുടെയെല്ലാവരുടെയും ആത്യന്തിക വാസം. ആ കടലിലിപ്പോൾ നിന്നോടൊപ്പം മാലാഖമാരും മീനുകളും മേഘങ്ങളും മൺസൂൺ കാറ്റുകളും കാപ്പിരിമുത്തപ്പന്മാരും ചിരിക്കുരങ്ങുകളും കൂട്ടിരുന്ന് ആനന്ദിക്കുന്നുണ്ടാവുമല്ലേ..

കടൽ ആത്മാവിൽ പേറിയ ഒരാളാണ് നീ. നിന്റെ രചനകളിലെ, ആലോചനകളിലെ കടൽ, പ്രശാന്തവും പ്രക്ഷുബ്ധവുമായി പല നിലകളിൽ, പല നീലകളിൽ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്ന കടൽ. കടലുമായി ഇഴുകിക്കിടക്കുന്ന ബിംബങ്ങൾ, മിത്തുകൾ, പ്രോജക്ടുകൾ… രൂപകങ്ങളുടെ രൂപകമല്ലോ കടൽ. ആത്മാവിന്റെ കടൽ. നിന്റെ പ്രിയപ്പെട്ടവളുടെ കടൽ. നീയും ലതികയും ഒരുമിച്ചിരിക്കുന്ന ഒരു പടം ഇന്ന് കാണാനിടയായി. കണ്ണുകൾ നിറഞ്ഞൊഴുകുന്ന സ്നേഹക്കടൽ.

ഡോ. ഹാദിയ വീട്ടുതടങ്കലിൽ കിടക്കുന്ന കാലത്താണ് നമ്മൾ സൃഹുത്തുക്കളാകുന്നത് എന്നുതോന്നുന്നു. കേരളത്തിലെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും വീടുകൾ എന്ന ഉദ്ദേശ്യത്തോടെ നേരത്തേ പണിത കെട്ടിടങ്ങൾ വാടകക്കെടുത്ത് നടത്തുന്നതാണെന്ന് നീയന്ന് പറഞ്ഞു. അതിന്റെ ഒരർത്ഥം, നമ്മുടെ എല്ലാ വീടുകളും ഒരു പൊട്ടെൻഷ്യൽ പോലീസ് സ്റ്റേഷൻ ആണ് എന്നതാണെന്നും കൂട്ടിച്ചേർത്തു. ഒരു ഇൻസ്റ്റലേഷനെപ്പറ്റി ആയിരുന്നു സംസാരം. അന്നുമുതലാണ് നിന്നെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.

A painting by Midhun Mohan

നീ വരച്ച ലോകങ്ങളിലൂടെ പിന്നെയും പോയിനോക്കി. നിന്റെ വരകളിൽ ആവർത്തിച്ച് വരുന്ന പലതരം ചെടിത്തളിർപ്പുകൾ, മീസാൻകല്ലുകൾ, കടൽ തിരകൾ, ആടുകൾ, പഴയ വീടുകൾ, കിണ്ടി, വാനരവദനങ്ങൾ, ആഴി ആർക്കൈവ്‌സിനുവേണ്ടി ചെയ്ത ചരിത്രപരമായ രചനകൾ, സ്കെച്ബുക്കിലെ പ്രശാന്തമായ പലതരം ജീവിതപ്പടർപ്പുകൾ… സ്വയം ഉന്തിനീക്കുന്ന ആളെയും ചെടി ഒളിപ്പിക്കുന്ന ചെക്കനെയും വീണ്ടും കണ്ട് കുറേനേരമിരുന്നു. മീസാൻകല്ലുകൾ നീയെന്തിനാണ് ആവർത്തിച്ചു വരച്ചത്? നിന്റെ കാൻവാസിലെ കടലുകളിൽ നീയൊഴുക്കിവിട്ട പലതരം പേടകങ്ങൾ – അഭയാർത്ഥികളെ, അടിമകളെ, കപ്പൽപ്പണിക്കാരെ, നാവികരെ, മുക്കുവരെ, കടൽജീവിതങ്ങളെ ഓർമയിലേക്ക് മടക്കി വിളിച്ചുകൊണ്ടിരിക്കുന്നു. സ്വപ്‌നവീടും കയ്യിലെടുത്ത് മരുഭൂമിയിൽ നിൽക്കുന്ന ആ ബെൽബോട്ടം പ്രവാസിയിൽ ഒരു ദേശത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക കഥനങ്ങളുണ്ട്. അവന്റെ കൂട്ടുകാർ ചാരിനിൽക്കുന്ന, ചക്രങ്ങൾ ഊരിപ്പോയ കാർ ആര് എവിടെ സ്‌തംഭിച്ചുപോയതിന്റെ തീർപ്പാണ്?

നിന്റെ വോയിസ് ക്ലിപ്പുകൾ വീണ്ടും കേട്ടുപോയി. നമ്മുടെ പുസ്തകവുമായി (സമാ-എ-ബിസ്‌മിൽ: ഖവ്വാലിയുടെ ഉൾലോകങ്ങൾ) ബന്ധപ്പെട്ടുള്ള ചിത്രങ്ങളെയും ഫോണ്ടിനെയും കവറിനെയും പറ്റിയുള്ള സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ വിശദാംശങ്ങൾ പറഞ്ഞുകൊണ്ടാണ് നാമവ തുടങ്ങിയത്. പിന്നെയും കേട്ടുനോക്കാൻ മാത്രം അവയിൽ പ്രത്യേകിച്ചൊന്നുമില്ല. പക്ഷെ ഇനി നിന്റെ ശബ്ദം കേൾക്കാനാവില്ലല്ലോ. നിന്റെ ലാളിത്യവും ശ്രദ്ധയും തനിമയും പറയുന്ന ഓരോ കാര്യങ്ങളിലുമുണ്ടല്ലോ. നിന്റെ എല്ലാ സംഭാഷണങ്ങളിലും – അവ സൗഹൃദ കൂട്ടായ്മകളിലാണെങ്കിലും ഫോണിലാണെങ്കിലും നേരിട്ടാണെങ്കിലും യൂട്യൂബിലുള്ള അഭിമുഖങ്ങളിലാണെങ്കിലും. ഔപചാരികളില്ലാതെ നീ ചിരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ഉറക്കെ ചിന്തിക്കുകയും സംവദിക്കുകയും ചെയ്തുപോന്നു. നീ ഇവിടം തന്നിട്ടുപോയത് ചിത്രങ്ങൾ മാത്രമല്ല മിഥുൻ. ആത്മാവിന്റെ മൗലികമായ അന്വേഷണങ്ങളിലൂടെ പകർന്ന പാതകളുടെ സാധ്യതകളും പൊരുളുകളും കൂടിയാണ്.

Kappiri: a painting by Midhun Mohan

ഖവ്വാലിയെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ നാലു ഖണ്ഡങ്ങൾക്കായി നാലു ചിത്രം വരക്കാനേ നിന്നോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. അങ്ങനെ എണ്ണം കണക്കാക്കേണ്ട എന്നും പറ്റാവുന്ന ഇടങ്ങളിലെല്ലാം ചിത്രം ചേർക്കാമെന്നുമായി നീ. ഓരോ ഖവ്വാലിയോടുമൊപ്പം ട്രിപ്പായ നീ എത്ര ചിത്രം വേണമെങ്കിലും വരക്കാം എന്ന മട്ടായി. യൂട്യൂബിലെ അവ്യക്തവും ശ്രവണസ്പഷ്ടത നന്നേ കുറവുള്ളതുമായ പുരാതന ഖവ്വാലുകളുടെ ആലാപന ഗരിമകളിലേക്ക് നീ പാടുപെട്ട് തുഴഞ്ഞുപോയി. ഒരിക്കലും കേൾക്കാത്ത ഖവ്വാലുകളെ നീ പരിചയപ്പെടുത്തുകയും അവരോടൊപ്പമുള്ള നീണ്ട ധ്യാനങ്ങളിൽ നിറങ്ങളോടൊപ്പം ലയിച്ച ജുഗൽബന്ധികളെപ്പറ്റി വാചാലനാവുകയും ചെയ്‌തു.

അന്ന് വരച്ച ചിത്രങ്ങളിൽ ഏറ്റവും പ്രിയങ്കരമായി തോന്നിയത്, ആ പുസ്തകം കണ്ട ഏതാണ്ടെല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടത്, മിഅറാജ് എന്ന ഭാഗത്തിനു വേണ്ടി വരച്ച ഡിജിറ്റൽ പെയിന്റിംഗ് തന്നെ. പ്രവാചകൻ ചന്ദ്രനെ പിളർത്തിയ ആ മിസ്റ്റിക്കൽ പെയിന്റിംഗ് പല ഭാഷ്യങ്ങളിലായി നീ തന്നു. നിനക്കുതന്നെ ഏറ്റവും ബോധിച്ചത് നീ തെരഞ്ഞെടുത്തു. ഒരുമിച്ച് ഒരു പുസ്തകം ചെയ്യാനായത്, അതിൽ നമ്മുടെ പ്രൊഫൈലുകൾ ഒരേ താളിൽ ചേർക്കാനായത് പുണ്യമായി ഇപ്പോൾ തിരിച്ചറിയുന്നു.

Mi’raj: a painting by Midhun Mohan

നീ പോയ പിറ്റേന്ന് പ്രിയ സുഹൃത്ത് ഹുദൈഫ നിന്റെ ചിത്രത്തെപ്പറ്റി മെയിലിൽ അയച്ചത് ഇവിടെ പകർത്തട്ടെ: “റസൂൽ ചന്ദ്രൻ പിളർത്തിയ കറാമത്തിനെ കാണിക്കാനായി അവൻ വരച്ച ചന്ദ്രനെ കണ്ടാലറിയാം – അവൻ അത് “കണ്ട്” വരച്ചതാണെന്ന്. ഒന്നിനെ രണ്ടാക്കിയ വിധത്തിലല്ല അവൻ നമ്മെ കാണിക്കുന്നത്. ഒറ്റ പൂർണചന്ദനിൽ നിന്ന് അതിനൊന്നും പറ്റാത്ത വിധം അതിന്റെ ഇമേജ് പോലെ മറ്റൊരു ചന്ദ്രനെ അവൻ വരച്ചു. രണ്ടും ഒട്ടിച്ചേർന്ന വിധത്തിലാണ് നാമതു കാണുക. രണ്ടു നാണയ തുട്ടുകൾ നാം ഒരാൾക്ക് കാണിച്ചു കൊടുക്കുമ്പോൾ വിരലുകൾക്കിടയിൽ പിടിക്കുന്ന വിധം ശ്രദ്ധിച്ചിട്ടില്ലേ. ഒരു വട്ട നാണയത്തിന്റെ വട്ടത്തിന് മീതെ കൂടി മറ്റേ വട്ടം അൽപം, അൽപം മാത്രം, ഉയർന്ന് നിൽക്കും. വളരെ ചെറിയ വേറിടലേ ഇവിടെ കാണാനാവൂ. വളരെ ശ്രദ്ധിച്ച് നോക്കിയാൽ മാത്രം. ഒറ്റ നാണയം. ഒറ്റ വട്ടം എന്നു തന്നെയാണ് ആർക്കും ഒറ്റ നോട്ടത്തിൽ കാണുക. റസൂലിന്റെ ഈ പ്രവർത്തിയെ മിഥുൻ ഇങ്ങനെ കണ്ടത് തികച്ചും കാവ്യഗുണമുള്ള ഒരു വരയാണ്. ചന്ദ്രനെ ഇങ്ങനെ വരച്ചുകാട്ടിയതിലൂടെ മിഥുൻ മിഅ്റാജിനെയാണ് കാട്ടിത്തന്നത്. അള്ളാഹുവും റസൂലും തമ്മിലുള്ള ഒരു സമാ-ഗമം ആയിരുന്നല്ലോ മിഅ്റാജ്. രണ്ടു ചന്ദ്രനെ ഇങ്ങനെ വരക്കുന്നതിലൂടെ മിഥുൻ കാട്ടുന്നത് റസൂലും അള്ളായും ഒന്നെന്ന “പോലെ” ഇരിക്കുന്നുണ്ടെന്നാണ്. നമുക്ക് വർണ്യത്തിൽ ആശങ്ക തരും പോലെ. അപ്പോൾ നാം കാണികൾ പറയും ‘മന്നവേന്ദ്രാ തിളങ്ങുന്നു നിൻ മുഖം ചന്ദ്രനെ പോലെ’. റസൂലിനെയും മിഅറാജിനെയും കണ്ട മിഥുൻ, നീ ആ ദർശനം തുടരുന്നതിനായി പോയിരിക്കുന്നു..”

Dream ka tukda:

നിന്നെ വേണ്ട പോലെ വീണ്ടും വീണ്ടും കാണാനായില്ല എന്നതും ഗോവയിൽ വരാനായില്ല എന്നതും സങ്കടമുണ്ടാക്കുന്നു. ആ സീരീസിൽ കുറേക്കൂടി മിസ്റ്റിക്കൽ ചിത്രങ്ങൾ ചെയ്‌ത്‌ ഒരു പ്രദർശനം എന്ന ആശയം നമ്മൾ ആലോചിച്ചിരുന്നു. സ്വർഗത്തിൽ ആർട് ഗ്യാലറി ഉണ്ടാകുമോ മിഥുൻ? ജീവിതത്തേക്കാൾ ഗഹനമായ മറ്റൊരു ഇൻസ്റ്റലേഷൻ ഇല്ല. ആത്മാവിന്റെ കാൻവാസോളം പോരില്ലല്ലോ ഒരു കടലും. നന്ദി പ്രിയസുഹൃത്തേ.

[This was originally published in THE CUE: https://www.thecue.in/books/art/artist-midhun-mohan-remembering-noushad-m]

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *