Ye Jo Halka Halka Surur Hei | ദിവ്യാനുരാഗത്തിന്റെ വീഞ്ഞ്

സമായേ ബിസ്‌മിൽ 17 | ‘സുപ്രഭാതം’ ഞായർ പതിപ്പ്

എം നൗഷാദ്

ദിവ്യാനുരാഗത്തിന്റെ വീഞ്ഞ്

വീഞ്ഞും ചഷകവും സൂഫികവിതയിൽ എന്തിനിത്ര ആവർത്തിക്കപ്പെടുന്നുവെന്നത് പലരെയും പലവിധത്തിൽ കുഴക്കാറുണ്ട്. ഇസ്‌ലാമിക ജീവിതമൂല്യങ്ങൾ പ്രകാരം മദ്യപാനം സംശയലേശമന്യേ വിലക്കപ്പെട്ടിരിക്കുമ്പോൾ പ്രത്യേകിച്ചും. മൗലാനാ ജലാലുദ്ദീൻ റൂമി മുതൽ ഇമാം ഖുമൈനി വരെയുള്ളവരുടെ ഫാർസി കവിതകളിലും ദക്ഷിണേഷ്യൻ ഭാഷകളിലെ എണ്ണമറ്റ സൂഫീകാവ്യങ്ങളിലും വീഞ്ഞുപാനത്തെക്കുറിച്ചുള്ള സമൃദ്ധമായ പരാമർശങ്ങൾ കാണാം. ഓറിയന്റലിസ്റ് വിവർത്തനങ്ങളിലൂടെ പ്രചരിച്ച ഉമർ ഖയ്യാമിന്റെ റുബാഇയാത് പോലുള്ള കാവ്യങ്ങളും എപിക്യൂറിയൻ ആഹ്വാനമായാണ് കൂടുതലും മനസ്സിലാക്കപ്പെട്ടത്. എന്നാൽ സൂഫീകവിതകളിലെ ആധ്യാത്മികതയെപ്പറ്റി പഠിച്ചവർ പറയുന്നത് അതിന്റെ രൂപകപരമായ നിഗൂഢാർഥങ്ങളെക്കുറിച്ചാണ്. ഇവിടത്തെ (ഭൗതിക)ലോകത്തിന്റെ നിയമങ്ങളിലും രീതികളിലും ശീലങ്ങളിലും നിന്നൊക്കെ ശ്രദ്ധ തെറ്റി, ഉള്ളുലഞ്ഞും പ്രണയതീവ്രതയാൽ വെളിവറ്റും, വേറൊരു ലോകത്തിന്റെ മനംമയക്കുന്ന സൗന്ദര്യങ്ങളിലേക്ക് ഉണർന്ന മനുഷ്യരെയും അവരുടെ ‘ഹാലു’കളെയും എങ്ങനെയാണ് വിശദീകരിക്കുക, കവിത കൊണ്ടല്ലാതെ? ഖൈസിനെ നോക്കൂ, അവനെ മജ്നുവാക്കിയ വീഞ്ഞ് ഏതാണ്? മത്തുപിടിച്ചുപോയ മനുഷ്യരുടെ ആത്മീയാവസ്ഥയെ മദ്യപന്റെ വെളിവില്ലായ്‌മയിലൂടെ പ്രതീകവൽക്കരിക്കുകയാണ് ഗുരുക്കന്മാർ. ഭ്രാന്ത് അത്ര മോശം രോഗമല്ല എന്നമട്ടിൽ. അഭൗമമായ ബോധക്കേടിൽ അഗാധ ബോധങ്ങൾ ഉണരുന്നുന്നുണ്ടാവാമെന്ന അർത്ഥത്തിൽ.

ജിഗർ മൊറാദാബാദിയുടെ പ്രസിദ്ധമായ “യെ ജോ ഹൽക ഹൽകാ സുറൂർ ഹേ” വരികളിലും മറ്റൊന്നല്ല ധ്വനിപ്പിക്കുന്നത്. ഇതരകവികളുടെ വരികളും ചേർത്ത് നിരവധി ഭാഷ്യങ്ങളുള്ള ഒരു ഖവാലിയാണിത്. പ്രാരംഭം (മഥ്ല) ഒഴിവാക്കിയാണിവിടെ മൊഴിമാറ്റിയിരിക്കുന്നത്. മദ്യശാലയിൽ മദ്യം ഒഴിച്ചുകൊടുക്കുന്നവനെയാണ് പ്രാഥമികമായും ഇതിൽ അഭിസംബോധന ചെയ്യുന്നത്. വീഞ്ഞിനെ ദിവ്യാനുരാഗമായും അതൊഴിച്ചുകൊടുക്കുന്ന ആത്മീയഗുരുവിനെ മദ്യമൊഴിക്കുന്നവൻ (സാഖി) ആയും ചഷകത്തെ സാധകന്റെ ഹൃദയമായും പ്രതീകവൽക്കരിക്കുമ്പോളാണ് ആന്തരികമായ അർത്ഥസാധ്യതകൾ കൈവരിക. ലോകത്തെ പിറകിലുപേക്ഷിച്ചുള്ള പുറപ്പെട്ടുപോക്കുകളുടെ ദിവ്യോന്മാദവും അഗാധമായ ഉണർവിന്റെ ലഹരിയും കൈവരണമെങ്കിൽ സാഖിയുടെ പവിത്രമായ കയ്യിൽ നിന്നും സ്വീകരിച്ച ശുദ്ധമായ സ്നേഹത്തിന്റെ വീഞ്ഞ് മോന്തിയേ മതിയാവൂ. അത് നമ്മെ ഒരേ സമയം തകർത്തുകളയുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നു. തടവിൽപ്പെടുത്തുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിനു പുതിയ വെളിച്ചവും വിതാനങ്ങളും തരുന്നു. ദൈവത്തോടുള്ള നിഷ്ക്കളങ്കമായ അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും ഉന്മാദമാണ് നമ്മെ അഗാധതകളിലേക്ക് എത്തിക്കുന്നത്.

Nusrat Fateh Ali khan: https://www.youtube.com/watch?v=3R1eUfVxOGI

യെ ജോ ഹൽക ഹൽകാ സുറൂർ ഹേ  
രചന: ജിഗർ മൊറാദാബാദി / അൻവർ ജോഗി

പതിയെപ്പരക്കുമീ ലഹരിയിൽ  
നിന്റെ നോട്ടത്തിന്റെ ഉന്മാദത്തിൽ  
വീഞ്ഞുമോന്താൻ പഠിച്ചുഞാൻ..

നിന്നോടുള്ള പ്രണയത്താൽ,
നിന്നെക്കിട്ടാനുള്ള കൊതിയാൽ
നിന്റെ മത്തുപിടിപ്പിക്കുന്ന നോട്ടത്താൽ
മദ്യപനായിമാറി ഞാൻ…

ഈ വീഞ്ഞിലെന്തിരിക്കുന്നു,
അതിന്റെ ലഹരിയിലെന്തിരിക്കുന്നു,
നിന്റെ കരുണയിലല്ലോ സകലതും..
നീയാ നയനങ്ങളാലെന്നെ ഊട്ടിയതിനുശേഷം
എനിക്കില്ലെന്നെപ്പറ്റിയൊരു വിവരവും.

സർവലോകവുമുന്മത്തം  
നിയമങ്ങൾക്കുപോലും മത്തുപിടിച്ചിവിടം ;
രാവും പകലും ഉന്മത്തം
പ്രഭാതത്തിനും പ്രദോഷത്തിനും ഉന്മാദം
ചഷകത്തിലും പാനപാത്രങ്ങളിലും വീഞ്ഞിലുമാകെ മത്ത്      
നിന്റെ നോട്ടത്തിന്റെ ലഹരിയാലെല്ലാമെല്ലാം
ഉന്മാദഭരിതം, ആനന്ദാതിരേകം..

നിന്റെ മദ്യശാലയിലില്ലാത്ത വീഞ്ഞൊന്നുമില്ല
നിന്റെ കൺചഷകങ്ങളിൽ നിറയുന്നതൊരുതുള്ളി
എനിക്കൊഴിക്കാമോ, മദ്യംപകരുന്നവനേ..

നിന്റെ നോട്ടത്തിന്റെ മായികലഹരി
ഏവർക്കുമറിയാമെങ്കിലും    
പേരുകിട്ടുന്നത്  മദ്യശാലക്കാണ്.
 
നിനക്കുള്ള സ്നേഹാർപ്പണം
മാത്രമാണെന്റെ ജീവിതം.

എനിക്ക് വുദുവെടുക്കാനറിയില്ല,
നിസ്കാരമറിയില്ല,
നീ മുന്നിലെത്തുമ്പോൾ
സാഷ്ടാംഗം വീണുപോകുന്നുവെന്നിട്ടും.
   
പണ്ടുതൊട്ടേ പ്രണയത്തിനടിമ ഞാൻ
പുണ്യപാപങ്ങളെചൊല്ലിയില്ല ദുഃഖം.  
എന്റെയുള്ളം നിന്റെ വീടുകണ്ടുവല്ലോ  
ഇനിയൊരു പള്ളിതേടേണ്ട കാര്യമെനിക്കില്ല.

പള്ളിയിലും കോവിലിലുമുള്ളതത്രയുമെന്റെ  
ലഹരിയും ഭക്തിയും തന്നെ.
എന്റെ കണ്ണുകൾ നിന്നിലുടക്കുമ്പോളെല്ലാം  
പ്രാർത്ഥനയിൽ കുറഞ്ഞൊന്നുമല്ലത്..

നിനക്കുള്ള സ്നേഹാർപ്പണം
മാത്രമാണെന്റെ ജീവിതം.

അന്ത്യനാളിൽ
നിന്നോടുള്ള പ്രേമത്തിന്റെ
പാടുംപേറി ഞാനുയിർക്കും.
നെഞ്ചിലപ്പോഴും തൂങ്ങിയാടും നിന്റെ ചിത്രം.
കാരണം,
നിനക്കുള്ള സ്നേഹാർപ്പണം
മാത്രമാണെന്റെ ജീവിതം.

നിന്റെ ഓർമയാണെന്റെ പ്രാർത്ഥന,
നിന്റെ ആനന്ദം എന്റെയാനന്ദം.
ഇതെന്റെ ഉന്മാദത്തിന്റെ ദിവ്യാത്ഭുതം
ഞാൻ തലവെച്ചിടത്തൊക്കെ കഅബ പിറന്നു..

എനിക്കുശേഷം നീയാരെ
വേദനയുടെ കയത്തിലേക്കുന്തും..

യാതനയിലുഴലുന്നവരോട്  
കിഞ്ചനവർത്താനമരുതെ,  
വിതുമ്പുന്നവരെ നോക്കി പുഞ്ചിരിയരുതെ,  
കേവലസല്ലാപങ്ങൾക്കിടയിലെൻറെ  
ഹൃദയമെങ്ങോ കളഞ്ഞുപോയി..

എന്റെ ഹൃദയമെങ്ങോ കളഞ്ഞുപോയി …  
മാറ്റൂ, നിന്റെ കണ്ണുകളെന്നിൽ നിന്നും  
നാഥനെ ഓർത്തെങ്കിലും.
ഇല്ലെങ്കിലിനിയില്ല  ഞാൻ.
 
നീയുമാരോടെങ്കിലും
പ്രേമത്തിലവശനായ് വീഴട്ടെയെന്ന്
ഞാനും പ്രാർത്ഥിക്കും,
കൈകൾ കൊണ്ട് നെഞ്ചുംതാങ്ങി
നൊന്തലയട്ടെ നീയും.
എന്റെ ഹൃദയം തകർന്നു,  
അതുടഞ്ഞു, അതുപൊളിഞ്ഞു, അതുലഞ്ഞു…

പ്രേമസല്ലാപങ്ങളിൽ പെട്ടെന്റെ
ഹൃദയമെങ്ങോ പോയി.
സ്നേഹത്തിന്റെ ശിക്ഷയേറ്റുവാങ്ങി
ഞാൻ കരയുന്നതെന്റെ ഉള്ളം പിടഞ്ഞിട്ടാണ്
നീ ചിരിക്കുന്നതെന്തു നേടിയിട്ടാണ്?

എനിക്കുശേഷം നീയാരെ
വേദനയുടെ കയത്തിലേക്കുന്തും..
പിന്നീടോർക്കുമ്പോൾ
എന്നെപ്പറ്റി നീയെന്തുകരുതും?
നിന്റെ നയനാസ്ത്രമിനിയെങ്ങെയ്യും?
നിനക്കിത്രമേൽ അതിവശ്യത തന്നതിന്
എന്റെ സ്നേഹത്തിനോട് നന്ദികാണിക്കൂ,  
കയ്യയഞ്ഞു തേടൂ നാഥനോട്..

ജീവിതാഭിലാഷമേ
നീയെന്നെ നോക്കൂ.
ഞാനതേ യാതനകളുടെ തോഴൻ.
നിനക്കില്ലായിരുന്നു വെളിവും ബോധവും,
അതിനാലെന്നോട് നന്ദിയോതു
നിനക്കാവിഷ്കാരം പഠിക്കാനായില്ലേ?  
എന്റെ സ്നേഹം കൊണ്ട്.   

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *