നിമ കമിലീ | നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  

സമായേ ബിസ്മിൽ – 5 
എം നൗഷാദ്

നീയെന്റെ ഉന്മാദങ്ങളുടെ അറ്റം 

b8c22d5173d3338a301588f29869942c

പഞ്ചാബി സൂഫികവി ബാബാ ബുല്ലേഷാഹ് (മരണം 1757) എഴുതിയ കലാമാണ് “നിമ കമിലീ”. ഹസ്‌റത് ശാഹ് ഇനായത് ഖാദിരിയുടെ ശിഷ്യനായിരുന്ന ബുല്ലേഷാഹ് ദക്ഷിണേഷ്യൻ സൂഫിസാഹിത്യത്തിനും ദാർശനികതക്കുമേകിയ സംഭാവനകൾ അനല്പമാണ്. നൂറ്റാണ്ടുകളെ ഭേദിച്ച് ഇന്നുമവ മുസ്‌ലിം-സിഖ്-ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒരേപോലെ ബഹുമാനിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയാന്വേഷണത്തിന്റെ അസ്വാസ്ഥ്യവും ലഹരിയും പ്രകടമാകുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും. വാമൊഴിപാരമ്പര്യങ്ങളിലൂടെയാണ് ബുല്ലേഷായുടെ അധികരചനകളും ജീവിതവിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.

മതത്തിന്റെ ഭൗതികസത്തയും ആന്തരികചൈതന്യവും തമ്മിലുള്ള പാരസ്പര്യവും സംഘർഷവും പ്രയോഗ വൈരുധ്യങ്ങളും സൂഫികവിതകളിലെ സ്ഥിരം പ്രമേയങ്ങളാണ്. പ്രത്യേകിച്ചും ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ. ഭക്തിപാരമ്പര്യത്തിന്റെ കൂടി സാന്നിധ്യവും ഇവിടത്തെ സിഖ്-ഹൈന്ദവ ജനതക്കിടയിൽ സൂഫിഗുരുക്കന്മാർക്കുണ്ടായിരുന്ന വമ്പിച്ച സ്വാധീനവും കൊണ്ടാവാം മുസ്‌ലിം മതാത്മകതക്കു പുറത്തുനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സൂഫികാവ്യങ്ങൾ രൂപകങ്ങളും ഉപമകളും ഉപയോഗിക്കുന്നത്. ഉന്മാദത്തിന്റെ ലയത്തിൽ ദിവ്യപ്രണയിയെ അന്വേഷിച്ചു പോകുന്നതിന്റെ വേദനയും ആ യാത്രയുടെ ഉൾക്കാഴ്ചകളുമാണ് ഈ കലാം. അധികം ഖവാലി ഗായകർ അവതരിപ്പിച്ചു കണ്ടിട്ടിട്ടില്ലാത്ത ഈ ഭാഷ്യം പ്രശസ്ത പാകിസ്താനി യുവഗായിക ഹദീഖ കിയാനിയുടെ ആലാപനത്തിൽ നിന്നാണ്.

Listen to the song here (Hadiqa Kiani):
https://www.youtube.com/watch?v=9oGSq6iGSjQ


നിമ കമിലീ | ബുല്ലേഷാഹ്

ലാഹോർ നഗരത്തിലെത്ര 
വാതിലുകളും ജനലുകളുമുണ്ടെന്നു പറയാമോ? 
അവയുടെ മൺകട്ടകളോരോന്നിനെപ്പറ്റിയും പറയണം, 
പൊട്ടിപ്പോയതേതൊക്കെ, 
നഗരത്തെ താങ്ങിനിർത്തുന്നതേതൊക്കെ? 
ലാഹോർ നഗരത്തിലെത്ര 
കിണറുകളുണ്ടെന്നു നീയെന്നോടു പറയണം. 
കുടിവെള്ളമുള്ളതേതൊക്കെ, 
ഉപ്പുകലങ്ങിയതേതിലൊക്കെ? 
ഉത്തരം തരുംമുമ്പു നീയൊന്നാലോചിക്കണം, 
എത്രപേർ സുമംഗലികളെന്നും 
എത്രപേർ തുണയറ്റവരെന്നും.    
 
ലാഹോറിന്റെ വിശേഷമൊക്കെയും 
ഞാൻതന്നെ പറയാം 
എണ്ണമറ്റ വാതിലുകളും ജനലുകളുമുണ്ടവിടെ, 
പ്രണേതാക്കളുടെ കാലടികളെയോർത്ത് 
തപിക്കുന്നു മൺകട്ടകൾ, 
ബാക്കിയെല്ലാം പൊട്ടിപ്പൊളിഞ്ഞുപോയിരിക്കുന്നു.
പ്രണയികൾക്ക് ദാഹം തീർക്കാവുന്ന 
കിണറുകളിലേ വെള്ളമുള്ളൂ.   
ബാക്കിയെല്ലാം ഉപ്പുകലങ്ങിയിരിക്കുന്നു.  
ചാരത്തു പ്രണയികൾ ചേർന്നിരിക്കുന്നവർ മാത്രം വിവാഹിതർ 
ബാക്കിയെല്ലാവരും വിരഹികൾ.
 
ഹാജിയാവാനുള്ളവർ മക്കയിൽ പോകുന്നു 
എന്റെ പ്രണയിനിയുള്ളത് മക്കയിലാണ്, 
എനിക്കുന്മാദമാണ്. 
 
ഞാൻ ഉന്മത്തനാണ്   
ഞാൻ ഉന്മത്തനാണ്.. 
 
കണ്ണെഴുതിയിട്ടെന്തു ഗുണം 
ചുടുകണ്ണീരതൊഴുക്കിക്കളയുമ്പോൾ. 
കണ്ണട വെച്ചിട്ടെന്തു ഗുണം 
ഒരിളക്കംകൊണ്ടത് വീണുടയുമ്പോൾ. 
ചമയമണിയുന്നതുകൊണ്ടെന്തു ഗുണം 
ഒരോതുള്ളിയിലും അതുരുകിയൊലിക്കുമ്പോൾ. 
പ്രണേതാവിനെ കൊല്ലുന്നതെന്തിന് 
നിന്റെ കോപത്തെയോർത്തവൻ സ്വയംചാവുമ്പോൾ. 
ഞാൻ ഉന്മത്തനാണ് 
ഞാൻ ഉന്മത്തനാണ്…
 
ഞാനെന്റെ പ്രണേതാവുമായി ചേർന്നുകഴിഞ്ഞിരിക്കുന്നു   
എന്നിട്ടും പിതാവെന്നെ വേറൊന്നിലേക്കുന്തിവിടുന്നു. 
ഞാൻ ഉന്മത്തനാണ് 
ഞാൻ ഉന്മത്തനാണ്..
 
കുളിക്കുന്നത്കൊണ്ട് ഈശനെ കാണുമായിരുന്നെങ്കിൽ 
തവളയും മീനുകളുമവനെ കണ്ടേനെ. 
കാട്ടിലലയുന്നതു കൊണ്ട് ഈശനെ കാണുമായിരുന്നെങ്കിൽ 
പൈക്കളും കിടാങ്ങളുമവനെ കണ്ടേനെ. 
പള്ളിയിൽപോയാൽ ഈശനെ കാണുമായിരുന്നെങ്കിൽ 
വവ്വാലുകളാവനെ കണ്ടേനെ. 
ബുല്ലേഷാഹ്, ഈശനെ കാണാനാവുന്നത് 
ഉള്ളിൽ നേരുള്ളവർക്കു മാത്രമാണ്,
ഉള്ളിൽ നേരുള്ളവർക്കു മാത്രമാണ്.
ഞാൻ ഉന്മത്തനാണ് 
ഞാൻ ഉന്മത്തനാണ്..
 
ആയിരം പുസ്തകം വായിച്ചു നീയറിവുനേടിയിട്ടുണ്ടാകാം 
നിന്റെയുള്ളിനെ എങ്കിലുമൊരിക്കലും വായിച്ചില്ല. 
പള്ളിയുമമ്പലവും തേടി നീയോടിത്തളർന്നു 
നിന്റെയുള്ളിലേക്ക് ഒരിക്കലുമൊന്നു കയറിച്ചെന്നില്ല.  
സാത്താനോടുള്ള അങ്കങ്ങളിലെല്ലാം നീ തോറ്റുതൊപ്പിയിട്ടു,  
സ്വന്തമാസക്തികളോട് പടവെട്ടാനാവാത്തതു കാരണം. 
പീർ ബുല്ലേഷാഹ് പറയുന്നു,
നീയെപ്പോഴും മാനത്തുള്ളതിനെ തൊടാനായുകയാണ് 
നിന്റെയുള്ളിൽ സദാ പുലരുന്നവനെ പുണരാതെ,
അല്ലാഹുവിനെ അറിയാതെ…
 
ഞാൻ ഉന്മത്തനാണ് 

ഞാൻ ഉന്മത്തനാണ്…

 

(This was originally published as the fifth episode of Sama-e-Bismil, a column dedicated for translating Sufiana Kalaams to Malayalam, in Suprabhatham Sunday Supplement.)
Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *