കുബാങ് കെരിയാനിലെ വഴിയടയാളങ്ങള്‍

എം. നൗഷാദ് 

ഒരു വഴിതെറ്റലിന്റെയും കണ്ടെത്തലിന്റെയും ഓർമ | മലേഷ്യൻ യാത്രാക്കുറിപ്പുകൾ 

കോത്തബാരുവില്‍ നിന്ന് ഏതാണ്ട് കാല്‍മണിക്കൂര്‍ വണ്ടിയിലിരുന്നാൽ കുബാങ് കെരിയാനിലെത്തും. അവിടത്തെ യൂണിവേഴ്‌സിറ്റി സയന്‍സ് മലേഷ്യയുടെ ഹെല്‍ത്ത് ക്യാമ്പസിലെ ഒരു ഹോസ്റ്റലില്‍ സുഹൃത്തിന്റെ സുഹൃത്തു വഴി സൗജന്യതാമസം തരപ്പെട്ടിരുന്നു. മലേഷ്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കെലന്തന്റെ തലസ്ഥാനമാണ് കോത്തബാരു. ഇവിടേക്ക് വന്നതിന് പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞെങ്കിലും പരമ്പരാഗത സംസ്‌കാരശീലങ്ങളുള്ള ഒരു ജനതയാണ് കെലന്തനിലുള്ളത് എന്ന് കേട്ടിരുന്നു. തായ്‌ലന്റിനോട് അതിര്‍ത്തി പങ്കിടുന്ന നാടാണ്. സുഹൃത്തു വകയുള്ള താമസസാധ്യത. അജ്ഞാതദേശങ്ങളോടും ഇനിയും കണ്ടിട്ടില്ലാത്ത മനുഷ്യരോടും ഉള്‍കൗതുകമുള്ള ഏതു യാത്രികനും പുറപ്പെട്ടുപോകാനോ എത്തിച്ചേരാനോ തങ്ങാനോ ഒഴുകാനോ പ്രത്യേകകാരണങ്ങള്‍ വേണ്ടെന്ന് വഴികള്‍ പഠിപ്പിച്ചുതരും.

കാമ്പസിലപ്പോള്‍ പൊതുവേ ആളും ബഹളവും കുറവായിരുന്നു. വളരെക്കുറച്ചാളുകള്‍ മാത്രം താമസിക്കാനുണ്ടായിരുന്ന ഒരു ഇടത്തരം കെട്ടിടത്തിലെ അത്യാവശ്യ സൗകര്യങ്ങളുള്ള മുറിയായിരുന്നു എനിക്കനുവദിച്ചത്. ഹോസ്റ്റല്‍ വരാന്തയിലെ ചുമരിന്‍മേല്‍ നീണ്ട കൈപ്പിടിക്കമ്പി ഘടിപ്പിച്ച് അതിന്‍മേല്‍ നീളന്‍കുടകള്‍ തൂക്കിയിട്ടുണ്ടായിരുന്നു. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള കിടപ്പും മറ്റു ഭൂമിശാസ്ത്ര പ്രത്യേകതകളും കാരണം ഏതാണ്ട് വര്‍ഷം മുഴുവനും ചെറുമഴ കിട്ടുന്ന നാടാണ് മലേഷ്യ. ഏതാണ്ട് എല്ലാദിവസവും, ഏറ്റവും ചുരുങ്ങിയത് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും, ഉച്ചതിരിഞ്ഞ് ചാറ്റല്‍മഴ പെയ്യുന്ന പ്രവിശ്യകള്‍ കുറേയുണ്ട്. അങ്ങനെ വരുമ്പോള്‍ ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാറ്റല്‍ മഴ നനയാതെ പോകാന്‍ ഈ നീളൻകുടകള്‍ സഹായിക്കും. ഒന്നിലധികം പേര്‍ക്ക് ഒരേസമയം മഴയത്തു പിടിച്ചു നീങ്ങാന്‍ പറ്റുന്ന, സര്‍വകലാശാലയുടെ പേര് എഴുതിച്ചേര്‍ത്ത കുടകള്‍ എല്ലാ കെട്ടിടങ്ങളുടെ വരാന്തകളിലും തൂക്കിയിട്ടിരുന്നു.

അടുപ്പിനരുകില്‍ നിന്നും ഇപ്പോള്‍ പോന്ന ഒരാളുടെ ചൂടും വിയര്‍പ്പും അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഇരുന്നതിനേക്കള്‍ അധികം ജീവിതത്തില്‍ നിന്നിട്ടുള്ള ഒരുവളുടെ ഉറപ്പ് ഞാന്‍ അവരില്‍ കണ്ടു.

മുറിയുടെ ജനല്‍ തുറന്നാല്‍ പുറത്തെ റോഡും അലസമായിക്കിടക്കുന്ന കാമ്പസിലെ തോട്ടങ്ങളും കടന്നുപോകുന്ന വാഹനങ്ങളും കാണാം. പുറത്തിറങ്ങി നടക്കാമെന്നു വെച്ചു. നാട്ടിലെ മിത്രങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിയുമോ എന്നുനോക്കാം. വെറുതെ ചുറ്റിനടക്കാം. എന്തെങ്കിലും കഴിക്കാം. ഹോസ്റ്റല്‍ നില്‍ക്കുന്നതിന് അടുത്തുള്ള ഗേറ്റ് വഴി പുറത്തിറങ്ങി റോഡ് മുറിച്ചുകടന്നാല്‍ ഒരു ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റുണ്ട്. അവിടെ തിരക്കും ബഹളവും വേണ്ടത്രയുണ്ട്. അങ്ങോട്ട് ചെന്നില്ല.

വിശാലമായ നിരത്തിന്റെ ഓരം പറ്റി എങ്ങോട്ടെന്നില്ലാതെ നടന്ന് ഒരു നാല്‍ക്കവലയില്‍ എത്തി. അപ്പോള്‍ തോന്നിയ ദിശയിലേക്ക് റോഡ് മുറിച്ചുകടന്ന് മുന്നോട്ടുനടന്നു. തിരിച്ചു കാമ്പസിലെത്താന്‍ വഴിതെറ്റുമോ എന്ന ചിന്ത ക്ഷണനേരം മനസില്‍ മിന്നി. ചില കെട്ടിടങ്ങളെ അടയാളമായി ഓര്‍മയില്‍ കുറിച്ചിട്ടു. കോത്തബാരു നഗരത്തിലേക്ക് (ആവോ!) പോകുകയും വരികയും ചെയ്യുന്ന ബസുകളും കാറുകളും ട്രക്കുകളും റോഡിലൂടെ ഇരച്ചു. ഒട്ടും അസാധാരണത്വമില്ലാത്ത നാട്ടിന്‍പുറകാഴ്ചകള്‍ കണ്ടുനീങ്ങുമ്പോള്‍ വല്ലതും കഴിക്കണമല്ലോ എന്നോര്‍ത്തു. ഉച്ചഭക്ഷണം കിട്ടിയിരുന്നില്ല.

പല വളവുകളും തിരിവുകളും താണ്ടി. ചെറിയൊരു റോഡ് തുടങ്ങുന്നിടത്ത് ഒരു ഇടത്തരം ഭക്ഷണശാല കണ്ടു. ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങി നടന്ന ദിശകളെ ജ്യാമിതീയമായി പരിഗണിച്ചാല്‍ ഞാനിപ്പോള്‍ ഒരു ഏങ്കോണിച്ച ചതുരത്തിന്റെ മൂന്നു വശങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സഹജാവബോധത്തെ പിന്‍പറ്റിയാല്‍, അതു തെറ്റാതെ നയിച്ചാല്‍, ഈ റോഡ് യൂണിവേഴ്‌സിറ്റി ഗേറ്റിന് മുന്നിലുള്ള വലിയ നിരത്തില്‍ എവിടെയെങ്കിലും ചെന്നുമുട്ടേണ്ടതാണ്. പക്ഷേ, ഉറപ്പില്ല. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറമാണ് ഗൂഗിള്‍ മാപ്പ് പ്രചാരത്തില്‍ ആയിട്ടില്ല. ഉണ്ടെങ്കിലും എന്നെ സംബന്ധിച്ച് ഇല്ല. സഹജാവബോധത്തെ വെല്ലുന്ന ഒരു ആപ്പിലും താത്പര്യവുമില്ല.

ഭോജനശാല വിജനമായിരുന്നു. വിശപ്പടങ്ങിയിട്ടാവാം വഴിതേടല്‍. നമ്മുടെ നാട്ടിലെ ധാബകളെ അനുസ്മരിപ്പിക്കും വിധത്തില്‍ പുറത്തേക്ക് കസേരകളും മേശകളും നിരത്തിയിട്ട ചെറിയൊരു കട. വൈകുന്നേരമായിത്തുടങ്ങന്നതേ ഉള്ളൂ. അതിന്റെ ആലസ്യം അവിടെയാകെയുണ്ട്. ഞാനൊരു കസേര വലിച്ചിട്ട് ഇരുന്നു.

മുഷിഞ്ഞ ഏപ്രണും തുഡുംഗ് എന്ന ശിരോവസ്ത്രവും ധരിച്ച നാല്‍പതുകള്‍ തോന്നിക്കുന്ന ഒരു മലേഷ്യന്‍ സ്ത്രീ എന്റെയടുത്തേക്ക് വന്ന് അവരുടെ ഭാഷയില്‍ എന്തോ ചോദിച്ചു. ഭാഷ പിടികിട്ടാതെ ഞാന്‍ ആഹാരം വേണം എന്ന് ആംഗ്യം കാണിച്ചു. ഗൗരവക്കാരിയാണെന്നു തോന്നിച്ച ആ സ്ത്രീ അപ്പോള്‍ ഒന്നു ചിരിച്ചു. അതു മനസിലായി, എന്ത് ഭക്ഷണമാണ് വേണ്ടതെന്ന മട്ടില്‍. ഞാന്‍ ന്യൂഡില്‍സ് എന്നു കുറേ തവണ പറഞ്ഞു. ഉച്ചാരണവിടവ് കൊണ്ടാകാം അവര്‍ക്കതു മനസിലായില്ല. മെനുകാര്‍ഡ് ഒരു മേശപ്പുറത്തും കാണാനില്ല. മറ്റ് ആളുകളുമില്ല. അടുപ്പിനരുകില്‍ നിന്നും ഇപ്പോള്‍ പോന്ന ഒരാളുടെ ചൂടും വിയര്‍പ്പും അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഇരുന്നതിനേക്കള്‍ അധികം ജീവിതത്തില്‍ നിന്നിട്ടുള്ള ഒരുവളുടെ ഉറപ്പ് ഞാന്‍ അവരില്‍ കണ്ടു. പശ്ചാത്തലത്തില്‍ പുകയും പൊടിയുമേറ്റ് മങ്ങിത്തുടങ്ങിയ വലിയ ഫ്‌ളക്‌സിലെ ന്യൂഡില്‍സിന്റെ ചിത്രം ഞാനവര്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു. അപ്പോളവർ ചിരിച്ച് എന്തോ പറഞ്ഞു. ഇതല്ലേ മണ്ടാ ഞാന്‍ ചോദിച്ചുകൊണ്ടിരുന്നത് എന്നോ മറ്റോ ആകാം. ജഗ്ഗില്‍ വെള്ളം എടുത്തുവെച്ച് അവര്‍ അടുക്കളയിലേക്ക് അപ്രത്യക്ഷയായി.

അവരുടെ കുറിമാനം പലവട്ടം നോക്കി; മുറിയിലേക്കുള്ള വഴി കണ്ടെത്താനെന്നതിലേറെ മറ്റേതോ വഴി തിരയുന്ന ഒരാളെപ്പോലെ.

ഞാൻ കാത്തിരുന്നു. റോഡരുകിലെ തട്ടുകടകളിലും വലിയ നക്ഷത്രഹോട്ടലുകളിലുമെല്ലാം തുടുങ് ധരിച്ചു പാതിരാവോളം പണിയെടുക്കുന്ന ഊർജസ്വലതയുള്ള മലായ് സ്‌ത്രീകളെ മലേഷ്യയിലെമ്പാടും കാണാം. മലേഷ്യൻ തൊഴിൽശക്തിയുടെ പകുതിയും സ്‌ത്രീകളാണ്‌. സമ്പദ്ഘടനയിൽ അവർക്കുള്ള സംഭാവന നിർണായകമാണ്. ആണുങ്ങൾ പലപ്പോഴും പണിക്കൊന്നും പോകാതെ മടിപിടിച്ചിരിക്കുന്ന സാമൂഹികാവസ്ഥ മലേഷ്യയിലുണ്ടെന്ന് സുഹൃത്ത് പാതി തമാശയായി പറഞ്ഞതോർത്തു. ആ ദശലക്ഷക്കണക്കിനു സ്ത്രീകളുടെ ഒരു പ്രതിനിധിയാണിപ്പോൾ എനിക്കുവേണ്ടി ന്യൂഡിൽസ് വേവിക്കുന്നത്.

ഇടയ്‌ക്കൊരുകാര്‍ റോഡില്‍ നിര്‍ത്തുകയും ഒരു സമ്പന്നകുടുംബം പുറത്തിറങ്ങി കുട്ടികള്‍ക്കു വേണ്ടി ശീതളപാനീയങ്ങള്‍ വാങ്ങുകയും ചെയ്തു. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ന്യൂഡില്‍സ് എത്തി. മലേഷ്യയുടെ തനത് രുചി തന്നെ. ഒരല്‍പം മധുരം എവിടെയോ കയറിക്കിടപ്പുണ്ട്. ഞാനത് കഴിച്ചുകഴിഞ്ഞ ശേഷം കാശ് കൊടുക്കാനായി ചെന്നു. ബാക്കി റിങ്കിറ്റ് അവര്‍ തിരിച്ചുതന്നു.

ഈ പാവം സ്ത്രീയോട് വഴി ചോദിക്കുന്നതെങ്ങനെ എന്ന ചിന്തയിലായിരുന്നു മനസ്. അവര്‍ വഴി പറഞ്ഞുതന്നാല്‍ മനസിലാക്കിയെടുക്കുന്നതെങ്ങനെയെന്നും ഒരു പിടിയുമില്ല. അവരിവിടുത്തെ ജോലിക്കാരി ആയിരിക്കാനാണ് സാധ്യത. ദാരിദ്ര്യത്തിന് മാത്രം ഉള്ളിലുണര്‍ത്താവുന്ന തരം ലാളിത്യം അവരുടെ ചലനങ്ങളിലും പെരുമാറ്റത്തിലുമുണ്ടായിരുന്നു. അതവരെ മുഷിഞ്ഞ വേഷത്തിലും ആകര്‍ഷകയാക്കി മാറ്റി. വഴി ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. “യൂനിവേഴ്‌സിറ്റി സയന്‍സ് മലേഷ്യ?” ഞാന്‍ ചോദ്യരൂപേണ പറഞ്ഞു.

അവര്‍ക്ക് കാര്യം മനസിലായി. അവരുടനെതന്നെ വഴി വിശദീകരിക്കാന്‍ തുടങ്ങി. പെട്ടെന്ന് നിര്‍ത്തി, ഈ പരദേശിക്ക് തന്റെ ഭാഷ അറിയില്ലല്ലോ എന്ന ബോധത്തില്‍ ആലോചിച്ചുനിന്നു. എന്നിട്ട് ആംഗ്യഭാഷയിലേക്ക് പ്രവേശിച്ചു. ചട്ടുകം പിടിച്ചും തീയെ തലോടിയും കരുവാളിച്ചു പോയ അവരുടെ വിരലുകള്‍ വായുവിലുയര്‍ന്നും താഴ്ന്നും ഇടംവലം ചലിച്ചും എനിക്ക് വേണ്ടി നടത്തുന്ന ആ നൃത്തപ്രകടനത്തിന്റെ മുദ്രാവിന്യാസങ്ങളില്‍ നിന്നും അവരുടെ ആത്മാര്‍ഥതക്കപ്പുറം ഒന്നും വായിച്ചെടുക്കാനാകാതെ ഞാന്‍ നിന്നു. എന്നിട്ട്, സാരമില്ല, ഞാൻ മറ്റാരോടെങ്കിലും ചോദിച്ച് കണ്ടെത്തിക്കോളാം, നിങ്ങള്‍ വിഷമിക്കേണ്ട എന്നൊക്കെ ഭാഷക്കു മുമ്പേയുള്ള ഭാഷയായ ശരീരഭാഷയില്‍ എന്നെക്കൊണ്ടാകും വിധത്തില്‍ അവരോട് വിനിമയം ചെയ്യാന്‍ ശ്രമിച്ച് തിരിഞ്ഞു നടക്കാനൊരുങ്ങി.

അപ്പോള്‍ അവരെന്നെ തടഞ്ഞു. മുന്നിലെ മേശപ്പുറത്തു കിടന്ന ഒരു പഴയ കഷണം കടലാസും പേനയും എടുത്ത് എന്നെ നോക്കി അവർ ഒരു ഭൂപടം വരയ്ക്കാന്‍ തുടങ്ങി. അവരാദ്യം ഞാനപ്പോള്‍ നിന്ന സ്ഥലം അടയാളപ്പെടുത്തി. പിന്നീട് ഞാന്‍ നടന്നുവന്ന വഴി വരച്ചു. കവലകള്‍, വളവുതിരിവുകള്‍, ഹൈവേ, യൂണിവേഴ്‌സിറ്റിയുടെ ഗേറ്റുകള്‍ എല്ലാം അടയാളപ്പെടുത്തി. എനിക്ക് ചിലത് മനസിലായി, ചിലത് മനസിലായില്ല. ഞാന്‍ കൗതുകത്തോടെയും സന്തോഷത്തോടെയും ലളിതസുന്ദരമായ ആ സ്‌നേഹപ്രവര്‍ത്തി നോക്കിനിന്നു. എതിലേ പോകണം എന്നതിന് അമ്പടയാളങ്ങള്‍ വരച്ചിരുന്നു. തെറ്റായ വഴികളെ തന്റെ കൈവെള്ള മതിലാക്കി തടഞ്ഞുകാണിച്ചു. നേരേ പോയാല്‍ എത്തുമെന്ന് ഞാന്‍ നേരത്തേ ധരിച്ച സഹജാവബോധ പാത അബദ്ധമായിരുന്നു എന്നു മനസിലായി.

വര കഴിഞ്ഞ് അവരാ കുറിമാനം എന്റെ നേരെ നീട്ടി. ഞാനൊരു കത്തു കൈപ്പറ്റും പോലെ അതുവാങ്ങി. അവര്‍ പുഞ്ചിരിച്ചു. അപരിചിതമായ ദേശത്ത് പിഴച്ചുപോയേക്കാവുന്ന വഴികളില്‍ നിന്നും ഒരനിയനെ കാത്തതിലുള്ള ചാരിതാർഥ്യം അതില്‍ നിഴലിച്ചു. അവരുടെ പേര് ചോദിക്കാന്‍ മാത്രമുള്ള മലായ് ഭാഷ എനിക്കപ്പോള്‍ വശമുണ്ടായിരുന്നെങ്കിലും ഞാനതു ചോദിച്ചില്ല. ഫോണിലെ ക്യാമറയിൽ അവരെ പകര്‍ത്തിയില്ല. ഒരു പേരിലോ ഫ്രെയിമിലോ ഒതുക്കേണ്ടെന്നു തോന്നി. ഞങ്ങള്‍ പിരിഞ്ഞു. അവര്‍ അകത്തെ അടുപ്പിലേക്കും ഞാന്‍ പുറത്തുള്ള വേവുകളിലേക്കും നടന്നു.

അവരുടെ കുറിമാനം പലവട്ടം നോക്കി; മുറിയിലേക്കുള്ള വഴി കണ്ടെത്താനെന്നതിലേറെ മറ്റേതോ വഴി തിരയുന്ന ഒരാളെപ്പോലെ. ഇടക്കെപ്പോഴോ ഏതോ പഴയ ബാലമാസികയിലെ വഴികണ്ടെത്തിക്കൊടുക്കല്‍ സമസ്യയെ അതോർമിപ്പിച്ചു. പതിയെപ്പതിയെ പാതകൾ ഇരുളുകയും പള്ളിമിനാരങ്ങള്‍ ഈണത്തില്‍ പാടുകയും ചെയ്തു. പ്രാര്‍ഥിച്ചും ചായകുടിച്ചും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കായുള്ള ചെറുകടകളിലെ സാധാരണ വസ്തുക്കള്‍ ചിലതു വാങ്ങിയും സാവധാനം താവളമണഞ്ഞു. അജ്ഞാതയായ ആ ആതിഥേയയുടെ വാത്സല്യത്തിനു ഹൃദയം നന്ദിയോതി.

(ദൽഹി മലയാളി മാധ്യമ കൂട്ടായ്‌മയുടെ മാസിക ‘ഡൽഹി സ്‌കെച്ചസ് ‘മാർച്ച് 2020 ലക്കത്തിൽ പ്രസിദ്ധീകരിച്ചത് – ചെറിയ പരിഷ്‌കരണങ്ങളോടെ. ഭാഷക്കു മുമ്പേയുള്ള ഭാഷയാണ് ശരീരഭാഷ എന്ന നിരീക്ഷണത്തിന് ഇസത് ബെഗോവിച്ചിനോട് കടപ്പാട്.)

All photographs by the writer.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *