Tu Kuja Man Kuja | അങ്ങെവിടെയാണ് ഞാനെവിടെയാണ്.. 

Light_of_the_Sufis_MFAH_Jinchi_etching_Untitled
സമായേ ബിസ്‌മിൽ – 2 | ‘സുപ്രഭാതം’ ഞായറാഴ്ച്ചപ്പതിപ്പിൽ വന്ന പരമ്പര

അനുരാഗത്തിന്റെ അതുല്യലയങ്ങളിൽ

എം നൗഷാദ്

പ്രസിദ്ധ പാകിസ്താനി കവിയും പണ്ഡിതനുമായിരുന്നു മുസഫർ വാർസി. മീററ്റിൽ ജനിച്ചു വളർന്ന് വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ വാർസി നിരവധി നഅതുകളും ഗസലുകളും സൂഫിയാന കലാമുകളും രചിച്ചിട്ടുണ്ട്. അബുൽ കലാം ആസാദ്, അല്ലാമാ ഇഖ്‌ബാൽ, ഹസ്രത് മൊഹാനി എന്നിവരുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ രചനകളിൽ ഒന്നാണ് നുസ്രത് ഫത്തേഹ് അലി ഖാൻ പാടി അനശ്വരമാക്കിയ “തൂ കുജാ മൻ കുജാ”. പ്രവാചകാനുരാഗം വശ്യമോഹനമായി നിറഞ്ഞൊഴുകുന്ന ഈ പ്രകീർത്തനം നിരവധി ഗായകർ പലവിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പഴയ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിന് അവലംബിച്ചിട്ടുള്ളത്. തൂ കുജാ മൻ കുജാ എന്നത് ഫാർസി ഭാഷയിലും ബാക്കി വരികളെല്ലാം ഉർദുവിലുമാണ് ഇതിലുള്ളത്. “തൂ കുജാ മൻ കുജാ” എന്നതിന് “അങ്ങെവിടെയാണ്, ഞാനെവിടെയാണ്” എന്നാണ് വാക്കർത്ഥമെങ്കിലും, പ്രവാചകന്റെ ഉൽകൃഷ്ടമായ പദവികളും നിലയുമെവിടെ, എന്റെ പതിതാവസ്‌ഥയെവിടെ എന്ന തരത്തിൽ, താരതമ്യം പോലും അസാധ്യമായ ഉയരത്തിൽ മുത്തുനബിയെ കാണുന്ന വിശാലമായ അർത്ഥതലം അതിനുണ്ട്. ഒരേ സമയം റസൂലിൽ നിന്ന് അത്രയേറെ അകലെയായിരിക്കുമ്പോഴും ദീപ്തമായ അനുരാഗവിവശതയിൽ ഏറ്റവും അടുത്ത് ഹൃദയത്തിൽ കുടിയിരുത്തുന്ന അനുഭൂതി കൂടി നമുക്കിവിടെ കാണാനാവുന്നു.

 

ദൈവശാസ്ത്രപരമ്പര്യങ്ങളിൽ, സമ്പ്രദായികമായ അർത്ഥത്തിൽ, പ്രവാചകനെ അഭിസംബോധന ചെയ്യുമ്പോൾ ‘നീ’ എന്ന് ഉപയോഗിക്കാവതല്ലെങ്കിലും തീവ്രാനുരാഗത്തിന്റെ ലയസന്ധികളിൽ, അടുപ്പത്തിന്റെ ഗൂഢമായ ആയിത്തീരലുകളിൽ സൂഫികൾ അങ്ങനെ ചെയ്തിട്ടുണ്ട്,  പ്രത്യേകിച്ചും കവിതയുടെയും അനുരാഗത്തിന്റെയും വിശാലപാരമ്യങ്ങളിൽ. അല്ലാഹു പൊറുക്കട്ടെ. പ്രവാചകനിൽ എന്നുമെന്നും അനുഗ്രഹങ്ങൾ വർഷിക്കട്ടെ.
Muzaffar-Warsi

Muzaffar Warsi

Listen to the Nusrat Fateh Ali Khan version here:

 

തൂ കുജാ മൻ കുജാ | അങ്ങെവിടെയാണ് ഞാനെവിടെയാണ്…
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ ഹറമിൻറെ നായകൻ, ഞാനൊരു പരദേശിഫകീർ.
നിന്റെ വിശുദ്ധസ്തുതികളും എൻറെയധരങ്ങളും
ഒരിക്കലും വേർപിരിയില്ല.
ഞാനലയുന്നത് നിന്നിലേക്ക്, നിന്നോടൊപ്പമാകാൻ.
നീയാണ് ദാതാവ്..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ വെളിപാടിന്റെ വസ്ത്രമണിഞ്ഞവൻ,
ഖുർആനിലാൽ തലപ്പാവണിഞ്ഞവൻ,
സ്വർലോകങ്ങളിലെ സിംഹാസനം നിന്റെ ഇരിപ്പിടം.
സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ യാഥാർഥ്യം, ഞാനൊരു തോന്നൽ.
നീ കടൽ, ഞാനുഴറിയലയും ദാഹം.
എന്റെ വീടീ മണ്ണിൽ, നിൻറെ പദവിന്യാസം
സിദ്റതുൽ മുൻതഹാക്കുമപ്പുറം.

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്റെ പരിമളം കരുണയുടെ ഉറവ്,
നിന്റെ കണ്ണുകൾ ഹറമിന്റെ കവാടം,
നിന്റെ നെറ്റിത്തടം വെളിച്ചങ്ങളുടെ തിളക്കം,
സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

എന്റെ ശ്വാസമോരോന്നിലും ചോരയൂർന്നു പോകുന്നു,
നിന്റെ കരുണയെന്റെ ഹൃദയം തകരാതെ കാക്കുന്നു.
ഞാനൊരു ചെറുചഷകം, നീ പാരാവാരം.
നീ ഐശ്വര്യവാൻ, ഞാൻ അഗതി.

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്റെ പദവി മനുഷ്യകുലത്തിലേറ്റവും ശ്രേഷ്ഠൻ എന്ന്,
നിന്റെ ഭാഷണം നേരിന്റെ ശബ്ദം,
ആകാശങ്ങൾ നിന്റെ ശ്രോതാക്കൾ,
ജിബ്‌രീൽ നിന്റെ തേരാളി.
സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്നോടുള്ള പ്രണയമാണ് വിശ്വാസം,
നിന്നിൽ നിന്നുള്ള പരിമളമാണ് വിവേകം,
നിന്റെ പ്രകൃതങ്ങളുടെ വ്യാഖ്യാനമെന്നും ഖുർആൻ.
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
ദീനും ദുനിയാവും നിന്നിൽനിന്നു ഞാൻ നേടും,
സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

ശുഭ്രവേഷങ്ങളിൽ നീ വിഭൂഷിതൻ,

ആശീർവാദങ്ങളുടെ മേലാപ്പുമായി ഞാൻ.
നീ കഅബയുടെ പ്രണയം,
ഞാനെന്നും നിന്റെ ചുറ്റും.
ഞാൻ പ്രാർത്ഥന, നീയുത്തരം.

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്നെ തേടി അലയുകയാണ്
വഴിതെറ്റിയവരുടെ ആൾക്കൂട്ടങ്ങൾ.
നീയല്ലാതാരുമില്ലാവർക്ക്
സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

ഞാനെപ്പോൾ സന്ദേഹത്തിലകപ്പെട്ടാലും
നിന്റെ ഓർമയിൽ പ്രത്യാശവരുന്നു.
നിന്റെ ഉമ്മത്തിലായതാണെന്റെ മഹാഭാഗ്യം.
നീയാണ് പ്രതിഫലം, ഞാനൊരു ആനുകൂല്യം.
സമസ്തലോകങ്ങൾക്കും കാരുണ്യമായവനേ..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

കണ്ണീരിന്റെ ഭാഷയാണെന്റെ ഉള്ളിന്റെ വിവർത്തനം,
ഹൃദയമെപ്പോഴും നിന്നെ വിളിച്ചുകേഴുന്നു.

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീയാണ് വിശുദ്ധി, ഞാൻ പാപവും.
നീ കരുണ, ഞാൻ കാപട്യം.
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

 

Listen to the Coke Studio version here:

 

[Originally published as the second part of Sama-e-Bismil series in Suprabhatham Sunday Supplement.]
Please follow and like us:
Pin Share

One comment

  • അനീസ

    ഈ ഗാനം ഞാൻ ആദ്യമായി കേട്ടത് നിങ്ങളിലൂടെ യാണ് ആണ്. പത്തു വർഷങ്ങൾക്കുമുമ്പ്. അന്ന് മുതൽ അൽ ഇത് ഉള്ളിൽ കിടപ്പുണ്ട്. ഇപ്പോൾ അതിനെ കൂടുതൽ ഉറപ്പിച്ചു തന്നു. ☺️☺️🥺

Leave a Reply

Your email address will not be published. Required fields are marked *