Mujhe Bekhudi | സ്നേഹം കീഴടങ്ങലാണ്

സമായെ ബിസ്‌മിൽ 23 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്

വിലയനത്തിന്റെ വിശുദ്ധി

ബേഖുദി എന്ന വാക്കിന് “ഖുദി” ഇല്ലാത്തവൻ എന്നാണർത്ഥം. സ്വത്വം, അസ്തിത്വം, അഹം, സത്ത തുടങ്ങിയ അർത്ഥങ്ങൾ ഈ വാക്കിന് കൽപിക്കപ്പെടുന്നു. പേർഷ്യൻ ഭാഷയിൽ നിന്ന് വന്ന് ഉർദുവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ഖുദി. അതിന്റെ ഗുണാത്മകവശങ്ങളെയും സാധ്യതകളെയും ദാർശനികമായി വികസിപ്പിക്കുകയും കാവ്യബിംബങ്ങളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തത് അല്ലാമാ ഇഖ്ബാൽ ആയിരുന്നു. ദിവ്യാനുരാഗത്തിന്റെ സമർപ്പണം വഴി സ്വന്തത്തെയും സകല “അഹം”ഭാവങ്ങളെയും ത്യജിച്ചവൻ എന്ന അർത്ഥത്തിലാണ് ഹസ്‌റത്‌ ഷാഹ് നിയാസ് ഇവിടെ ബേഖുദി എന്ന വാക്ക് ഉപയോഗിക്കുന്നത്. സ്നേഹസമർപ്പിതൻ എന്ന മൊഴിമാറ്റം ആ അർത്ഥത്തിൽ ദുർബലമാണ് എന്നോർമിപ്പിക്കുന്നു. സ്നേഹത്താലുള്ള സമർപ്പണവും കീഴടങ്ങലുമുള്ള ഒരാത്മാവിന്റെ നിസ്വവും വിശുദ്ധവുമായ വാക്കുകളാണ് ഈ കലാം. സ്നേഹത്തെ സ്വന്തം മനസ്സിന്റെയോ ശരീരത്തിന്റെയോ ആവശ്യങ്ങൾക്കും സമാധാനത്തിനുമുള്ള ഒരു ഇടപാടായി ഗണിക്കുകയും, കൊടുക്കലിനേക്കാൾ എടുക്കലിൽ മുഴുകുകയും ചെയ്യുന്നവരാണ് അധികമനുഷ്യരും. പലതരം അനീതിയും ഹിംസയും ആവും അതിന്റെ ഫലം. “പ്രയോജനപരതകൾ” അവനവനിലേക്ക് തിരിച്ചുവെക്കുന്ന തരം സ്നേഹം ആത്മജ്ഞാനികളുടെ വഴിയല്ല എന്ന് ‘ഫനാ’ എന്ന ആശയം സൂചിപ്പിക്കുന്നു. ഉന്നതമായ സ്നേഹം യാതൊന്നും ആവശ്യപ്പെടുന്നില്ല. സ്വന്തം അപൂർണതകളെ, ഭൂമിയുടെ വേദനകളെ, നിസഹായമായി പൂരിപ്പിക്കുക മാത്രമാണത്. സ്വർഗത്തിലേക്ക് പുറപ്പെടുന്ന ഉപാധികളില്ലാത്ത സ്വപ്‌നം. ഇപ്പോളുള്ളതിനെയെല്ലാം അതവസാനിപ്പിക്കുകയും കൂടുതലാഴവും ഭംഗിയുമുള്ള വേറൊരുലകത്തിന്റെ വാതിലുകളിലേക്ക് വലിച്ചാനയിക്കുകയും ചെയ്യുന്നു. പിന്നെ ഈ ലോകത്തിന്റെ ആവശ്യങ്ങളോ ആനന്ദങ്ങളോ ആശ്വാസങ്ങളോ അപ്രസകതമായിത്തീരുകയും വിലയനത്തിന്റെ വിഭ്രമാത്മകമായ വിശുദ്ധി പ്രാപിക്കുകയും ചെയ്യുന്നു. അതാണ് ഏറ്റവും അഭികാമ്യമെന്നോ അവിടെയെത്തണമെന്നോ അല്ല സൂചന. അങ്ങനെ ഒരവസ്ഥയെ അറിയിക്കുകയും ആവിഷ്‌കരിക്കുകയുമാണ് ഈ കവിതയിൽ. എല്ലാ വിസ്‌മയങ്ങളുടെയും അന്തസത്തയിലേക്ക് തുറക്കപ്പെട്ടവന്റെ സ്‌നേഹസാക്ഷാത്കാരങ്ങൾ.

ഖാദിരിയ്യ, ചിശ്തിത്തിയ, നിസാമിയ്യ, സുഹ്റവർദി കൈവഴികളിലെല്ലാം ഭാഗമായ ഹസ്‌റത് ഷാഹ് നിയാസ് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു. സമ്പന്നമായ സൂഫിപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം മാതാവ് വഴി നന്നേ ചെറുപ്പത്തിലേ സൂഫിധാരയിലേക്ക് പ്രവേശിച്ചു. ഉത്തർപ്രദേശിലെ ബറേൽവിയിലാണ് അദ്ദേഹത്തിന്റെ ഖബർ. അതിവിശിഷ്ടമായ ഉർദുപദാവലികളാൽ സമ്പന്നമായ കലാമാണിത്. പ്രാരംഭമായി ആബിദ പർവീൻ ആലപിക്കുന്ന വരികൾ ഫാർസിയിലുള്ളതാണ്.

Listen to Abida Parveen:

മുജെ ബേഖുദി | ഹസ്‌റത്‌ ഷാഹ് നിയാസ് | ആബിദ പർവീൻ

വിസ്‌മയങ്ങളാലെനിക്കിനി
വേണ്ടാതായി ഇരുലോകങ്ങളും.
കിനാവുകുടഞ്ഞുണർന്നതിൻ ഫലമിങ്ങനെ.
വ്രണിതമെൻ ഹൃദയനയനങ്ങൾ
തുറന്നുകിട്ടിയപ്പോൾ
നനവില്ല, കണ്ണീർക്കണങ്ങളില്ല.
കണ്ണുകൾ വിസ്മയം കൊണ്ടുവിടരുകയും
കാണുന്നതൊന്നും കാഴ്ചയല്ലാതാവുകയും ചെയ്‌തു.
ജീവന്റെ ചെവിയിൽ
അനാദിയാമൊരു നാദമെത്തിയപ്പോൾ    
വിസ്‌മൃതിയുടെ വലയങ്ങളിൽ ലയിച്ചു.
പ്രണയവിസ്മയമുള്ളിലുദിച്ചപ്പോൾ  
പിന്നെയുന്മാദമില്ല, മോഹനവശ്യതകളില്ല.
പിന്നെ നീയില്ല, ഞാനില്ല
വിസ്‌മൃതിയുടെ വിലയനം മാത്രം

സ്‌നേഹസമർപ്പിതനേ,
ലോകമാകെയും മങ്ങിപ്പോകും രുചി
നീയെനിക്കേകി.
ഇനിയെനിക്കില്ലാ മോഹങ്ങൾ,
സ്നേഹത്തിനു കീഴടങ്ങിയിരിക്കുന്നു ഹൃദയം.
ഇനിയില്ല ദൂരങ്ങൾ, ഭീതികൾ
മോഹമില്ല, പ്രാർത്ഥനകളില്ല.
കീഴടങ്ങാനുള്ള ചിന്തയില്ല,
ദിവ്യതയിലേക്കുള്ള വെമ്പലില്ല.
ചർച്ചചെയ്യാനുള്ള ചായലില്ല,
തേട്ടമൊന്നിലും തിട്ടമില്ല.
ബോധമെത്തുന്നിടത്തോ
ചിന്തചെല്ലുന്നിടത്തോ ശമനമില്ല.
പാർക്കാനൊരാളില്ല,
പാർക്കുന്നൊരിടമില്ല,
മണ്ണില്ല, മൊഴിയില്ല,    
ചുറ്റിയലയുമെൻ മനമൊടുവിൽ
എത്തിച്ചേരുന്നതിവിടം.
ഒത്തുചേരലില്ല
പിരിഞ്ഞുപോകലില്ല
ആനന്ദമില്ല
വിഷാദമില്ല,
നിതാന്തനിദ്രതൻ നിരാസമെന്നപോൽ
ഒരു മയക്കമെന്നുള്ളിൽ കടക്കുന്നു.

സ്‌നേഹസമർപ്പിതനേ
ലോകമാകെയും മങ്ങിപ്പോകും രുചി
നീയെനിക്കേകി.
ഇനിയെനിക്കില്ലാ മോഹങ്ങൾ,
സ്നേഹത്തിനു കീഴടങ്ങിയിരിക്കുന്നു ഹൃദയം.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *