Ghoom Charkhra | ഒരു ചർക്കയുടെ ഉപമ

സമായെ ബിസ്‌മിൽ 16 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്

ഒരു ചർക്കയുടെ ഉപമ

ചർക്കയും നൂൽനൂൽക്കലും ദക്ഷിണേഷ്യൻ സൂഫികവിതകളിൽ, പ്രത്യേകിച്ചും പഴയകാല കവിതകളിൽ, ആവർത്തിച്ചുവരുന്ന ഒരു രൂപകമാണ്. ചർക്കയുടെ ചക്രവും അതിന്റെ നിലക്കാത്ത കറക്കവും പൂർവികരുടെ ഒരു സ്ഥിരംകാഴ്ചയും അതിസാർവത്രികമായ അനുഭവവും ആയിരുന്നു. സമ്പന്നർക്കും സാധാരണക്കാർക്കും എളുപ്പം കണ്ടുമനസ്സിലാക്കാവുന്നതാണ് അതിന്റെ പ്രവർത്തനവും സ്വഭാവവും. വാർത്തുളാകൃതിയിലുള്ള പലതരം ചലനങ്ങളുടെയും ഭ്രമണങ്ങളുടെയും ത്വവാഫുകളുടെയും നൃത്തങ്ങളുടെയും പ്രാപഞ്ചികമായ കറക്കങ്ങളുടെ അനുസ്മരണവും പ്രതിനിധാനവുമായി അത് കവിതകളിൽ പ്രവർത്തിച്ചുപോന്നു. രാപ്പകലുകളുടെയും മനുഷ്യജന്മത്തിലെ ഉയർച്ചതാഴ്ചകളുടെയും ഇഹപരജീവിതങ്ങളുടെയും ഹൃദയത്തിന്റെ അവസ്ഥാമാറ്റങ്ങളുടെയും ബിംബമായി അത് മാറി. പരുത്തിയും അതുവെച്ചു ചർക്കയിൽ നൂറ്റെടുക്കുന്ന നൂലും ഭൗതികലോകത്തിന്റെ അസംസ്കൃതാവസ്ഥയിൽ നിന്നും മെരുക്കിയെടുക്കപ്പെടുന്ന ആധ്യാത്മികാധ്വാനത്തിന്റെ സ്വർഗീയപലായനമായി വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീകളാണ് കൂടുതലും ചർക്ക ഉപയോഗിച്ചിരുന്നത് എന്നതിനാൽ അന്തസും അഭിമാനബോധവുമുള്ള, സ്വയംപര്യാപ്തയായ സ്ത്രീയുടെ അടയാളമായും അതുനിലനിന്നു. ഋതുമതിയാവുന്നതു തൊട്ടുതന്നെ പെൺകുട്ടികൾ തങ്ങളാലാവുന്നത്ര നൂൽനൂൽക്കുകയും അത് ശേഖരിച്ചുവെച്ചു വിവാഹശേഷം ഭർതൃവീടുകളിലേക്ക് നെയ്ത്തിനായി കൊണ്ടുപോവുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. കൊണ്ടുവരുന്ന നൂലിന്റെ മേന്മയും അളവും നോക്കി ഭർതൃവീട്ടുകാർ നവവധുക്കളെ പ്രത്യേകമായി ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നരീതികളും നിലനിന്നിരുന്നുവത്രെ. ഇഹലോകത്തും നിന്നും പരലോകത്തെ ഭർതുഗൃഹങ്ങൾക്കായി ആൺപെൺ ഭേദമില്ലാതെ എല്ലാവരും നെയ്തുണ്ടാക്കുന്ന സുകൃതങ്ങളുടെ ചുമടായും ഇത് കവിതയിൽ നിലനിന്നു. ചർക്കയുടെ ഇത്രയും സമ്പന്നമായ രൂപകവ്യാഖ്യാനങ്ങൾ ഇവിടെ മൊഴിമാറ്റുന്ന ഖവാലിയുടെ പശ്ചാത്തലത്തിലും സംഗതമാണ്. പതിനാറാം നൂറ്റാണ്ടിലെ ലാഹോറിലെ സൂഫികവിയായിരുന്ന ഹസ്രത് ഹുസൈൻ ഷാ ഫഖീർ എഴുതിയ കലാം ആണിത്. ആബിദ പർവീന്റെ ആലാപനം ഇതിനെ നിർവൃതിദായകമായ അനുഭവമാക്കുന്നു. ഹസ്രത് ഹുസൈൻ ഷാ ഫഖീർ പരമ്പരാഗതമായി നെയ്ത്തിലും നൂൽനൂൽപ്പിലും ഏർപ്പെട്ട സമുദായത്തിലാണ് ജനിച്ചത് എന്നതും അതിൽ അദ്ദേഹം അഭിമാനിച്ചിരുന്നുവെന്നതും പ്രസ്താവ്യമാണ്.

Listen to the song here: https://www.youtube.com/watch?v=_FvMSp4BoL4
https://www.youtube.com/watch?v=N8kQY33T7uY

ഗൂമ് ചരക്കാ | ഹസ്രത് ഹുസൈൻ ഷാ ഫഖീർ

നാഥാ,
എന്റെ നാഥാ..
നല്ലതോ ചീത്തതോ ഞാനെന്നതിലെന്താണ്
നിന്റെ പ്രണയഭാജനമാണ് ഞാൻ.
അനുരാഗോന്മാദിയെന്നു ലോകരെന്നെ ധരിക്കുന്നു,
ഞാനാവട്ടെ നിന്റെ ചായങ്ങളിൽ കുളിച്ചിരിക്കുന്നു;
നിന്റെയൊരു ചിത്രവർണ്ണപ്പണിയാണ് ഞാൻ.
എന്റെ പ്രേയസി വസിക്കുന്നതെന്റെ കൺകൾക്കിടയിൽ
എന്റെ നോട്ടത്തിലാണവന്റെ നിൽപ്.
തെരുവുകളിൽ ഞാനവനെത്തേടി അലയുമ്പോൾ
നിന്റെ ശിഷ്യൻ ഹുസൈൻ ഫഖീർ വന്നുമൊഴിയുന്നു
ദിവ്യലയനമെന്നിൽ വന്നണഞ്ഞിരിക്കുന്നുവെന്ന്…
ഞാൻ നിന്റെ നിറങ്ങളിൽ കുളിച്ചിരിക്കുന്നു..

ചർക്കയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു,
നാഥന്റെ ചർക്കയുടെ ചക്രം.
ചർക്കതിരിക്കുന്നവരേ, നിങ്ങളെന്നും വാഴുക
ചർക്കയുടെ ചക്രം തിരിയട്ടെ,
നൂലുകൾ നെയ്തുനീളട്ടെ
നീയെന്നും പുലരട്ടെ..

നാഥന്റെ നാമമുള്ളിൽ പേറിയാൽ
ഒരു കല്ലുപോൽ നീയചഞ്ചലമാകും.
അഞ്ചുപുഴകളിലേതുവേണമെങ്കിലുമെടുക്കുക,
എന്നിട്ടതിന്റെ ഗതിയെ തെറ്റാതെ പിന്തുടരുക.
ചർക്കയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു,
നാഥന്റെ ചർക്കയുടെ ചക്രം,
നൂലുകൾ നെയ്തുനീളട്ടെ..
ദിവ്യലയനമെന്നിൽ വന്നണഞ്ഞിരിക്കുന്നു.
നിന്റെ ചമയങ്ങളിൽ കുളിച്ചിരിക്കുന്നു ഞാൻ..

നാഥാ,
പ്രിയനാഥാ..

നീയെണീറ്റു ചെന്ന് ലോകത്തെ നോക്കൂ,
പൊറുക്കപ്പെട്ടവരെ ആരെയെങ്കിലും കണ്ടെത്തിയാൽ
നിന്റെ തെറ്റുകളും പൊറുത്തുകിട്ടിയേക്കാം.
ഞാനെന്റെ ചങ്ങാതിക്കുള്ള സമ്മാനങ്ങളുമായി വരുന്നു
എനിക്ക് പേടിയുള്ളത് ഈശനെ മാത്രം..

അലീ,
വിവേകിയും ജ്ഞാനിയുമായവനേ,
നീയാണെന്റെ ആത്മാവിന്റെ നായകൻ..
ഞാൻ പോരുന്ന വഴികൾ നിന്റേത്
നീയെന്റെ വഴികാട്ടിയും യജമാനനും.
ചർക്കയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു,
നാഥന്റെ ചർക്കയെന്നും കറങ്ങട്ടെ..
നൂലുകൾ നെയ്തുനീളട്ടെ…

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *