For Your Heart is My Home
to the pure embodiment of love you have been.
No letter I ever received has been so cathartic,
and no waiting so profound.
A gift is a piece of heaven.
on life, soulfulness and humanity.
My suffering
No language, as usual,
നിൻ്റെ ഹൃദയമാണ് എന്നും എൻ്റെ വീട്.
എം നൗഷാദ്
ജീവിക്കുവാനുള്ള കാരണങ്ങൾ എല്ലാം തീരുമ്പോൾ
ഞാൻ പിന്നെയും നിന്നിലേക്ക് മടങ്ങി വരും.
നിൻ്റെ കരുണയുടെ കരവലയങ്ങളിൽ അമർന്നുകിടക്കുവാൻ,
നിൻ്റെ ഹൃദയമാണല്ലോ എന്നും എൻ്റെ വീട്.
ജീവിക്കുവാനുള്ള കാരണങ്ങൾ എല്ലാം തീരുമ്പോൾ
ഞൊണ്ടിയും ഇഴഞ്ഞും തളർന്നും
നിന്നിലേക്ക് തന്നെ ഞാൻ മടങ്ങും.
നീയെന്നോട് പറയുകയും എഴുതുകയും ചെയ്ത വാക്കുകളിലേക്ക്,
നീയെന്നോട് ചേർന്നു നടന്ന വഴികളിലേക്ക്,
നീയെന്നെ ഉറച്ചുനിർത്തിയ നേരുകളിലേക്ക്,
മുന്നിലേക്ക് പായുവാൻ നീ പകർന്ന ബലങ്ങളിലേക്ക്,
നിൻ്റെ സ്‌നേഹത്തിൻ്റെ വിശുദ്ധ പൂർത്തീകരണങ്ങളിലേക്ക്.
നിൻ്റെ വാക്കോളം മറ്റൊന്നും
അത്രമേൽ കഴുകി വെടിപ്പാക്കിയിട്ടില്ല.
അത്ര പിടഞ്ഞിട്ടില്ല മറ്റൊരു വിടപറച്ചിലിലും,
കാത്തിരുന്നിട്ടില്ല മറ്റാരെയും അത്രയാഴത്തിൽ.
പറുദീസയുടെ പാതിയാണ് നിൻ്റെ സമ്മാനം.
നിന്നിലൂടെ ഞാൻ അതിൽ കടക്കുന്നു
നീയെൻ്റെ
പൊളിഞ്ഞ വിശ്വാസങ്ങളും
ഉടഞ്ഞ ബോധ്യങ്ങളും തിരിച്ചുതന്നു;
ജീവനിൽ, ഹൃദയത്തിൽ, മനുഷ്യകുലത്തിലാകമാനവും.
ഇത്ര ആർദ്രതയോടെ
മറ്റൊരിക്കലും എന്റെ യാതനകൾ
ആരും കേൾക്കാനിരുന്നിട്ടിട്ടില്ല.
മുറിവുകളിൽ മരുന്നുപുരട്ടിയിട്ടില്ല.
നീപോയ ഞാൻ എത്ര ഞാനല്ലാതാകും…
നിന്നെ പറയുവാൻ
മതിയായതല്ലൊരു ഭാഷയും.
അതിനാൽ, കണ്ണീരിനാൽ എഴുതുന്നു ഞാൻ നിന്നെ കടലിൽ
തിരമാലകളിലും മേഘങ്ങളിലും.
എനിക്ക് തന്നെയും ഒരു രൂപവുമില്ലാതിരുന്ന
അനേക സ്നേഹനഷ്ടങ്ങളുടെ
നൊന്തുറഞ്ഞ കടലിൽ
മുങ്ങിത്താഴുകയായിരുന്നു ഞാൻ.
അപ്പോഴാണ്
പൊളിഞ്ഞ കപ്പൽ നാവികൻ
നിൻ്റെ വിളക്കുമാടം കണ്ടത്.
അനന്തവാഗ്ദാനങ്ങളുടെ ആനന്ദം പോലെ,
പുതിയ ലോകങ്ങളുടെയും കാലങ്ങളുടെയും പ്രത്യാശ പോലെ,
നിൻ്റെ ദ്വീപ്,
നിൻ്റെ മാത്രം വൻകര.
ജീവിക്കുവാനുള്ള കാരണങ്ങൾ എല്ലാം തീരുമ്പോൾ
ഞാൻ പിന്നെയും നിന്നിലേക്ക് മടങ്ങി വരും.