അങ്ങയിലേക്കണയാത്ത പ്രണയമുണ്ടോ?
എം നൗഷാദ് / കലിഗ്രഫി കടപ്പാട്: കരീംഗ്രഫി കക്കോവ്
ഭാഗം ഒന്ന്:
പ്രണയിനിയിലേക്ക്
അസ്തിത്വത്തിന്റെ അടിസ്ഥാനസത്തയാണ് സ്നേഹം.
നിലനില്‍പ്പിന്റെ നാന്ദി.
ഉണ്മയുടെ ഉയിരും പൊരുളും.
ഇഷ്ഖ്.
അനുരാഗം.
പ്രണയം.
ഏറെ പരപ്പുള്ള വാക്കാണ് സ്നേഹം. എപ്പോള്‍ വേണമെങ്കിലും വീണുടയാവുന്ന, ഉടയുമ്പോളൊക്കെ ഉള്ളുലഞ്ഞ് കീറിപ്പോകുന്ന ഒന്നായാണ് മനുഷ്യരതിനെ മിക്കവാറും സങ്കല്‍പ്പിക്കുന്നത്. പലപ്പോഴും, സ്വാര്‍ഥമായ സുഖ സന്തോഷങ്ങളുടെ പേരില്‍ അറിവില്ലായ്മയാലോ ബോധക്കേടിനാലോ കാപട്യത്തിനാലോ തെറ്റായി ഉപയോഗിക്കുന്ന വാക്കുകൂടിയാണത്.
ഭാഷയില്‍ അതിനെ നിര്‍ണയിക്കാനാവില്ല. ആവശ്യവുമില്ല. അത്രമേല്‍ സന്നിഹിതമാണത് ജീവനില്‍. ആ അനുഭവത്തിന്റെ കനം താങ്ങുന്ന വാക്കില്ല. പറയുന്തോറും പറയുന്നതില്‍ ഒതുങ്ങുന്നുവല്ലോ എന്ന് അതെപ്പോഴും വ്യസനിച്ചിട്ടേയുള്ളൂ. കവിതയില്‍ വന്നെത്തി നോക്കുമ്പോഴാണ് ഭാഷയില്‍ അതിനല്പമെങ്കിലുമാശ്വാസം. ഭൂമിയുടെ അപൂര്ണതയില് നിന്ന് അത് പ്രയാണമാരംഭിക്കുന്നു. സ്വര്ഗമെത്തുവോളമുള്ള അലച്ചില്‍. എത്രയേറെ കാടും മേടും കടലും കുന്നും മരുഭൂമിയും മറികടന്നുവേണം ആദമിന് ഹവ്വയിലെത്താന്! സ്വര്‍ഗത്തിലെ ആദമല്ലല്ലോ ഭൂമിയിലെ ഹവ്വയെ തേടിനടന്നത്. എന്തിനായിരിക്കണം പുറന്തള്ളപ്പെട്ടവരുടെ നാഥന് ഭൂമിയിലെ വിദൂരസ്ഥലങ്ങളായ രണ്ടിടങ്ങളില്‍ അവരെ അനാഥരാക്കിയത്? എന്തൊരലച്ചിലാണ് ആദിപിതാവേ അങ്ങയുടേത്! എന്തൊരു കാത്തിരിപ്പാണ് ആദിമാതാവേ അങ്ങയുടേത്! എന്തൊരു സമാഗമമാണ് ഒടുവിലത്തേത്! അറഫയെ അറഫയാക്കുന്നത് പരസ്പരമുള്ള ആ തേട്ടവും തിരിച്ചറിവും തികയലുമല്ലെങ്കില് മറ്റെന്താണ്!
നമ്മിലെ അപൂര്‍ണതയെ മറികടക്കാനുള്ള മെനക്കെടലാണ് സ്നേഹം. നമ്മുടെ അപാരമായ ഏകാന്തതയുടെ അപരത്വം. ഉള്ളില്‍ വെളിപ്പെടുന്ന ശൂന്യതയെ, ഇല്ലായ്മകളെ, ദാരിദ്ര്യങ്ങളെ മറ്റൊരാളുടെ നന്മകൊണ്ട്, പാകതകൊണ്ട്, പരിശുദ്ധി കൊണ്ട് പൂരിപ്പിക്കാനുള്ള നിസഹായമായ ശ്രമം. അതുകൊണ്ടാണ് പ്രണയം നമ്മെ വേദനിപ്പിക്കുന്നത്. ഒരേസമയം ദുരിതവും ശമനവുമാകുന്നത്. നമ്മിലെ അപാകതയെ അയാള്‍ പാകമാക്കുന്നു. അയാളെക്കൂടാതെ നാം വീണ്ടും അപൂര്‍ണമാണ് എന്ന ഉള്ളറിവ്. മറ്റെയാളില്‍ നാം ഉള്കണ്ട പാകതയോ നന്മയോ സമൃദ്ധിയോ, പ്രതീക്ഷയോളം പോരാതെ വന്നാലും വേദനിക്കും. അത് ജീവന്റെ നിയോഗമാണ്. അതിന് വേറെ വഴിയില്ല. ഉള്ള ഏകമാര്‍ഗം സമര്‍പ്പണത്തിന്റേത്.
നാമെല്ലാം വേര്പ്പെടുത്തപ്പെട്ടവരാണ്. പറുദീസയില്‍ നിന്ന്, പൂര്‍ണതയില്‍ നിന്ന്, ഏകത്വത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടവര്‍. കാട്ടില്‍ നിന്ന് വെട്ടികൊണ്ടുവന്ന ഒരോടക്കുഴല്‍ പോലെ. അതിലിട്ട ഏഴ് മുറിവുകളിലൂടെ ഊതുന്ന ഒരിടയന്റെ ശ്വാസക്കരച്ചില് പോലെ. മസ്നവിയുടെ പ്രാരംഭമായി മൗലാനാ റൂമി എഴുതിയ ആ രൂപകത്തെ മറികടക്കാനാവുന്ന മറ്റൊരുദാഹരണം പ്രണയത്തിനില്ല. വേര്‍പാടിന്റെ വിലാപമാണ് പ്രണയം. നമുക്ക് കൂടിച്ചേര്‍ന്നേ മതിയാവൂ. വന്നിടത്തേക്ക് മടങ്ങിയേ തീരൂ. മറ്റൊരാത്മാവിനെ പുണരാന്‍, മറ്റൊരുടലില്‍ ലയിക്കാന്‍, ആ കടലിനടിയിലെ മായാജാലത്തില്‍ മുങ്ങാന്‍ പ്രണയമില്ലാതെ പറ്റില്ല. അതൊരു തേടലാണ്. എത്തിച്ചേരല്‍ അല്ല. പാതയുടെ നിത്യത. പുറപ്പാടിന്റെ പാഥേയം.
അപൂര്‍ണമായതിനെ നിതാന്തമായി സ്നേഹിക്കാന്‍ മനുഷ്യനാവില്ല. പൂര്ണതാബോധമുണ്ടുള്ളിലത്രയും. ദൈവത്തിന്റെ റൂഹ് ഉള്ളിലൂതപ്പെട്ട ജീവിയാണ്. പര്‍വതങ്ങള്‍ ഏറ്റെടുക്കാന്‍ വിനീതമായി വിസമ്മതിച്ചതിനെ ആവേശത്തോടെ നെഞ്ചേറ്റിയ നിശ്ചയദാര്‍ഢ്യമാണ്. വിലക്കപ്പെട്ട കനിയും കഴിച്ചിറങ്ങിപ്പോന്നവന്റെ ആത്മബലിയാണ്. പ്രപഞ്ചത്തോളം പരന്നുനിറയാനാവുന്ന ‘ഖുദി’യുടെ നിസാരനായ ഉടമ, എന്നിട്ടും ഉടലിന്റെ അടിമ. ഒന്നും കയ്യിലില്ലാതെ കരഞ്ഞിറങ്ങിവന്നിട്ടും ഒന്നും കൊണ്ടുപോവുകയില്ലെന്നുറപ്പുണ്ടായിട്ടും ലോകമാകെയും വെട്ടിപ്പിടിക്കാന്‍ പരക്കം പായുന്നവനാണ്. എന്തൊരു ജീവിയാണ്! അയാള്‍ക്കെങ്ങനെ, അവള്‍ക്കെങ്ങനെ അപൂര്‍ണമായതിനെ എന്നുമെന്നും പ്രേമിക്കാനാവും? കൊതിക്കാനാവും? അപൂര്‍ണത്തില്‍ പൂര്‍ണത്തെ ദര്‍ശിക്കലാണ് പ്രണയം. പ്രണയമറ്റുപോകുമ്പോള് അപൂര്‍ണത വെളിപ്പെടുന്നു. അത് മുറിപ്പെടുത്തുന്നു.
അങ്ങനെയെങ്കിൽ,
പ്രണയത്തില്‍ തുടരാനെന്താണു വഴി?
പ്രണയമില്ലാത്തവര്‍ നിര്‍ഭാഗ്യരെന്നും അവര്‍ക്ക് ജ്ഞാനനഗരത്തിന്റെ കവാടങ്ങള്‍ തുറന്നുകിട്ടില്ലെന്നും സൂഫീവൃത്തങ്ങളില് പറയപ്പെടാറുണ്ട്. സ്വഛന്ദമായി പെയ്യുന്ന മഴ പോലെയാണ് സൂഫീ അനുഭവത്തിലെ സ്നേഹം. അതിന് പിശുക്കില്ല, വിവേചനങ്ങളില്ല, ആവശ്യങ്ങളില്ല, കപടതയില്ല, ഉപാധികള്‍ വയ്ക്കുന്നില്ല. ചില നിലങ്ങളെ അത് തളിര്‍പ്പിച്ച് കായ്കനികളോ പൂന്തോപ്പുകളോ തെളിനീരുറവകളോ സമ്മാനിക്കുന്നു. ചില നിലങ്ങളെ അത് കഴുകിവെടിപ്പാക്കുക മാത്രം ചെയ്യുന്നു. ഊഷരമായ പാറപ്പുറത്തും ജീവനെ അത് തലോടുന്നു.
അങ്ങനെ പ്രണയിക്കാനാവണമെങ്കില്, അവനവനില്‍ കെട്ടിയിട്ട പ്രണയബോധങ്ങളില് നിന്ന് പുറത്തുകടക്കണം. സ്നേഹത്തില്‍ ഞാനില്ല, നീ മാത്രമേയുള്ളൂ എന്ന് റാബിയയേയോ മന്‍സൂര്‍ അല്‍ ഹല്ലാജിനെയോ പോലെ അറിയാന്‍ ശ്രമിക്കുകയെങ്കിലും വേണം. അതിന്റെ വില വലുതാണ്. അതിന്റെ ആനന്ദവും വലുതാണ്. അതിനാലാണല്ലോ ഖൈസിന് ഉന്മാദം ഒരാഘോഷമായത്. ഖൈസിനെ പോലൊരു പരിശുദ്ധനെ, യോഗ്യനെ മജ്നുവാക്കാന് മാത്രം എന്ത് സൗന്ദര്യമാണ് ലൈലക്കുള്ളത്, അവളൊരു സാധാരണ സ്ത്രീ മാത്രമാണല്ലോ എന്ന സുല്‍ത്താന്റെ ആശ്ചര്യത്തിന്റെ ഉത്തരം സ്നേഹത്തിന്റെ സമര്പ്പണത്തിലാണുള്ളത്. ലൈലയുടെ കത്തുന്ന സൗന്ദര്യം മജ്നുവിന്റെ കണ്ണുകളില്‍ മാത്രം തെളിയുന്ന തീയാണ്. പറുദീസയിലേക്കുള്ള ഒരാത്മാവിന്റെ പിടച്ചിലാണത്. എടുക്കുന്നതിനേക്കാള്‍ കൊടുക്കലാണത്. അത് സദാ വേവുന്ന ദിക്റും സദാ വര്ത്തുളചലനമാടുന്ന ഫിക്റുമാണ്. അതിന്റെ ചുണ്ടുകള്‍ പ്രണയിനിയുടെ പേരിനാലെപ്പോഴും അനങ്ങുന്നു. അതിന്റെ കണ്ണുകള്‍ കാണുന്നതെല്ലാം ദൃഷ്ടാന്തങ്ങളുടെ വശ്യത. അതില്‍ നിന്നകറ്റുന്ന എടുപ്പുകളെയും മോടികളെയും അതാട്ടിയകറ്റുന്നു. നിന്നെ കാണാത്ത കണ്ണ് കണ്ണല്ലെന്ന് ഉള്ക്കണ്ണെപ്പോഴും കരയുന്നു. മരണം അവന് കാത്തിരുന്ന കല്യാണം. പ്രണയസാഫല്യത്തിന്റെ പുന:സമാഗമം. ആനന്ദത്തിന്റെ ഉറൂസില്‍ അവന് പുഞ്ചിരിച്ചു മറയുന്നു. ഈ ലോകത്തിന്റെ ഉപദാനങ്ങളില്‍ അത്രകാലവുമവന് തേടിയ മറുലോകത്തേക്ക് മഴവില്‍ കവാടങ്ങള്‍ തുറക്കുന്നു. ഓടക്കുഴല്‍ തന്റെ ചോര വാര്‍ന്നൊലിക്കുന്ന തുളകളുമായി അതിന്റെ മുളങ്കാട്ടിലേക്ക് സ്വസ്ഥം മടങ്ങുന്നു.
ഭാഗം രണ്ട്:
ഗുരുവിലേക്ക്
അങ്ങനെയെല്ലാം സ്നേഹത്തെ അനുഭവിക്കാനാവുമോ?
അനുഭവിച്ചവരുടെ പൊള്ളുന്ന ഉത്തരം അതെ എന്നാണ്. വാക്കുകളുടെ കളിയോ കാല്പനികതയോ ആ അനുഭവത്തിന്റെ പൊള്ളുന്ന അഗ്നികുണ്ഠത്തിനികത്തുപെട്ടവര്ക്കില്ല. ഗുരു നിന്നെ തീക്കുണ്ഡത്തിൽ കടഞ്ഞെടുക്കുന്നു. കടലിൽ മുക്കിവെടിപ്പാക്കുന്നു. കുന്നിനുമീതേനിന്ന് മാനത്തേക്ക് പറത്തിവിടുന്നു. എല്ലായിടവും ഉള്ളുടയാതെ കാക്കുന്നു. ഗുരു മൗനം കൊണ്ട് ആഴം മൊഴിയുന്നു. കര്‍മം കൊണ്ട് വിരചിതമായ വിശുദ്ധഗ്രന്ഥങ്ങള്‍ അവരുടെ വഴികള്‍. നമുക്ക് സ്നേഹത്തെ കണ്ടെത്താനാവില്ല, സനേഹം നമ്മെയാണ് കണ്ടെത്തുക എന്ന് അവരുടെ സവിധത്തിലിരിക്കുമ്പോള് അകമറിയുന്നു. ഗുരു നമ്മളെ തെരെഞ്ഞെടുക്കുന്നത് പോലെയാണത്. നമുക്ക് തേടാനേ കഴിയൂ, തൊടാനാവില്ല. അതാണ് പ്രാര്‍ഥനയുടെ പൊരുള്‍. കണ്ണീരിന്റെ കരുത്ത് അവിടെയാണ്.
ജീവിതത്തെ ജീവിതയോഗ്യമാക്കുന്നത് ഗുരുവാണ്. അവര്‍ ഒന്നും പഠിപ്പിക്കാതെ എല്ലാം പഠിപ്പിക്കുന്നു. ഇരുട്ടിനെ നീക്കം ചെയ്യുന്നു. വഴികാണിക്കുന്നു. കപ്പല്ചേതത്തില്പ്പെട്ടവരെ മാന്ത്രികമായി കരക്കടുപ്പിക്കുന്നു. ദാഹിച്ചു വലഞ്ഞവന് മരുപ്പച്ചയൊരുക്കുന്നു. ഉള്ളിലെ ചോദ്യയുക്തികളെ ഖണ്ഡിച്ച് വേറൊരുലകത്തിലേക്ക് അകംതുറപ്പിക്കുന്നു, ഖിളിറിനെ പോലെ. അസാന്നിധ്യങ്ങളെ സാന്നിധ്യങ്ങളുടെ ബഹുത്വം കൊണ്ട് നിറക്കുന്നു. ഏകവചനത്തില്‍ നിന്ന് ബഹുവചനങ്ങളിലേക്കും ബഹുത്വത്തില്‍ നിന്ന് ഏകത്വത്തിലേക്കും സമാന്തരമായി സഞ്ചാരം ചെയ്യുന്നു. സൗന്ദര്യത്തെ ഓരോ അണുവിലും നിറക്കുന്നു. ഓരോ വടിവിലും പെരുപ്പിക്കുന്നു. തിരശ്ചീനപഥങ്ങളെ ലംബവിതാനങ്ങളാല് അഗാധമാക്കുന്നു. പ്രണയത്തിന്റ പാത നാം കണ്ടെത്തുന്നു.
പതിനാല് നൂറ്റാണ്ട് മുന്‍പുള്ള ഒരു ചെറിയ മരുഭൂനഗരത്തിലെ അനാഥന്, ആട്ടിടയന്, പരദേശവ്യാപാരി, പലായകന്‍, അശരണരുടെ ആലംബം, ദരിദ്രരുടെ മിത്രം, ജനനായകന്, നീതിയുടെ പോരാളി, പ്രണയത്തിന്റെ പ്രഭാവലയം, ഖദീജയുടെ പുരുഷന്, ആയിഷയുടെ തോഴന്, ഫാത്തിമയുടെ പിതാവ്, അബൂബക്കറിന്റെ സുഹൃത്ത്, അലിയുടെ വിലായത്ത്, കരുണയുടെ കാതൽ, പറുദീസയുടെ പരിമളം മണ്ണിലേക്കിറക്കിയവന്, നടന്നും ഇരുന്നും കിടന്നും വേദവാക്യങ്ങളെ വാഖ്യാനിച്ചവന്. ഗുരുപരമ്പരകളുടെ ഔന്നത്യം, നാഗരികതകളുടെ പിതാവ്, ചരിത്രത്തിന്റ അച്ചുതണ്ട്.
അങ്ങയെ വരയാന്‍ വന്ന വാക്ക് വാടിവീഴുന്നു.
ആദമിന്റെ അലച്ചിലും നോഹയുടെ മുന്നൊരുക്കവും യൂസുഫിന്റെ സൗന്ദര്യവും സോളമന്റെ വിവേകവും ദാവീദിന്റെ സംഗീതവും മോശയുടെ കരുത്തും യേശുവിന്റെ കരുണയും മര്‍യമിന്റെ മഹിമയും അബ്രഹാമിന്റെ ആത്മീയതയും ഒരുമിച്ചുകിട്ടിയവന്.
തനിക്കുമുന്പേ പോന്ന പ്രവാചക പരമ്പരകളെ മുഴുവനും ഏറ്റെടുക്കുകയും ശരിവയ്ക്കുകയുമായിരുന്നല്ലോ അങ്ങ്! ആരെയും അങ്ങ് റദ്ദു ചെയ്തില്ല!!
അനുസ്യൂതികളിലെ അന്തിമത.
ഒരേ സമയം ഒടുക്കവും തുടക്കവുമാവുന്ന പൂര്‍ണത.
പ്രണയം അങ്ങയിലേക്കണയുന്നില്ലെങ്കില്, ആ വാക്കിനെന്തര്‍ഥം?
അവനിലേക്ക്,
അനാദിയിലേക്ക്
ഏകത്വത്തിലേക്ക്
വിലയനത്തിന്റെ പറുദീസയിലേക്ക്
അങ്ങിലൂടെല്ലാതില്ലൊരു വഴിയും!
0
അല്ലാഹുവേ,
സ്നേഹകാരുണ്യങ്ങളുടെ തമ്പുരാനേ,
സർവലോകങ്ങളുടെയും
ജഗന്നിയന്താവേ,
ആദിയുടെയും ആദ്യമേ,
അന്തിമ ലക്ഷ്യസ്ഥാനമേ…
നീയാണുയിരും ഉണ്മയും
നീ മാത്രം.
വാക്കിനെത്താനാവാത്ത ദിക്കുകൾ ആത്മാവിലുണ്ട്. ഭാഷക്കറിയാത്ത ഭൂമികകൾ. അന്തിമമായ ലക്ഷ്യങ്ങളുടെ സാഫല്യം. ഉൾലയനം. ചേരലിന്റെ, അലിഞ്ഞുതീരലിന്റെ, അഹനിഗ്രഹത്തിന്റെ, സമർപ്പണത്തിന്റെ ഒരുമ. ഞാൻ ഇല്ലാതാവൽ. നീയാവൽ. ഒന്നാവൽ….
(കടപ്പാട്: സുപ്രഭാതം)