ചിറാപുഞ്ചി, ഉള്ളില്‍ പെയ്തുതീരാത്ത മഴകള്‍

“ഏറ്റവും നിര്‍മലമായി ആശ്ലേഷിക്കാവുന്ന മിത്രങ്ങള്‍ക്കു നടുവിലും ധ്യാനസാന്ദ്രമായ ഒരേകാകിത ആത്മാവിനെ വന്ന് തൊടുന്നു, കെട്ടിവരിയുന്നു.”

എം. നൗഷാദ്

പെരുംമഴയെ തിരശ്ചീനമായി വ്യാപിപ്പിക്കുന്ന വടക്കന്‍ ഖാസി മലകളിലെ കാറ്റിലുലഞ്ഞ് മഴ നനഞ്ഞു. നനയാനെന്തെളുപ്പം, അനുഭവിക്കാനാണല്ലോ പ്രയാസമെന്ന് ഉള്ളിലെ മേഘങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഒരു ചിറാപുഞ്ചി യാത്രയെപ്പറ്റി. ചിത്രങ്ങൾ: രാജേഷ് രവി. 

ഒരു സെപ്തംബറില്‍, ചിറാപുഞ്ചി നനവാര്‍ന്നു കിടന്ന ഒരു മധ്യാഹ്നത്തിലാണ് ഞങ്ങള്‍ എത്തിയത്. വഴിയില്‍വെച്ചേ മഴ അനുഗമിച്ചു തുടങ്ങിയിരുന്നു. വരവേല്‍പ്പിന്റെ പെരുമ്പറ. വഴിയില്‍ കനത്ത മഴയില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങിനിന്നു. പെരുംമഴയെ തിരശ്ചീനമായി വ്യാപിപ്പിക്കുന്ന വടക്കന്‍ ഖാസി മലകളിലെ കാറ്റിലുലഞ്ഞ് മഴ നനഞ്ഞു. നനയാനെന്തെളുപ്പം, അനുഭവിക്കാനാണല്ലോ പ്രയാസമെന്ന് ഉള്ളിലെ മേഘങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പരിഹസിച്ചു.  ഒരു പാറക്കല്ലിന്‍മേല്‍, പുല്ലുവെട്ടു തുടരാന്‍ മഴയുടെ ശമനം കാത്ത് കുടചൂടിയിരുന്ന ഖാസി ഗോത്രക്കാരിയായ അമ്മൂമ്മ എന്തെങ്കിലും സംസാരിക്കുവാന്‍ വിസമ്മതിച്ചു.

ലോകത്തിലെ ഏറ്റവും നനവാര്‍ന്ന സ്ഥലമെന്ന ഖ്യാതിയും ഏറ്റവുമധികം മഴരേഖപ്പെടുത്തപ്പെട്ട പട്ടണമെന്ന റെക്കോര്‍ഡുമുള്ള ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തെപ്പറ്റി നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വിഭിന്നമാണ് ചിറാപുഞ്ചി. അതിപ്പോഴും ഒരു ചെറിയ പട്ടണമാണ്. ലളിതമായും അനാര്‍ഭാടമായും അത് സഞ്ചാരികളെ വരവേല്‍ക്കുന്നു. അതിവര്‍ണങ്ങളോ വലിയ ആള്‍ക്കൂട്ടങ്ങളോ ഇല്ല. ഹില്‍സ്റ്റേഷനുകള്‍ക്ക് പൊതുവെയുള്ള ഉദാസീനതയും ഊഷ്മളതയും തദ്ദേശീയരില്‍ കാണാം. മഴയും കുളിരും കോടയും ചേര്‍ന്ന് അത് നിങ്ങളെ ഏകാകിയാക്കിക്കളഞ്ഞേക്കാം. ബൗദ്ധപഥങ്ങളില്‍ സദാ തെളിയുന്ന തരം നിര്‍മമത. ഏറ്റവും നിര്‍മലമായി ആശ്ലേഷിക്കാവുന്ന മിത്രങ്ങള്‍ക്കു നടുവിലും ധ്യാനസാന്ദ്രമായ ഒരേകാകിത ആത്മാവിനെ വന്ന് തൊടുന്നു, കെട്ടിവരിയുന്നു. ചുറ്റുമുള്ളതിനെ മുഴുവന്‍ വെളുത്ത പാളികളാല്‍ അദൃശ്യമാക്കിക്കളയുന്ന കോട എത്തിച്ചേര്‍ന്ന ഇടങ്ങളുടെ തുച്ഛതയെപറ്റി സംസാരിക്കുന്നു.  പുറപ്പെടലുകളുടെ അനിവാര്യത മാത്രമാണ് കാര്യം. ഇനിയുമെത്തിച്ചേരാനുള്ള വിദൂരതകളിലെ പേരറിയാത്ത മനുഷ്യരുടെ പുഞ്ചിരികള്‍, മനുഷ്യജന്മത്തിന്റെ പറുദീസാ വെമ്പലുകള്‍, നിസ്വമായ പുണരലുകള്‍, അതുമാത്രമാണ് ശരി. എത്തിയ സ്ഥലങ്ങളെപ്പറ്റി വീമ്പുപറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. കോടയില്‍, നടക്കുന്തോറും ഉണ്ടായിക്കൊണ്ടിരിക്കുന്ന, അത്രതന്നെ പിറകില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവിലൂടെ അനാദിയായ സ്വച്ഛതയിലൂടെ നിങ്ങള്‍ നടക്കുന്നു. ഈ കനത്തകോട നീങ്ങിയാലേ പീക്കില്‍നിന്ന് നോക്കിയാല്‍ ബംഗ്ലാദേശ് കാണുകയുള്ളൂ എന്ന് ഡ്രൈവര്‍കൂടിയായ ഗൈഡ്‌ പരിതപിക്കുന്നു. എനിക്ക് ബംഗ്ലാദേശ് കാണേണ്ട, എനിക്കൊന്നും കാണേണ്ട എന്ന് നിങ്ങളുടെ ഒരു മിത്രം തിരിച്ചുപറയുന്നു. കണ്ടാല്‍ കണ്ടത് മാത്രമായിത്തീരുന്നു എന്നതല്ലേ കാഴ്ചയുടെ ഏറ്റവും വലിയ ദരിദ്രമായ പരിമിതി. അന്ധരേക്കാള്‍ നന്നായി കാണുന്നവരില്ലെന്ന് സൂഫികള്‍ പറയുന്നതിലെ പൊരുള്‍ ചിലപ്പോള്‍ തെളിയുന്നു.

കോട പതുക്കെ നീങ്ങുമ്പോള്‍ ആകാശം തെളിയുന്നു. നിറയെ മേഘങ്ങള്‍ നിവരുന്നു. ഈ നാടിന് മേഘാലയ എന്ന് പേരിട്ട കവിയെക്കുറിച്ച് മതിപ്പുതോന്നും. അതിലും നല്ല പേരുണ്ടോ ഇതിനിടാന്‍? താഴേക്ക് നീണ്ടു കിടക്കുന്ന ഗര്‍ത്തങ്ങള്‍, നിശ്ശബ്ദതയെ ഗൂഢമായി പ്രതിധ്വനിപ്പിക്കുന്ന താഴ്‌വാരങ്ങള്‍. ഷില്ലോംഗിനും ചിറാപുഞ്ചിക്കുമിടയില്‍ അതിഭീകരമായ കല്‍ക്കരി ഖനനത്തോടൊപ്പം ചിതറിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട സെമിത്തേരികളും  ധാരാളം കണ്ടു. കോളനിഭരണകാലത്തിന്റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തലസ്ഥാനമായിരുന്നു ഇവിടം. വെല്‍ഷ് മിഷണറിമാര്‍ ഖാസി ഭാഷക്ക് റോമന്‍ ലിപിയില്‍ എഴുത്താവിഷ്‌കരണം കൊടുക്കുകയും അത് സംസാരിക്കുന്നവരില്‍ കുറെ പേരെ മാര്‍ഗം കൂട്ടുകയും ചെയ്തു. ഏതു ഗോത്രവര്‍ഗജനതയെയും പോലെ മനോഹരവും സവിശേഷവുമായ ആചാരങ്ങള്‍ പുലര്‍ത്തുന്നു ഖാസികള്‍.

പരമ്പരാഗതമായ ഖാസി വിവാഹ വസ്ത്രങ്ങണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുന്ന കുറെ വിനോദ സഞ്ചാരികളെ എലിഫന്റ് ഹാള്‍സിനടുത്ത് കണ്ടു . അധികവും മധുവിധു ആഘോഷിക്കാനെത്തിയവര്‍. ഖാസി വധുക്കളുടെ വേഷം വര്‍ണശബളമാണ്. പ്രത്യേക രീതിയിലുള്ള മരുമക്കത്തായ സമ്പ്രദായമാണ് ഭൂരിപക്ഷം ഖാസികളും പിന്തുടരുന്നത്.

വാഹ്കാവ ഗ്രാമത്തിലെ ചായക്കടയില്‍ റീത..

പാതയോരത്തെ ഒരു ഗ്രാമത്തില്‍, താഴ്‌വാരങ്ങളുടെ വിജനതയും വിശാലതയും കണ്ടു നടക്കാനായി ഒരിടത്ത് വണ്ടിനിര്‍ത്തി. ഒറ്റക്കും കൂട്ടായും ഞങ്ങള്‍ റോഡിലൂടെ നടന്നു തുടങ്ങി. അവിടെ വാഹ്കാവ ഗ്രാമത്തിലെ ഒരു നാടന്‍ ചായക്കടയില്‍വെച്ച് റീതയെ പരിചയപ്പെട്ടു. ട്രക്ക് ഡ്രൈവര്‍മാര്‍ അവള്‍കൊടുത്ത ചായയാല്‍ തണുപ്പുതടുത്ത് അനന്തതയിലേക്ക് കണ്ണുകളയച്ച് ഇരിപ്പുണ്ടായിരുന്നു. ചായയോടൊപ്പമുള്ള സംസാരത്തില്‍ റീത അവളുടെ ജീവിതം ചുരുക്കിപ്പറഞ്ഞു.  ചെറുപ്പത്തിലേ അനാഥയായ ഒരു ഖാസി പെണ്‍കുട്ടി. ഒന്നാംക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു. ചായക്കട സ്വന്തമായി നടത്തുകയാണ്. അമ്മായിയാണ് റീതയെ വളര്‍ത്തിയത്. പകല്‍ നേരത്താണ് ചായക്കച്ചവടം. സഹായിക്കാനാരുമില്ല. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ നല്ലവനായ ഒരു മലയാളി ട്രക്ക് ഡ്രൈവര്‍ തനിക്ക് സുഹൃത്തായി ഉണ്ടായിരുന്നുവെന്ന് റീത ഓര്‍ത്തു. ഇടക്കെപ്പോഴോ അവളുടെ അമ്മായിയുടെ മകള്‍ വാന്റി കയറിവന്നു. തൊട്ടടുത്ത ഒരു കോളേജില്‍ ബി.എ ഇംഗ്ലീഷ് പഠിക്കുന്ന വാന്റിയും റീതയെപ്പോലെ പരമ്പരാഗത വേഷമാണ് ധരിച്ചിരുന്നത്. അവള്‍ അന്തര്‍മുഖിയാണെന്ന്‌ തോന്നി. അനേകം സഞ്ചാരികളുടെ ആതിഥേയത്വം റീതയെ അവളുടെ പ്രായത്തില്‍ പതിവിലുമധികം മുതിര്‍ന്നവളും പക്വമതിയും ആക്കിയിട്ടുണ്ടായിരുന്നു. കല്‍ക്കരി ഖനികള്‍ക്കും സെമിത്തേരികള്‍ക്കും ഇടയിലെ ആ ചെറിയ ഗ്രാമത്തില്‍, നോക്കുകിട്ടാതെ പരന്നുകിടക്കുന്ന താഴ്‌വാരങ്ങളെ നോക്കി ഞങ്ങള്‍ കുറെ നേരമിരുന്നു. പല ചായകള്‍ കുടിച്ച്.

സൊഹ്‌റ (Sohra) എന്നാണ് ചിറാപുഞ്ചിയുടെ ശരിയായ പേര്. ബ്രിട്ടീഷുകാരാണ് അതിനെ ‘ചുര്‍റ’ എന്നും പിന്നീട് ചിറാപുഞ്ചിയെന്നും വിളിച്ചത്. ഔദ്യോഗിക നാമങ്ങളില്‍ ഇപ്പോള്‍ വീണ്ടുമത് സൊഹ്‌റയാണ്. ഗുവാഹതിയില്‍നിന്നും റോഡ് മാര്‍ഗം ചിറാപുഞ്ചിയിലേക്ക് പോകുമ്പോള്‍ ഏറ്റവും മനോഹരമായ കാഴ്ച ഉമിയാം തടാകം തന്നെ. ബഡാപാനി യെന്നും അറിയപ്പെടുന്ന ഈ തടാകം ഊര്‍ജാവശ്യങ്ങള്‍ക്കുവേണ്ടി അണകെട്ടി നിര്‍മിച്ച തടാകമാണ്. പലതരം നശീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി നശീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഉമിയാംതടാകം.

“നമുക്ക് വേണ്ടി കാലം നിശ്ചലതയെ കാത്തുവെച്ച ചിലയിടങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ മുമ്പോ പിമ്പോ ഇല്ല. ഓര്‍മയോ ആഗ്രഹമോ ഇല്ല..”

നമുക്ക് വേണ്ടി കാലം നിശ്ചലതയെ കാത്തുവെച്ച ചിലയിടങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ മുമ്പോ പിമ്പോ ഇല്ല. ഓര്‍മയോ ആഗ്രഹമോ ഇല്ല. ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഏറ്റവും ആഴത്തില്‍ ഒറ്റക്കാവാന്‍ പറ്റുന്ന ഒരിടം. നിശ്ശബ്ദതക്കു മാത്രം എല്ലാം കൈമാറാവുന്ന ചിത്രങ്ങളെ ഓര്‍മയില്‍ ആനയിക്കാവുന്ന മുഹൂര്‍ത്തങ്ങളെ അത് നിങ്ങള്‍ക്ക് തരുന്നു. ഉമിയാം തടാകം ഒരാത്മീയാനുഭവമാകുന്നത് പലര്‍ക്കും പലവിധേനയാണ്. ഷില്ലോങ്ങിലെ പൈന്‍ മരക്കാടുകള്‍ കഴിഞ്ഞാല്‍ കിട്ടുന്ന തണുത്ത മഴയില്‍ ഏകാന്തതയുടെ  അതിഗാഢമായ വാഗ്ദാനമുണ്ട്.  കയറിയെത്താനാവാത്ത ആത്മാവിന്റെ ഔന്നിത്യങ്ങള്‍ക്കുകീഴെ ദുരാഗ്രഹങ്ങളുടെ പാല്‍കോടയാല്‍ വഴിതെറ്റിക്കപ്പെട്ടു നില്‍ക്കുമ്പോള്‍ കണ്ണില്‍പെയ്യുന്ന മഴകളുടെ ഉപ്പ് നിങ്ങളറിയുന്നു.

ചിറാപുഞ്ചി പതുക്കെ മാറുകയാണ്. മഴ കുറയുകയാണ്‌. പന്നിസൂപ്പ് സുലഭമായി കിട്ടുന്ന ഹോട്ടലുകളിലെ കാരണവന്‍മാരും ഗൈഡും പറഞ്ഞു. കല്‍ക്കരി ഖനനം അനിയന്ത്രിതമായ തോതില്‍ വ്യാപിക്കുന്നു. ഉമിയാം തടാകം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മരങ്ങളുടെ വേരുകളും ശിഖിരങ്ങളും പരസ്പരം ചേര്‍ത്തുകെട്ടി വളരാന്‍ വിട്ട് ജൈവികമായ വേരുപാലങ്ങള്‍ തീര്‍ത്ത ഒരു ഗോത്ര സംസ്‌കൃതിയിലേക്ക് ആരാണ് ചൂഷണത്തിന്റെ അതിമോഹങ്ങള്‍ പകര്‍ന്നത്. ഇനി വരുമ്പോള്‍ നനയുവാന്‍ മേഘങ്ങള്‍ മഴയെ തരുമോ..

[Reproduced from a non-existing online portal]

Please follow and like us:
Pin Share

3 comments

Leave a Reply

Your email address will not be published. Required fields are marked *