പെനാങ്ങിലൊരു പുലർകാലത്ത്..
എം നൗഷാദ്
പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 01
ക്വലാലംപൂരില്‍ നിന്നുള്ള രാത്രിബസ് ഒരു മണിക്കൂര്‍ നേരത്തേ പെനാങ്ങിലെത്തി. പുലര്‍ച്ചെ ഏതാണ്ട് നാലുമണിയായിക്കാണും. ബട്ടര്‍വര്‍ത് ബസ്സ്റ്റാന്‍ഡ് ഉദാസീനമായ ഉറക്കച്ചടവുകളോടെ വലിയ തിരക്കോ ബഹളമോ ഇല്ലാതെ ഒരു പുതിയ ദിവസത്തിലേക്ക് ഉണരുകയാണ്. ഒരു രാത്രിയുറക്കം ബസില്‍ കഴിഞ്ഞുകിട്ടുമല്ലോ എന്ന ചെലവുചുരുക്കല്‍ ചിന്ത കൊണ്ടാണ് പുലര്‍ച്ചെ എത്തുന്ന ബസില്‍ പുറപ്പെട്ടത്. നല്ല സൗകര്യമുള്ള ബസായിരുന്നിട്ടും രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒറ്റക്കായിരുന്നിട്ടും ഉറക്കം വന്നിരുന്നില്ല. നിലാവുണ്ടായിരുന്നതുകൊണ്ട് ഗ്രാമീണ മലേഷ്യയെ കുറേയൊക്കെ നോക്കിയിരിക്കാന്‍ ശ്രമിച്ചു. ബസില്‍ അങ്ങിങ്ങായിരുന്ന് ഉറങ്ങുകയോ ഉറങ്ങാന്‍ ശ്രമിക്കുകയോ ചെയ്യുന്ന മനുഷ്യര്‍ അവിടെത്തന്നെയുണ്ടെന്ന് ഇടക്ക് ഉറപ്പുവരുത്തി. ഉറക്കം വന്നു തുടങ്ങിയപ്പോഴേക്കും എത്തേണ്ടിടമെത്തുകയും ചെയ്തു.
ബട്ടര്‍വര്‍ത് ബസ്സ്റ്റാന്‍ഡിലിറങ്ങി നേരം പുലരുവോളം ഒന്നു മയങ്ങാവുന്ന വല്ല ഇടവുമുണ്ടോ എന്നുനോക്കി നടന്നു. കസേരകളും ഇരിപ്പിടങ്ങളുമെല്ലാം നിറഞ്ഞിരിക്കുകയായിരുന്നു. ഇരിക്കാനിടമില്ല. തുറന്നുവച്ച ചെറിയ കടകള്‍. നിര്‍ത്തിയിട്ട വോള്‍വോ ബസുകള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പണിത നിസ്‌കാരമുറികള്‍ കണ്ടു. അകത്തു കയറിനോക്കി. ആരും കിടക്കുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. നിസ്‌കരിച്ചു കുറച്ചുനേരം ചുമരുചാരിയിരുന്നു. ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നത് ജോര്‍ജ് ടൗണിലാണ്. അവിടേക്കുള്ള ബസ് നേരം വെളുത്താലേ പുറപ്പെടൂ.
നിസ്‌കാരമുറിയില്‍ നിന്നു പുറത്തിറങ്ങി പതുക്കെ നടന്നു. നേരം വെളുക്കുവോളം ബാഗും പേറി നിന്നനില്‍പില്‍ തുടരുക വയ്യല്ലോ. വെറുതെ പുറത്തിറങ്ങി നടക്കാമെന്നുവച്ചു. സ്റ്റാന്‍ഡില്‍ നിന്നിറങ്ങിയത് വലിയൊരു ഹൈവേയിലേക്കാണ്. ഓരം ചേർന്നു നടന്നപ്പോള്‍ നാട്ടിലിപ്പോള്‍ സമയമെത്രയായിരിക്കും എന്നോര്‍ത്തു. ഫോണില്‍ ബാലന്‍സുണ്ട്. വിദൂരനഗരങ്ങളിലെ അലസമായ അനിശ്ചിതത്വങ്ങളില്‍ ഒറ്റക്കായിപ്പോകുന്ന ആര്‍ക്കും തോന്നാവുന്നപോലെ നാട്ടിലെ ചങ്ങാതിമാരെ ആരെയെങ്കിലും വിളിച്ചാലോ എന്നാലോചിച്ചു. പ്രത്യേകിച്ചു പറയൊനൊന്നുമുണ്ടായിട്ടല്ല. അസമയത്ത് വിളിച്ചുണര്‍ത്തി കാല്‍പാനികതയോ ഗൃഹാതുരത്വമോ പങ്കുവക്കുന്നതിലെ അനൗചിത്യമോര്‍ത്ത് അതു വേണ്ടെന്നു വച്ചു. ധാബ പോലെ തോന്നിക്കുന്ന ഏതാനും ചില കടകള്‍ തുറന്നു തുടങ്ങുന്നുണ്ടായിരുന്നു. കുറച്ചകലെ ഒരു ചെറിയ പള്ളി കണ്ടു. സുബ്ഹി ബാങ്ക് കൊടുക്കുമല്ലോ കുറച്ചു കഴിയുമ്പോള്‍. അവിടെ കയറി കാത്തിരിക്കാമെന്നു കരുതി.
നേരിയ മഴ ചാറാന്‍ തുടങ്ങി. കുടയോ മഴക്കുപ്പായമോ ആവശ്യമില്ലാത്തത്രയും ചെറുത്. മഴയും മഞ്ഞും വെയിലുമൊക്കെ ലോകത്തെല്ലായിടത്തും ഒരുപോലെയാണല്ലോ, പടച്ചവനേ! ബാഗ് ഒന്നൂടെ ചേര്‍ത്തുപിടിച്ച് പള്ളിയുടെ നേരെ നടന്നു. പഴയ പള്ളിയാണ്. പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ചതുകൊണ്ട്, വിദൂര സംസ്‌കാരത്തനിമകളോട് ഏതു സഞ്ചാരിക്കുമുണ്ടാകുന്ന ആസ്വാദനകൗതുകം എന്നിലുമുണര്‍ന്നു. പള്ളിയുടെ വശങ്ങളില്‍ കണ്ട ചെറിയ ഖബര്‍സ്ഥാന്‍ അവിചാരിതമായി സന്തോഷം തന്നു. ഇത്ര ചെറിയ പള്ളിക്കും ഖബര്‍സ്ഥാനുണ്ടാകുമോ എന്നു കൗതുകം തോന്നി. ഇരുമ്പുകവാടം പതുക്കെ തള്ളിത്തുറന്ന് അകത്തുകയറി. നനഞ്ഞ മണലില്‍, കുറ്റിച്ചെടികള്‍ക്കിടയില്‍, മഴത്തുള്ളികളേറ്റു കിടക്കുന്ന മനോഹരമായ മീസാന്‍കല്ലുകള്‍. പള്ളിയുടെ വശത്തു നിന്നുവരുന്ന വെളിച്ചത്തില്‍ തുടങ്ങി പശ്ചാത്തലത്തിലെ മരങ്ങളുടെ ഇരുട്ടിലേക്ക് മറഞ്ഞുകിടക്കുന്ന അജ്ഞാതരായ പൂര്‍വികര്‍. അരണ്ട വെളിച്ചത്തില്‍ ഖബര്‍സ്ഥാന്റെ ഒന്നു രണ്ടു ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തി പള്ളിയിലേക്കു കയറി.
രണ്ടു മൂന്നു കാരണവന്മാര്‍ പള്ളിയെ ഉണര്‍ത്തുന്നുണ്ടായിരുന്നു. ഹൗളില്‍ വെള്ളം നിറച്ചും പായകളും മുസല്ലകളും എടുത്തു നിവര്‍ത്തിയിട്ടും അവര്‍ വിശ്വാസികള്‍ക്കായി സൗകര്യങ്ങളൊരുക്കുകയായിരുന്നു. ബാങ്കുവിളിയും നിസ്‌കാരവും കഴിഞ്ഞിറങ്ങി ഖബര്‍സ്ഥാനു മുന്നിലൂടെ തിരിച്ചുനടന്നു. ഇപ്പോൾ മഴയില്ല. നേരത്തേ തുറക്കാന്‍ തുടങ്ങിയ ചായക്കടയിലിപ്പോള്‍ ആളുകളെത്തിയിരിക്കുന്നു. ജോര്‍ജ് ടൗണിലേക്കുള്ള ബസ്സു വരാന്‍ ഇനിയും സമയമുണ്ട്. മാത്രമല്ല, ഓടാന്‍ തുടങ്ങിയാല്‍ പിന്നെ, എണ്ണമറ്റ സര്‍വീസുകളുണ്ടുതാനും. ചായ കഴിച്ചു. ഹൈവേക്കപ്പുറമുള്ള കെട്ടിടങ്ങള്‍ക്കു മീതെ ആകാശത്തിനു പതുക്കെ വെളിച്ചം വന്നു. പെനാങ്ങ് ഉണര്‍ന്നു കഴിഞ്ഞിരുന്നു.
തിരിച്ചുനടന്ന് ബട്ടര്‍വര്‍ത് സ്റ്റാന്‍ഡിലേക്കു കയറുമ്പോള്‍ സിറ്റി ബസുകള്‍ ഓട്ടം തുടങ്ങുകയായിരുന്നു. കൂടുതല്‍ ആളും ആരവവുമായി. ജോര്‍ജ് ടൗണിലേക്കുള്ള ഒരു ലോഫ്‌ളോര്‍ ബസും സ്റ്റാന്‍ഡിലേക്കു കയറിവന്നു. അതിലോടിക്കയറാന്‍ തുടങ്ങവേ, അതോടിച്ചിരുന്നത് മക്കന ധരിച്ച ഒരു തടിച്ച മലേഷ്യന്‍ യുവതിയായിരുന്നുവെന്നത് ഞാന്‍ സന്തോഷപൂര്‍വം ശ്രദ്ധിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും പാതിരാവരെ തുറന്നുവക്കുന്ന തെരുവു റസ്‌റ്റോറന്റുകളിലുമെല്ലാം അധ്വാനിക്കുന്ന നിരവധി മലേഷ്യന്‍ സ്ത്രീകളെ ഇതിനകം കണ്ടുകഴിഞ്ഞിരുന്നുവെങ്കിലും പെനാങ്ങിലെ ഈ പുലരിയില്‍ ലോഫ്‌ളോര്‍ ബസ് ഓടിച്ചുവരുന്ന യൂണിഫോമിട്ട ഒരു യുവതിയെ പ്രതീക്ഷിച്ചിരുന്നില്ല.
മലേഷ്യന്‍ സമൂഹത്തില്‍, പ്രത്യേകിച്ചും മലായ് മുസ്‌ലിംകള്‍ക്കിടയില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനവും പദവിയും പുറമേ നിന്നുനോക്കുന്ന ഒരാള്‍ക്ക് ആദരവും മതിപ്പുമുളവാക്കുന്നതാണ്. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പുരുഷാധിപത്യമൂല്യങ്ങള്‍ കുറവാണെന്നു പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തുഡുങ് (ശിരോവസ്ത്രം) ധരിച്ച സ്ത്രീകളുടെ സജീവമായ പങ്കാളിത്തവും സര്‍ഗാത്മകതയും നേതൃശേഷിയും കൊണ്ടാണ് മലേഷ്യന്‍ സാമൂഹിക-സാമ്പത്തികജീവിതം ചടുലമായി നിലനില്‍ക്കുന്നതെന്നു പറയാനാവും. അത്രയേറെ പ്രകടവും പ്രത്യക്ഷവുമാണ് സ്ത്രീകളുടെ സാന്നിധ്യവും കര്‍തൃമത്വവും. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മലേഷ്യന്‍ സ്വാതന്ത്ര്യസമരത്തില്‍, പരമ്പരാഗത മുസ്‌ലിം സ്ത്രീകളുടെ ആര്‍ജവമുള്ള പങ്കാളിത്തത്തെക്കുറിച്ച് 1940 കളില്‍ തന്നെ യൂറോപ്യന്‍ പത്രപ്രവര്‍ത്തെകര്‍ ‘അമ്പരപ്പോടെ’ എഴുതിയിട്ടുണ്ട്. പ്രമുഖ പണ്ഡിതയും സാമൂഹിക പ്രവര്‍ത്തകയുമായ ആമിനാ വദൂദ് ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വമെടുത്തു സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഇന്‍ ഇസ്‌ലാം പോലുള്ള സ്ഥാപനങ്ങളിലൂടെ സ്ത്രീയവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രചരണങ്ങള്‍ മലേഷ്യയില്‍ തുടര്‍ന്നുവരികയും ചെയ്യുന്നു.
ബസ് പോകുന്നത് പുലാവു പെനാങ് എന്നറിയപ്പെടുന്ന പെനാങ്ങ് ദ്വീപിന്റെ തലസ്ഥാനമായ ജോര്‍ജ് ടൗണിലേക്കാണ്. പുലര്‍കാലമായിരുന്നതിനാല്‍ ബസ് എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഓഫീസുകളിലേക്കും പോകുന്ന നിരവധി പെനാങ്ങുകാര്‍. ബട്ടര്‍വര്‍തില്‍ നിന്ന് ജോര്‍ജ് ടൗണിലേക്ക് മുക്കാല്‍ മണിക്കൂറിലധികം ദൂരമുണ്ട്. പഴയ സാധനങ്ങള്‍ പെറുക്കി ജീവിക്കുന്നുവെന്നു തോന്നിച്ച വൃദ്ധയായ ഒരു ചൈനക്കാരി ഏതോ സ്‌റ്റോപ്പില്‍ നിന്നു കയറി എന്റെ അടുത്തുള്ള സീറ്റിലിരുന്നു. സ്ഥലമില്ലെങ്കില്‍ സീറ്റൊഴിഞ്ഞു കൊടുക്കാന്‍ തോന്നും വിധം അവശയായിരുന്നു അവര്‍. മുഷിഞ്ഞ വേഷവും കയ്യിലെ പഴയ സഞ്ചിയും നേരിയ ദുര്‍ഗന്ധം പരത്തുന്നുണ്ടായിരുന്നു. ഇടക്കിടെ എനിക്കജ്ഞാതമായ ഭാഷയില്‍ അവരെന്തൊക്കെയോ സ്വയം പറയുന്നുണ്ടായിരുന്നു. ഏതോ സ്‌റ്റോപ്പില്‍ വച്ച് അവരിറങ്ങിപ്പോയി. എന്തോ പിറുപിറുത്തുകൊണ്ട് സഞ്ചിയും തൂക്കി തെരുവിലൂടെ പതുക്കെ നടന്നു പോകുന്ന ആ അമ്മൂമ്മയെ ബസ് നീങ്ങുവോളം ഞാന്‍ നോക്കിനിന്നു. എത്രയെത്ര യാതനയുടെ കാതങ്ങള്‍ താണ്ടിയിട്ടുണ്ടാവും ആ കാലുകള്‍. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നും മനസ്സിലാക്കുന്നില്ലെന്നും തോന്നുമ്പോഴാവുമോ ഒരുവള്‍ തന്റെ സംസാരമത്രയും തന്നിലേക്കു തന്നെ തിരിക്കുക!
(ഫാസിൽ ഫിറോസ് എഡിറ്റ് ചെയ്ത് ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ‘സഫർ: മുസ്‌ലിം ജീവിതങ്ങളിലൂടെ പല യാത്രകൾ’ എന്ന പുസ്തകത്തിലേക്കായി എഴുതിയത് മാധ്യമം വെബ് എഡിഷൻ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് ഇവിടെ: http://bit.ly/3a5ph4Y)
All photographs by the writer.