Zaahid Ne Mera | നീ തരുമന്ധതയുടെ വെളിച്ചം
സമായേ ബിസ്‌മിൽ 18 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്
നീ തരുമന്ധതയുടെ വെളിച്ചം
സ്നേഹത്തിന്റെ വെളിച്ചം ദർശിച്ചൊരാൾക്ക് പിന്നെ ലോകത്തു കാണാൻ കൊള്ളാവുന്ന യാതൊന്നുമുണ്ടാവില്ല. സ്വന്തം അടിയന്തിരാവശ്യങ്ങൾ പോലും നിവർത്തിക്കാനാവാത്ത വിധം സദാ ദിവ്യാനുസ്‌മരണനിർവൃതിയിൽ കഴിയുകയാവും അയാൾ. ആഴത്തിലുള്ള സ്നേഹം, ദിവ്യാനുരാഗം, ആത്മാവിനെ ഉന്മത്തമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ഉൾക്കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ബാഹ്യസൗന്ദര്യങ്ങളിൽ നിന്ന് മാറി ആന്തരികലോകങ്ങളുടെ അനശ്വരവിസ്‌മയങ്ങൾ നെഞ്ചോടുചേർത്ത ഒരു പ്രണയിനിയുടെ വിലാപമാണ് ഈ കവിത.
വിശ്രുത ഉർദുകവി അസ്‌ഗർ ഹുസൈൻ ഗോണ്ടവി എഴുതി ആബിദ പർവീൻ പാടി അനശ്വരമാക്കിയ സൂഫിയാന കലാം ആണ് ഇവിടെ മൊഴിമാറ്റിയിരിക്കുന്ന “സാഹിദ് നെ മേരി ഹോസലായെ ഈമാൻ നഹി ദേഖാ..” ദാർശനികാഭിമുഖ്യം പുലർത്തിപ്പോന്ന അസ്‌ഗർ ഗോണ്ടവിയുടെ കവിതകളിൽ സൂഫികവികളുടെ സ്വാധീനം പ്രകടമാണ്. നിരന്തരമായി എഴുതുന്നതിനു പകരം ഏറ്റവും ഭംഗിയുള്ളതും സവിശേഷവുമായ ഉർദുഭാഷയിൽ പരമാവധി തികവുറ്റ രചനകളെ വാർത്തെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഔപചാരികവിദ്യാഭ്യാസം കിട്ടാൻ മാത്രം സാമ്പത്തികശേഷിയില്ലാതിരുന്ന കുടുംബത്തിൽ ആണ് ജനനമെങ്കിലും സ്വപ്രയത്നത്താൽ ഉർദു, പേർഷ്യൻ, അറബി, ഇംഗ്ലീഷ് ഭാഷകൾ പഠിച്ചു. ലാഹോറിലും അലഹബാദിലും പ്രസാധനമേഖലയിൽ ജോലി ചെയ്തു. 1936ലായിരുന്നു മരണം.
Listen to Abida Parveen: https://www.youtube.com/watch?v=J8bgBs22QIc
സാഹിദ് നെ | അസ്‌ഗർ ഗോണ്ടവി
നിന്റെ മുഖമൊരു വിളക്കുമാടം
സകലലോകവുമതിൻ തണൽ.
തണലിൽ പോയൊളിച്ചിരിക്കുന്നു നീ
മുഖമാകെയും മൂടുപടത്തിൽ പൊതിഞ്ഞ്…
ഒരു ഭക്തനുമറിയില്ലെന്റെ വിശ്വാസസ്ഥൈര്യം
നിൻ മുഖമാകെ മുടിച്ചുരുൾ ചിതറും പാരവശ്യം
അവരനുഭവിച്ചില്ലല്ലോ…
ഏതേതവസ്ഥയിലുമെന്നുള്ളിൽ
നിൻ മുഖം മാത്രം,
ഇന്നോളം കണ്ടില്ലൊരു രാവിലും പൗർണമിവെട്ടം
നീ കണ്ണിലുടക്കിയ നാൾ മുതൽ.
മുമ്പാകെ വന്നുപോയെത്ര
മോഹനഭംഗികൾ,
കണ്ണുകൾ എന്റേതന്ധം
ഒരാശ്ചര്യവും പിന്നീടുകണ്ടില്ല ഞാൻ.
എന്തെന്തു മഹാവിഭ്രമങ്ങളാൽ
മുഖരിതമുലകം ഇതാർക്കറിയാം,
ബോധമല്പം മടങ്ങിയെത്തുമ്പോൾ
കുപ്പായം കീറിപ്പറിഞ്ഞതുകാണുന്നു ഞാൻ.