Yar Ko Humne Ja Baja Dekha |കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു
ഒളിഞ്ഞും തെളിഞ്ഞും അവൻ മാത്രം നിറയുമ്പോൾ
സമായെ ബിസ്മിൽ – 3 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി
എം നൗഷാദ്
സൂഫീസംഗീതത്തിലെ സാർവലൗകിക മാസ്മരികശബ്ദങ്ങളിലൊന്നായ വിശ്രുത പാകിസ്താനി ഗായിക ആബിദ പർവീൻറെ ഏറ്റവും ശ്രവിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ‘രഖ്‌സയെ ബിസ്മിൽ’ (മുറിവേറ്റവരുടെ നൃത്തം). മുസഫർ അലി സംഗീതനിർവഹണം നടത്തിയ ആ സമാഹാരത്തിലെ ഒരു പ്രസിദ്ധ സൂഫിഗീതമാണ് ഹസ്‌റത് ഷാഹ് നിയാസ് രചിച്ച “യാർ കോ ഹം നെ ജാ ബജാ ദേഖാ”. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു ഹസ്‌റത് ഷാഹ് നിയാസ് അഹ്‌മദ്. സമ്പന്നമായ സൂഫിപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം മാതാവ് വഴി നന്നേ ചെറുപ്പത്തിലേ സൂഫിധാരയിലേക്ക് പ്രവേശിച്ചു. ഖാദിരിയ്യ, ചിശ്തിത്തിയ, നിസാമിയ്യ, സുഹ്റവർദി കൈവഴികളിലെല്ലാം ഹസ്‌റത് ഷാഹ് നിയാസ് ഭാഗമായിട്ടുണ്ട്. ഉത്തർപ്രദേശിലെ ബറേൽവിയിലാണ് അദ്ദേഹം ഖബറടക്കപ്പെട്ടിട്ടുള്ളത്.
ആബിദയുടെ പ്രസിദ്ധമായ ആലാപനത്തിൽ ഹസ്‌റത് ഷാഹ് നിയാസ് രചിച്ച ഏതാനും വരികൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ലഭ്യമായതിൽ മുഴുഭാഗവും ഇവിടെ മൊഴിമാറ്റിയിട്ടുണ്ട്. ജലാലുദ്ദീൻ റൂമിയുടെയും മൻസൂർ അൽ ഹല്ലാജിന്റെയും ക്ലാസ്സിക്കൽ സൂഫി പാരമ്പര്യങ്ങളുടെയും സ്വാധീനം ഇവയിൽ പ്രകടമാണ്. സാമ്പ്രദായിക ഉർദു കവിതകളിൽ സ്ഥിരപ്പെട്ടു വരുന്നപോലെ, കവി സ്വന്തം പേരുപറഞ്ഞു ചില കാര്യങ്ങൾ അവതരിപ്പിക്കുന്ന പതിവും ഇതിലുണ്ട്. തുടക്കത്തിലുള്ള മഥ്ലഅ് (പ്രാരംഭകവിത) ഫാർസി ഭാഷയിലാണ്. അതിനു ശേഷമുള്ളവയാണ് ഹസ്‌റത് ഷാഹ് നിയാസ് എഴുതിയിട്ടുള്ളത്.
Listen to the song here:
യാർ കോ ഹം നെ ജാ ബജാ ദേഖാ
രചന: ഹസ്‌റത് ഷാഹ് നിയാസ്
ഞാനാണ് ആവശ്യക്കാരൻ,
എനിക്കാണ് നിന്നെ ആവശ്യം.
നിന്നെപ്പോലൊരുവന്റെ പ്രേമദുഃഖം ഞാനെങ്ങനെ സഹിക്കും..
നീയാണ് സൂര്യൻ, നിന്റെ സൗന്ദര്യത്താൽ ദീപ്തമെന്റെ കണ്ണുകൾ,
നിന്നെ വേണ്ടെന്നുവെച്ചാൽ പിന്നെ ഞാനെവിടെ പോകും?
0
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു,
ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ ഒളിഞ്ഞും.
ചിലേടങ്ങളിൽ ഒരു സാധ്യത
ചിലേടങ്ങളിൽ അനിവാര്യത
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു,
ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ ഒളിഞ്ഞും.
ഈമാന്റെ അടയാളങ്ങളെപ്പറ്റിയുള്ള ഉണർവിൽ
എല്ലായിടത്തും ഞാൻ പ്രാണപ്രിയന്റെ മുഖം കണ്ടു.
എങ്ങും സ്വയം തെളിയാനുള്ള തീരുമാനത്തിൽ
എല്ലാത്തിലും അവൻ അവനെത്തന്നെ നിറച്ചു.
കാണുന്നതും അവൻ തന്നെ, കേൾക്കുന്നതും അവൻ തന്നെ
അവനെക്കൂടാതൊന്നിനെയും ഞാൻ കണ്ടില്ല.
വിരിയുന്ന പൂക്കളിൽ അവൻ നിറഞ്ഞു പുഞ്ചിരിച്ചു
രാപ്പാടിയുടെ ഗീതങ്ങളിൽ തേങ്ങലായി അവനെ കണ്ടു.
മെഴുകുതിരിയിലും ഈയാംപാറ്റയിലും അവനെ കണ്ടു
അവന്റെ തന്നെ നാളത്തിൽ അവൻ കത്തിത്തീരുന്നത് കണ്ടു.
‘അനൽ ഹഖി’ന്റെ വചനം ഇടക്കുരുവിട്ട്
കുരിശിലവൻ ശിരസ്സ് വെക്കുന്നത് കണ്ടു.
‘നീ’യെന്നും ‘ഞാനെ’ന്നും പറയുന്നതിൽ നിന്നൊക്കെ എന്നുമകലെ അവൻ
എന്നിട്ടുമെല്ലാ ‘നീ’യിലും ‘ഞാനി’ലും അവനെ കണ്ടു.
ഇടക്ക് തീർത്തും അപരിചിതനെപ്പോലെ കണ്ടു
കണ്ട രൂപങ്ങളിലൊക്കെ അതിപരിചയവും തോന്നി.
ചിലപ്പോൾ വലിയ ഭക്തനായി
ചിലപ്പോൾ കുടിയന്മാരുടെ നേതാവായും.
ഇടക്കൊരു മിന്നലാട്ടം പോലെ
പിന്നെയോ അനശ്വരദീപമായും,
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു.
ചിലപ്പോൾ കിരീടമണിഞ്ഞിരിക്കുന്ന മഹാരാജൻ,
ചിലപ്പോൾ പിച്ചപ്പാത്രവുമായി നീങ്ങുന്ന യാചകൻ,
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു.
ഇടയ്ക്കു പ്രണയിനിയുടെ വേഷമണിഞ്ഞ്
പ്രൗഡിയും പ്രതാപവും കളഞ്ഞുകുളിക്കുന്നത് കണ്ടു.
ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ ഒളിഞ്ഞും,
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു.
ചിലപ്പോൾ ‘നിയാസി’നെപ്പോലെ ഒരു പ്രണയിതാവ്
നെഞ്ഞും ഹൃദയവും കത്തിയുരുകുന്നതായി കണ്ടു.
കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു,
ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ ഒളിഞ്ഞും.
[പദസൂചി: ഈമാൻ – സത്യവിശ്വാസം | അനൽ ഹഖ്: “ഞാനാണ് പരമസത്യം” എന്ന് വാക്കർത്ഥം, സൂഫി കവി മൻസൂർ അൽ ഹല്ലാജിന്റെ പ്രസ്താവന]
– This was originally published as the third part of Sama-e-Bismil series in Suprabhatham Sunday Supplement.