ഇസെത് ബെഗോവിച്ചിന്റെ ‘ജയിൽ കുറിപ്പുകൾ’ മലയാളത്തിലെത്തുമ്പോൾ

അദർ ബുക്‌സ് പ്രസിദ്ധീകരിച്ച ഇസെത് ബെഗോവിച്ചിന്റെ ‘ജയിൽ കുറിപ്പുകളു’ടെ സഹ വിവർത്തകൻ എം നൗഷാദ് എഴുതുന്നു.

ഏറെ പ്രിയപ്പെട്ട ഈ പുസ്‌തകം വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മലയാളത്തിൽ എത്തുന്നത്. പ്രിയങ്കരനായ ഡോ. അബ്‌ദുല്ല മണിമയോടൊപ്പം അതിന്റെ സഹ വിവർത്തകനാകാൻ കഴിഞ്ഞതിൽ ചെറുതല്ലാത്ത ചാരിതാർഥ്യമുണ്ട്. അലിയാ ഇസെത്ബെഗോവിച്ചിന് മക്കളായ ബാകിറും ലൈലയും സബീനയും എഴുതിയ ഹൃദയഹാരിയായ കത്തുകൾ മൊഴിമാറ്റുക എന്നതായിരുന്നു ഈയുള്ളവന്റെ കടമ. ഫോക്ക ജയിലിന്റെ ഇരുട്ടിലും ഏകാകിതയിലും ബെഗോവിച്ച് എന്ന മനുഷ്യൻ അതിജീവിച്ചത് സ്നേഹം നിറച്ച ആ അക്ഷരങ്ങൾ നിലക്കാതെ വന്നണഞ്ഞതുകൊണ്ടാണ്. വീട്ടുവിശേഷങ്ങളും ഋതുഭേദങ്ങളും ദാർശനിക വ്യഥകളും ജാമ്യസാധ്യതയുടെ നിയമക്കുരുക്കുകളും അവ ചർച്ച ചെയ്‌തു. പേരക്കിടാങ്ങളുടെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ മക്കൾ വിശദമായി എഴുതി. വയോധികനായ ഒരു പിതാവിനുള്ള സാന്ത്വനസന്ദേശങ്ങളായി അവ ഏവർക്കും അനുഭവപ്പെടും. ബെഗോവിച്ച് എഴുതിയ ജയിൽക്കുറിപ്പുകളാവട്ടെ ദീർഘമായ ജയിൽവാസം ഏൽപ്പിച്ച മനസികാഘാതങ്ങൾക്കും അശുഭചിന്തകൾക്കുമിടയിലും തളരാതെ കിടന്ന ധിഷണയുടെ മൂർച്ചയും തീർച്ചയും അടയാളപ്പെടുത്തുന്നവയാണ്.

കത്തുകൾ മൊഴിമാറ്റി തീർത്തതിനുശേഷം മണിമ ബാക്കിവെച്ച ജയിൽക്കുറിപ്പു താളുകൾ വിവർത്തനം ചെയ്‌തു. മുഹമ്മദ് ജുമാൻ ആണ് രണ്ടു വിവർത്തനങ്ങളും വായിച്ചു സംശോധന ചെയ്‌തത്‌. ഷാൻ അഹ്‌മദിന്റെ മിനിമലിസ്റ്റ് കവർ ലളിതഹൃദ്യം. അകത്ത് ബെഗോവിച്ചിന്റെ ചിത്രങ്ങൾ സഹിതം പുസ്‌തകം രൂപകൽപന ചെയ്‌തത്‌ ഷഫീഖ് സുബൈദ ഹകീം. നീണ്ട ചരിത്രമുള്ള ഈ വിവർത്തന സംരംഭത്തിൽ ഭാഗഭാക്കായ പലരുമുണ്ട്. ഐ.പി.എച്ചിന് വേണ്ടി ഇത് ചെയ്‌തുതരാൻ ഇരുപതുകൊല്ലം മുമ്പ് ആവശ്യപ്പെട്ട ശൈഖ് മുഹമ്മദ് കാരക്കുന്ന്, സാരയാവോയിൽ പോയി പകർപ്പവകാശം വാങ്ങിയ മുജീബ് കുറ്റ്യാടി, ബോസ്‌നിയൻ ഭാഷയിലെ മൂലകൃതി സംഘടിപ്പിച്ചുതന്ന കൈറോയിലെ അബു സകരി, സാരയാവോയിലെ ആസിം, സാംസ്‌കാരിക പൈതൃകം മാസികയിൽ ചില കുറിപ്പുകൾ ഖണ്ഡശഃ മൊഴിമാറ്റിയ ഡോ. ഉമർ തറമേൽ, മൊഴിമാറ്റത്തിൽ സഹായിച്ച അജയ് പി മങ്ങാട്ട്, അദർ ബുക്‌സ് എഡിറ്റർ ജലാൽ അഹ്‌മദ്‌, മാനേജിങ് എഡിറ്റർ ഔസാഫ് അഹ്‌സൻ തുടങ്ങി പലരും. പിന്തുണ തരികയും കൂടെനിൽക്കുകയും ചെയ്‌ത എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹപൂർവം നന്ദി.

ഇസെത് ബെഗോവിച്ച് – ദാർശനികന്റെ യുദ്ധങ്ങൾ

രാഷ്ട്രതന്ത്രജ്ഞരും രാഷ്ട്രീയനേതാക്കളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം രാഷ്ട്രതന്ത്രജ്ഞർ ഉന്നതമായ നൈതികമൂല്യങ്ങളാൽ നയിക്കപ്പെടുന്ന ദാർശനികർ കൂടിയായിരിക്കും എന്നതാണ്. നമ്മുടെ കാലത്ത് ഇല്ലാതെപോകുന്നതും ഇക്കൂട്ടരാണ്. ഭയാനകമായ വിഷാദസന്ധികളിലൂടെ കടന്നുപോകുമ്പോൾ ശുഭാപ്‌തിയോടെ നമ്മൾ ഉറ്റുനോക്കുന്ന ചില നേതാക്കളുണ്ട് ചരിത്രത്തിൽ. നിസ്വാർത്ഥമായ പ്രതിബദ്ധത കൈമുതലായുള്ള ഗോപുരസമാനരായ മനുഷ്യർ. തകർന്നുതരിപ്പണമായ നഗരങ്ങളെ, നാടുകളെ, ജനതകളെ ദൃഢനിശ്ചയവും ആശയവ്യക്തതയും കൊണ്ട് പ്രത്യാശയിലേക്കും സമാധാനത്തിലേക്കും വഴിനടത്തുമവർ. സ്വയം തോറ്റുപോയാലും തലമുറകളെ തോൽവിക്ക് വിട്ടുകൊടുക്കാത്തവർ. ഇസെത് ബെഗോവിച്ച് അങ്ങനെയൊരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു.

ഒരു രാഷ്ട്രനായകന്റേതിനേക്കാൾ ദാർശനികന്റെ കുപ്പായം തന്നെയാണ് അദ്ദേഹത്തിന് ചേരുക. ബെഗോവിച്ചിനെ പോലെ സൗമ്യനും സമാധാനപ്രിയനുമായ ഒരാൾക്ക് അത്യന്തം ക്രൂരവും ബീഭത്സവുമായ ഒരു യുദ്ധത്തിന്റെ മൂർധന്യകാലത്ത് രാഷ്ട്രനേതൃത്വം ഏൽക്കേണ്ടിവന്നത് കാലത്തിന്റെ വലിയ തമാശയായിപ്പോയി എന്നുവരെ അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ള രാഷ്ട്രീയ സുഹൃത്തുക്കൾ – വിയോജിപ്പുണ്ടായിരുന്നവർ പോലും – വിലയിരുത്തി. ഫാസിസ്റ്റു വിരുദ്ധതയുടെയും കമ്മ്യൂണിസ്റ്റ് ഏകാധിപത്യ വിരുദ്ധതയുടെയും ഇസ്‌ലാമിന്റെ ദാർശനിക മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തിയത്. മാർഷൽ ടിറ്റോവിന്റെ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് സേന ചെറുപ്പത്തിലേ ജയിലിൽ ഇട്ടതുകൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം തീവ്രമായിരുന്നു. കലയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും പറ്റി പുസ്‌തകമെഴുതുന്ന ഒരാൾ തന്നെയാണ് അടിച്ചേൽപ്പിക്കപ്പെട്ട ഒരു കൊടും യുദ്ധത്തിൽ സ്വന്തം രാജ്യത്തെ പിന്നീട് നയിക്കേണ്ടിവരുന്നത്. “എനിക്ക് ദേശീയ വികാരങ്ങളൊന്നുമില്ല” എന്ന് പ്രസ്താവിക്കുന്ന ഒരു രാഷ്ട്രനായകനെ അയാളെപ്പോലെ അധികം കാണാനാവില്ല.

ബോസ്‌നിയ എന്നത് ബാൽക്കൻ പർവ്വതങ്ങളിലെ ഒരു കഷ്‌ണം ഭൂമിയല്ലെന്നും പലതരം അസ്തിത്വങ്ങളുള്ള സമുദായങ്ങൾക്ക് ഒരുമിച്ച് സമാധാനത്തോടെ വസിക്കാനാവുമെന്ന ആശയമാണെന്നും അദ്ദേഹം നിരന്തരം ഓർമപ്പെടുത്തി. എന്നിട്ടും സെർബുകളും ക്രോട്ടുകളും അടിച്ചേൽപ്പിച്ച യുദ്ധങ്ങളിൽ, സെബ്രനിക്ക ഉൾപ്പെടെയുള്ള വംശഹത്യകളിൽ, ശത്രുസേനയുടെ കടുത്ത ഉപരോധങ്ങൾക്കിടയിൽ നിസഹായനായി രാജ്യത്തെ നയിക്കേണ്ടിവന്നു. യൂറോപ്യൻ ശക്തികളും അന്താരാഷ്ട്ര ഏജൻസികളും അയാളെയും അയാളുടെ ദേശത്തെയും ഒറ്റുകൊടുത്തു. അപ്പോളും, അവർ നമ്മുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നതുപോലെ, നമ്മൾ തിരിച്ച് സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ കൊന്നുകൂടാ എന്ന് അദ്ദേഹം തന്റെ പട്ടാളക്കാരോടും ജനങ്ങളോടും ഉറച്ചുപറഞ്ഞു. സെർബിയയുടെയും ക്രൊയേഷ്യയുടെയും നേതാക്കൾ ബെഗോവിച്ചിന്റെ ഇമ്മാതിരി പ്രസ്താവനകളെ വെറുത്തു. യൂഗോസ്ലോവിയൻ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം ചാർത്തിനൽകിയ “ഭീകരവാദി / മത മൗലികവാദി” നരേറ്റിവുകളോട് ചേർന്നുപോകുന്നതായിരുന്നില്ല ബെഗോവിച്ചിന്റെ ഇമ്മാതിരി നിലപാടുകൾ.

ഇതിലേക്കൊക്കെ എത്തുന്നതിനുമുമ്പ്, ബോസ്‌നിയ ഹെർസഗോവിനയുടെ പ്രഥമ പ്രസിഡണ്ടാവുന്നതിനും ഏറെ മുമ്പാണ് അദ്ദേഹം ജയിൽകുറിപ്പുകൾ എഴുതുന്നത്. ഫോക്ക ജയിലിൽ അനുഭവിച്ച പാരതന്ത്ര്യത്തിൽ നിന്നുള്ള എഴുത്തുകൊണ്ടുള്ള മോചനമാണത്. ശാരീരികവും ആന്തരികവുമായ സ്വാതന്ത്ര്യത്തെക്കുറിച്ച്, ജീവിതത്തെയും വിധിയെയും കുറിച്ച്, മനുഷ്യന്റെ ഭാഗധേയങ്ങളെക്കുറിച്ച്, ഇസ്‌ലാമിനെയും ഫാസിസത്തെയും കമ്മ്യൂണിസത്തെയും ജനാധിപത്യത്തെയും കുറിച്ച് (ഈ വാക്കുകളെല്ലാം അപകടകരമായ വാക്കുകളായിരുന്നതുകൊണ്ട് രഹസ്യപദങ്ങൾ ഉപയോഗിച്ചാണവ സൂചിപ്പിച്ചിരുന്നത്) അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. ഒരർത്ഥത്തിൽ അവ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായി. ഒരു ഏകാധിപത്യത്തിനും മനുഷ്യാത്മാവിനെ തടവറകളിൽ കെട്ടിയിടാനാവില്ലെന്ന ചരിത്രപരമായ ഓർമ്മപ്പെടുത്തൽ.

ഇസെത് ബെഗോവിച്ചിന്റെ ‘ജയിൽ കുറിപ്പുകളി’ൽ ഏറ്റവും വൈകാരികമായ ഭാഗം മക്കളായ സബീനയും ലൈലയും ബാകിറും എഴുതിയ കത്തുകളാണ്. “എന്റെ കുട്ടികളുടെ കത്തുകളിൽ നിന്ന്” എന്ന തലക്കെട്ടിൽ ചില കത്തുകൾ തെരഞ്ഞെടുത്ത് മൂലകൃതിയിൽ ഉൾപ്പെടുത്തുമ്പോൾ, ഒരു രാഷ്ട്രീയ തടവുകാരന്റെ കുടുംബ സാഹചര്യങ്ങളിലേക്കും വൈകാരിക ജീവിതത്തിലേക്കും ആ വരികൾ വെളിച്ചം വീശുമെന്ന് അദ്ദേഹം കരുതി. ഒപ്പം അവ എഴുതിയവരിലേക്കും.

സ്വാതന്ത്ര്യം, ധാർമികത, മതം, മതേതരത്വം, ഇസ്‌ലാം, കമ്യുണിസം, കല, സാഹിത്യം, മനുഷ്യ ഭാഗധേയങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളിൽ ആഴത്തിലുള്ള മനനത്തിലൂടെയും പരന്ന വായനയിലൂടെയും സമാഹരിച്ച ഉൾക്കാഴ്ചകൾ രേഖപ്പെടുത്തിവെച്ച കുറിപ്പുകൾ അദ്ദേഹത്തിന്റെ ധൈഷണിക വിമോചനമായിരുന്നുവെങ്കിൽ ഈ കത്തുകൾ തന്റെ വൈകാരിക വിമോചനമായിരുന്നു എന്ന് ഇസെത് ബെഗോവിച്ച് അനുസ്‌മരിക്കുന്നുണ്ട്.

സാരെയവോയിൽ ഋതുക്കൾ മാറുന്നത്, വീട്ടിൽ പുതിയ പേരക്കിടാങ്ങൾ പിറക്കുകയും വലുതാവുകയും ചെയ്യുന്നത്, നോമ്പും പെരുന്നാളും ഉപ്പയില്ലാതെ കടന്നുപോകുന്നത്, ജോലികളും പദവികളും മാറുന്നത്, രാഷ്ട്രീയവും സാങ്കേതികവുമായ കുരുക്കുകൾ കാരണം ജാമ്യം കിട്ടാതെയാവുന്നത് എന്ന് തുടങ്ങി വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ സ്നേഹത്തോടെ അവർ തുടർച്ചയായി പിതാവിനെ അറിയിച്ചു. മഹാനായ തത്വചിന്തകനും രാഷ്ട്രനായകനുമായിരുന്ന ഒരാൾ എത്ര നല്ല പിതാവും കുടുംബനാഥനുമായിരുന്നു എന്നുകൂടി ഈ കത്തുകൾ നമ്മോടു പറഞ്ഞുതരുന്നു. മൂന്നു മക്കളുടെ മൂന്നു കത്തുകളിൽ നിന്നുള്ള ഭാഗങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. തടവറക്കകത്തെ മനുഷ്യരുടെ, പ്രത്യേകിച്ചും രാഷ്ട്രീയ തടവുകാരുടെ പൊതുവായ വൈകാരിക ജീവിതത്തിന്റെ ഏകദേശ ചിത്രണം ഇവയിലുണ്ട്.

0

പ്രിയപ്പെട്ട ഉപ്പാ…

ഓരോ ദിവസവും എന്റെ ചിന്തകളിൽ, ഞാനങ്ങേക്ക് എണ്ണമറ്റ കത്തുകൾ എഴുതുകയും അങ്ങയോട് അതിദീർഘമായ സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. എന്നിട്ട്, ഞാൻ ശരിക്കും എഴുതാൻ തുടങ്ങുമ്പോൾ, എന്താണ് ശരിക്കും എഴുതിക്കഴിഞ്ഞതെന്നും എന്താണ് എഴുതുന്നതിനെപ്പറ്റി ആലോചിക്കുക മാത്രം ചെയ്തതെന്നും എനിക്കു തിട്ടമില്ലാതെ വരുന്നു. എല്ലാത്തിനെക്കുറിച്ചും ഉപ്പാക്കെഴുതണമെന്ന് ഞാനാശിക്കുന്നു, കാരണം അങ്ങെന്നോടൊപ്പം ഇപ്പോൾ ഇവിടെയുണ്ടെന്ന തോന്നൽ അതുളവാക്കുന്നു. പുറത്ത് മേൽക്കൂരയിൽ നിന്നു മഞ്ഞുപെയ്യുന്ന സമയത്ത് കുട്ടികളെ മുറ്റത്തിറക്കാതെ നോക്കണമെന്നും, മുറിയിലേക്ക് സ്റ്റൗ മാറ്റണമെന്നും ഉപ്പ എഴുതുമ്പോൾ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ആദ്യത്തെ കാര്യത്തിൽ അങ്ങയുടെ ഉപദേശം ഞങ്ങൾ കേട്ടു: ഇതുവരെ മഞ്ഞുകണങ്ങൾ ആരുടെ തലയിലും വീണിട്ടില്ല. എങ്കിലും, സ്റ്റൗവിന്റെ കാര്യത്തിൽ അതിപ്പോഴും അടുക്കളയിൽ തന്നെയാണ്….

സബീന
ജനുവരി 19, 1985


പ്രിയപ്പെട്ട ഉപ്പാ,

തടവുകാലം ഒമ്പതുവർഷത്തേക്ക് ചുരുക്കിയ വിവരമുള്ള സബീനയുടെ കത്ത് ഉപ്പാക്ക് കിട്ടിയെന്ന് കരുതുന്നു. നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ മോശമാണത്. പക്ഷേ, സംഭവിച്ചിരിക്കുന്നത് അതാണ് – വിഷമിക്കരുത്. ഞങ്ങൾ തീർത്തും നിരാശയിലാണ്. ഇതറിയുന്ന നിമിഷം (ഒരുപക്ഷേ, ഈയൊരു നിമിഷം) ഉപ്പാക്കെന്താണ് അനുഭവപ്പെടുക എന്ന് ദൈവത്തിനറിയാം – ഉപ്പായെ സമാശ്വസിപ്പിക്കാനുള്ള വാക്കുകൾക്കായി പരതുകയായിരുന്നു ഞാൻ – ആ ശ്രമംകൊണ്ട് എനിക്ക് കുറച്ചൊരു ആശ്വാസം കിട്ടി. നമ്മൾ രണ്ടുപേരും വിധിയിൽ വിശ്വസിക്കുന്നവരാണ്. ഉപ്പ ജയിലിൽ നിന്നു പുറത്തിറങ്ങുന്ന ദിവസം എവിടെയോ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 14, 12, 9 തുടങ്ങിയ അക്കങ്ങളെല്ലാം അക്കങ്ങൾ മാത്രമാണ്. അവയെച്ചൊല്ലി നാം അമിതമായി വിഷമിക്കരുത്. അങ്ങയുടെ പുസ്തകത്തിന്റെ ഒടുവിൽ, മനുഷ്യൻ മഹാനാണ് എന്നും, “കാലത്തോടൊപ്പം അളക്കപ്പെടുന്ന ആത്മാവി”നോളം മഹത്തരമാണ് മനുഷ്യനെന്നും എഴുതിയത് എത്ര ശരിയാണ്. ആ അർത്ഥത്തിൽ, ഒരു യഥാർഥജീവിതം ജീവിക്കുവാൻ ഉപ്പാക്കിനിയും അവസരം വന്നേക്കാം. ഞങ്ങളെല്ലാവരും, ജീവിതത്തിന്റെ അറ്റങ്ങളിൽ കഴിയുകയോ ഏറ്റവും കുറഞ്ഞത് ജീവിതത്തെ നിരീക്ഷിക്കുക മാത്രമോ ചെയ്യുമ്പോൾ, ശരിയായ ഇടത്തിലായിരിക്കുക എന്നത് എത്ര നല്ലതാണ്. ഉപ്പയുടെ മനസ്സ് ദുർബലപ്പെട്ടുപോവുകയും ഇതേച്ചൊല്ലി സംശയം ഉടലെടുക്കുകയും ചെയ്യാതിരിക്കട്ടെ….

ബാകിർ
ഡിസംബർ 14, 1985


എന്റെ പ്രിയപ്പെട്ട ഉപ്പാ,

ഉപ്പയും ഞാനും നന്നായൊന്ന് സംസാരിച്ചിട്ട് ഏറെക്കാലമായി. ഇക്കഴിഞ്ഞ വർഷങ്ങൾ നമ്മിൽ നിന്നതിനെ എടുത്തുമാറ്റി. എന്നെ ശരിക്കും ശ്രവിക്കാനും ചെറുതും ഒറ്റനോട്ടത്തിൽ അപ്രധാനമെന്ന് തോന്നുന്നതുമായ എന്റെ ആകുലതകളും വികാരങ്ങളും മനസ്സിലാക്കാനും ഉപ്പാക്കുമാത്രമേ കഴിയൂ എന്ന് എനിക്കിടയ്ക്ക് തോന്നാറുണ്ട്. അതേസമയം എന്റെ ഉപ്പ ഇപ്പോഴും ജീവനോടെയും നല്ല ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടല്ലോ എന്നോർത്താണ് ഞാൻ പതിവായി എന്നെത്തന്നെ ആശ്വസിപ്പിക്കാറ്. എനിക്കിപ്പോഴും ഉപ്പ ഉണ്ടല്ലോ എന്നോർത്ത്.

ചിലപ്പോൾ ഞാൻ സൗഹൃദങ്ങൾക്ക് വേണ്ടി കൊതിക്കാറുണ്ട്. സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന ആളുകൾക്കായി. ചിലപ്പോഴാവട്ടെ, എനിക്കതൊക്കെ പോഴത്തമായി തോന്നും. എന്നിട്ട് സമയനഷ്ടമെന്നു തോന്നിക്കുന്നതിനോടെല്ലാം ഞാൻ കുപിതയാവും. ഇതെന്റെ സ്ഥിരതയില്ലാത്ത മാനസികാവസ്ഥ കാരണമാണ്, അതെന്നെ ചിലപ്പോൾ വിഷമിപ്പിക്കാറുണ്ട്. സത്യത്തിൽ ഞാനൊരു വലിയ അധ്വാനിയോ അതോ വമ്പിച്ച ഉദാസീനയോ?

ലൈല
മാർച്ച് 31, 1987


പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക: 8089821521

Please follow and like us:
Pin Share

One comment

Leave a Reply

Your email address will not be published. Required fields are marked *