Bullaye Ki Jaana Main Kaun | വിനയത്തിൽ നിന്ന് വിലയനത്തിലേക്ക്
സമായേ ബിസ്‌മിൽ 14 | ‘സുപ്രഭാതം’ ഞായർ പതിപ്പ്
എം നൗഷാദ്
വിനയത്തിൽ നിന്ന് വിലയനത്തിലേക്ക്
സൂഫികളുടെ ആത്മഭാവം വിനയമാണ് എന്നുപറയാവുന്നതാണ്. പരമമായ പ്രാര്ഥനകളിലേക്ക് ഏതൊരാളെയും എത്തിക്കുക വിനയത്തിന്റെ പലതരത്തിലുള്ള തിരിച്ചറിവുകളാണ്. ആത്മനിഷേധത്തിന്റെയും നിസ്വമായ സമർപ്പണത്തിന്റെയും അവനവന്റെ ‘അഹം’ ഭാവത്തെ ഇല്ലായ്മ ചെയ്യലിന്റെയും കഠിനമായ വഴികളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മാത്രമേ വിലയനം സാധ്യമാവുകയുള്ളു. “മരണത്തിനു മുന്നേ നിങ്ങൾ മരിക്കുക” എന്ന പ്രവാചകവചനം സൂഫിവൃത്തങ്ങളിൽ ഏറെ പ്രചാരം നേടുന്നതിന് കാരണവും മറ്റൊന്നല്ല. അഹത്തിന്റെ, ബോധത്തിന്റെ, ഉണ്മയുടെ നിരാസവും നിർമാർജനവും ഭൂമിയുടെ പ്രലോഭനങ്ങൾക്കിടയിൽ എളുപ്പമല്ല. ഒന്നായിത്തീരലിന്റെ, ലയനത്തിന്റെ, ഒരുമയുടെ, ഏകത്വത്തിന്റെ ഏറ്റവും ഗാഢവും ഗൂഢവുമായ അവസ്ഥയിലെത്തണമെങ്കിൽ “ഞാൻ” ഉണ്ട് എന്നും ഉള്ള “ഞാൻ”എന്താണെന്നും എന്തല്ലെന്നും അറിയേണ്ടിവരും. ഈ കവിത നിറയെ നിഷേധങ്ങളാണ്. താൻ ആരാണെന്നതിന്റെ ഉത്തരം തന്നെയാകാം ആരല്ല എന്നതിന്റെയും ഉത്തരം. ആരായിത്തീരണം എന്നതിലും അതേ ഉത്തരങ്ങൾ വന്നു വേദനിപ്പിക്കുകയോ വളർത്തുകയോ ചെയ്യാം.
ഹസ്രത് ഇനായത് ഷായുടെ ശിഷ്യനായിരുന്ന പ്രസിദ്ധ പഞ്ചാബി സൂഫി കവി ഹസ്‌റത് ബാബാ ബുല്ലേ ഷാഹ് എഴുതിയ കലാം ആണിത്. ഉസ്‌ബെക്കിസ്ഥാനിൽ നിന്നും കുടിയേറിയ സയ്യിദുകുടംബത്തിലെ പിന്മുറക്കാരനായി ഒരു പാക് ഗ്രാമത്തിലാണ് ബുല്ലേ ഷാഹ് ജനിച്ചത്. മുസ്‌ലിം – സിഖ് – ഹൈന്ദവ സമുദായങ്ങളുടെ വൈകാരികവും ആത്മീയവുമായ സഹവർത്തിത്തത്തിന്റെ ആവശ്യം ഊന്നിപ്പറയുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. ഒപ്പം ഉള്ളുപൊള്ളയായിത്തീരുന്ന യാഥാസ്ഥിതിക മതപരതയെ അദ്ദേഹം നിര്ദയമായി തന്റെ കവിതകളിലെ രൂപകങ്ങളിലൂടെ വിമർശിക്കുകയും ഗൂഢരഹസ്യങ്ങൾ അറിയാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ലിഖിതചരിത്രങ്ങളെക്കാളും വാമൊഴിക്കഥകളിൽ നിന്നും ബാബയുടെ തന്നെ കവിതകളിലെ പരാമർശങ്ങളിൽ നിന്നുമാണ് ബുല്ലേ ഷായുടെ ജീവിതം അനുവാചകർക്ക് മനസ്സിലായിക്കിട്ടുന്നത് എന്നത് ഈ മിസ്റ്റിക്കിന്റെ ജീവിതത്തെ കൂടുതൽ മനോഹരവും അപ്രാപ്യവുമാക്കുന്നു. റിയാസ് അലി ഖാൻ, ഇഖ്ബാൽ ബാഹു തുടങ്ങിയ പാകിസ്താനി ഗായകർ പാടിയ പകുതിഭാഷ്യങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെങ്കിലും ബുല്ലേ ഷാഹ് എഴുതിയതിൽ ലഭ്യമായ മുഴുകവിതയും ഇവിടെ മൊഴിമാറ്റിയിട്ടുണ്ട്.
Iqbal Bahoo: https://www.youtube.com/watch?v=g_BKjWpBEBE
Riyaz Ali Khan: https://www.youtube.com/watch?v=FOriUKHfnrs
ബുല്ലേയാ കീ ജാനേ മേ കോൻ | ബുല്ലേ ഷാഹ്
ബുല്ലേ ഷാഹ്, ഞാനാരെന്നെനിക്കറിയില്ല.
ആരാണ് ഞാനെന്നെനിക്കറിയില്ല.
പള്ളിയിലിരിക്കുന്ന വിശ്വാസിയല്ല ഞാൻ,
കള്ളക്കർമങ്ങളുമായിരിക്കുന്ന നിഷേധിയല്ല ഞാൻ,
അഴുക്കുകൾക്കിടയിലൊരു അഴകല്ല ഞാൻ,
മൂസയല്ല. ഫറോവയുമല്ല.
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..
വേദപുസ്തകങ്ങൾക്കകത്തില്ല ഞാൻ,
കഞ്ചാവിലില്ല, കള്ളിലുമില്ല,
മത്തുപിടിച്ച മദോൻമാദങ്ങളിലില്ല,
ഞാനുണർവിലില്ല, ഉറക്കിലല്ല,
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..
സന്തോഷത്തിലില്ല, സന്താപത്തിലില്ല,
തെളിഞ്ഞതല്ല, അളിഞ്ഞ ചെളിയുമല്ല,
നീരിൽ നിന്നല്ല, മണ്ണിൽനിന്നുമല്ല,
തീയിൽ നിന്നല്ല, കാറ്റിൽ നിന്നുമല്ല,
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..
അറബിയല്ല, ലാഹോരിയുമല്ല,
ഇന്ത്യക്കാരനോ നാഗൂരിയോ അല്ല,
ഹിന്ദുവല്ല, തുർക്കിയല്ല, പെഷവാരിയല്ല,
ഞാനീ നാട്ടിൽ കഴിയുന്നുമില്ല.
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..
മതങ്ങളുടെ രഹസ്യമെനിക്കറിയില്ല,
ആദമിൽ നിന്നോ ഹവ്വയിൽ നിന്നോ വന്നതല്ല,
ഞാനെന്റെ പേരെങ്ങും വെച്ചിട്ടില്ല,
ഒരിടത്തിരിക്കുകയോ ഓടിപ്പോവുകയോ അല്ല,
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..
ഞാനാണ് തുടക്കം, ഞാനാണൊടുക്കം,
വേറാരെയുമെനിക്കറിയില്ല,
സമർത്ഥരെയൊന്നും വേറെ കണ്ടില്ല,
ബുല്ലേ ഷാഹ്, ഒറ്റക്കാണോ ഞാൻ?
ആരാണ് ഞാനെന്നെനിക്കറിയില്ല, ബുല്ലേ ഷാഹ്..
ഇതിന്റെ ഉർദു ലിറിക്സ് കൂടെ കിട്ടുമോ?
Bulleh Shah writes in Punjabi: https://www.lyricsmode.com/lyrics/r/rabbi_shergill/bulla_ki_jaana.html