സമാ ഏ ബിസ്‌മിൽ: ഖവ്വാലിയുടെ ഉൾലോകങ്ങൾ
സമാ ഏ ബിസ്‌മിൽ:
ഖവ്വാലിയുടെ ഉൾലോകങ്ങൾ
മൊഴിമാറ്റവും ആസ്വാദനവും: എം നൗഷാദ്
ചിത്രങ്ങൾ: മിഥുൻ മോഹൻ
അവതാരിക: സമീർ ബിൻസി
പ്രസാധനം: ബുക്പ്ലസ്
താളുകൾ: 136 / Square / Colour sheets included / രണ്ടാംപതിപ്പ്
വില: 160
Order here: +91 95626 61133
ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകൾ കേന്ദ്രീകരിച്ച് പരമ്പരാഗതമായി പാടിപ്പോരുന്നതും ഒപ്പം പുതുതലമുറ കേട്ടുപരിചയിച്ചതുമായ ഖവ്വാലികളുടെ മൊഴിമാറ്റവും ആസ്വാദനവുമാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ‘സമാഎ ബിസ്‌മിൽ’ എന്ന വാക്കിന് ഉള്ളുമുറിഞ്ഞുപോയവരുടെ സംഗീതം എന്നാണർത്ഥം. സ്നേഹം കൊണ്ടുമാത്രം മീട്ടാനാവുന്ന പാട്ടാണ് ഖവ്വാലി. ചിശ്ത്തിയ സൂഫിമാർഗത്തിലെ ജ്ഞാനികളായ ഗുരുക്കന്മാർ മനുഷ്യരിൽ ഇഷ്‌കും ദിക്‌റും (പ്രണയവും ദൈവസ്മരണയും) നിറക്കാനായി ആവിഷ്‌കരിച്ച മനോഹര കല. ആത്മാവിൻ്റെ ആനന്ദധാര. ഹൃദയവേദനകൾക്ക് ശമനഗീതം. ദിവ്യപ്രണയത്തിൻ്റെ മെഹ്ഫിലുന്മാദം. വഴിതേടുന്നവരുടെ വിളക്കുമാടം.
ഇഷ്‌ക്, ബൈഅത്, മിഅറാജ്, ഫനാ എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് ഇതിലെ ഖവ്വാലികൾ തരംതിരിക്കാൻ ശ്രമിച്ചിട്ടുള്ളത്. സൂഫികവിതയിൽ അനിതര സാധാരണമായുള്ള പ്രണയോന്മാദവും ദാർശനികമായ ജീവിതവ്യഥകളുമാണ് ‘ഇഷ്‌കി’ലെ ഖവ്വാലികളിൽ. ആത്‌മീയപാതയിലെ ഗുരുവിനുള്ള വാഴ്ത്തും സമർപ്പണവുമാണ് ബൈഅത് / മുറാഖബ. ഹൃദയത്തെ ആഴത്തിൽ തൊടുന്ന പ്രവാചകാനുരാഗത്തിന്റെ തീക്ഷ്‌ണമൊഴികളാണ് ‘മിഅറാജ്’ എന്ന ഭാഗം. പ്രണയിനിയിൽ തുടങ്ങി, ഗുരുവിലൂടെ സഞ്ചരിച്ച്, പ്രവാചകനിലെത്തിച്ചേർന്ന് ഒടുവിൽ അല്ലാഹുവിൽ വിലയനം പ്രാപിക്കുന്ന റൂഹിനെ ‘ഫന’യിലെ പാട്ടുകൾ കാണിച്ചുതരുന്നു.
നാട്ടിലെയും മറുനാട്ടിലെയും സൂഫിയാന കലാമുകൾ നിരന്തരമായി മലയാളദേശത്ത് അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന സമീർ ബിൻസിയാണ് അവതാരിക എഴുതിയത്. ഖവ്വാലിയുടെ ചരിത്ര വർത്തമാനങ്ങൾ പറയുന്ന ഒരു ആമുഖവും പ്രവേശികയും കൂടെ ചേർത്തിട്ടുണ്ട്. ഓരോ ഖണ്ഡത്തിനും മിഥുൻ മോഹൻ ചെയ്‌ത മിസ്റ്റിക്കൽ പെയിന്റിങ്ങുകൾ സന്തോഷപൂർവം പ്രത്യേകം പരാമർശിക്കട്ടെ. വായിച്ചുപോകുമ്പോൾ ഖവ്വാലികൾ കേൾക്കാവുന്ന വിധം ക്യുആർ കോഡ് ചേർത്തിട്ടുണ്ട്. നുസ്റത് ഫതേഹ് അലി ഖാൻ, അസീസ് മിയാൻ, ആബിദാ പർവീൻ, സാബ്റി സഹോദരങ്ങൾ, ഫരീദ് അയാസ്, അബു മുഹമ്മദ് എന്നുതുടങ്ങി റാഹത്തും സനം മർവിയും വരെയുള്ളവരുടെ സ്വരത്തിൽ കലാമുകൾ കേൾക്കാം. നേരത്തെയുള്ള പതിപ്പിൽ നിന്ന് ഉള്ളടക്കത്തിൽ നേരിയ പരിഷ്‌കരണങ്ങളേ വരുത്തിയിട്ടുള്ളൂ. അതേസമയം പുസ്തകനിർമിതിയിൽ സമൂലമായ മാറ്റമുണ്ട് – സമചതുരാകൃതിയിൽ ആക്കിയത് കൂടുതൽ ആകർഷകമായി എന്നു കരുതുന്നു.
000
‘അവതാരിക’യിൽ നിന്ന്:
“കേരളത്തിന് സൂഫിസംഗീതവുമായും സൂഫിരചനകളുമായുള്ള ബന്ധത്തിന്റെ അനിവാര്യവും സുന്ദരവുമായ തുടർച്ചയാണ് ‘സമാ ഏ ബിസ്‌മിൽ’ (ദിവ്യപ്രണയത്താൽ മുറിവേറ്റവരുടെ വിശുദ്ധകേൾവി). ഓരോ കവിതക്കും മുമ്പുള്ള ചെറിയ ആമുഖക്കുറിപ്പ് വായിക്കുന്നതുവഴി സൂഫിയാന കലാമുകളുടെ സവിശേഷ സ്വഭാവത്തെയും രീതിയെയും പറ്റി വായനക്കാർക്ക് ധാരണ ലഭിക്കും. മൊഴിമാറ്റങ്ങൾ അതിനെ കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്യും. ഉപമാലങ്കാരങ്ങളെക്കുറിച്ചുള്ള ഭാഷാപരമായ അറിവുകൾക്കപ്പുറം സൂഫിദർശനങ്ങളെക്കുറിച്ചുള്ള അറിവും കാഴ്‌ചയും സഹവാസവുമാണ് സൂഫിയാന കലാമുകളുടെ മൊഴിമാറ്റത്തെ സുന്ദരമാക്കുക. പ്രവാചകനെക്കുറിച്ച സൂഫിയാന വരികളുടെ മൊഴിമാറ്റം വഴി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള മറ്റു സൂഫി മൊഴിമാറ്റങ്ങളിൽ നിന്നുള്ള വ്യത്യാസത്തെ ‘സമാ ഏ ബിസ്‌മിൽ’ അടയാളപ്പെടുത്തുന്നു.”
– സമീർ ബിൻസി
Really interesting…
I need a copy… But currently I am in Muscat
if you WhatsApp on the number given, they can send it to your Indian address.