സിതി ഖദീജ മാര്‍ക്കറ്റിലെ നിറങ്ങളും മണങ്ങളും

മലേഷ്യയിലെ കോത്തബാരുവിൽ സ്ത്രീകൾ നടത്തുന്ന പ്രസിദ്ധമായ സിതി ഖദീജ മാര്‍ക്കറ്റ് സന്ദർശിച്ച അനുഭവം | മലേഷ്യൻ യാത്രാവിവരണപരമ്പരയിൽ നിന്ന് | എഴുത്തും ചിത്രങ്ങളും എം. നൗഷാദ്

പരമ്പാരഗത കെലന്തനീസ് രുചികളുടെയും മണങ്ങളുടെയും നിറങ്ങളുടെയും ഉത്സവപ്പറമ്പാണ് പസാര്‍ ബസാര്‍ എന്നറിയപ്പെടുന്ന സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റ്. മലേഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കെലന്തന്റെ തലസ്ഥാന നഗരിയായ കോത്തബാരുവിലെ ഏറ്റവും പ്രധാന വാണിജ്യകേന്ദ്രമാണ് 95 ശതമാനവും സ്ത്രീകള്‍ നടത്തുന്ന ഈ സുപ്രസിദ്ധ വിപണി. കോത്തബാരു നഗരത്തിലെ സാധാരണ മനുഷ്യര്‍ മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ വരെ കയറിയിറങ്ങുന്ന ചെറുതും വലുതുമായ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വന്‍വിപണിയാണ് സിതി ഖദീജ മാര്‍ക്കറ്റ്. സഞ്ചാരികൾക്ക് അലങ്കാരവസ്തുക്കളുടെയും സ്മൃതിച്ചെപ്പുകളുടെയും ശേഖരകേന്ദ്രമാണെങ്കിൽ കോത്തബാരു നിവാസികൾക്ക് അവശ്യവസ്തുക്കളുടെ പ്രധാന ആശ്രയകേന്ദ്രമാണിത്. ചരിത്രവും സമകാലികതയും ഒന്നുചേരുന്ന ചന്തകളിൽ ഒന്ന്.
കോത്തബാരുവിലെ ജീവിതം അതിന്റെ തനിമയില്‍, സമഗ്രതയില്‍, അനാര്‍ഭാടമായി പസാര്‍ ബസാറിന്റെ നടുമുറ്റത്തും മുകള്‍നിലകളിലെ കുഞ്ഞുമുറികളിലും ഊടുവഴികളിലും നിങ്ങള്‍ക്കായി തുറന്നുവെക്കപ്പെട്ടിരിക്കുന്നു. കെലന്തനിലെ ടൂറിസ്റ്റ് ഭൂപടത്തില്‍ സിതി ഖദീജ മാര്‍ക്കറ്റിന് വലിയ ഖ്യാതിയുള്ളതു കൊണ്ട് എത്തിച്ചേരാന്‍ പ്രയാസമുണ്ടാവില്ല. വാതില്ക്കല് വര്‍ണശബളമായ പ്ലാസ്റ്റിക് പൂക്കളാല്‍ അലങ്കരിച്ച് മേല്‍ക്കൂരയുള്ള സൈക്കിള്‍ റിക്ഷകള്‍ നിങ്ങളെ കാത്തുകിടക്കുന്നു. മാര്‍ക്കറ്റിനോട് ചേര്‍ന്നു തന്നെയുള്ള മസ്ജിദ് ബറാഅ് പള്ളിയിലും കച്ചവടക്കാരികളുടെയും വാങ്ങാനെത്തുന്നവരുടെയും തിരക്കുതന്നെ. ഇവിടെ കച്ചവടം നടത്തുന്നവരും വാങ്ങാനെത്തുന്നവരും ബഹുഭൂരിഭാഗവും സ്ത്രീകളാണ്.

ഷഡ്ഭുജാകൃതിയിലുള്ള കെട്ടിടത്തിന്റെ ആറുവശങ്ങളിലൂടെയും ബസാറിനകത്തേക്ക് പ്രവേശിക്കാം. മൂന്നുനില കെട്ടിടത്തിനകത്തും ചുറ്റിലും സദാസമയം തിരക്കാണ്. പുറത്തുനിന്നേ കച്ചവടക്കാരികളുടെ ബഹളവും തിരക്കും കേള്‍ക്കാം. സുതാര്യമായ പ്ലാസ്റ്റിക് കവറുകളിലും പെട്ടികളിലും കുപ്പികളിലും അടുക്കിവെച്ചിരിക്കുന്ന വര്‍ണശബളവും രുചികരവുമായ മധുരപലഹാരങ്ങള്‍. രുചികൊണ്ടോ രൂപം കൊണ്ടോ നമുക്ക് പരിചയമേ തോന്നാത്ത തരം എണ്ണക്കടികള്‍. സോപ്പ്-ചീര്‍പ്പ്-കണ്ണാടി കൂട്ടുകുടുംബക്കാര്‍. പലതരം പച്ചക്കറികളുടെ വിശാലമായ ലോകം.. ഇങ്ങനെ പരന്നുകിടക്കുന്ന സ്റ്റാളുകളാണ് നിങ്ങളെ വരവേല്‍ക്കുക. വില്ക്കാന് വെച്ച വിഭവങ്ങള്‍ക്കു നടുവില്‍ ചെറിയ ഇരിപ്പിടങ്ങളില്‍ പരമ്പരാഗത മലേഷ്യന്‍ വേഷമായ ബാജു കുറുങ് ധരിച്ച് കച്ചവടിക്കാരികള് പ്രസന്നവദനരായി ഇരിക്കുന്നു. കണ്ണുകളില്‍ ഊര്‍ജം പ്രസരിക്കുന്ന ചെറുപ്പക്കാരികള്‍ മുതല്‍ ആയുസിന്റെ ആര്ജവങ്ങളെല്ലാമറിഞ്ഞ നിസംഗതയോടെ ഇരിക്കുന്ന വയോധികമാര്‍ വരെ. ചെറുപ്പക്കാരികള്‍ മിക്കവരും ജീന്‍സും മുഴുക്കയ്യന്‍ ടീഷര്‍ട്ടുമാണ് വേഷം. വസ്ത്രം പരമ്പരാഗതമായാലും ആധുനികമായാലും തലയില്‍ തുഡുങ് എന്ന ശിരോവസ്ത്രം നിര്‍ബന്ധമാണ്.
നാസാരന്ധ്രങ്ങളെയും രുചിമുകുളങ്ങളെയും വിവിധാനന്ദങ്ങള്ക്ക് വിധേയപ്പെടുത്തുന്ന വിഭവ വാഗ്ദാനങ്ങള്‍ക്കു നടുവിലൂടെ നിങ്ങള്‍ നടക്കുന്നു. ഏതെടുക്കണം, എന്തു രുചിക്കണം, എത്ര സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കായി പൊതിയണം എന്നൊക്കെ എളുപ്പം തീരുമാനത്തിലെത്താനാവാത്തത്ര വൈവിധ്യങ്ങളാല്‍ ചുറ്റപ്പെട്ട്. ഒരു സ്റ്റാള്‍ തീരുന്നതും അടുത്തത് തുടങ്ങുന്നതും എവിടെയെന്ന് പലപ്പോഴും അവ്യക്തമാകുംവിധം സാധനസാമഗ്രികളുടെ ഇടകലർന്നുള്ള കിടപ്പ്. കച്ചവടക്കാരികള്‍ തമ്മിലുള്ള സൗഹാര്‍ദപൂര്‍ണമായ സഹകരണം. മൊത്തം മൂവായിരത്തി ഇരുന്നൂറിലേറെ ചെറുകിട കച്ചവട സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. അരി, നൂഡില്‍സ് തുടങ്ങിയവ മുതല്‍ മത്സ്യമാംസാദികളും തുണിത്തരങ്ങളും അടുക്കളപാത്രങ്ങളും കരകൗശല വസ്തുക്കളും വരെ മിതമായ വിലക്ക്, വേണമെങ്കില്‍ വിലപേശി പസാര്‍ ബസാറില്‍ നിന്നും വാങ്ങാം.

പസാര്‍ ബസാറിലെ ഏറ്റവും ചടുലവും സജീവവുമായ ഭാഗം മത്സ്യമാംസാദികളുടെ വിപണനകേന്ദ്രമാണ്. ഇറച്ചിവെട്ടും കോഴിയെ അറുക്കലും മീന്വൃത്തിയാക്കലുമൊക്കെ സാധാരണ പുരുഷ കച്ചവടക്കാരുടെ കുത്തകയാണല്ലോ. മധ്യവയസ്കരും പരിചയസമ്പന്നരുമായ നിരവധി കച്ചവടക്കാരികള്‍ ബാജു കുറുങിനുമീതെ വൃത്തിയുള്ള വെള്ള ഏപ്രണ്‍ കൂടി ധരിച്ച് ഇറച്ചിവെട്ടുകയും മുറിക്കുകയും അറുക്കുകയും അടുക്കിവെക്കുകയും ചെയ്യുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. അവരോടൊപ്പം പുരുഷകച്ചവടക്കാരും കുറച്ചെങ്കിലും പ്രകടമായുള്ള ഭാഗവും ഇതുതന്നെ. അറുത്ത മാടുകളുടെ രക്തത്തിന്റെയും മാംസത്തിന്റെയും ഇടമെന്ന നിലക്ക് നമ്മള് പ്രതീക്ഷിക്കുന്ന വൃത്തികേടുകള്‍ അവിടെ കണ്ടില്ല. നന്നായി ശുചീകരിച്ച് സൂക്ഷിക്കുന്ന, നിരന്തരം ആവശ്യക്കാര്‍ വന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിപ്പോയിക്കൊണ്ടേയിരുന്ന ഒരിടം. മീനുകളും കടല്‍വിഭവങ്ങളും വരുന്നത് പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നും പുറമേ അയല്‍രാജ്യമായ ഇന്തോനേഷ്യയില്‍ നിന്നും തായ്ലാന്റില് നിന്നും കൂടിയാണ്. തറയും കത്തിയും വെട്ടുമരവുമെല്ലാം ശുചിയായി സൂക്ഷിച്ചിരിക്കുന്നു. ഉണക്കമത്സ്യങ്ങളുടെയും പലതരത്തില്‍ പരമ്പാരഗതമായി സംസ്കരിച്ച ഭക്ഷ്യവിഭവങ്ങളുടെയും കലവറ കൂടിയാണ് സിതി ഖദീജ മാര്‍ക്കറ്റ്. ഉണക്കമുന്തിരി, കാരക്ക തുടങ്ങിയ ഉണക്കപ്പഴങ്ങളും കടലോര ജീവിതത്തിന്റെ ആയിരത്തൊന്ന് ഉപ്പിലിടല്‍ പരീക്ഷണങ്ങളും അവിടെ കാണാം.
മുകള്‍നിലകളിലേക്ക് ചെല്ലുമ്പോള്‍ വസ്ത്രവിധാനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും മറ്റു സാധനസാമഗ്രികളുടെയും ലോകമാണ്. മലേഷ്യയുടെ അഭിരുചികളും സംസ്കൃതിയും വംശവൈവിധ്യവും ഉടുപ്പിലും പടപ്പിലും നടപ്പിലും നിരന്നുകിടക്കുന്നു. താഴെ നിലയിലെ അത്ര തിരക്കും ബഹളവും മുകള്‍ നിലകളില്‍ ഇല്ല. ഏതാനും കച്ചവടക്കാരികളെ പരിചയപ്പെടാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും ഭാഷ തടസ്സമായി നിന്നു. മിക്കവര്‍ക്കും ഒരു സംഭാഷണത്തിലേര്‍പ്പെടാന്‍ മാത്രം ഇംഗ്ലീഷ് അറിവില്ല. ഒരു പ്രാദേശിക മാര്‍ക്കറ്റ് എന്ന നിലക്ക് അവര്‍ക്കതിന്റെ ആവശ്യവുമില്ല. സാധനത്തിന്റെ പേരും വിലയും പറയാവുന്നത്ര ആംഗലേയം മതി അവര്‍ക്ക് പുലര്‍ന്നുപോകാന്‍.

മുഖ്യധാരാ മലേഷ്യന്‍ സമൂഹത്തില്‍ നിന്ന് ഭാഷാപരമായും ഭക്ഷണപരമായും വ്യതിരിക്തകളുള്ളവര് കൂടിയാണ് കെലന്തനീസ് മലായര്‍. തായ്ലാന്റിനോടുള്ള ഭൂമിശാസ്ത്രപരമായ അടുപ്പവും പഴയകാലത്തെ അവിടുത്തെ പട്ടാനി രാജവംശത്തിനു കീഴിലായിരുന്നതും കാരണമായി കെലന്തനീസ് മലായ് ഉപഭാഷ മുഖ്യധാരാ മലായ് അറിയുന്നവര്‍ക്കുപോലും ഭാഗികമായേ മനസ്സിലാവുകയുള്ളൂ. ഭക്ഷണശീലങ്ങളിലുമുണ്ട് സിയമീസ് (തായ്ലാന്റ്) സ്വാധീനം. 98 ശതമാനവും മുസ് ലിംകളാണ് കെലന്തന്‍ പ്രവിശ്യയിലുള്ളത്. മതവംശഭേദമന്യേ തങ്ങളുടെ പ്രാദേശികവ്യതിരിക്തതയെ ചൊല്ലി അഭിമാനമുള്ളവരാണ് കെലന്തനുകാര്.
മുസ്ലിം നഗരരൂപകല്പനകളില് വിപണിയുടെ കേന്ദ്രസ്ഥാനത്തെക്കുറിച്ച് ചരിത്രകാരന്മാര് ചൂണ്ടിക്കാണിക്കാറുണ്ട്. നാഗരിക ജീവിതത്തിന്റെ അച്ചുതണ്ട് വിപണിയാണ്. ക്രയവിക്രയമാണ്ബ ന്ധങ്ങളുടെ ജീവനാഡി. പങ്കിടലാണ് സംസ്കാരത്തിന്റെ ചാലകശക്തി എന്നു പറയുംപോലെ. മുസ്ലിം പാരമ്പര്യത്തെ സംബന്ധിച്ച് കച്ചവടം പ്രവാചകചര്യ കൂടിയാണ്. സത്യസന്ധനായ വ്യാപാരിക്ക് സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം കൊടുത്ത മതബോധത്തിന്റെ ഉടമകള്‍ കച്ചവടത്തെ ഒരാത്മീയ പ്രവര്‍ത്തി കൂടിയാക്കി മാറ്റുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ കാണാം. സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്കു വരുമ്പോള്‍, ഈ പാരമ്പ്യത്തിലേക്ക് മുസ്ലിം സ്ത്രീയുടെ മികവും തികവും കൂടി കണ്ണിചേരുന്നു. കര്‍ബലയിലെ പടക്കളം മുതല്‍ ബാഗ്ദാദിലെ കൊട്ടാരം വരെയും, കൊര്‍ദോവയിലെ ശാസ്ത്രകേന്ദ്രം മുതല്‍ ഫെസിലെ പള്ളിക്കൂടം വരെയും, ചരിത്രത്തിലുടനീളം മുസ്ലിം സ്ത്രീ പ്രകടിപ്പിച്ച സര്‍ഗശേഷിയും സംസാരികോര്ജവും ഇച്ഛാശക്തിയും പസാര്‍ ബസാറിലെ കരുത്തരായ സ്ത്രീകള്‍ നിശബ്ദം ഓര്‍മപ്പെടുത്തുന്നു.

സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റിനു പുറത്തും മലേഷ്യയിലെ സ്ത്രീജീവിതം വര്‍ണശബളവും ആകര്‍ഷകവുമാണ്. കോലാലംപൂര്‍ ഉള്‍പ്പെടെയുള്ള വന്‍നഗരങ്ങളിലും ഉള്‍ഗ്രാമങ്ങളിലും ചെറിയ തട്ടുകടകള്‍ മുതല്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ നടത്തുന്ന കാര്യപ്രാപ്തിയുള്ള മുസ്ലിംസ്ത്രീകളെ മലേഷ്യയില്‍ വന്നിറങ്ങുന്ന ആര്‍ക്കും യഥേഷ്ടം കാണാവുന്നതാണ്. മലേഷ്യന്‍ തൊഴില്‍ശക്തിയുടെ പകുതിയോളം സ്ത്രീകളാണ്. രാജ്യത്തിൻറെ സമ്പദ്ഘടനയെ മുന്നോട്ടുതള്ളുന്നത് അവരുടെ അധ്വാനമാണ്. മലേഷ്യന്‍ ഭരണകൂടത്തിന്റെ വിവിധ സ്ത്രീസൗഹൃദ നയങ്ങളും സിസ്റ്റേ്സ് ഇന്‍ ഇസ്ലാം ഉള്‍പ്പെടെയുള്ള പൗരാവകാശ പ്രസ്ഥാനങ്ങളുടെ നിരന്തരമായ പോരാട്ടവും ദക്ഷിണ പൂര്‍വേഷ്യന്‍ സമൂഹങ്ങളില്‍ പൊതുവായുള്ള സ്ത്രീകളുടെ ഉയര്‍ന്ന പദവിയും ഇതില്‍ പങ്കുവഹിക്കുന്നുണ്ട് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കോത്തബാരു സിറ്റി കൗണ്‍സിലിന്റെ അധീനതയിലുള്ള സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റ് ലേലാടിസ്ഥാനത്തില് ഏറ്റെടുത്തു നടത്തുന്നത് ഒരു സ്വകാര്യകമ്പനിയാണ്. പുറമെ, ഭരണനിര്‍വഹണത്തിലും വ്യാപാരികളുടെ പ്രശ്നപരിഹാരങ്ങളിലും സഹായിക്കാനായി സിതി ഖദീജ കോഓപ്പറേറ്റീവ് സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ മക്കയില്‍ നിന്ന് സിറിയയോളം തന്റെ വ്യാപാരം വികസിപ്പിച്ച അന്നത്തെ ബഹുരാഷ്ട്ര കച്ചവടക്കാരിയായിരുന്ന പ്രവാചകപത്നി ഖദീജാബീവിയുടെ പേര് ഈ മാര്‍ക്കറ്റിന് എന്തുകൊണ്ടും ചേരും. പസാര്‍ ബസാര്‍ ബുലു കുബു എന്നായിരുന്നു ഇതിന്റെ പഴയ പേര്. 1985ല്‍ സുല്‍ത്താല്‍ ഇസ്മായിൽ പെത്രയാണ് ഇത് തുറന്നുകൊടുത്തതെങ്കിലും 1997ലാണ് സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്ന് പുനര്‍നാമകരണം ചെയ്തത്. മലേഷ്യന്‍ ഇസ്ലാമിക് പാര്‍ട്ടി ‘പാസി’ന്റെ വിജയത്തെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി നിക് അസീസ് നിക്മത് ആണ് പുനര്‍നാമകരണത്തിന് ചുക്കാന്‍പിടിച്ചത്.

സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റിനകത്തെ ഊടുവഴികളിലൂടെ ചുറ്റിക്കറങ്ങി, അല്ലറചില്ലറ കേക്കുകളും രസപ്പൊതികളും നുണഞ്ഞ് കുഞ്ഞുകുട്ടി സാധനങ്ങല്‍ വാങ്ങി പുറത്തിറങ്ങി. കോത്തബാരു നഗരത്തിന്റെ വിഭവവൈവിധ്യവും സംസ്കാരിക സങ്കീര്‍ണതയും ആ ചുമരുകള്‍ക്കകത്ത് ഒരു മൈക്രോകോസം പോലെ സജീവമായിരുന്നു. ഈ രൂപത്തില്‍ ഈ വിപണിക്ക് മൂന്നര പതിറ്റാണ്ടിന്റെ പഴക്കമേ ഉള്ളൂവെങ്കിലും മൂന്നു നൂറ്റാണ്ടെങ്കിലുമായി ഈ വിപണി ഇവിടെ ഉണ്ടായിരുന്നുവെന്ന് ചില ചരിത്രകാരന്മാര് എഴുതിക്കാണുന്നു. തലമുറകള്‍ കൈമാറിക്കൈമാറി വരുന്ന രുചിഭേദങ്ങളുടെ, കരകൗശലവിരുതുകളുടെ, പാചക വിവേകങ്ങളുടെ, ആഭരണ സൗകുമാര്യത്തിന്റെ, വസ്ത്രാലങ്കാര ശേഷിയുടെ അത്ഭുതപ്പെടുത്തുന്നതും ആനന്ദിപ്പിക്കുന്നതുമായ മനോഹരലോകമാണ് സിതി ഖദീജ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്ന പെണ്ണുങ്ങളുടെ ദുനിയാവ്.
(മഹിളാചന്ദ്രിക മാസികയിൽ പ്രസിദ്ധീകരിച്ചുവന്നത്)