മെഹ്ദി ഹസന്: ആത്മാവിനെ തലോടുന്ന സ്വരം
അനുസ്മരണം: എം നൗഷാദ്
നിങ്ങളുടെ ആഴത്തിലുള്ള നിശ്ശബ്ദതകൾക്ക് ശബ്ദം കൊടുക്കുന്നവരാണ് വലിയ പാട്ടുകാർ എന്ന ഖലീല്‍ ജിബ്രാന്റെ പ്രസ്താവനയെ ഉസ്താദ് മെഹ്ദി ഹസന് എപ്പോഴും ഓര്‍മിപ്പിക്കുന്നു, ആധികാരികതയോടെ ശരിവെക്കുന്നു. ശ്രോതാവിന്റെ ആഴമേറിയ നിശബ്ദതകളെയാണ് മഹന്മാരായ പാട്ടുകാര്‍ പാടി പ്രകാശിപ്പിക്കുന്നത്, നിഗൂഢമായി വെളിപ്പെടുത്തുന്നത്. തികച്ചും വൈയക്തികമാണ് സംഗീതത്തിലും ആത്മീയാനുഭവങ്ങള്‍. വാക്കുകള്‍ കൊടുക്കാനാകാതെ നിങ്ങളെ വിഷമിപ്പിക്കുന്ന വിങ്ങലുകളെ, ഉള്ളിലെ വേദനകളെ, പേരില്ലായ്മകളെ ഇയാള്‍ തുറന്നുവിടുന്നു. സമ്മോഹനമായി ആവിഷ്കരിക്കുന്നു. ഗസലില്‍ ‘നഷ‘ (ലഹരി) ഇത്ര വിപുലസ്വീകാര്യമായിത്തീരുന്നത് വെറുതെയാവില്ല.
‘സിന്ദ്ഗീ മേ തോ സഭീ പ്യാര് കിയാ കര്തേ ഹേ… മേ തൊ മര്‍കര്‍ ഭീ മേരി ജാന്‍ തുജെ ചാഹൂംഗാ..’ (ജീവിതത്തില്‍ പ്രണയിക്കുകയെന്നത് സാധാരണമാണ്; ഞാനാവട്ടെ, മരിച്ചുപോയാലും നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും..) കേള്‍ക്കുമ്പൊഴൊക്കെയും അറിയാം, മെഹ്ദി പാടുന്നത് മറ്റൊരു കണ്ഠത്തിനും അനുവദിക്കപ്പെട്ടിട്ടില്ലാത്ത ശോകവശ്യതയുടെ പാരമ്യത്തിലാണ്.
ഹിന്ദുസ്ഥാനിയിലെ ഏക്കാലത്തെയും മികച്ച ഗായകരിലൊരാളായിരുന്നു ഉസ്താദ് മെഹ്ദി ഹസന് ഖാന് സാഹിബ് എന്നു പറഞ്ഞാല്‍ അതദ്ദേഹം അര്‍ഹിക്കുന്നതിലും എത്രയോ ചെറിയ പ്രശംസയായിപ്പോകും. ആ ശബ്ദത്തില്‍ ഞാന്‍ ‘ഭഗവാനെ‘ കേട്ടു എന്നാണ് ലതാ മങ്കേഷ്കര്‍ പറഞ്ഞത്. ദൈവത്തിന്റെ സ്വരമായിരുന്നു മെഹ്ദി എന്ന പുകഴ്ത്തല്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ചരിത്രത്തിലപൂര്‍വ്വമായാണ് ഇത്രവലിയ അത്യുക്തികളെ നമ്മള് സ്നേഹം കൊണ്ട് സഹിക്കുക. ഐതിഹാസികതകൊണ്ട് തുന്നിയ ചില ജീവിതങ്ങള്‍ക്ക് ഏത് അതിശയോക്തിയും പാകമാകും.
മെഹ്ദിയുടെ ശബ്ദത്തിലെ ആര്‍ദ്രമായ പൗരുഷം അദ്ദേഹം പാടിയ പാട്ടുകളുടെ അര്‍ത്ഥം ഒരിക്കലുമറിയാതിരുന്നവരുടെ പോലും ആത്മാവിനെ ആവേശിച്ചു. എത്ര അനായാസമാണ് അദ്ദേഹം സ്വരഭേദങ്ങളെ വിന്യസിച്ചത്. ഒരേവരിയുടെ ആവര്ത്തനാലാപങ്ങളില്, എത്ര സൂക്ഷ്മമായാണ് അതിനുള്ളതിലുമധികം അര്‍ത്ഥങ്ങളെ ഭാവങ്ങളുടെ ഈ മാന്ത്രികന് ആനയിച്ചത്. ഉച്ചാരണത്തിലെ കണിശതയില്‍ മറ്റാരെക്കാളും മുമ്പിലായിരുന്നു അദ്ദേഹം. മെഹ്ദിയുടെ ഗസലുകള്‍ അതേപോലെ പാടാന്‍ ശ്രമിച്ച ഏതുപാട്ടുകാരനാണ് അപമാനിതനാവാതെ രക്ഷപ്പെട്ടത്? അത്രമേല്‍ അന്യൂനവും അനന്യവും അസാധാരണവുമാണോ ആലാപനം. ദ്രുപദില്‍ തളിര്‍ത്തവന്റെ ഗസലാണത്. മരുഭൂമിയില്‍ വളര്‍ന്നവന്റെ ദാഹങ്ങള്‍ ‘കേസരിയാ ബാലം’ പോലുള്ള അനശ്വര രാജസ്ഥാനീ നാടോടിഗീതങ്ങളിലൂടെ അയാളില്‍ കയറിപ്പറ്റിയിട്ടുണ്ട്. വിഭജനത്തിന്റെയും പലായനങ്ങളുടെയും വ്യക്തിപരമായ കെടുതികള്‍ക്കുമീതെയും അതിരുകള്‍ ഭേദിച്ച്, കലഹിക്കാന്‍ പഴുതുകള്‍ നോക്കിനടന്ന രണ്ടുദേശരാഷ്ട്രങ്ങളെ മെഹ്ദിയുടെ ശബ്ദം ഒന്നിപ്പിച്ചുകൊണ്ടേയിരുന്നു.
ഗസലിനെ, അതുവഴി ഹിന്ദുസ്ഥാനിയുടെ സമ്പന്ന പാരമ്പര്യങ്ങളെ, ജനകീയവത്കരിച്ചതില്‍ മെഹ്ദിയുടെ പങ്ക് വലുതാണ്. ജാവേത് അഖ്തര്‍ എഴുതിയതുപോലെ, ഗസലിന്റെ ജനപ്രിയത അദ്ദേഹത്തോടൊപ്പമാണാരംഭിച്ചത്. അതദ്ദേഹത്തോടൊപ്പം അവസാനിക്കാതിരിക്കട്ടെ. ‘ അബ് കെ ഹം ബിച്ച്ഡേ തൊ ശായദ് കഭീ ഖാബോം മേം മിലേ… ‘ (നമ്മളിപ്പോള്‍ വേര്പിരിയുകയാണെങ്കിലൊരുപക്ഷേ, വല്ലപ്പോഴും സ്വപ്നങ്ങളില്‍ കണ്ടുമുട്ടുമായിരിക്കാം..) മെഹ്ദി അസ്വാദകതലമുറകളില് നിന്നു വേര്‍പെടാതിരിക്കട്ടെ.
പ്രണയത്തെയും വിരഹത്തെയും കുറിച്ച് മെഹ്ദി പാടുമ്പോള്‍ അത് ജീവിതത്തിന്റെ സ്ഥായിയായ അനിശ്ചിതത്വങ്ങളെയും നഷ്ടസാധ്യതകളെയും കുറിച്ച് ഒരു ആത്മമിത്രത്തിന്റെ സ്നേഹപ്രരോദനങ്ങളായി മാറുന്നു. ഒറ്റക്കിരുന്നാണവ കേള്‍ക്കുന്നതെങ്കില്‍ നിങ്ങളെ അത് കരയിച്ചേക്കും. പിന്നിട്ടുപോന്നതിനെയെല്ലാം ഉള്ളിലേക്ക് മടക്കി മടക്കി വിളിക്കുകയും എന്നിട്ടൊരു ദാര്‍ശനികമായ സ്വച്ഛത പകര്‍ന്നുതരികയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. അത് ഒരേസമയം നിരാശ്രയന്റെ തേങ്ങലും മനുഷ്യവംശത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ്. ഒരേസമയം ആശ്വാസവും പീഡനവുമാണ് മെഹ്ദിയെ ശ്രവിക്കല്. തീര്‍ച്ചയായും, ആശ്വാസത്തിനു തന്നെയാണ് സ്ഥായിയായ മുന്‍തൂക്കം. ഒന്നും അവസാനിച്ചിട്ടില്ലെന്ന്, അതികാല്‍പ്പനികമായ പ്രതീക്ഷകളെ ഈ വൃദ്ധസ്വരം പിന്നെയും പിന്നെയും വെറുതെ വെച്ചുനീട്ടുന്നു.
ഹിന്ദുസ്ഥാനീഗസലുകളുടെ ഒരു വലിയ സാധ്യത വാഗതീതമായ അര്‍ത്ഥങ്ങളെ അത് കേള്‍വിക്കാരനിലേക്ക് പകരുന്നു എന്നതാണ്. കേവലമായ വിവര്‍ത്തനത്താല്‍ ആ ഉര്ദുവരികള് നിങ്ങളെ വലുതായി ആകര്‍ഷിക്കണമെന്നില്ല. സങ്കീര്‍ണമായ അര്‍ത്ഥബാഹുല്യമുള്ള വാക്കുകള്‍ ആ ഭാഷയെ അതിമധുരതരവും വിവര്ത്തനാതീതവുമാക്കിത്തീര്ക്കുന്നു. എത്രയധികം ഒന്നാന്തരം പാട്ടുകാരുടെ ശബ്ദവൈവിധ്യമാണ് സാഹിത്യസമ്പുഷ്ടമായ ഈ ഭാഷയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുന്നത്. ഉള്ളിലെ ആഴങ്ങളെ സ്നേഹിക്കുന്നവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്ന് ഗസലുകളാണ്. അതില്‍ അതിശ്രേഷ്ഠം മെഹ്ദിഹസനും. അങ്ങനെ കിട്ടിയ ഏതാനും ആല്‍ബങ്ങള്‍ തുറന്നുകൊടുത്ത സംഗീതത്തിന്റെ പുതിയ ലോകത്തെത്തിപ്പെട്ടതിന്റെ മഹാവിസ്മയത്തില്‍ കേട്ടുലാളിച്ചിരുന്ന പാട്ടുകള്‍ എത്ര ചെറുതായിരുന്നുവെന്ന് അമര്‍ഷത്തോടെ ഗന്ധര്‍വഗായകരെ ചീത്തപറഞ്ഞ ഒരു കൂട്ടുകാരനെ ഓര്‍മ്മവരുന്നു. ‘ന ഥീ ദുശ്മനീ കിസി സേ, തേരി ദോസ്തി സെ പെഹ്ലേ.. ഹമേ കോയി ഗം നഹീ ഥാ, ഗമേ ആഷിഖീ സേ പെഹ്ലേ.. ‘ (എനിക്കാരോടും ശത്രുതയുണ്ടായിരുന്നില്ല, നിന്നോടുള്ള ചങ്ങാത്തത്തിനും മുമ്പേ, എനിക്കൊരു വിഷാദമുണ്ടായിരുന്നില്ല, പ്രണയ വിഷാദത്തിനും മുമ്പേ) എന്ന് മെഹ്ദി അവരുടെ കാതിലും പാടി.
തീവ്രപ്രണയങ്ങളില് നിസഹായമായി നിരന്തരം ഏര്‍പ്പെട്ട മറ്റൊരു കൂട്ടുകാരനെക്കൂടി ഓര്‍മിക്കട്ടെ, ഓരോ തവണയും കൂടുതല്‍ കഠിനവും കൂടുതല്‍ തീക്ഷ്ണവുമായി പ്രണയിച്ചുകൊണ്ടിരുന്ന അവന് ഓരോന്നിലും നിരാശ്രയനായി പലമാനങ്ങളില്‍ തോല്‍പ്പിക്കപ്പെട്ടു. ഓരോ പ്രണയാന്ത്യത്തിലും – ഭൗതികമായ അര്‍ത്ഥത്തില്‍ – അവന് മെഹ്ദി ഹസന്റെ ഓരോ ആല്‍ബങ്ങള്‍ വാങ്ങി. നിന്റെ പ്രണയത്തിന്റെ തോതുവെച്ച് മെഹ്ദിയുടെ ഗസലുകള്‍ മതിയാകാതെ വരുമല്ലോ എന്ന് ഞങ്ങള്‍ ഇടക്കവനെ പരിഹസിച്ചു. കണ്ണുകള്‍ തിളങ്ങുന്ന നേര്‍ത്ത പുഞ്ചിരിയോടെ അവന് മെഹ്ദിയുടെ വിഷാദരാഗങ്ങള്‍ മോന്തിമോന്തിക്കുടിച്ച് അതിജീവിച്ചു. ഞങ്ങള്‍ പിരിഞ്ഞതിനുശേഷം അവനുവേണ്ടി മെഹ്ദിഎത്രതവണ പാടിയിട്ടുണ്ടാകുമെന്ന് അത്ഭുതം തോന്നുന്നു. എത്രയേറെ മനുഷ്യരുടെ ഭൗമസഹനങ്ങള്ക്കാണ് ആ സ്വരം ആത്മാവിനുമീതെ ഒരു തലോടലായി കൂട്ടുനിന്നിട്ടുണ്ടാവുക എന്നും.
നിശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്നും ബാക്കിയുള്ളതൊക്കെ മോശം വിവര്‍ത്തനങ്ങളാണെന്നും ജലാലുദ്ധീന്‍ റൂമി എഴുതിയിട്ടുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്നത് ധ്യാനാത്മകമായ ആ നിശബ്ദതയിലാണ്. അതിന്റെ പൊരുളിനെ കവിതയിലും സാഹിത്യത്തിലും സംഗീതത്തിലും സംസ്കാരത്തിലും വിവര്‍ത്തനം ചെയ്യാന്‍ നമ്മള് ബാലിശമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും അത്തരം ശ്രമങ്ങളാണ് നമ്മെ മനുഷ്യരായി നിലനിര്‍ത്തുന്നത്. ദൈവത്തിന്റെ ഭാഷയെ വിവര്‍ത്തനം ചെയ്യാനുള്ള പരിശ്രമ ദുര്‍ബലതകള്‍ക്കിടയില്‍ ശ്രേഷ്ഠമായ ഒരു വിവര്‍ത്തനമായിരുന്നു ഉസ്താദ് മെഹ്ദി ഹസന്റെ ഗസലുകള്‍.