ജോർജ് ടൗണിലെ തെരുവുകളും രാത്രിജീവിതവും

എം നൗഷാദ്
പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 03
ജോര്‍ജ് ടൗണ്‍ സഞ്ചാരികളുടെ ഉത്സവപ്പറമ്പാണ്. അതിമനോഹരമായ വാസ്തുശില്‍പകല പ്രകടമായ പഴയ കെട്ടിടങ്ങള്‍, കൊളോണിയല്‍ ഓഫീസുകള്‍, ചുമര്‍ചിത്രങ്ങള്‍, സൗകര്യപ്രദമായ നടപ്പാതകളോടു കൂടിയ ഭംഗിയുള്ള തെരുവുകള്‍, ചായക്കടകള്‍, പുസ്തകപ്പീടികകള്‍, പലതരം വംശമിശ്രണങ്ങള്‍, ഭക്ഷണ വൈവിധ്യം, വശ്യമായ കടപ്പുറം, കടലിലേക്ക് തൂണിന്മേല്‍ കെട്ടിയുയര്‍ത്തിയ പരമ്പരാഗത ചൈനീസ് മുക്കുവഗ്രാമങ്ങള്‍, പഴയ കാലത്തിന്റെ ഗൃഹാതുരത്വം പോലെ കടലില്‍ നങ്കൂരമിട്ടു കിടക്കുന്ന എണ്ണമറ്റ ചരക്കുകപ്പലുകള്‍, ചൈനീസ് ദേവാലയങ്ങള്‍, ബൗദ്ധമന്ദിരങ്ങള്‍, ദര്ഗകള്‍, പള്ളികള്‍, മണി എക്‌സ്‌ചേഞ്ച് കടകള്‍, എല്ലാം ചേര്‍ന്ന് അനുഭവങ്ങളുടെയും കാഴ്ചകളുടെയും ആനന്ദമാണീ നഗരി.
തമിഴ് മുസ്‌ലിം സംസ്‌കാരത്തിന്റെ സമ്പന്നമായ അടയാളങ്ങള്‍ ജോര്‍ജ് ടൗണിലുണ്ട്. ലിറ്റില്‍ ഇന്ത്യാ തെരുവും ചൂലിയയും രുചികരമായ തമിഴ് മുസ്‌ലിം ഭക്ഷണത്തിനു പേരുകേട്ടതാണ്. നാസികന്ദര്‍ എന്നാണ് പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണമറിയപ്പെടുന്നത്. അതു വിളമ്പുന്ന വിശ്രുതവും തിരക്കേറിയതുമായ തമിഴ് റെസ്‌റ്റോറന്റുകളുണ്ട്. രാത്രി ഭക്ഷണം അവിടെ നിന്നാക്കാമെന്നു വച്ചു.
തമിഴ് മുസ്‌ലിം ആവാസകേന്ദ്രമായ ചൂലിയയിലെ പുരാതനമായ കപ്പിത്താന്‍ കലിംഗ് മസ്ജിദ് യുനെസ്‌കോ പൈതൃകപട്ടികയില്‍ പെടുത്തിയ പള്ളികളിലൊന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധികാരികള്‍ അനുവദിച്ച സ്ഥലത്ത് ഖാദര്‍ മുഹ്‌യുദ്ധീന്‍ മരിക്കാര്‍ എന്ന തമിഴ് കപ്പിത്താനാണ് വിശാലമായ പള്ളി നിര്‍മിച്ചത്. കവാടം മുതല്‍ പള്ളി വരെ പച്ചപ്പും ചെടികളും കൊണ്ടലംകൃതമാണ്. പെനാങ്ങ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായതു കൊണ്ട് വിദേശയാത്രികരെ ഉദ്ദേശിച്ചുള്ള പള്ളിപ്രവേശന മര്യാദകളും അമുസ്‌ലിംകള്‍ക്ക് സൗജന്യമായി എടുക്കാവുന്ന ഇസ്‌ലാം പ്രബോധന ലഘുലേഖകളും പള്ളി വരാന്തയിലുണ്ടായിരുന്നു. ശാഫി മദ്ഹബാണ് മലേഷ്യയിലുടനീളം പിന്തുടരുന്നത്. ഗ്രാമങ്ങളിലെ ചെറിയ പള്ളികള്‍ മുതല്‍ അതിബൃഹത്തായ നാഷണല്‍ മോസ്‌കില്‍ വരെ സ്ത്രീകള്‍ക്ക് അഞ്ചുനേരവും നിസ്‌കരിക്കാനുള്ള മാന്യമായ സംവിധാനം മലേഷ്യന്‍ സുന്നികള്‍ക്കിടയില്‍ സാധാരണമാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും നിസ്‌കാരസ്ഥലങ്ങള്‍ വേര്‍തിരിക്കുന്ന ഒരു ബോര്‍ഡോ വരയോ തുണിശീലയോ പള്ളികളില്‍ കാണാം. വെള്ളിയാഴ്ച ജുമുഅകളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന പതിവ് മലേഷ്യയിലെ പള്ളികളിലില്ല.

കപ്പിത്താന്‍ കലിംഗ് മസ്ജിദിനു മുന്നിലെ തെരുവിൽ മലായ് പെൺകുട്ടികൾ.
നാഗൂര്‍ ആണ്ടവന്‍ എന്നറിയപ്പെടുന്ന ഷാഹുല്‍ ഹമീദ് ഖാദിര്‍ വലിയ്യിന്റെ ബഹുമാനാര്‍ഥം, നാഗൂരില്‍ നിന്നു കൊണ്ടുവന്ന ഏതാനും അവശിഷ്ടങ്ങളും മറ്റും വച്ചു പണിത കൊച്ചുദര്‍ഗയില്‍ ആളും ആരവവും കുറവായിരുന്നു. കടലു കടന്നുപോയാലും കെടാതെ കാക്കുന്ന വേരുകളുടെ പുണ്യം ഒരു ജനതയെ ആപല്‍കാലങ്ങളില്‍ എങ്ങനെയൊക്കെയാവും തുണക്കുന്നുണ്ടാവുക എന്ന് അവിടെ നില്‍ക്കുമ്പോള്‍ ഞാനോര്‍ത്തു. കുറച്ചു പുണ്യാളന്മാരുടെ ഖബറുകളും കണ്ടതോര്‍ക്കുന്നു. പെനാങ്ങിലെ പളളികളെയും സൂഫികളെയും മാത്രം തേടുന്ന മറ്റൊരു യാത്ര മനസ്സിലുണ്ട്.
ജോര്‍ജ് ടൗണിലുളള കാംപുങ് മലബാര്‍ എന്നറിയപ്പെടുന്ന മലബാര്‍ ഗ്രാമമിപ്പോള്‍ മലബാരികളുടേതല്ല. ചൈനാടൗണിന്റെ ഭാഗമാണത്. പണ്ടുകാലത്ത് നിര്‍മാണത്തൊഴിലാളികളായും കരകൗശലപ്പണിക്കുവേണ്ടിയും മലബാര്‍ മേഖലയില്‍ നിന്നു വന്നവരുടെ തെരുവായിരുന്നു കാംപുങ് മലബാര്‍ എന്നു പറയപ്പെടുന്നു. കാലത്തിന്റെ ഒഴുക്കില്‍, മലബാര്‍ ഇപ്പോള്‍ പേരില്‍ മാത്രമായി അവശേഷിക്കുന്നു.
ഈ പരിണാമങ്ങള്‍ പെനാങ്ങിന്റെ പൊതുവെയുള്ള ചരിത്രം സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരും രണ്ടാം ലോകയുദ്ധക്കാലത്ത് ജപ്പാന്‍കാരും പിടിച്ചടക്കിയ ദ്വീപാണ് പെനാങ്ങ്. പിന്നീട് വിയറ്റ്‌നാം യുദ്ധ കാലത്ത് വിശ്രമിക്കാന്‍ ഇടത്താവളം തേടി വരുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ കേന്ദ്രവുമായി ഈ നാട്. ആരെയും സ്വീകരിക്കാന്‍ മടിക്കാതിരുന്നതിന്റെ ഗുണദോഷങ്ങള്‍ പെനാങ്ങിന്റെ സംസ്‌കൃതിയെ സ്വാധീനിച്ചു. ജോര്‍ജ് ടൗണില്‍ നിന്ന് ബട്ടര്‍വര്‍തിലേക്കുള്ള ജങ്കാറില്‍ പെനാങ്ങിന്റെ സകലചരിത്രവും വംശമിശ്രണങ്ങളും കയറിക്കൂടിയതായി തോന്നി. പെനാങ്ങ് പോര്‍ട്ടിലേക്ക് അടുപ്പിക്കാനായി നങ്കൂരമിട്ടു കിടക്കുന്ന ചരക്കുകപ്പലുകള്‍ക്കും വലിയ മീന്‍പിടുത്ത ബോട്ടുകള്‍ക്കുമിടയിലൂടെ ജങ്കാര്‍ വാഹനങ്ങളെയും പല വംശങ്ങളിൽ പെട്ട മനുഷ്യരെയും പേറി ബട്ടര്‍വര്‍ത് ജെട്ടിയിലെത്തി. അവിടെനിന്ന് മലേഷ്യയിലെ വിവിധ നഗരങ്ങളിലേക്ക് വോള്‍വോ ബസുകളും സിറ്റിബസുകളും കിട്ടും. ഒരു ചായ കുടിച്ച്, ഒന്നുരണ്ടു പേരെ പരിചയപ്പെട്ട്, കാഴ്ചകള്‍ കണ്ട്, തിരിച്ച് ജങ്കാര്‍ കയറി.

കടൽഗ്രാമത്തിലെ നടപ്പാതകളിലൂടെ മുന്നേറുമ്പോൾ അവിടെ താമസിക്കുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും എതിരെ പോയി.
പെനാങ്ങ് ജെട്ടിയോട് അടുത്തായി കടലിലേക്ക് തൂണുകൾക്കുമീതെ പണിതുയർത്തിയ ചൈനീസ് ഗ്രാമം മനോഹരമായ അനുഭവമാണ്. മരപ്പലകകൾക്കുമീതെ കൂടി നടക്കുമ്പോൾ ചുറ്റും എണ്ണമറ്റ കൊച്ചുവീടുകൾ കാണാം. എല്ലാം മരം കൊണ്ടുപണിതത്. ചിലത് ചെറുകടകളോ ഭോജനശാലകളോ ആണ്. താമസസൗകര്യം ഉണ്ടോ എന്നറിയില്ല. എന്തായാലും പരദേശികളേക്കാൾ സ്വദേശികളെയാണ് അവിടെ കണ്ടത്. മരവീടുകളുടെ ചുമരുകളിൽ ചൈനീസ് കൊത്തുപണികളും കരകൗശല വസ്തുക്കളും സുലഭമായിരുന്നു. പരമ്പരാഗത ശൈലിയിൽ മീതെ നിന്ന് മീനിനെ ഒറ്റിപ്പിടിക്കുന്ന തരത്തിലുള്ള നീണ്ട കൂടകളും തൂക്കിയിട്ടതുകണ്ടു. നടപ്പാതക്കിരുവശവും പച്ചപ്പാർന്ന ചെടിച്ചട്ടികൾ. ബൈക്കുകൾ പാർക്ക് ചെയ്തതിനോട് ചേർന്ന് ഒരു വലിയ ഡ്രാഗൺ ബോട്ട് കയറ്റിവെച്ചിരുന്നു. ഏതോ പ്രമാദമായ ബോട്ട് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചതിന്റെ ആവേശക്കുറിമാനം അതിനടുത്തായി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ജോലി കഴിഞ്ഞോ മറ്റോ വിശ്രമിക്കുന്ന ചൈനീസ് വംശജരായ ചെറുപ്പക്കാരെയും വർഷങ്ങളുടെ കടൽക്കാറ്റേറ്റ് ഇനിയുമുയരെ വളരാൻ കൊതിച്ചുനിൽക്കുന്ന നിരവധി ബോൺസായ് മരങ്ങളെയും ശ്രദ്ധിച്ചു. കടൽഗ്രാമത്തിലെ നടപ്പാതകളിലൂടെ മുന്നേറുമ്പോൾ അവിടെ താമസിക്കുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും എതിരെ പോയി. വർണശബളങ്ങളായ ചില്ലുവിളക്കുകൾ നിരത്തിയിട്ടതു കണ്ടു കയറിച്ചെന്നത് ഒരു ചൈനീസ് ദേവാലയത്തിലേക്കായിരുന്നു. വർണക്കൊടികളാലും വലിയ മണികളാലും അണിയിച്ചൊരുക്കിയ വലിയ ദേവവിഗ്രഹങ്ങൾ അകത്തുകണ്ടു.

സന്ദർശകരെക്കൊണ്ടും നാട്ടുകാരെക്കൊണ്ടും നിറഞ്ഞിരിക്കുമ്പോളും ദ്വീപുനഗരങ്ങൾക്ക് സ്വതവേയുള്ള ഒരുതരം പ്രശാന്തത പെനാങിന്റെ അന്തരീക്ഷത്തിലെവിടെയോ ഉറഞ്ഞുകിടക്കുന്നപോലെ തോന്നി.
പെനാങ്ങിലെ രാത്രിജീവിതം ഏറ്റവും ചടുലമായിരിക്കുന്നത് ഒരുപക്ഷേ യൂറോപ്യന്‍ ക്വാര്‍ട്ടേഴ്‌സിലാവും. തെരുവിലേക്ക് തുറന്നുവച്ച ഓപ്പണ്‍ ബാറുകളും ഭക്ഷണശാലകളും നിരവധിയായിരുന്നു. പലേടങ്ങളിലും ഗിറ്റാറും ജാസുമായി സംഗീതാവതരണം നടക്കുന്നുണ്ടായിരുന്നു. അധികവും വെള്ളക്കാരായ യാത്രികരാണ്. ഭക്ഷണവും വീഞ്ഞും മദ്യവും കാണാം. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. പാതി ഇരുട്ടില്‍ അമിതമായ ചമയങ്ങളണിഞ്ഞ് ആവശ്യക്കാരെ അങ്ങിങ്ങായി കാത്തിരിക്കുന്ന രണ്ടുമൂന്നു വേശ്യാ സ്ത്രീകളെ കണ്ടു. ബോബ് മാര്‍ലിയെ വരച്ച വലിയ ചുമരില്‍ ചാരിയിരുന്ന് ഒരു പെനാങ്ങി ചെറുപ്പക്കാരന്‍ മൈക്കില്‍ റെഗ്ഗേ പാടിക്കൊണ്ടിരിക്കുന്നു. ഭക്ഷണപ്പാത്രങ്ങളിലോ വീഞ്ഞു ചഷകങ്ങളിലോ സംഭാഷണങ്ങളിലോ കഞ്ചാവിലോ സ്വയം നഷ്ടപ്പെട്ടുപോവാത്തവര്‍ മാത്രം അയാളെ കേട്ടു.
സ്വദേശികളും പരദേശികളുമായ സന്ദർശകരെക്കൊണ്ടും നാട്ടുകാരെക്കൊണ്ടും നിറഞ്ഞിരിക്കുമ്പോളും ദ്വീപുനഗരങ്ങൾക്ക് സ്വതവേയുള്ള ഒരുതരം പ്രശാന്തത പെനാങിന്റെ അന്തരീക്ഷത്തിലെവിടെയോ ഉറഞ്ഞുകിടക്കുന്നപോലെ തോന്നി. മനുഷ്യന്റെ മാധുര്യവും മനോഹാരിതയും കരുത്തും അനുഭവിച്ചാണ് ഞാന്‍ പെനാങ്ങിനോടു വിടപറഞ്ഞ് കോത്തബാരുവിലേക്കുള്ള ബസില്‍ കയറിയത്. പെനാങിന്റെ ഏറ്റവും വലിയ നേട്ടം അങ്കിൾ ഇദ്രീസിനോടൊപ്പം ചിലവഴിച്ച മണിക്കൂറുകൾ തന്നെയായിരുന്നു. അങ്കിള്‍ ഇദ്‌രീസ് ആ മണ്ണിലിട്ട വിത്തുകള്‍ പൂവുംകായുമാകാതിരിക്കില്ല വരുംകാലങ്ങളില്‍.
(ഫാസിൽ ഫിറോസ് എഡിറ്റ് ചെയ്ത് ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ‘സഫർ: മുസ്‌ലിം ജീവിതങ്ങളിലൂടെ പല യാത്രകൾ’ എന്ന പുസ്തകത്തിലേക്കായി എഴുതിയത് മാധ്യമം വെബ് എഡിഷൻ പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അവസാനഭാഗത്തിന്റെ പരിഷ്കരിച്ച ഭാഷ്യമാണിത്. മാധ്യമം ലിങ്ക് ഇവിടെ: http://bit.ly/2vDBWfM)
All photographs by the writer.