വൈരാഗിയുടെ അനുരാഗം

ലോകം ചുമരുകളില്ലാത്ത അനാഥാലയമാണെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ കരുണ ‘വെറുമൊരോർമ്മതൻ കുരുന്നുതൂവൽ’ വായിക്കുമ്പോൾ ഓരോ താളിലും അനുഭവപ്പെടുന്നു. ബോബി ജോസ് കട്ടികാടിൻറെ ബാല്യകാല ഓർമക്കുറിപ്പുകൾക്ക് എം നൗഷാദ് എഴുതുന്ന ആസ്വാദനം.

ആർദ്രതയുടെ ഒരാവരണം ബോബിയച്ചന്റെ വാക്കുകളിൽ എപ്പോളുമുണ്ട്. എഴുതുമ്പോളും പറയുമ്പോളും നമുക്കത് അനുഭവിക്കാനാവും. ‘വെറുമൊരോർമ്മതൻ കുരുന്നുതൂവൽ’ വായിക്കുമ്പോൾ നമ്മുടെ മുന്നിലിരുന്ന് അച്ചൻ പതിയെ മിണ്ടിപ്പറയുകയാണെന്നേ തോന്നൂ. വലിയ അലങ്കാരപ്പണികളൊന്നുമില്ലാത്ത ആലപ്പുഴയുടെ നാട്ടുമൊഴി. അപ്പോളും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ജീവിതസ്നേഹവും ദാർശനിക വ്യഥകളും. തുമ്പോളി എന്ന കടലോര ഗ്രാമത്തിൽ ചെലവിട്ട ഒരു സാധാരണ കേരളീയ ബാല്യത്തിന്റെ ഓർമകളെയാണ് ഈ പുസ്‌തകത്തിൽ ബോബിയച്ചൻ ആനയിക്കുന്നത്. കൂടെയുണ്ടായിരുന്നവരും പിരിഞ്ഞുപോയവരുമായ മനുഷ്യർ, കൂട്ടുകാർ, ബന്ധുക്കൾ, വിരുന്നുകാർ, നാട്ടിലെ ചേട്ടന്മാർ, ചേച്ചിമാർ, കുസൃതികൾ, കലഹങ്ങൾ എല്ലാം ഇവിടെ വളരെ മിനിമലായി കടന്നുവരുന്നു. ഒരു കുട്ടി അനുഭവിക്കുന്ന പള്ളിക്കൂടവും പള്ളിപ്പെരുന്നാളും ഇതിന്റെ താളുകളിൽ മിഴിവോടെ എഴുന്നുനിൽക്കുന്നുണ്ട്. കടപ്പുറവും കുളിക്കടവും മനുഷ്യന്റെ സ്നേഹകാമനകളും പോരാട്ടങ്ങളും സദാചാര വിധിതീർപ്പുകളൊന്നുമില്ലാതെ ആവിഷ്‌കരിക്കപ്പെടുന്നു. മുതിർന്ന മനുഷ്യരുടെ ജീവിതത്തെ നോക്കിനിൽക്കുന്ന, അവരുടെ തീരുമാനങ്ങളുടെ കാര്യകാരണങ്ങൾ പലപ്പോഴും പിടികിട്ടാതെ പോകുന്ന ഒരു കുഞ്ഞിന്റെ ദാർശനിക നിഷ്‌കളങ്കത അയത്നലളിതമായി ഓരോ ഓർമയിലും തെളിഞ്ഞുനിൽക്കുന്നു. “ഈ മുതിർന്നവർക്ക് എന്തിന്റെ കേടാണ്?” എന്ന ചോദ്യം ആ കുട്ടി നമ്മുടെ ചെയ്‌തികളോട് ഉന്നയിക്കുന്നു.  

ഷൂസെ സരമാഗോയുടെ Small Memories എന്ന ‘കുഞ്ഞു’പുസ്തകമാണ് ഇതെഴുതാനുള്ള ധൈര്യം തന്നതെന്ന് അച്ചൻ പുസ്തകത്തിൽ പറയുന്നുണ്ട്. എന്നുവെച്ചാൽ കഥയായി കെട്ടിയെഴുന്നള്ളിക്കാൻ മാത്രം വിപുലമോ സംഭവബഹുലമോ ആയ ഒന്നുമില്ല അച്ചനോർത്തെഴുതാൻ. വളരെ ചെറിയ അധ്യായങ്ങളാണ് ഓരോന്നും. സാധാരണ മനുഷ്യരുടെ സാധാരണ സങ്കടങ്ങളും ആനന്ദങ്ങളും വേവലാതികളുമാണ് നിറയെ. പക്ഷെ, ലോകം ചുമരുകളില്ലാത്ത ഒരു അനാഥാലയമാണെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ കരുണ ഓരോ താളിലുമുണ്ട്. അതുമതി നമ്മുടെ കണ്ണും ഹൃദയവും നിറയ്ക്കാൻ. ഗൃഹാതുരത്വത്തിന്റെ പൊടിപ്പും തൊങ്ങലും തൊട്ടുതീണ്ടാതെ, പോയ കാലത്തെ ചൊല്ലിയുള്ള കാൽപനിക മഹത്വവൽക്കരണങ്ങളില്ലാതെയാണ് രചന.

ഞാൻ എന്ന വാക്കിന്റെ ബോധപൂർണമായ അസാന്നിധ്യം ഒരോർമക്കുറിപ്പിനെ സംബന്ധിച്ച് ഏതാണ്ടസാധ്യമാണ്. സാധനയുടെ, ആത്മനിഗ്രഹത്തിന്റെ സാഫല്യത്തിൽ ബോബി അച്ചനത് വലിയ പരിക്കില്ലാതെ സാധിച്ചെടുക്കുന്നുണ്ട്. നർമവും കരുണയും സമം ചേരുന്ന ഒരിടം കൂടിയാണ് അച്ചന്റെ സംസാരങ്ങളും എഴുത്തും. ദാർശനികരുടെ നർമം ഉപരിപ്ലവമായ പൊട്ടിച്ചിരികളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉൾക്കാഴ്ചയുടെ മായാത്ത പുഞ്ചിരികളാണ് അതിന്റെ നടപ്പുരീതി. വൈരാഗികളിൽ നിറയുന്ന ഒരുതരം അനുരാഗമുണ്ട്. സൂഫികൾ ഇഷ്‌ഖ് എന്നൊക്കെ പറയുന്നതരം. ജീവിതത്തോട് സദാ ആദരത്തിലായിരിക്കുക. ഒന്നിനെയും നിസാരമായി ഗണിക്കാതിരിക്കുക. എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കുക. അത് പ്രയോഗത്തിലുള്ള ഒരാളുടെ വാക്ക് ഔഷധമായി ഭവിക്കും. അതുനമ്മെ കഴുകും, ഒഴുക്കും.  

എഴുത്തിന്റെ മിതത്വത്തിന് അച്ചനെ ഒരു പാഠപുസ്തകമാക്കാം എന്നുതോന്നുന്നു. കൂടിപ്പോയാൽ മൂന്നുപേജിൽ എല്ലാ അധ്യായവും തീരും. കഥ പറച്ചിലിന്റെ എല്ലാ രസങ്ങളും നിലനിർത്തുമ്പോൾ തന്നെ ഒരിത്തിരിക്കൂടി നീട്ടിപ്പറഞ്ഞിരുന്നെങ്കിൽ എന്ന് കൊതിപ്പിക്കുന്ന തരത്തിൽ പിശുക്കിക്കളയും. ചിലതൊക്കെ ഒരാവർത്തി കൂടി വായിപ്പിക്കും ഉള്ളിൽ ഒളിപ്പിച്ചുവെച്ച സൂചകങ്ങളെ മുങ്ങിയെടുക്കാൻ. അതുകൊണ്ടുള്ള വേറൊരു ഗുണം ഒരു ഓർമ്മക്കുറിപ്പ് വായിച്ചാൽ അടുത്തതിലേക്ക് നമ്മുടെ മനസ്സ് അറിയാതെ വെമ്പിപ്പോകും എന്നതുതന്നെ.

ഫ്രാൻസിസ് പുണ്യാളനും പൊയ്കയിൽ അപ്പച്ചനും നക്സലൈറ്റ് ചേട്ടന്മാരും മുട്ടത്തു വർക്കിയും ഇ എം എസ്സുമൊക്കെ ചെറുതോ വലുതോ ആയ സ്വാധീനങ്ങളായി ബോബിയച്ചനെ ചെറുപ്പത്തിലേ തൊടുന്നുണ്ട് ഈ താളുകളിൽ. ഏറ്റവും ആവർത്തിക്കുന്നത് സ്വന്തം പിതാവ് തന്നെ. തുമ്പോളിയുടെ ആത്മാവിൽ ആണ്ടുകിടക്കുന്ന ക്രൈസ്തവ മിത്തുകളും മൂല്യങ്ങളും അതിൽതന്നെയുള്ള സംഘർഷങ്ങളും അച്ചൻ സൂക്ഷമായി ശ്രദ്ധിക്കുന്നു. തുമ്പോളിയുടെ കഥയിലൂടെ, പലതരം മനുഷ്യരിലൂടെ അദ്ദേഹം ദേശത്തെയും സമുദായത്തെയും അതിവർത്തിക്കുന്നുമുണ്ട്. അഥവാ, തുമ്പോളിയുടെ ജീവിതം മാത്രമല്ല ഇതിലെഴുതുന്നത്. തീരെച്ചെറിയതെന്നു തോന്നിക്കുന്ന ഈ കുറിപ്പുകളിലേക്ക് മൊത്തം ദേശത്തെ, തലമുറകളെ, മനുഷ്യ സമുദായത്തെ അദ്ദേഹം സ്നേഹസ്നാനം ചെയ്യിക്കുന്നു. ഇറങ്ങിപ്പോയ മനുഷ്യരാണ് നമ്മെ ഏറ്റവും വേദനിപ്പിക്കുക. കെട്ടിയവളോടോ കുട്ടികളോടോ ഒരുവാക്കുരിയാടാതെ നാടുവിട്ടുപോയ ആണുങ്ങൾ, ആത്മഹത്യയുടെ കയങ്ങളിലേക്ക് കാരണമൊന്നും ബോധിപ്പിക്കാതെ എടുത്തുചാടിയവർ, പിഴച്ചുപോയവരെന്ന് മുദ്ര ചാർത്തപ്പെട്ട പെണ്ണുങ്ങൾ, വേണ്ടത്ര പരിചരണമോ ശ്രദ്ധയോ കിട്ടാതെ വഴിവക്കുകളിൽ വെയിലും മഴയും മഞ്ഞും കൊണ്ട് പാഴായിപ്പോയ ഭിന്നശേഷിക്കാർ, പ്രായമായിട്ടും അല്ലാതെയും മരിച്ചുപോകുന്നവർ എന്നിങ്ങനെ എണ്ണമറ്റ മനുഷ്യരെ കാണിച്ചുതന്നിട്ട് അവരുടെ വ്യസനപ്രപഞ്ചങ്ങളിലേക്കുള്ള കിളിവാതിൽ തുറന്നിടുകയാണ് ഗ്രന്ഥകാരൻ.

ലേഖകൻ ബോബിയച്ചനുമൊത്ത്.

നർമം കൊണ്ട് അദ്ദേഹം നമുക്കേകുന്ന പ്രതീക്ഷ എടുത്തുപറയേണ്ടതാണ്. ആത്മപരിഹാസമാണല്ലോ ഏറ്റവും ഉദാത്തമായ കല എന്ന് നമ്മൾ വീണ്ടും വീണ്ടും ഓർത്തുപോകും. ഒരു ദേശത്തിന്റെ ജീവചരിത്രമെന്ന നിലയിൽ പരസ്‌പരം പൂരിപ്പിച്ചു വായിക്കാവുന്ന ഒരു നോവലായും ഇടക്ക് പുസ്തകം അനുഭവപ്പെട്ടു. കുഞ്ഞു വിവരണങ്ങൾ ഒരു തിരക്കഥയിലെന്നപോലെ ദൃശ്യങ്ങൾ സമ്മാനിക്കുന്നു. ഓരോ അധ്യായത്തിനു മുന്നിലും കൊടുത്തിരിക്കുന്ന ഉദ്ധരണികൾ ബോബിയച്ചന്റെ എഴുത്തിന്റെ ആത്മാംശത്തെ എടുത്തണിയുന്നത് അത്ഭുതപ്പെടുത്തുന്ന ഔചിത്യത്തോടെയാണ്. സംഗീത് ബാലചന്ദ്രന്റെ ലളിതവും അർഥഗർഭവുമായ ചിത്രങ്ങൾ വായനയെ കൂടുതൽ മനോഹരമാക്കുന്നു. വി.ജി. തമ്പിയുടെ ആദരവ് തുടിച്ചുനിൽക്കുന്ന അവതാരിക ഏറ്റവും ഉചിതം. ബോബിയച്ചൻ തന്നെ പിന്നീടൊരവസത്തിൽ പറഞ്ഞ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, കുറച്ചുകൂടി ഭേദപ്പെട്ട ഒരു ബാല്യം കുട്ടികൾക്ക് കൊടുക്കാനുള്ള ബാധ്യത മുതിർന്നവർക്കുണ്ട് എന്ന് ഈ പുസ്‌തകം വ്യംഗ്യമായി നമ്മോട് അപേക്ഷിക്കുന്നു. നമ്മളെല്ലാം നമ്മുടെ ബാല്യത്തിന്റെ ഉൽപന്നങ്ങളോ തുടർച്ചകളോ ആണെന്നിരിക്കെ മനുഷ്യനെന്ന ജീവിവർഗത്തിന്റെ നല്ല ഭാവിക്ക് കുഞ്ഞുങ്ങൾ കുറേക്കൂടി കരുണ അർഹിക്കുന്നുണ്ട്. മുതിർന്നവരുടെ കലഹങ്ങളും കാലുഷ്യങ്ങളും ഏൽപ്പിക്കുന്ന പ്രഹരങ്ങളും ഭാരങ്ങളും താങ്ങാനാവാത്ത വിധം നിസഹായരും ദുർബലരുമാണ് കുട്ടികൾ. നനുത്ത ഓർമകളുടെ കുരുന്നു തൂവലുകൾ ആണ് അവർക്ക് പേറാനാവുക. അതുവെച്ചാണ് അവർക്ക് ഉയരങ്ങളിലേക്ക് പറക്കാനാവുക. ഡി.സി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Originally published by MediaOne Shelf:

https://www.mediaoneonline.com/mediaone-shelf/art-and-literature/fr-bobby-joses-vyragiyude-anuragam-book-review-257855

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *