സോവിയറ്റ് യൂണിയൻ: പതനത്തിന് രണ്ട് ദശകം പിന്നിടുമ്പോൾ

(2011 ഡിസംബർ 26ന് ‘തേജസ്’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)
എം നൗഷാദ്
സോവിയറ്റ് യൂനിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ സെര്‍ഗിയേവിച്ച് ഗോര്‍ബച്ചേവ് രാജിവച്ചൊഴിഞ്ഞിട്ട് ഈയാഴ്ച ഇരുപതുവര്‍ഷം തികയുന്നു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് സാമ്രാജ്യമായിരുന്നു യൂനിയന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് റിപബ്ലിക്. ലോകത്തെമ്പാടുമുണ്ടായിരുന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാല്‍പ്പനികഭാവനകളിലെ ഉദാത്ത സ്വര്‍ഗം; മുതലാളിത്തത്തിന്‍റെ ശീതയുദ്ധ ശത്രു. പുറത്തുനിന്നുള്ള ആക്രമണങ്ങളേക്കാള്‍ അകത്തുനിന്നുള്ള ദൗര്‍ബല്യങ്ങള്‍കൊണ്ടാണ് സോവിയറ്റ് യൂനിയന്‍ വിഘടിച്ച് യുറേഷ്യയിലെ 15 റിപബ്ലിക്കുകള്‍ പിറവികൊണ്ടത്. ജനങ്ങളുടെ ആവിഷ്കാര ജീവിതത്തെയും സാമൂഹിക-സാമ്പത്തിക ഘടനകളെയും സമഗ്രാധിപത്യപരമായി നിയന്ത്രിച്ച ഏത് അധികാരവ്യവസ്ഥയുടെയും അനിവാര്യമായ വിധി ചിതറിത്തെറിച്ചുപോവലാണ്; അട്ടിമറിയാണ്; ജനകീയവിപ്ലവമാണ് എന്നതു ചരിത്രത്തിലെ പ്രധാന അറിവുകളിലൊന്നാണ്.
1985ല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂനിയന്‍റെ പ്രസിഡന്‍റായി അധികാരമേല്‍ക്കുമ്പോള്‍, ഇല്ലാതാവാന്‍ പോവുന്ന ഒരു രാഷ്ട്രത്തിന്‍റെ തലപ്പത്താണു താനിരിക്കുന്നതെന്ന് ഗോര്‍ബച്ചേവ് കരുതിക്കാണില്ല. ശീതയുദ്ധത്തിന്‍റെ തീക്ഷ്ണതയില്‍ പോലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സോവിയറ്റ് യൂനിയന്‍ നിലംപതിക്കുമെന്ന് വാഷിങ്ടണിലെ കൊടിയ ശത്രുക്കള്‍പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
1917ല്‍ ബോള്‍ഷെവിക് വിപ്ലവത്തെ തുടര്‍ന്നു രൂപംകൊണ്ട സമഗ്രാധിപത്യ ഭരണകൂടത്തിന്‍റെ വഴികള്‍ തുടക്കംതൊട്ടേ ആത്മനശീകരണത്തിന്‍റേതായിരുന്നു. വിയോജിപ്പുകളെയും നേരിയ വിമതസ്വരങ്ങളെപ്പോലും അണ്ണാക്കോടെ പിഴുതെറിഞ്ഞ ക്രെംലിനിലെ സിംഹാസനങ്ങള്‍ ക്രൂരമായ അച്ചടക്കത്തില്‍ ആനന്ദിച്ചു. വ്യാജമായ കണക്കുകളില്‍ അഭിരമിച്ച രാഷ്ട്രംകൂടിയായിരുന്നു അത്. ഗോര്‍ബച്ചേവിന്‍റെ കൈയില്‍ ഭരണമെത്തുമ്പോള്‍ രാജ്യം ഭീതിദമാംവിധത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മാന്ദ്യവും മുരടിപ്പും ഏതളവിലാണെന്നു വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന ശരിയായ കണക്കുകള്‍ അധികാരികള്‍ക്കുപോലും ലഭ്യമായിരുന്നില്ല. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന പ്രവ്ദ(വാര്‍ത്ത)യില്‍ പ്രവ്ദയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്വെസ്തിയ(സത്യം)യില്‍ ഇസ്വെസ്തിയയും ഇല്ലെന്നു ലോകം അതിനകം പരിഹസിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു.
ഗോര്‍ബച്ചേവ് പരിഷ്കരണത്തിന്‍റെ വഴികള്‍ തുറന്നിട്ടു- ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നീ റഷ്യന്‍ വാക്കുകള്‍ ലോകത്തിനു സുപരിചിതമായത് അങ്ങനെയാണ്. സോഷ്യലിസത്തിന്‍റെ ആദര്‍ശ സുവിശേഷങ്ങള്‍ക്കു തീര്‍ത്തും വിരുദ്ധമായിരുന്നു രണ്ടു നടപടികളും. അഭിപ്രായസ്വാതന്ത്ര്യമാണ് ഗ്ലാസ്നോസ്റ്റിന്‍റെ സത്ത. രാഷ്ട്രീയമായ തുറന്നിടലാണത്. പോളിറ്റ് ബ്യൂറോയില്‍ പോലും എതിര്‍സ്വരങ്ങളെ മുളപൊട്ടാന്‍ അനുവദിക്കാത്ത സ്റ്റാലിനിസത്തിന്‍റെ പ്രേതബാധയേറ്റ ഒരു ജനതയ്ക്ക് ഗ്ലാസ്നോസ്റ്റ് ഒരര്‍ഥത്തില്‍ വിപ്ലവംതന്നെയായിരുന്നു. പുതിയ ശബ്ദങ്ങള്‍, പുതിയ സമ്മര്‍ദ്ദസംഘങ്ങള്‍, പുതിയ പാര്‍ട്ടികള്‍, പുതിയ പത്രങ്ങള്‍ രൂപംകൊണ്ടു. പതിറ്റാണ്ടുകളായി മടകളില്‍ ഒളിച്ചുകഴിഞ്ഞിരുന്ന സ്വപ്നങ്ങള്‍ പത്തിവിടര്‍ത്തിയാടി. പുതുതായി കിട്ടിയ സ്വാതന്ത്ര്യമുപയോഗിച്ച് അവര്‍ അതു കൊടുത്ത ഗോര്‍ബച്ചേവിനെ തന്നെയും വിമര്‍ശിച്ചു. രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ശരിപ്പെടുത്താന്‍ താങ്കള്‍ക്കു കഴിയുന്നില്ല എന്നവര്‍ പ്രസിഡന്‍റിനോടു പറഞ്ഞു. ഗ്ലാസ്നോസ്റ്റിന്‍റെ ഫലമായി പുസ്തകനിരോധനങ്ങള്‍ അവസാനിക്കുകയും രഹസ്യപ്പോലിസിന്‍റെ സര്‍വസാന്നിധ്യം ഇല്ലാതാവുകയും ചെയ്തു. രാഷ്ട്രീയത്തടവുകാര്‍ മോചിപ്പിക്കപ്പെടുകയും പത്രങ്ങള്‍ക്കു ഭരണകൂടത്തെ വിമര്‍ശിക്കാന്‍ അവസരമൊരുങ്ങുകയുമുണ്ടായി. ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റിതര പാര്‍ട്ടികള്‍ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്നായി.

പെരിസ്ട്രോയിക്കകൊണ്ട് ഉദ്ദേശിച്ചത് രാഷ്ട്രത്തിന്‍റെ സാമ്പത്തികമായ പുനക്രമീകരണമായിരുന്നു. ശീതയുദ്ധവും ന്യൂക്ലിയര്‍ സ്റ്റാന്‍സ്ഓഫും അഫ്ഗാന്‍ അധിനിവേശത്തിനേറ്റ തിരിച്ചടിയുമൊക്കെയായി വലിയൊരു ഗര്‍ത്തത്തില്‍ വീണുകിടക്കുകയായിരുന്നു സോവിയറ്റ് സമ്പദ്ഘടന. അതിനെ വലിച്ചു കരകയറ്റാന്‍ മറ്റു മാര്‍ഗങ്ങളൊന്നും കാണാതിരുന്ന ഗോര്‍ബച്ചേവ്, സമ്പദ്ഘടനയ്ക്കുമേലുള്ള ഭരണകൂടത്തിന്‍റെ പിടി അയച്ചാല്‍ മതിയെന്നു വിശ്വസിച്ചു. സ്വകാര്യസംരംഭകരുടെ ഇടപെടല്‍ ദാരിദ്ര്യം മാറ്റുമെന്ന് അദ്ദേഹം മോഹിച്ചു. പുതിയ സഹകരണസ്ഥാപനങ്ങളും വ്യക്തികളും ലാഭത്തിനുവേണ്ടിയും അല്ലാതെയും ചെയ്യുന്ന വ്യാപാര-വ്യവസായങ്ങളുടെ ഫലം ജനതയ്ക്കു കിട്ടണമെന്നായിരുന്നു ഉദ്ദേശ്യം. 1920കള്‍ക്കുശേഷം ആദ്യമായി രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ സ്വകാര്യപങ്കാളിത്തമുണ്ടായി. വിദേശനിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെട്ടു. പുതിയ വേതനത്തിനും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശം കിട്ടി. പക്ഷേ, പെട്ടെന്നു മാറുന്നതായിരുന്നില്ല സോവിയറ്റ് യൂനിയനിലെ പട്ടിണി. സാമ്പത്തികപരിഷ്കാരങ്ങള്‍ പച്ചപിടിക്കാന്‍ കാലമെടുത്തു. വിഭവദൗര്‍ലഭ്യതയും റേഷനിങും അവശ്യവസ്തുകള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ നീണ്ട കാത്തുനില്‍പ്പും തുടര്‍ന്നു. ക്ഷാമം പക്ഷേ, റഷ്യക്കാര്‍ക്കു പുത്തരിയായിരുന്നില്ല. സ്റ്റാലിന്‍ തൊട്ടേ അവരങ്ങനെയാണു കഴിഞ്ഞുപോന്നത്. ഉരുളക്കിഴങ്ങ് എല്ലാ ഗ്രാമത്തിലും സുലഭമായിരുന്ന ഒരു രാജ്യത്ത് വിപ്ലവം വന്നതിനുശേഷം ഉരുളക്കിഴങ്ങ് കിട്ടാതാവുകയും സോഷ്യലിസത്തെക്കുറിച്ചുള്ള ലഘുലേഖകള്‍ സുലഭമാവുകയും ചെയ്തത് അവര്‍ അനുഭവിച്ചതാണ്. തന്‍റെ വിടവാങ്ങല്‍പ്രസംഗത്തില്‍ ഗോര്‍ബച്ചേവ് പറഞ്ഞു: “പുതിയ വ്യവസ്ഥയ്ക്കു പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സമയം കിട്ടുന്നതിനു മുമ്പേ തന്നെ പഴയ വ്യവസ്ഥ തകര്‍ന്നടിഞ്ഞു.” പൂര്‍ണമായും തെറ്റായിരുന്നില്ല ആ കുറ്റസമ്മതം.
ശീതയുദ്ധവും അമേരിക്കയുമായി മറ്റു ഭൂപ്രദേശങ്ങളില്‍ നടന്ന നേരിട്ടുള്ളതല്ലാത്ത യുദ്ധങ്ങളും അഫ്ഗാനിലെ മുജാഹിദുകള്‍ കമ്മ്യൂണിസ്റ്റ് അധിനിവേശമോഹങ്ങള്‍ക്കു കൊടുത്ത ചുട്ട മറുപടിയും സോവിയറ്റ് യൂനിയന്‍റെ പതനത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ആഘാതങ്ങളേല്‍പ്പിച്ചിട്ടുണ്ട്. ഭൗതിക ദാരിദ്ര്യത്തേക്കാള്‍ സോവിയറ്റ് യൂനിയനെ തകര്‍ത്തത് മനസ്സാക്ഷിയില്ലാതെ പ്രവര്‍ത്തിച്ച സമഗ്രാധിപത്യഭരണകൂടം സുസാധ്യമാക്കിത്തീര്‍ത്ത ധാര്‍മിക ദാരിദ്ര്യമായിരുന്നു എന്നു പറയാം.
1987ല്‍ ആദ്യമായി എസ്തോണിയയും പിന്നെ ബാള്‍ടിക് പ്രവിശ്യയിലെ മറ്റു ഭരണകൂടങ്ങളായ ലിത്വാനിയയും ലാത്വിയയുമൊക്കെ ഒന്നൊന്നായി സ്വയംഭരണാവകാശം ഉറക്കെയുറക്കെ ആവശ്യപ്പെടുകയും സോവിയറ്റ് യൂനിയന്‍റെ നിലനില്‍പ്പ് അപകടത്തിലാണെന്നു മോസ്കോയിലെ ഉന്നതാധികാരികള്‍ക്കു ബോധ്യംവരുകയും ചെയ്തതിനുശേഷവും അടിച്ചമര്‍ത്തലിന്‍റെ പഴയ പാരമ്പര്യത്തിലേക്കു ക്രെംലിന്‍ പോയില്ല എന്നതു ശ്രദ്ധേയമാണ്.
മാര്‍ക്സിസ്റ്റ് തീവ്രവാദികളുടെ അന്തിമമായ അട്ടിമറിശ്രമവും മോസ്കോയില്‍ നടന്നു. 1991 ആഗസ്തിലായിരുന്നു ഇത്. സോവിയറ്റ് യൂനിയനെന്ന കമ്മ്യൂണിസ്റ്റ് ഭാവനാസ്വര്‍ഗത്തെ എങ്ങനെയെങ്കിലും നിലനിര്‍ത്താനുള്ള അവസാനശ്രമം പക്ഷേ, പൊതുജനങ്ങളുടെ സമ്പൂര്‍ണമായ പിന്തുണയില്ലായ്മയെ തുടര്‍ന്നു പാളിപ്പോയി. സൈന്യമെങ്കിലും കൂടെ നില്‍ക്കാതെ ഒരട്ടിമറിയും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ നവവിപ്ലവകാരികള്‍ നിരാശരായി രംഗം വിട്ടു.
സോവിയറ്റ് യൂനിയന്‍റെ പതനം ഏതായാലും അപകടകരമായ ഒരു ഏകധ്രുവത്തിലേക്കു നമ്മളെ കൊണ്ടുപോയിട്ടുണ്ട്. ലോകത്തിന്‍റെ കേന്ദ്രവും പോലിസും കോടതിയും ഗുണ്ടയുമൊക്കെയായി അമേരിക്ക മാറുന്നത് സോവിയറ്റ് യൂനിയന്‍ ഇല്ലാതാവുന്നതോടെയാണ്. ശീതയുദ്ധത്തെപ്പോലെ തന്നെയോ അതിലധികമോ അപകടകരമായ അവസ്ഥയാണിതു സംജാതമാക്കിയിട്ടുള്ളത്. മറുവശത്ത്, സോവിയറ്റ് യൂനിയനില്‍നിന്നു സ്വാതന്ത്ര്യം നേടിയ റഷ്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍, ബാള്‍ടിക് പ്രവിശ്യയിലെയും മധ്യേഷ്യയിലെയും രാജ്യങ്ങള്‍ പഴയ കെടുതികളില്‍നിന്ന്- സാമ്പത്തികമായ അര്‍ഥത്തിലും രാഷ്ട്രീയമായ അര്‍ഥത്തിലും- വിമോചിതരായിട്ടില്ല. വ്ളാദിമിര്‍ പുടിനെയും ഇസ്ലാം കരിമോവിനെയുംപോലുള്ള ഭീകര ഭരണാധികാരികളെ ജനത പേറിനടക്കേണ്ടിവന്നു. കൊക്കേഷ്യയിലെ മലനിരകളില്‍ റഷ്യന്‍ പട്ടാളക്കാര്‍ ചെച്നിയക്കാരെ മനുഷ്യരായി ഇപ്പോഴും പരിഗണിക്കുന്നില്ല. റഷ്യയുടെ മനസ്സാക്ഷിയെന്നു വിശേഷിപ്പിക്കപ്പെട്ട പത്രപ്രവര്‍ത്തക അന്നാ പൊളിത്കോവ്സ്കയെ വെടിവച്ചുകൊന്നതിനുശേഷം ഗ്രോസ്നിയില്‍നിന്നു വാര്‍ത്തകളേതുമില്ല. നിരായുധരായ ഉസ്ബെക്കുകളെ നിഷ്കരുണം വെടിവച്ചിടുകയും എതിര്‍ക്കുന്നവരെ മുഴുവന്‍ ഇസ്ലാമികഭീകരരായി മുദ്രകുത്തി ജയിലിലടയ്ക്കുകയും ചെയ്യുകയാണ് കരിമോവിന്‍റെ പട്ടാളവിനോദം.
സോവിയറ്റ് യൂനിയനെ പരുത്തിയുല്‍പ്പാദനത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവഴികള്‍ വഴിതിരിച്ചുവിടുകയും അണകെട്ടിനിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് മരുഭൂമിയായിത്തീര്‍ന്ന കസാക്കിസ്താനിലെ കടലുകള്‍ ഇപ്പോഴും വരണ്ടുതന്നെ കിടക്കുകയാണ്. സമഗ്രാധിപത്യവും മനുഷ്യാവകാശലംഘനങ്ങളും ഉണ്ടാക്കുന്ന അടിച്ചമര്‍ത്തല്‍ കൊണ്ടുവരുന്ന ആത്യന്തിക വിമോചന പൊട്ടിത്തെറികളെക്കുറിച്ചുള്ള പാഠം സോവിയറ്റ് യൂനിയന്‍റെ പതനത്തില്‍നിന്നു പഠിക്കാനാവാത്ത മധ്യേഷ്യന്‍ ഭരണാധികാരികളാണു മേഖലയുടെ സമകാലീന ദുരന്തം.