Mere Rashke Qamar | പ്രണയവീഞ്ഞിന്റെ പരമാനന്ദം

സമായേ ബിസ്‌മിൽ 19 | ‘സുപ്രഭാതം’ ഞായർ പതിപ്പ്

എം നൗഷാദ്

പ്രണയവീഞ്ഞിന്റെ പരമാനന്ദം

പ്രണയവും വീഞ്ഞുപോലെ പ്രകടവും പ്രധാനവുമാണ് സൂഫീകവിതയിൽ. അവ ഒരുമിച്ചുവരുന്ന സന്ദർഭങ്ങളും ധാരാളം. രണ്ടിനെയും രൂപകമെന്ന നിലയിൽ ഒരുമിപ്പിക്കുന്നത് അതിന്റെ ലഹരിയാണ്. വെളിവുഭേദിക്കാനും നിയമങ്ങളെ ഉല്ലംഘിക്കാനുമുള്ള അവയുടെ സഹജശേഷിയാണ്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയിൽ. പ്രണയത്തേക്കാൾ വീര്യമുള്ള വീഞ്ഞില്ലെന്ന് അവർ പറയും. മജ്നുവിന്റെ ഉന്മാദത്തെയും ലൈലയുടെ കണ്ണുകളെയും ഉദാഹരിക്കും. ആത്മാവിലാണ് പ്രണയത്തിന്റെ പ്രേരണാരഹസ്യങ്ങൾ. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങൾക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക്, അഗാധസൗന്ദര്യങ്ങളിലേക്ക് ആത്മാവിനെ ആനയിക്കാൻ ശ്രമിക്കുകയാണവർ. കവിതയുടെ ഭാഷയാണ് നിഗൂഢതയുടെ പൊരുൾ കുറച്ചെങ്കിലും ഉൾക്കൊള്ളുക. സംഗീതത്തിലാണ് ആത്മാവിന്റെ തേങ്ങൽ അൽപ്പമെങ്കിലും ആവിഷ്കരിക്കാനാവുക.

അതിമനോഹരമായ ഒരു പ്രണയഗാനമാണ് പാകിസ്താനി കവി ഫന ബുലന്ദ് ഷെഹ്‌രി രചിച്ച “മേരെ രഷ്കേ ഖമർ..” നുസ്രത്‌ ഫതേഹ് അലി ഖാൻ പാടി അവതരിപ്പിച്ചതിന് ശേഷം ബോളിവുഡിൽ ഉൾപ്പെടെ നിരവധി ജനകീയ ഭാഷ്യങ്ങൾ ഇതിനു പല വകഭേദങ്ങളോടെ വന്നിട്ടുണ്ട്. മൂലരചനയുടെ മൊഴിമാറ്റമാണിവിടെ. അവനെയാണോ അവളെയാണോ പറയുന്നത് എന്ന അവ്യക്തത തീർക്കുന്ന തരം പ്രയോഗങ്ങൾ വിവർത്തനത്തെ സങ്കീർണവും കഠിനവുമാക്കുന്നെന്ന കുഴപ്പം പല സൂഫികവിതകളിലുമുണ്ട്. പ്രണയത്തിന്റെ വീഞ്ഞുപകരുന്നവളൊരുക്കുന്ന (സാഖി) പരമാനന്ദങ്ങളിൽ ലയിച്ചുചേരുന്ന – ഫനാ – ഒരാൾക്കാണ് പ്രപഞ്ചത്തിന്റെ ദിവ്യതാളത്തിൽ നൃത്തം വെക്കാനാവുക. ഏകത്വം പ്രാപിക്കാനാവുക. സൗന്ദര്യം ഒരു കാഴ്ചയല്ല. അത് പരമാനന്ദത്തിന്റെ അനുഭവമാണ്. ചിലപ്പോൾ പ്രണയി തന്നെയാവുന്നു സാഖി. സമർപ്പണം തന്നെയാവുന്നു സാഫല്യം.

Listen to Mere Rashke Qamar here:

മേരെ രഷ്കേ ഖമർ | ഫന ബുലന്ദ് ഷെഹ്‌രി

നിലാവിനസൂയ തോന്നുന്നവളേ,
നിന്റെയൊരൊറ്റ നോട്ടം കൊണ്ടെനിക്കുണ്ടായി പരമാനന്ദം.
മിന്നലെനിക്കേറ്റപ്പോൾ വെന്തുരുകി,
തീപ്പിടിച്ചു ഞാൻ വീണപ്പോളുണ്ടായി പരമാനന്ദം.

സൗന്ദര്യലഹരിയെന്റെ വീഞ്ഞിൽ കലർത്തി
പൗർണമി പുഞ്ചിരിച്ചപ്പോളുണ്ടായി പരമാനന്ദം.
നിലാവിന്റെ മറവിൽ നീയെനിക്കു
വീഞ്ഞുപകർന്നപ്പോളുണ്ടായി പരമാനന്ദം.

ചഷകമാകെ പകർന്നു ലഹരി
തെമ്മാടിത്തത്തിന്റെ തേരോട്ടത്തിൽ കുപ്പികളുടഞ്ഞു.
മദ്യശാലയാകെ മത്തിന്റെ മഴപെയ്തു
കാറ്റുംകോളും പെയ്‌തിറങ്ങിയപ്പോളുണ്ടായി പരമാനന്ദം.

മൂടുപടമില്ലാതവൾ വന്നുമുന്നിൽ
എന്റെ യൗവനവുമവളുടേതും കൂട്ടിമുട്ടി.
അവളുടെ കണ്ണെന്റേതിൽ കൊളുത്തി
ഈ ലഹളകാണുമ്പോളുണ്ടായി പരമാനന്ദം.
കാണുമ്പോളെല്ലാം കണ്ണുകളിൽ കണ്ടു നാണം
കൂടിക്കാഴ്ചയെക്കുറിച്ചാരായുമ്പോൾ തുടുത്തു കവിളുകൾ.
എന്റെ ചോദ്യങ്ങളാൽ നാണിച്ചു
തലകുലുക്കിയപ്പോളുണ്ടായി പരമാനന്ദം.

ശെയ്ഖ് സാഹിബിന്റെ ഈമാൻ മാഞ്ഞുപോയി
വീഞ്ഞുപകരുന്നവന്റെ സൗന്ദര്യം കണ്ടതുരുകിപ്പോയി.
ഇന്നലെ വരെയെന്തഹന്തയായിരുന്നയാൾക്ക്
ആ ഭക്തി പോയതുകാണുമ്പോളുണ്ടായി പരമാനന്ദം.

നന്ദിയുണ്ടെന്റെ മരണശേഷവും
അവളെന്റെ സ്നേഹത്തിന്റെ യശസ്സ് കാക്കുന്നതിൽ.
സ്വന്തം കൈകളാലവളെന്റെ ഖബറിൽ
പൂക്കൾ വിതറിയപ്പോളുണ്ടായി പരമാനന്ദം.

Please follow and like us:
Pin Share

One comment

Leave a Reply

Your email address will not be published. Required fields are marked *