രൂപകങ്ങളുടെ ആഘോഷമാണ് ‘ലൈഫ് ഓഫ് പൈ’. മൃഗശാല, കടല്‍, കപ്പല്‍ച്ചേതം, ലൈഫ് ബോട്ട്, നോഹയുടെ പെട്ടകത്തിലെന്ന പോലെ കയറിക്കൂടുന്ന ഏതാനും ജീവികള്‍, അക്കൂട്ടത്തില്‍ അതിജീവിക്കുന്ന കടുവ, ഏകാന്തത, അനാഥത്വം, വിശപ്പ്, അപകടദ്വീപ്, കടല്‍പ്പേമാരി എന്നുതുടങ്ങി എല്ലാത്തിനുമുണ്ട് അതു പറയുന്നതിലപ്പുറം അര്‍ത്ഥങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ സാധിച്ചെടുക്കാവുന്ന പാരസ്പര്യങ്ങളില്‍ മനുഷ്യന് വഹിക്കാനുള്ള വിനീതനിയോഗങ്ങളെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. കേവലമായ കീഴടങ്ങലിന്റെ മഹത്വവല്‍കരണത്തിനും കീഴടക്കലിന്റെ കാല്‍പ്പനികവല്‍കരണത്തിനുമിടക്കാണ് പൈയുടെ സഹനവും അതിജീവനവുമുള്ളത്. അത് ഒരേസമയം പ്രത്യാശയുടെ വിജയഗീതവും സ്നേഹത്തിന്റെ നിസ്സീമമായ ഹൃദയവ്യഥയുമാണ്.
പൈയുടെ മതവും ദൈവവും
കേവലമായ കീഴടങ്ങലിന്റെ മഹത്വവല്‍കരണത്തിനും കീഴടക്കലിന്റെ കാല്‍പ്പനികവല്‍കരണത്തിനുമിടക്കാണ് പൈയുടെ സഹനവും അതിജീവനവുമുള്ളത്.
താന്‍ ദൈവവിശ്വാസിയായിത്തീര്‍ന്നതിന്റെ കഥ പറയാം എന്നാണ് മുതിര്‍ന്ന പൈ (ഇര്‍ഫാന്‍ ഖാന്‍) തന്റെ കഥയെഴുതാന്‍ വരുന്നയാളോടു പറയുന്നത്. കേള്‍ക്കുന്നവരില്‍ ദൈവവിശ്വാസമുണ്ടാക്കുന്ന കഥയെന്നും പറയാം. ചെറുപ്പത്തിലെ കൃഷ്ണനെയും യേശുവിനെയും അല്ലാഹുവിനെയും പരിചയപ്പെട്ടിട്ടുണ്ട് പൈ. പോണ്ടിച്ചേരിയിലെ കുട്ടിക്കാലത്ത് അമ്മയായിരുന്നു അവന്റെ ആദ്യ ആത്മീയ ഗുരു. അമ്പാടിക്കണ്ണന്റെ വായില്‍ ദൃശ്യപ്പെട്ടു കിടക്കുന്ന പ്രപഞ്ചങ്ങളെപ്പറ്റിയുള്ള അമ്മയുടെ കഥ അവന്റെ കുഞ്ഞുഭാവനയെ വിസ്മയിപ്പിക്കുന്നുണ്ട്.
മൂന്നാറിലേക്കുള്ള ഒരു യാത്രയില്‍ മഞ്ഞുപാളികള്‍ക്കിടയിലെ ഒരു ചര്‍ച്ചില്‍വെച്ച് അവന്‍ യേശുവിനെ കണ്ടുമുട്ടുന്നു. പാതിരി പറഞ്ഞുകൊടുക്കുന്ന യേശുവിന്റെ സഹനങ്ങള്‍ അവനില്‍ വിശ്വാസങ്ങളേക്കാളും സംശയങ്ങളാണ് സൃഷ്ടിച്ചത്. എന്നിട്ടും ദൈവപുത്രന്‍ കുടിയിറങ്ങിപ്പോവാതെ അവന്റെ മനസ്സിനകത്ത് വസിച്ചു. ഉടനെ വന്നു, അല്ലാഹുവിന്റെ വിളി. സുജൂദില്‍കിടന്ന് അവന്‍ ഭൂമിയോളമുള്ള താഴ്മയറിഞ്ഞു. അന്നുതന്നെ തീന്‍മേശക്കുമുന്നിലിരുന്ന് യേശുവിന്റെ വേദനകളോര്‍ത്തു. ഒപ്പം യേശുവിനെയും അല്ലാഹുവിനെയും പരിചയപ്പെടുത്തി തന്നതിന് വിഷ്ണുവിനോട് നന്ദി പറയുകയും ചെയ്തു.
സാമാന്യമായ അര്‍ത്ഥത്തില്‍ പരിഹാസ്യമാണ് 12 വയസ്സുകാരന്‍ പൈയുടെ മതകീയത. അമ്മ മാത്രമാണ് വീട്ടില്‍ അവനെ കളിയാക്കാതെ വിടുന്നത്. എല്ലാ വഴികളും പിന്തുടരുകയെന്നാല്‍ ഒരു വഴിയും പിന്തുടരാതിരിക്കുക എന്നാണ് അര്‍ത്ഥമെന്ന് കാഴ്ചബംഗ്ലാവിന്റെ മുതലാളിയും നിരീശ്വരവാദിയുമായ അച്ഛന്‍ അവനെ ഗുണദോഷിക്കുന്നു. അയാളെ സംബന്ധിച്ച് മതം അന്ധതയിലേക്ക് നയിക്കുകയും ശാസ്ത്രം ഈ ലോകത്തെ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അകം മനസ്സിലാക്കാന്‍ മതത്തിനാണ് കഴിയുകയെന്ന് അമ്മയുടെ ഉള്‍ക്കാഴ്ച ഉടനെ തിരുത്താകുന്നുണ്ട്. കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍, മൂന്നു പ്രമുഖ മതങ്ങളെയും അതിന്റെ വിശ്വാസികളെയും അവരുടെ ദൈവവുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി പുനര്‍ചിന്തക്ക് വിധേയമാക്കുന്നുണ്ട് സിനിമ.
ഉള്ളില്‍ സന്ദേഹങ്ങളെ പോറ്റിവളര്‍ത്തിയ ഒരാളുടെ ആത്യന്തിക വേദഗ്രന്ഥം കടലാണ്, പ്രപഞ്ചം മുഴുവനുമാണ്. കടലോളം വിസ്തൃതിയും ആഴവും ഊര്‍ജവും ഭൂമിയില്‍ മറ്റൊന്നിനുമില്ല.
മൂന്നു മതങ്ങളില്‍ വെവ്വേറെ നിഷ്കളങ്കമായി വിശ്വസിച്ചിട്ടും അനുഷ്ഠാന ഭക്തിയുടെ പൊതുപ്രകടനങ്ങളില്‍ അഭിരമിച്ചിട്ടും പൈയുടെ വിശ്വാസം ദൃഢമാകുന്നത്, സത്യമാകുന്നത് നടുക്കടലിലെ യാതനകള്‍ക്കിടയിലാണ്. സഹനമാണ് മനുഷ്യരെ ശക്തരാക്കുന്നത്. സംശയങ്ങളാണ് വിശ്വാസങ്ങളെ രാകിമിനുക്കി നിലനിര്‍ത്തുന്നത്. അന്വേഷണങ്ങള്‍ അവസാനിച്ചുതീര്‍ന്ന അക്ഷരവാദ സുനിശ്ചിതത്വത്തില്‍ ആത്മീയമായ വളര്‍ച്ചയില്ല, സര്‍ഗാത്മകതയില്ല. അത് പ്രകാശിപ്പിക്കുന്നത് അടച്ചിട്ട മുറിക്കുള്ളിലെ ആത്മവിശ്വാസമില്ലായ്മകളെയാണ്. മൃതമായ ഭയങ്ങളിലേക്ക് അത് വിരല്‍ ചൂണ്ടുന്നു. പൈയുടെ കടല്‍ജീവിതം നിഗൂഢാത്മകമായ ഒരു ആത്മീയാനുഭവമാകുന്നത്, ഒരു നവീകരണമാവുന്നത് അങ്ങനെയാണ്.
ഉള്ളില്‍ സന്ദേഹങ്ങളെ സര്‍ഗാത്മകമായി പോറ്റിവളര്‍ത്തിയ ഒരാളുടെ ആത്യന്തിക വേദഗ്രന്ഥം കടലാണ്, പ്രപഞ്ചം മുഴുവനുമാണ്. കടലോളം വിസ്തൃതിയും ആഴവും ഊര്‍ജവും ഭൂമിയില്‍ മറ്റൊന്നിനുമില്ല. അതിന്റെ അടരുകള്‍ വായിച്ചെടുക്കാനുള്ള ദിവ്യാഹ്വാനങ്ങളെ മതവിശ്വാസികള്‍ കൈയൊഴിഞ്ഞതാണ് പരസ്പരാശ്രിതത്വങ്ങള്‍ക്കു പകരം പരസ്പര ശത്രുതകളിലേക്ക് അവരെ നയിച്ചത്. കടല്‍ നിങ്ങളെ ദൈവവിശ്വാസിയാക്കുന്നു എന്നു പറയുന്നതിന്റെ മറ്റൊരു ഭാഷ്യം കടല്‍ നിങ്ങളെ ആത്മജ്ഞാനിയാക്കുന്നു എന്നതാണ്. അതില്‍ വിശപ്പും അനാഥത്വവും ഭീതിയും അതിതീവ്രമായ ജീവിതാഭിലാഷവും അതിനെല്ലാം മേലെ നില്‍ക്കുന്ന മഹത്തായ മരണസന്നദ്ധതയുമുണ്ട്. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞതിനുശേഷവും തന്നെയും കൊണ്ടേ പോകൂ എന്നു തോന്നുന്നത്ര ഊക്കില്‍ ആഞ്ഞടിക്കുന്ന പടുകൂറ്റന്‍ തിരമാലകളില്‍ നിയന്ത്രണമറ്റ് കശക്കിയെറിയപ്പെടുമ്പോള്‍ പോലും ജീവിതത്തിന്റെ, പ്രപഞ്ച ചംക്രമണസംവിധാനങ്ങളുടെ അതിശയത്തെ ചൊല്ലി വിനീതനാകുന്ന പൈ ഒരപൂര്‍വ്വ ദൃശ്യമാണ്.
കടല്‍, കടുവ, കര
സഹനമാണ് മനുഷ്യരെ ശക്തരാക്കുന്നത്. സംശയങ്ങളാണ് വിശ്വാസങ്ങളെ രാകിമിനുക്കി നിലനിര്‍ത്തുന്നത്. അന്വേഷണങ്ങള്‍ അവസാനിച്ചുതീര്‍ന്ന അക്ഷരവാദ സുനിശ്ചിതത്വത്തില്‍ ആത്മീയമായ വളര്‍ച്ചയില്ല, സര്‍ഗാത്മകതയില്ല.
‘ലൈഫ് ഓഫ് പൈ’യിലെ പ്രധാന കഥാപാത്രവും രൂപകവും കടല്‍ തന്നെ. സൂഫിസം ഉള്‍പ്പടെ പല ആധ്യാത്മിക സരണികളിലും അഗാധമായ അര്‍ത്ഥവ്യാഖ്യാനങ്ങളുടെ പ്രതീകമാണത്. കടലിന്റെ എല്ലാ ഭാവങ്ങളും മുഴുവന്‍ ശക്തിസൌന്ദര്യങ്ങള്‍ സഹിതം പ്രത്യക്ഷപ്പെടുന്നുണ്ട് സിനിമയില്‍. മൃഗശാലയിലെ ജീവജാലങ്ങളോടൊപ്പം ചെലവഴിച്ച കുട്ടിക്കാലത്തിന്റെ താരാട്ടോര്‍മ്മകള്‍ വിഭ്രമാത്മകമായ ‘ഒരുള്‍ക്കടല്‍’ കാഴ്ചയായി പൈയെ പിന്തുടരുന്നു.
ജീവികള്‍ മുഴുവനും ഒരു കപ്പലിനോടൊപ്പം മുങ്ങിത്താഴ്ന്ന അതേ കടലില്‍ വാല്‍സല്യനിധിയായ തന്റെ അമ്മയുമുണ്ട്. അച്ഛനും ജ്യേഷ്ഠനും കപ്പലില്‍വെച്ച് പരിചയപ്പെട്ടവരുമുണ്ട്. പൈയുടെ കൂട്ടുകുടംബത്തില്‍ പെരുമ്പാമ്പും തിമിംഗലങ്ങളും അംഗങ്ങളാണ്. അതുകൊണ്ടാണയാള്‍ക്ക് ശൂരപരാക്രമിയായ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ബംഗാള്‍ കടുവയെ സ്നേഹിക്കാന്‍ കഴിയുന്നത്. കടുവയെക്കുറിച്ചുള്ള പേടിയാണ് അവനെ മരിക്കാതെ നിലനിര്‍ത്തുന്ന ഒരു ഘടകം.
റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന് യാദൃശ്ചികമായി പേരു വീണ കടുവയോട് ചെറുപ്പം തൊട്ടേ പൈയ്ക്ക് ബന്ധമുണ്ട്. അതിനെ വളരെ അടുത്തുകാണാനുള്ള അപായകരമായ ശ്രമത്തെ തുടര്‍ന്ന് അച്ഛന്‍ പൈയെ ഒരിക്കല്‍ ശിക്ഷിക്കുന്നുണ്ട്. ജീവികള്‍ക്കും ആത്മാവുണ്ടെന്ന വിശ്വാസക്കാരനായിരുന്നു അവന്‍. കാനഡയിലേക്കുള്ള കപ്പലിനകത്തുവെച്ച്, പ്രായോഗികമതിയായ അച്ഛന്‍ മൃഗങ്ങള്‍ക്ക് ഉറക്കുഗുളിക കൊടുക്കുന്നതില്‍ അവന്‍ നീരസപ്പെടുന്നത് വെറുതെയല്ല.
സംവിധായകൻ ആങ് ലീ: കാരുണ്യമാണ് പ്രകൃതിയുടെ അതിജീവനരഹസ്യം
പോകാന്‍ ഒരിടവുമില്ലാതെ ഒരു ലൈഫ്ബോട്ടില്‍ ഭീകരനായ ഒരു കടുവയുമായി ഒറ്റപ്പെട്ടുപോകുന്ന പൈ ലൈഫ് ജാക്കറ്റും തുഴകളുമുപയോഗിച്ച് ഒരു കൊച്ചുചങ്ങാടമുണ്ടാക്കി ബോട്ടില്‍നിന്നും സുരക്ഷിതമായ അകലം പാലിച്ചാണ് തുടക്കത്തില്‍ അതിജീവിക്കുന്നത്. കടുവകള്‍ സമര്‍ത്ഥരും ശക്തരുമായ നീന്തല്‍ക്കാരാണ് എന്നവനറിയാം. വിശന്നുവലഞ്ഞ കടുവ തിരമാലക്കുമീതെ കണ്ട മീനിനെ പിടിക്കാന്‍ കടലില്‍ ചാടുകയും അതില്‍ പരാജയപ്പെട്ട് പൈയെ പിടിക്കാന്‍ വരികയും ചെയ്യുന്ന സന്ദര്‍ഭം ഓര്‍ക്കുക. ബോട്ടില്‍ കയറി രക്ഷപ്പെടുകയും അതില്‍ കയറിപ്പറ്റാനുള്ള കടുവയുടെ വഴികള്‍ അടച്ചുകളയുകയും അങ്ങനെ അതിനെ കടലില്‍ മുങ്ങിച്ചാവാന്‍ വിടുകയും ചെയ്യുന്ന ഒരു നിമിഷദൌര്‍ബല്യം അയാളിലും ഉണ്ടായിത്തീരുന്നു. നിലനില്‍പ്പിന്റെ വെല്ലുവിളി. അര്‍ഹതയുള്ളതിന്റെ അതിജീവനമാണ് പ്രകൃതിയുടെ നിയമം എന്നാണ് അയാളും പഠിച്ചത്. കാരുണ്യമാണ് പ്രകൃതിയുടെ അതിജീവനരഹസ്യമെന്ന് തിരുത്തുന്നു യാന്‍മാര്‍ട്ടെലും ആങ് ലീയും.
നിതാന്ത ശത്രുതയില്‍ യാത്ര തുടരാനാവില്ല എന്നതുകൊണ്ട് ഇണക്കത്തിന്റെ സാധ്യതകളിലേക്ക് പൈയുടെ സര്‍ഗാത്മകത നീളുന്നു. അതിനകം മാംസഭുക്കായി കഴിഞ്ഞ അവന്റെ, കടുവയുമായുള്ള ചങ്ങാത്തശ്രമം ഒരു പുലരിയില്‍ അവരെത്തിച്ചേരുന്ന ഒഴുകുന്ന ദ്വീപിന്റെ അപായങ്ങളോടെ പൂര്‍ണമാകുന്നു. തല്‍ക്കാലാശ്വാസങ്ങളുടെ പ്രലോഭനമാണ് ആ ഇടത്താവളം. അപായങ്ങളുടെ ഉപമേയം. യാത്ര അതിദീര്‍ഘവും അതികഠിനവും വഴികള്‍ അജ്ഞാതവുമെങ്കിലും മുന്നോട്ടുനീങ്ങിയേ മതിയാവൂ എന്നാണതിന്റെ പ്രത്യാശ, അപ്പോഴും കടുവയെ ചാവാന്‍ വിടാതെ തന്നോടൊപ്പം ബോട്ടില്‍ കയറ്റുന്നതിന്റെ കാരുണ്യം നാമിവിടെ കാണുന്നു.
രണ്ടു വിടപറയലുകള്‍
മനുഷ്യരുടെ സ്നേഹത്തിന്റെ ഒരു പരിമിതി അതാണ്. ഒരു കടുവയില്‍നിന്നുപോലും നമ്മള്‍ തിരിച്ചു പലതും ആഗ്രഹിക്കുന്നു. പ്രകൃതിയുടെ രീതികള്‍ വ്യത്യസ്തമാണ്. അതിനു നമ്മെക്കാള്‍ വിവേകമുണ്ട്.
കപ്പല്‍ കയറുംമുമ്പുള്ള കൌമാരകാലത്ത് പൈയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു – ആനന്ദി. ഒരു നൃത്ത പാഠശാലയിലെ ചുവടുകള്‍ക്കും താളങ്ങള്‍ക്കുമപ്പുറത്തേക്ക് പൈ അവളെ പിന്തുടരാന്‍ തുടങ്ങി. എല്ലാ മതങ്ങളുടെയും ആത്മീയചോദനകളാല്‍ ആകര്‍ഷിക്കപ്പെട്ട ഒരുവന്റെ അതിനിഷ്കളങ്കത ആനന്ദിയെ വളരെയെളുപ്പം അവനിലേക്ക് അടുപ്പിച്ചു. കാനഡയിലേക്കുള്ള കുടിയേറ്റത്തെ പൈ വൈകാരികമായി എതിര്‍ക്കുന്നതിന്റെ കാരണം പ്രധാനമായും ആനന്ദിയാണ്. പരസ്പരം ഹൃദയം തകര്‍ക്കുവാന്‍ മാത്രം സമയം അവര്‍ക്ക് ഇതിനകം കിട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അവളോട് യാത്ര പറയുന്നതിനെപ്പറ്റി പൈ പിന്നീട് നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ഏറ്റവും രസകരമായ കാര്യം, അന്നത്തെ ദിവസം ആനന്ദിയോടൊപ്പം ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ ഓര്‍മ്മിക്കുന്ന പൈ യാത്ര പറഞ്ഞ നിമിഷം മാത്രം ഓര്‍ക്കുന്നില്ല എന്നതാണ്. ആഴമുള്ള ബന്ധങ്ങളില്‍ വേര്‍പിരിയലില്ല എന്ന സാധാരണ അര്‍ത്ഥത്തിനുമപ്പുറം, ഇതിവൃത്തത്തിന്റെ പരിണാമഗുപ്തിയില്‍ സുപ്രധാനമായി തീരുന്നുണ്ട് പിന്നീടത്.
നടുക്കടലില്‍ ഒരു ജന്‍മത്തിന്റെ യാതനകളഖിലം ഒരു കടുവയോടൊപ്പം പങ്കിട്ട്, മെക്സിക്കോയുടെ തീരത്തണയുന്ന വേളയിലാണ് കഥയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ വേര്‍പാടു രംഗമുള്ളത്. വിഷ്വല്‍ ഇഫക്റ്റും സാങ്കേതികവിദ്യയും ഉല്ലസിച്ചു തിമിര്‍ക്കുന്ന ഒരു പൈങ്കിളി ഹോളിവുഡ് സിനിമയുടെ ഭാവുകത്വത്തിനപ്പുറത്തേക്ക് ഇതിനെ ഉയര്‍ത്തുന്ന ദാര്‍ശനികവും ലളിതവും ഉജ്വലവുമായ വേര്‍പാടാണിത്.
പൈയും കടുവയും തമ്മില്‍ ഇതിനകം ഗാഢമായ ആത്മീയാലിംഗനമുണ്ടായിക്കഴിഞ്ഞിട്ടുണ്ട്. കടുത്ത വിശപ്പും അനാഥത്വവും പ്രകൃതിയുടെ അമര്‍ഷങ്ങളും ജീവിതത്തിന്റെ ഉപ്പും സമൃദ്ധമായി ഒരുമിച്ചു രുചിച്ചതിന്റെ ഭീതികളറ്റ ചങ്ങാത്തം. അഹങ്കാങ്ങളേതുമില്ലാതെ, കരയണയാന്‍ മാര്‍ഗമേതുമറിയാതെ, ഒരുമിച്ച് മരണത്തിനു നിന്നുകൊടുത്ത രണ്ട് പാവം ജീവികളാണവര്‍. ലൈഫ് ബോട്ട് കരയിലേക്ക് വലിച്ചടുപ്പിക്കുന്ന വേളയില്‍ കാല് മെക്സിക്കോയുടെ മണലില്‍ ഏതാണ്ട് തൊട്ടുകഴിഞ്ഞിട്ടും, പാരവശ്യത്തിന്റെ മൂര്‍ധന്യത്തില്‍, കരയില്‍നിന്ന് രണ്ടടി അകലെ താന്‍ മുങ്ങിമരിച്ചുപോവുമോ എന്നു പേടിക്കുന്നുണ്ട് പൈ. തിരമാലകളാല്‍ തഴുകി തീരത്ത് തളര്‍ന്നു കിടക്കുന്ന പൈയെ മറികടന്ന് അവശനായ കടുവ ബോട്ടിൽ നിന്ന് ചാടിയിറങ്ങി ഒന്നു മൂരിനിവര്‍ന്നു നടന്നുപോവുന്നു. പൈ കിടന്ന കിടപ്പില്‍ ആ പോക്കുകാണുന്നുണ്ട്. കടുവ നടന്നു നടന്ന്, മണല്‍തിട്ട കഴിഞ്ഞ്, മുന്നില്‍ കണ്ട ഇടതൂര്‍ന്ന കാടിനുമുമ്പില്‍ ചെന്ന് ഒരു വേള നില്‍ക്കുന്നു.
അതു തിരിഞ്ഞ് തന്നെ ഒരു നിമിഷം നോക്കുമെന്നും ഒരു കടല്‍ച്ചുഴിയുടെ വിവരണാതീതമായ യാതനകള്‍ക്കൊപ്പം ഒരുമിച്ചു പങ്കിട്ട ആര്‍ദ്രതയുടെയും കാലുഷ്യങ്ങളുടെയും ഓര്‍മ്മയില്‍ തന്നോടു നന്ദി പറയുമെന്നും പൈ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. അല്‍പ്പനേരം കാടു നോക്കിനിന്ന കടുവ തിരിഞ്ഞ് പൈയെ ഒന്നുനോക്കുകപോലും ചെയ്യാതെ കാടിനകത്തേക്കു കയറി മറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം അതോര്‍ക്കുമ്പോഴും അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ട്. അതൊരു കടുവയാണെന്നും മനുഷ്യനല്ല എന്നും ബോധ്യമുണ്ടായിരുന്നിട്ടും അപായകരമായ ഒരിടത്തിന്റെ ആത്മബന്ധമേല്‍പ്പിച്ച വിങ്ങലില്‍, പരസ്പരമേല്‍പ്പിച്ച മായ്ച്ചുകളയാനാവാത്ത മുറിവുകളുടെ പേരില്‍, കടുവ തന്നെയൊന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കിലെന്ന് അയാള്‍ പിന്നെയും പിന്നെയും സങ്കടപ്പെട്ടു. എവിടെനിന്നോ ഓടിക്കൂടിയ മനുഷ്യര്‍ പൈയെ എടുത്തുകൊണ്ടുപോയപ്പോള്‍, കടുവ പോയ വഴിയേ നോക്കി, അതിനെ ഓര്‍ത്ത് അവനൊരു കുഞ്ഞിനെപ്പോലെ അലറിക്കരഞ്ഞു. ആനന്ദിയേക്കാള്‍ ആഴത്തില്‍ ആ സാധുജീവി അവന്റെ ആത്മാവിനെ ബാധിച്ചു കഴിഞ്ഞിരുന്നു.
മനുഷ്യരുടെ സ്നേഹത്തിന്റെ ഒരു പരിമിതി അതാണ്. ഒരു കടുവയില്‍നിന്നുപോലും നമ്മള്‍ തിരിച്ചു പലതും ആഗ്രഹിക്കുന്നു. പ്രകൃതിയുടെ രീതികള്‍ വ്യത്യസ്തമാണ്. അതിനു നമ്മെക്കാള്‍ വിവേകമുണ്ട്. കടുവയുടെ തിരിഞ്ഞുനോക്കാതിരിക്കലില്‍ നിസ്വമായ ഒരാഹ്വാനമില്ലേ? അങ്ങിനെ കടന്നുപോവലല്ലേ, കേവലപ്രകടനങ്ങളില്‍ ഭ്രമിക്കാത്ത എല്ലാ ഗുരുക്കന്‍മാരുടെയും പതിവ്? അതാണല്ലോ ഉള്ളുകൊണ്ടുള്ള പുണരല്‍. ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത ആശ്ലേഷം. സ്നേഹത്തിന്റെ അഗാധമായ നിര്‍മ്മമത.
സത്യത്തേക്കാള്‍ വിശ്വസനീയം പലപ്പോഴും സത്യമായിക്കാണാന്‍ നമ്മള്‍ കൊതിക്കുന്ന മിഥ്യയാണ്.
രണ്ടു കഥകള്‍, പല സാധ്യതകള്‍
ആസ്പത്രിക്കിടക്കയില്‍ കപ്പലിന്റെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പൈയെ സന്ദര്‍ശിക്കുന്ന ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പൈ പറയുന്ന കഥ വിശ്വസിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഒടുവില്‍ അവരോടു മറ്റൊരു കഥ പറയേണ്ടിവരുന്നു അയാള്‍ക്ക്. സാമാന്യം ദീര്‍ഘവും വൈകാരികവുമായ ആഖ്യാനമാണത്. ‘ഞാന്‍ താങ്കളോടു രണ്ടു കഥകള്‍ പറഞ്ഞു. ഏതാണ് താങ്കള്‍ ഉപയോഗിക്കുക’ എന്ന് മുന്നിലിരിക്കുന്ന എഴുത്തുകാരനോട് പൈ ചോദിക്കുന്നു. കടുവയുള്ള കഥയാണ് തന്നെ ആകര്‍ഷിക്കുന്നതെന്ന് പറയുന്ന എഴുത്തുകാരന്‍ രണ്ടാമത്തെ കഥയ്ക്കും രൂപകപരമായ സദൃശവത്കരണം നല്‍കുന്നുണ്ട്. കൂടുതല്‍ ഭാവനാത്മകമായതാണ് കൂടുതല്‍ യഥാതഥമായി തോന്നുക എന്ന യാന്‍ മാര്‍ട്ടെലിന്റെ നിരീക്ഷണം കാരണം നോവലിന്റെ ഒടുവിലുണ്ടാവുന്ന പൈയുടെ യഥാര്‍ത്ഥ കഥ ഏതെന്ന അവ്യക്തത സിനിമയിലില്ല എന്നത് ശരിയാണ്. സത്യത്തേക്കാള്‍ വിശ്വസനീയം പലപ്പോഴും സത്യമായിക്കാണാന്‍ നമ്മള്‍ കൊതിക്കുന്ന മിഥ്യയാണ് എന്ന നടുക്കം നമ്മില്‍ ബാക്കിയാവുന്നു. ഒപ്പം മൂന്നാം ലോകത്തിന്റെ അതിജീവനങ്ങളെക്കുറിച്ച അനുഭവവും ചരിത്രത്തിലെ രേഖപ്പെടുത്തലും, പ്രത്യേകിച്ചും ഒന്നാം ലോകത്തിന്റെ ഭാവുകത്വങ്ങൾക്കു വേണ്ടി, എങ്ങനെയൊക്കെ ആയിത്തീരാം എന്ന രാഷ്ട്രീയ ഉൾക്കാഴ്ചയും ഇത് സാധ്യമാക്കുന്നുണ്ട്. പാരസ്പര്യത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും കഥയാണ് നമുക്ക് ലോകത്തെപ്പറ്റി പ്രതീക്ഷ നല്‍കുന്നത്. അതാണ് വിശ്വാസം തിരികെ കൊണ്ടുവരുന്നത്.
“അതിവേഗം വഞ്ചിച്ചു കളയുന്ന പ്രലോഭന തുരുത്തുകളുണ്ട് ആത്മാവിന്റെ കടലില്‍.”
മനുഷ്യാത്മാവിനെക്കുറിച്ചുള്ള പരമമായ സത്യമാണീ വാക്കുകൾ..
ആ തുരുത്തുകളെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും കടൽചുഴി പോലെയവ ആഴങ്ങളിലേക്ക് വലിച്ച് മുക്കിക്കളയും…
ഇങ്ങള് സൂഫി ആണ് ♥️♥️♥️
അന്ന് ക്രൗണില്‍ പോയി പടം കണ്ടത് കവിത പോലത്തെ ഈ റിവ്യു വായിച്ചായിട്ടായിരുന്നു.. ഇന്നു വീണ്ടും വായിച്ചു. ഗംഭീരം