ദ ട്രീ ഓഫ് ലൈഫ്: ജീവവൃക്ഷത്തിന്റെ തണല്‍

എം. നൗഷാദ്

ദൃശ്യരൂപകങ്ങളുടെ ചക്രവര്‍ത്തിയാണ് ടെറന്‍സ് മാലിക്. കഥ, കേള്‍ക്കാനും കാണാനും മാത്രമായി വരുന്ന കാണിയെ അയാള്‍ പരിഗണിക്കുന്നില്ല. കഥയില്‍നിന്ന് എളുപ്പം പുറത്തുകടക്കുന്ന ദൃശ്യസമുച്ചയങ്ങളുടെ അതിശയിപ്പിക്കുന്ന സമൃദ്ധിയാല്‍, പറയുന്ന കഥയുടെ ലളിത സാധാരണത്വത്തിനപ്പുറത്തേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോവാനുള്ള ശ്രമമാണ് ദ ട്രീ ഓഫ് ലൈഫ് എന്ന ചലച്ചിത്രത്തിലുടനീളം. 

നമ്മുടെ കാലത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ആശയക്കുഴപ്പങ്ങളിലാണ് ടെറന്‍സ് മാലിക്കിന്റെ കണ്ണ്. അതാണയാളുടെ പ്രചോദനം. ഒരു പക്ഷേ, ആത്മീയമെന്നതിനേക്കാള്‍ ദാര്‍ശനികമാണ് മാലികിന്റെ ദൃശ്യപരിചരണം. ആര്‍ദ്രതയേക്കാള്‍ ഉള്‍ക്കാഴ്ചയോടാണ് അയാള്‍ക്ക് പ്രിയം. രേഖീയമായി മുന്നേറുന്ന ഒരു കഥയേക്കാള്‍ മൊണ്ടാഷുകളില്‍ വികസിക്കുന്ന ഖണ്ഡകാവ്യമാണ് അയാളെ ആകര്‍ഷിക്കുന്നത്. അതുകണ്ട് കൂവുന്ന കാന്‍ ഫെസ്റ്റിവലിലെ കാണിയോട് മാലികിനു പരാതിയില്ല. അഭിമുഖങ്ങളെയും ക്യാമറകളെയും അത്ഭുതപ്പെടുത്തുംവിധം ഒഴിവാക്കുന്ന ഹോളിവുഡിന്റെ ഈ അദൃശ്യ കവി, പറയാനുള്ളത് സിനിമയില്‍ തന്നെ പറഞ്ഞു തീര്‍ക്കാറാണ് പതിവ്.

ബോധധാരാ സങ്കേതത്തെ, ഓര്‍മ്മയുടെയും തോന്നലുകളുടെയും വികാരങ്ങളുടെയും ആലോചനാമൃതമായ ഒഴുക്കിനെ, ഈ പ്രതിഭാശാലി ധീരതയോടെ സ്നേഹിക്കുന്നു. നാലു പതിറ്റാണ്ടിനിടയില്‍ ഇദ്ദേഹം സംവിധാനം ചെയ്തത് വെറും ആറുസിനിമകള്‍.

വിജയമുഹൂര്‍ത്തങ്ങളുടെയും ലൌകികാഡംബരങ്ങളുടെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും അകത്ത് കൈകാലിട്ടടിക്കുന്ന അതൃപ്തിയുടെ നഷ്ടബോധങ്ങള്‍ അയാളുടെ ശരീരഭാഷയില്‍ നിഴലിക്കുന്നു. നമ്മുടെയെല്ലാം നഗരങ്ങളില്‍ അയാള്‍ വസിക്കുന്നുണ്ട്. കണ്ണാടിയില്‍ നോക്കിയാല്‍ കാണാവുന്നത്ര അടുത്താണയാള്‍.

ആധുനിക നാഗരിക ജീവിതം ടെറന്‍സ് മാലികിന്റെ ദൃശ്യങ്ങളിലേക്കു കടന്നുവരുന്ന ആദ്യ സിനിമയാണ് ദ ട്രീ ഓഫ് ലൈഫ്. അത്യാധുനികമായ ടെക്സസ് നഗരത്തില്‍ ഗ്ലാസും സ്റ്റീലും കൊണ്ടു പണിത കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു നടുവിലിരുന്ന് സ്വന്തം ഭൂതകാലത്തിലേക്കും ആത്മീയ നിരാശ്രയത്വങ്ങളിലേക്കും ഊളിയിടുന്ന ഒരു മധ്യവയസ്കനാണ് കഥയുടെ കേന്ദ്രബിന്ദുവെന്ന് നാമറിയുക ചലച്ചിത്രം ഒരു പാട് മുന്നോട്ടു പോയിക്കഴിഞ്ഞാണ്. നമ്മുടെ നാഗരികതയുടെ നിരാശ മുഴുവനും ആ മനുഷ്യന്റെ (സീന്‍ പെന്‍) മുഖത്ത്കൊത്തിവെച്ചിട്ടുണ്ട്.

വിജയമുഹൂര്‍ത്തങ്ങളുടെയും ലൌകികാഡംബരങ്ങളുടെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും അകത്ത് കൈകാലിട്ടടിക്കുന്ന അതൃപ്തിയുടെ നഷ്ടബോധങ്ങള്‍ അയാളുടെ ശരീരഭാഷയില്‍ നിഴലിക്കുന്നു. നമ്മുടെയെല്ലാം നഗരങ്ങളില്‍ അയാള്‍ വസിക്കുന്നുണ്ട്. കണ്ണാടിയില്‍ നോക്കിയാല്‍ കാണാവുന്നത്ര അടുത്താണയാള്‍. അയാളും കൂടി അധ്വാനിച്ചാണ് ഈ ലോകത്തെ ഇത്രമേല്‍ വളര്‍ത്തിയത്, വലുതാക്കിയത്. താന്‍ പടുത്ത അംബരചുംബികളുടെ നിഴലില്‍ ഒരു കീടമായി എല്ലാ ആര്‍ക്കിടെക്റ്റുകളെയും പോലെ അയാളും നില്‍ക്കുന്നു. സന്ദേഹങ്ങളാല്‍ പൊറുതിമുട്ടിക്കപ്പെട്ട്.

ഓര്‍മ്മയുടെ നിര്‍ദ്ദയമായ ആക്രമണങ്ങളില്‍ അയാള്‍ അനാഥനും ഏകാകിയുമാണ്. അമ്മയും അച്ഛനും, മരിച്ചുപോയ അനിയനും ഇളയ അനിയനും അയാളിലേക്കു കയറിവരുന്നു. ലോകത്തിന്റെ അലിവും കാര്‍ക്കശ്യവും ജീവിതാഭിമുഖ്യങ്ങളും മരണവും മോഹവും വേദനയും വരുന്നു. പുല്‍മേടുകളും കടലോരങ്ങളും മരുഭൂമികളും സൂര്യകാന്തിപ്പൂക്കളും പശുവിന്‍ പറ്റങ്ങളും ഇടതൂര്‍ന്ന കാടുകളും ജെല്ലി മല്‍സ്യങ്ങളും ദിനോസറുകളും പ്രവേശിക്കുന്നു.

അസാധാരണമായ ഒരു കൂടിച്ചേരല്‍ രംഗമുണ്ട് സിനിമയുടെ ഒടുവില്‍. കടലുകള്‍ കൂടിച്ചേരുന്നിടത്ത്, രാപ്പകലുകള്‍ മേളിക്കുന്നിടത്ത്, തലമുറകള്‍ സംഗമിക്കുന്നിടത്ത് മരിച്ചവരും ജീവിച്ചിരിക്കുന്നവരും കണ്ടുമുട്ടുന്നു.

കഥയില്‍നിന്നിറങ്ങിപ്പോകുന്ന മൊണ്ടാഷുകള്‍

തനിക്കു പറയാനുള്ളതൊക്കെ പറയാന്‍ , അര്‍ദ്ധ ജീവചരിത്രപരമായ ഒരു കഥയിലെ സന്ദര്‍ഭങ്ങളെ സംവിധായകന്‍ അടിമുടി ഒറ്റുകൊടുക്കുന്നതു കാണാം. കഥയില്‍നിന്നിറങ്ങിപ്പോകുന്നചില മൊണ്ടാഷുകള്‍ സുദീര്‍ഘമാണ്. അവയുടെ സാംഗത്യത്തെ കൃത്യമായി വകതിരിച്ചെടുക്കാനാവാതെ നമ്മളിരിക്കുമ്പോഴും, അവയെ കൂട്ടിക്കലര്‍ത്തുന്നതില്‍, ഛായാഗ്രഹണത്തിന്റെയും ചിത്രസംയോജനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും സാധ്യതകളെ ഉപയോഗിച്ചതിലെ കൌശലം നമ്മെ ആഹ്ലാദിപ്പിക്കും. മേമ്പൊടിയായിവരുന്ന ആത്മഗതങ്ങള്‍ കവിത നിറഞ്ഞതാണ്. തൊണ്ടക്കപ്പുറത്തെവിടെ നിന്നോ പുറപ്പെടുന്ന ശബ്ദങ്ങളുടെ ആര്‍ദ്രതയിലാണ് അവ നമ്മോടു സംസാരിക്കുന്നത്.

സൌരയൂഥങ്ങള്‍, ക്ഷീരപഥങ്ങള്‍, ഭ്രമണ ഗ്രഹണങ്ങള്‍, അഗ്നിപര്‍വതങ്ങള്‍… ജീവന്റെ ഉറവോളം പഴക്കം തോന്നിക്കുന്ന വിചിത്ര സംഘാതങ്ങളില്‍ അയാളിലൂടെ ഒരു നാഗരികത അതിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ അറിയുകയാവുമോ? ആത്മഭാഷണങ്ങളിലും പശ്ചാത്തല സംഗീതത്തിലും കടന്നുവരുന്ന ക്രൈസ്തവ ചിഹ്നങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോവില്ല, ഉദ്ബോധനത്തിന്റെ തലത്തിലേക്ക് അവ മാറുന്നില്ല എങ്കിലും.

നമ്മുടെ കാലത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ആശയക്കുഴപ്പങ്ങളിലാണ് ടെറന്‍സ് മാലിക്കിന്റെ കണ്ണ്.

ലോകം ക്രൂരമാണ്; ദയ കൊണ്ട് അതിനെ നേരിടാനാവില്ല

മരിച്ചുപോയ അനിയനെ താന്‍ എല്ലാ ദിവസവും ഓര്‍ക്കാറുണ്ടെന്ന് മധ്യവയസ്കനായ നായകന്‍ സിനിമയിലൊരിടത്ത് ഫോണില്‍ അച്ഛനോടു പറയുന്നുണ്ട്. 19ാമത്തെ വയസ്സില്‍, സൈനിക സേവനത്തിനിടയിലാണ് അവന്‍ മരിച്ചത്. വത്സല്യം തീറ്റിയും കുടിപ്പിച്ചും ഉടുപ്പിച്ചും ജീവിച്ച അവരുടെ അമ്മയെ ആ മരണം അസാധാരണമാവം വിധം ഉലച്ചുകളഞ്ഞു. ഉള്ളിലടക്കിപ്പിടിച്ച് കരഞ്ഞുതുടങ്ങിയ അവരുടെ കണ്ണുകള്‍ പിന്നീടൊരിക്കലും നിറയാതിരുന്നില്ല. കരയാതിരുന്നപ്പോഴും അവര്‍ കരഞ്ഞു. മകന്റെ മരണത്തിനുമുമ്പേ തന്നെ അവരുടെ ശരീരഭാഷയില്‍ ശോകത്തിന്റെ ചുവയുണ്ട്. വാത്സല്യം വേദനയുടെ ബന്ധുവാണ്. എങ്ങനെയാവും അമ്മ ആ സങ്കടം സഹിച്ചതെന്ന് മകന്‍ പിന്നീട് ആലോചിക്കുന്നുണ്ട്.

ലോകത്തെ നോക്കി അത്ഭുതപ്പെടുവാനും എല്ലാവരെയും, ഓരോ ഇലയെയും പ്രകാശരശ്മികളെയും, സ്നേഹിക്കുവാനും പരസ്പരം പൊറുത്തുകൊടുക്കുവാനുമാണ് അമ്മയെപ്പോഴും തന്റെ മൂന്ന് ആണ്‍മക്കളെയും പ്രേരിപ്പിച്ചത്. ദ ട്രീ ഓഫ് ലൈഫിലെ ഏറ്റവും ആത്മീയ ആഴമുള്ള മനുഷ്യജീവി ഈ അമ്മയാണ്. പ്രകൃതിയുടെ വഴിയാണ് ശാശ്വതമായ സന്തോഷത്തിന്റെ വഴിയെന്ന് തിരിച്ചറിയുന്ന ആദിമമായ വിവേകമാണവര്‍. ‘സംസ്കാരം’ എന്ന ആശയത്തെ അവര്‍ അനായാസം പ്രതിനിധീകരിക്കുന്നു. മറുവശത്ത് അച്ഛന്‍ ‘നാഗരികത’യെയാണ് അടയാളപ്പെടുത്തുന്നത്. അയാള്‍ കുട്ടികളെ കണിശമായും പരുഷമായും വളര്‍ത്തുന്നു. കൃത്രിമവും അല്‍പ്പായുസ്സാര്‍ന്നതുമായ അച്ചടക്കത്തിന്റെ ഉപരിപ്ലവ ഭംഗികളില്‍ അഭിരമിച്ചുപോകുന്ന അയാള്‍ തന്റെ മൂന്ന് ആണ്‍മക്കളെയും കരുത്തുള്ളവരാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. ലോകം ക്രൂരമാണ്, ദയ കൊണ്ട് അതിനെ നേരിടാനാവില്ല എന്നതാണ് അയാളുടെ പ്രായോഗിക മതം.

നിങ്ങള്‍ക്കീ ലോകത്ത് ജയിക്കണമെങ്കില്‍, പണമോ സ്ഥാനമോ സൌകര്യങ്ങളോ നേടണമെങ്കില്‍, നല്ലവരായിക്കൊണ്ട് അതിനു കഴിയില്ല എന്നയാള്‍ മക്കളെ ഉപദേശിക്കുന്നു. ഒരുപാട് നന്‍മയും സ്നേഹവും കൊണ്ട് നിങ്ങള്‍ക്ക് ഒരുയരത്തിലും എത്താനാവില്ലെന്ന ലളിതമായ ‘പാഠം’ ആയോധനകലയുടെയും കര്‍ശനനിയമങ്ങളുടെയും പിന്‍ബലത്തോടെ അയാള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നു. ‘നിങ്ങള്‍ നന്നാവുകയൊന്നും വേണ്ട, വിജയികളായാല്‍ മതി’ എന്ന് തറപ്പിച്ചുപറയുന്ന ഈ അധ്യാപനം നമ്മുടെ ഔപചാരികവും അനൌചപാരികവുമായ സകല ശിക്ഷണരീതികളിലും പ്രാബല്യത്തില്‍ ഉള്ളതു തന്നെയാണ്.

ഈ ലോകത്ത് എന്റെ മക്കള്‍ തോറ്റുപോകരുതെന്ന ആത്മാര്‍ത്ഥമായ ഗുണകാംക്ഷയില്‍നിന്നാണ് അയാള്‍ അവരെ ശിക്ഷിക്കുന്നത്, മുരടിപ്പിക്കുന്നത്, നെടുകെ പിളര്‍ത്തുന്നത്, അവരല്ലാതാക്കി മാറ്റുന്നത്.

അച്ഛന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് കുട്ടികളോട് സ്നേഹമില്ലാത്തത് കൊണ്ടോ അയാള്‍ സ്വതവേ ചീത്തയാളായതുകൊണ്ടോ അല്ല എന്നതാണ് ഇതിലെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. ഈ ലോകത്ത് എന്റെ മക്കള്‍ തോറ്റുപോകരുതെന്ന ആത്മാര്‍ത്ഥമായ ഗുണകാംക്ഷയില്‍നിന്നാണ് അയാള്‍ അവരെ ശിക്ഷിക്കുന്നത്, മുരടിപ്പിക്കുന്നത്, നെടുകെ പിളര്‍ത്തുന്നത്, അവരല്ലാതാക്കി മാറ്റുന്നത്.

അങ്ങനെ വളര്‍ന്നുവലുതാവുകയും വഴിതെറ്റി ഇരുട്ടിലകപ്പെട്ടുപോവുകയും ചെയ്ത ഒരു തലമുറയുടെ ഔദ്ധത്യത്തോടാണ്, ഒരു നാഗരികതയുടെ പൊള്ളയായ ഔന്നത്യത്തോടാണ് ടെറന്‍സ് മാലിക് സംസാരിക്കുന്നതെന്ന് നമ്മള്‍ പെട്ടെന്ന് തിരിച്ചറിയുന്നു. ചെറിയ തെറ്റുകള്‍ക്കുപോലും ഭീകരമായ ശിക്ഷ വിധിക്കുന്ന അച്ഛനെ പ്രതിരോധിക്കാന്‍ ശ്രമിക്കാത്ത അമ്മയുടെ നിശ്ശബ്ദതയെ മകന്‍ ഒരിക്കല്‍ ചോദ്യം ചെയ്യുന്നുണ്ട്.

‘നാഗരികത’യുടെ പരാക്രമങ്ങളെ ചെറുത്തുനില്‍പ്പു ശ്രമങ്ങളില്ലാതെ അനുവദിച്ചുകൊടുക്കുന്ന ‘സംസ്കാര’ത്തിന്റെ നിശ്ശബ്ദ ദൃക്സാക്ഷിത്വങ്ങളെക്കൂടി സംവിധായകന്‍ പ്രതി ചേര്‍ക്കുകയാണിവിടെ. അതായത് ഈ ദുരന്തത്തിന്, ആത്മനാശത്തിന്, ഉത്തരവാദിയായി ഒരൊറ്റ പ്രതിനായകനെയല്ല തെരയേണ്ടത്. അച്ഛന്റെ അസംബന്ധ കാര്‍ക്കശ്യങ്ങളെ എതിര്‍ക്കുവാനുള്ള കരുത്ത് അമ്മയുടെ സ്നേഹത്തിനുണ്ടായിരുന്നു. അവരത് ഒരിക്കലും ഉപയോഗിച്ചില്ല. തിരിച്ചറിഞ്ഞില്ല. അതിന്റെ കുറ്റബോധം കൊണ്ടുകൂടിയാവണം മകന്റെ മരണത്തോടെ അവര്‍ തീരെ തകര്‍ന്നുപോവുന്നത്.

കരയാതിരുന്നപ്പോഴും അവര്‍ കരഞ്ഞു. മകന്റെ മരണത്തിനുമുമ്പേ തന്നെ അവരുടെ ശരീരഭാഷയില്‍ ശോകത്തിന്റെ ചുവയുണ്ട്. വാത്സല്യം വേദനയുടെ ബന്ധുവാണ്.

നീയെപ്പോഴാണ് എന്റെ ഹൃദയത്തില്‍ ആദ്യം തൊട്ടത്?

അച്ഛന്‍ ജോലിസംബന്ധമായി നടത്തുന്ന ഒരു ദീര്‍ഘയാത്രയുടെ ഇടവേളയില്‍ വീട്ടില്‍ സ്വാഭാവികമായി പെരുമാറാനും ജീവിക്കാനും സ്വാതന്ത്യ്രം കിട്ടുന്ന കുട്ടികള്‍ അതാഘോഷിക്കുന്നുണ്ട്. അമ്മയോടവര്‍ വല്ലാതെ അടുക്കുന്നതും പരസ്പരം അറിയുന്നതും അപ്പോഴാണ്. അച്ഛന്റെ ലോകത്തിലെ നിയമങ്ങളെ അവര്‍ ആഹ്ലാദപൂര്‍വം ലംഘിക്കുകയും പിന്നീടതിന്റെ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നു. കടുത്ത ചിട്ടകളില്‍ വളരുന്ന കുട്ടികള്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നുവെന്ന് സംവിധായകന്‍ സൂചിപ്പിക്കുന്നുണ്ട്.

ചെറിയ നശീകരണപ്രവര്‍ത്തനങ്ങളില്‍നിന്നു തുടങ്ങി വലിയ ഹിംസകളിലേക്ക് അവര്‍ സങ്കോചമന്യെ വളരുന്നു. മനുഷ്യാത്മാവിന്റെ ഇരുണ്ട മേഖലകളിലേക്ക് മുതിരുന്നുണ്ട് അപ്പോഴേക്കും കഥാനായകന്‍. അനിയനെ തോക്കുപയോഗിച്ച് കബളിപ്പിച്ച് മുറിപ്പെടുത്തുന്നതിലേക്കും അയല്‍പക്കത്തെ സ്ത്രീയുടെ നിശാവസ്ത്രം മോഷ്ടിക്കുന്നതിലേക്കും കാറിനടിയില്‍ കിടന്ന് റിപ്പയര്‍ ചെയ്യുന്ന അച്ഛനെ ജാക്കി വലിച്ച് കൊലപ്പെടുത്തിയാലോ എന്ന് ഒരു നിമിഷം ആലോചിക്കുന്നതിലേക്കും അയാള്‍ എത്തിച്ചേരുന്നു. വാണത്തിനു മീതെ ഒരു പാവം തവളയെ ഘടിപ്പിച്ച് അതിനെ ‘ചന്ദ്രനി’ലേക്ക് പറത്തിവിടുന്നതില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയോടുള്ള ഭംഗിയായ പരിഹാസമുണ്ട്.

മനുഷ്യബന്ധങ്ങളുടെയും മാതൃവാല്‍സല്യത്തിന്റെയും പരമമായ ശാന്തിതേടലുകളുടെയും മടക്കയാത്രയെ സിനിമ സൂചിപ്പിക്കുന്നു. അസാധാരണമായ ഒരു കൂടിച്ചേരല്‍ രംഗമുണ്ട് സിനിമയുടെ ഒടുവില്‍. കടലുകള്‍ കൂടിച്ചേരുന്നിടത്ത്, രാപ്പകലുകള്‍ മേളിക്കുന്നിടത്ത്, തലമുറകള്‍ സംഗമിക്കുന്നിടത്ത് മരിച്ചവരും ജീവിച്ചിരിക്കുന്നവരും കണ്ടുമുട്ടുന്നു. അവര്‍ ഭാഷയ്ക്കുമുമ്പുള്ള ഭാഷയില്‍ സ്പര്‍ശത്തിന്റെയും ആശ്ലേഷത്തിന്റെയും കണ്ണീരിന്റെയും ചിരിയുടെയും ഭാഷയില്‍ സംസാരിക്കുന്നു.

സന്തോഷത്തോടെയിരിക്കാനുള്ള ഏകമാര്‍ഗം സ്നേഹിക്കുക എന്നതാണ്: സ്നേഹിക്കാത്തവരുടേത് ഇല്ലാത്ത ജീവിതമാണ്.

‘അവനോടൊപ്പമെത്താന്‍ എനിക്കു കൊതിയാവുന്നു, എനിക്കു മരിക്കണം’ എന്നു പറഞ്ഞു കരഞ്ഞ അമ്മയെ നമ്മളവിടെ വീണ്ടും കാണുന്നു. ‘അവനെപ്പോഴും ദൈവത്തിന്റെ കൈയിലായിരുന്നുവല്ലോ, ഭൂമിയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ദൈവത്തിന് അവനെ സ്വന്തം കൈയില്‍ വെക്കാമായിരുന്നല്ലോ’ എന്നവര്‍ പുരോഹിതനോട് പരിഭവിച്ചത് ഓര്‍മ്മ വരുന്നു.

‘നീയെപ്പോഴാണ് എന്റെ ഹൃദയത്തില്‍ ആദ്യം തൊട്ടത്’ എന്ന് ജ്യേഷ്ഠന്‍ മൌനം കൊണ്ട് വീണ്ടും ചോദിക്കുന്നു. സ്നേഹത്തിന്റെ വഴി മാത്രമാണ്, പ്രകൃതിയുടെ വഴി മാത്രമാണ് നീണ്ടുനില്‍ക്കുന്ന ജീവന്റെ വഴിയെന്ന് നാമറിയുന്നു. അമ്മയുടെ ആത്മഗതം നേരത്തെ വരുന്നുണ്ട്, സന്തോഷത്തോടെയിരിക്കാനുള്ള ഏകമാര്‍ഗം സ്നേഹിക്കുക എന്നതാണ്: സ്നേഹിക്കാത്തവരുടേത് ഇല്ലാത്ത ജീവിതമാണ്.

സംഗീതത്തോടുള്ള അഭിനിവേശം വേണ്ടെന്നുവെച്ച് ജീവിതവിജയം നേടാന്‍ പുറപ്പെട്ട്, ചുറ്റുമുള്ള ദൈവികതയുടെ അംശങ്ങളെ അനുഭവിക്കാന്‍ മറന്നുപോയ അച്ഛന്റെ കുറ്റസമ്മതം മറ്റൊരിടത്ത് നമ്മള്‍ കേള്‍ക്കുന്നു. താനൊരു വിഡ്ഢിയായിരുന്നു എന്നയാള്‍ തുറന്നുപറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തന്റെ ഒരേയൊരു സ്വത്ത് പ്രിയമകനേ നീയായിരുന്നുവെന്ന് അയാളുടെ കണ്ഠമിടറുന്നത് കുട്ടി മരിച്ചതിനു ശേഷം മാത്രമാണ്. ജീവിതവെപ്രാളങ്ങളുടെ അനര്‍ത്ഥങ്ങളെ, ഒരു നാഗരികതയുടെ ക്ഷതങ്ങളെ, സ്നേഹത്തിന്റെ സഹനസാധ്യതയെ ദ ട്രീ ഓഫ് ലൈഫ് പല പ്രതീകങ്ങളിലൂടെ അടയാളപ്പെടുത്തുന്നു. വരമൊഴിയുടെ സാധ്യതകളെ വെല്ലുവിളിക്കുന്ന രൂപകസമൃദ്ധികൊണ്ട് ടെറന്‍സ് മാലിക് ഈ സിനിമയെ പല തവണ കാണാന്‍ നമ്മെ ക്ഷണിക്കുന്നു.

[This was originally published in Nalamdiam.com, as part of a series titled Thiramarangal, exploring Cinema and Spirituality.]

Please follow and like us:
Pin Share

One comment

Leave a Reply

Your email address will not be published. Required fields are marked *